Posts

Showing posts from 2020

അതിജീവനം

 അതിജീവനം ============      മുറ്റത്തിൻ്റെ വടക്കേ മൂലയിൽ തലയുയർത്തി നിന്ന മൂവാണ്ടൻ മാവിൻ്റെ കടയ്ക്കൽ മൂളിത്തുടങ്ങിയ യന്ത്ര വാളുകൾ, രാമൻ പെരുവണ്ണാൻ്റെ ഹൃദയത്തെ കീറി മുറിക്കാൻ തുടങ്ങിയതോടെ അയാൾ ഉമ്മറത്തെ ചാരുകസേരയിലേക്ക്  ചാഞ്ഞു. മറ്റൊരു നിവൃത്തിയുമില്ലാത്തത്  കൊണ്ടാണ്  ഈ പാതകത്തിനു തുനിഞ്ഞത്. പലിശക്കാശിനായി യതീന്ദ്രൻ ഇന്ന് രാവിലെയും അയാളെത്തേടി എത്തിയതാണ് !  'ഇങ്ങനെ ഇനി എത്ര നാൾ? കഴിഞ്ഞ രണ്ടു പ്രളയങ്ങൾ അതിജീവിച്ചതല്ലേ, അതു പോലെ... ഇതും....'  അയാൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പെരുവണ്ണാൻ്റെ  നിശ്വാസത്തിൻ്റെ മാറ്റൊലികൾ പടിഞ്ഞാറ്റയിലുറക്കം നടിച്ച കാൽച്ചിലമ്പുകളുമേറ്റെടുത്തു! പാതി വരച്ചൊരു ചിത്രവും പേറി അകത്ത് നിന്നും പറന്നു വന്ന വെളുത്ത കടലാസ് അയാളുടെ മുന്നിൽ വീണതും; വെപ്രാളപ്പെട്ട് അതുമായി അയാൾ അകത്തേക്ക് കയറി. പ്രസവത്തിൻ്റെ തലേന്നാൾ വരെ തൻ്റെ ദേവകി, കശുവണ്ടിത്തോട്ടത്തിലെ ചാറ്റൽ നനഞ്ഞതിൻ്റെ ഓർമ്മയായി, ചുമരുകൾക്കുള്ളിലൊതുങ്ങിയ മൂത്ത മകൻ നീട്ടിയ സ്വാധീനമുള്ള വലതു കൈയിലേക്ക് കടലാസ് വച്ചു കൊടുത്തു. കോലധാരിയുടെ മുഖത്തെഴുതുന്ന സൂക്ഷ്മതയോടെ കടലാസിൽ മാത്രം അവൻ വർണ്ണങ്ങൾ നിറയ്ക്കാൻ തുടങ്ങി.

മാറ്റം

 മിനിക്കഥ: മാറ്റം * * * * * * * * * * അന്നത്തിനു വക കണ്ടെത്താനൊരു മാർഗ്ഗവുമായി വന്ന പോസ്റ്റ്മാൻ തിരിച്ചു പോയപ്പോഴാണ് അച്ഛൻ്റെ അപകട വിവരമറിഞ്ഞത്. സന്തോഷവും സങ്കടവും ഒന്നിച്ചെത്തി മനസിനായി പിടിവലി നടത്തിയപ്പോൾ, തളർന്നു കിടന്ന അച്ഛൻ തന്നെയാണ് ബാംഗ്ലൂരിലേക്ക് പറഞ്ഞ് വിട്ടത്. പതം പറഞ്ഞ് കരഞ്ഞ അമ്മയുടെ കൈകളിലേക്ക് സ്മാർട്ട് ഫോൺ വച്ച് കൊടുത്തപ്പോൾ, മുറിയുടെ മൂലയിലെ ലാൻഡ് ഫോൺ ഉറക്കം മതിയാവാതെ ഒന്നുകൂടി ചുരുണ്ടു കൂടി. ജോലിത്തിരക്കുകൾക്കിടയിൽ വീണു കിട്ടിയ ആദ്യ അവധി ദിനം വീഡിയോ കോളിലൂടെ വീട്ടിലേക്കൊന്നു പോയി വന്നു.  കട്ടിലിൽ തളർന്നു കിടക്കുന്ന അച്ഛൻ ഒന്നു കൂടി ക്ഷീണിച്ചിട്ടുണ്ട്.  അമ്മയുടെ നരച്ച സാരികൾ നിറം വെച്ചിട്ടുണ്ട്.  രണ്ടാമത്തെ ആഴ്ചയും അവധിക്കായി കാത്തിരുന്നു.  അച്ഛൻ്റെ വിളറിയ മുഖത്തിനരികിൽ കാലത്തെ തോൽപ്പിച്ച അമ്മയും !  അടുത്ത അവധിക്കു മുമ്പേയാണ് മൊബൈലിൽ നോട്ടിഫിക്കേഷൻ തെളിഞ്ഞത്.  അമ്മ ഫെയ്സ് ബുക്കിലും!  മനോഹര വർണ്ണങ്ങൾ ചാലിച്ചെഴുതിയ പോസ്റ്റ് അവനെ നോക്കി പല്ലിളിച്ചു. "ഹോം നഴ്സിനെ ആവശ്യമുണ്ട് " - അനിത മഗേഷ്

ഗുരുദക്ഷിണ

 കഥ: ഗുരുദക്ഷിണ ============== അമൃതം ക്വാർട്ടേഴ്സിൻ്റെ മുകളിലേക്കുള്ള ഒതുക്കുകൾ കയറുമ്പോഴാണ് പിറകിൽ നിന്നും ഒരു വിളി. "മാഷേ" ഗംഗാധരൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി. എട്ടു വർഷമായി കേൾക്കാതി രുന്ന വിളി.... ഇവിടെയും.. ധൃതിയിൽ തിരിച്ചിറങ്ങി അയാൾ തെല്ലൊരു ഭയത്തോടെ, വലിയ ബാഗും താങ്ങിപ്പിടിച്ച് പാറിപ്പറന്ന മുടിയിഴകളും മുഖം പാതിയും നിറച്ച താടിരോമങ്ങളുമുള്ള ആഗതൻ്റെ മുഖം ഓർമ്മകളിൽ പരതി. "ആരാ... " ഗംഗാധരൻ്റെ തൊണ്ടയിൽ കുരുങ്ങിക്കിടന്ന സ്വരം പുറത്തു ചാടിയതും ആ ചെറുപ്പക്കാരൻ അയാളുടെ കാൽക്കീഴിലേക്ക് വീണതും ഒരുമിച്ചായിരുന്നു. "മാഷേ..... മാപ്പ്... മാപ്പ്..." തൻ്റെ കാലുകളിൽ പടർന്ന കണ്ണീർ തുള്ളികൾ ഹൃദയത്തിലെവിടെയോ കൊളുത്തിയ വേദനയോടെ അയാൾ ചെറുപ്പക്കാരനെ പിടിച്ചുയർത്തി, ആരെങ്കിലും കാണുന്നുണ്ടോ എന്ന വേവലാതിയോടെ ചുറ്റും നോക്കി. "മാഷേ..... ഞാനാ സൂരജ്.." അടുത്ത നിമിഷം സൂരജിൻ്റെ കൈകളിൽ ബലമായി പിടിച്ച് പരമാവധി വേഗത്തിൽ പടിക്കെട്ടുകൾ കയറി. മുറിയിലെത്തി വാതിൽ കുറ്റിയിട്ടപ്പോഴാണ്  അയാൾക്ക് ശ്വാസം നേരെ വീണത്. "നീയെന്താ ... ഇവിടെ ?" അയാളുടെ ഉള്ളിലെ ഗംഗാധരൻ മാഷ് ഉണർന്നു. &q

തലേലെഴുത്ത്

 മിനിക്കഥ: തലേലെഴുത്ത് ==================== താൻ തോറ്റു പോകുമെന്ന ആശങ്കയിലാണത്രെ ദൈവം, ഇത്തിരി ക്കുഞ്ഞൻ വൈറസിൻ്റെ സഹായത്തോടെ പല തലേലെഴുത്തുകളിലും വെട്ടിത്തിരുത്തലുകൾ നടത്തിയത്!  വജ്രായുധ പ്രയോഗത്തിൽ നിശ്ചലരായ മനുഷ്യർ, വൈറസുകളെ കുടഞ്ഞെറിയാനായി പൂർവ്വാധികം കരുത്തോടെ ഉണർന്നെണീറ്റപ്പോഴേക്കും ഭൂമി തൻ്റെ പച്ച വിരിപ്പ് വീണ്ടെടുത്തിരുന്നു.  മനുഷ്യ മനസിലെ വിഷമത്രയും മായ്ച്ചുകളഞ്ഞൊരഹങ്കാരത്താൽ, ദൈവം എഴുത്ത് നിർത്താനൊരുങ്ങിയപ്പോഴാണ് ആംബുലൻസിനകത്തു നിന്നും പ്രാണനു വേണ്ടിയുള്ള കരച്ചിലിൻ്റെ സ്വരം മാറുന്നതറിഞ്ഞത്.   'അകലം പാലിച്ചവൻ' അവളുടെ മാനം കവർന്നെടുത്ത കാഴ്ചയിൽ ദൈവം തൻ്റെ പേന സ്വന്തം തലയിലേക്ക് നീട്ടി!!! -അനിത മഗേഷ്

മനുഷ്യമൃഗങ്ങൾ

കഥ:മനുഷ്യ മൃഗങ്ങൾ ==================       വഴിയരികിലെ കടകളെല്ലാം ഇരുട്ടു പുതച്ചു കിടക്കുന്നതിനിടയിലൂടെ ടൗണിലേക്കുള്ള അവസാന ബസ് ആലസ്യത്തോടെ നിരങ്ങി നീങ്ങി.  ബസ്സ്റ്റാൻഡിലെ നിശബ്ദതയിലേക്ക്  ശീതൾ പതിയെ കാലെടുത്തുവച്ചു.  ചേച്ചിയമ്മയുടെ കാർ അവളെയും കാത്ത് വഴിയരികിൽ തന്നെയുണ്ട്. ഫുട്പാത്തിൽ വഴിയോര കച്ചവടക്കാരും യാചകരും തളർന്നുറങ്ങുന്ന കാഴ്ച സ്ട്രീറ്റ് ലൈറ്റിൻ്റെ നേരിയ വെളിച്ചത്തിൽ ശീതൾ പാളി നോക്കി.  കൂട്ടത്തിലൊരുവൾ തൻ്റെ കുഞ്ഞിനെ കടിക്കുന്ന കൊതുകുകളെ ഓടിക്കാനായി ഉറക്കമിളച്ച് കുന്തിച്ചിരിപ്പിക്കുന്ന കാഴ്ചയിൽ കണ്ണു തറഞ്ഞ് നിന്നു പോയ ശീതളിനെ ചേച്ചിയമ്മ കൈയിൽ പിടിച്ചു വലിച്ചു. "എൻ്റെ വക്കീലേ... കാഴ്ച കണ്ടു നിക്കാതെ വേഗം വന്നേ, സമയം ഒരു പാട് വൈകി."  സീറ്റിൽ ചാരിയിരുന്ന അവളുടെ വിവർണ്ണമായ മുഖം കണ്ടിട്ടാവണം ചേച്ചിയമ്മ ഒന്നും സംസാരിക്കാതെ കാർ സ്റ്റാർട്ട് ചെയ്തത്. അവളുടെ ഓർമ്മകൾ പതിയെ ബാല്യത്തിലേക്കൂഴിയിട്ടു. പത്തുവയസുകാരി ശീതളിൻ്റെ കൈയ് പിടിച്ചു നടന്ന നാലു വയസുകാരൻ സിദ്ധാർത്ഥിൻ്റെ നിഷ്കളങ്കമായ ചിരികൾ എങ്ങും നിറഞ്ഞു. അവനെ ഒക്കത്തിരുത്തി ഏന്തി വലിഞ്ഞ് തൊടികളിലൂടെ നടക്കാൻ അവൾക്കേറെ ഇഷ്ടമായിരുന

മൗനം സമ്മതം

 കഥ: മൗനംസമ്മതം *  *  *  *  *  * *  *  *  * വെയിൽപ്പാളികളെ കീറിമുറിച്ച് ഇരച്ച് വന്ന കാർ തൻ്റെ മുറ്റത്തെ പൊടി പടലങ്ങളെ ആകാശത്തിലേക്കയച്ചത് കണ്ടു കൊണ്ടാണ് ദേവൂട്ടി പുറത്തേക്ക് വന്നത്. "ദേവൂട്ടീ, ഞങ്ങൾ പത്രക്കാരാണ്.ഒരു ഇൻ്റർ വ്യൂ വേണം" ചീർത്തു പൊട്ടാറായ കൺ പോളകൾ അവൾ ആയാസത്തോടെ മുകളിലേക്കുയർത്തി. "ഇര - യുടെ വായിൽ നിന്നും നമുക്ക് സത്യമറിയേണ്ടതുണ്ട്.. " മൈക്കുമായി അയാൾ ദേവൂട്ടിയുടെ തൊട്ടു മുന്നിലെത്തി. ചാനൽ സ്റ്റിക്കർ പതിച്ച ക്യാമറ കണ്ണുകൾ ആ വീടിനെ ഒന്നാകെ വിഴുങ്ങാനുള്ള തത്രപ്പാടിലാണ്. "ഇര.... ആരുടെ ?" അവളുടെ പതിഞ്ഞ ശബ്ദത്തിൻ്റെ ഘനത്തിൽ ക്യാമറ ലൈറ്റുകൾ പൊടുന്നനെ ഓഫായി.  ദേവൂട്ടി മുഖം തിരിച്ച് അകത്തേക്ക് നടന്നു. " ഇനിയെങ്കിലും വെറുതേ വിട്ടുടെ, എൻ്റെ കുഞ്ഞിനെ?.... കരച്ചിലിൽ കുഴഞ്ഞ ചോദ്യവുമായി എത്തിയ ഭവാനിയമ്മയെ കണ്ടതും ക്യാമറമാൻ ഉഷാറായി. "ഇനിയങ്ങോട്ട് മീഡിയക്കാരെക്കൊണ്ട് ഈ വീടു നിറയും... അവർക്കു മുന്നിൽ ദേവൂട്ടി ഉത്തരങ്ങൾ നൽകിയെ പറ്റൂ." " കൊച്ചു കുട്ടിയല്ലേ ൻ്റെ മോള്? ഇത്തിരി ദയ... അതേ ഇനി വേണ്ടൂ. വീണ്ടും വീണ്ടും കുത്തി നോവിക്കല്ലേ അതിനെ. ഞാൻ ന

ഓണത്തലേന്ന്

 കഥ:ഓണത്തലേന്ന് * * * * * * * * * * * * * അസ്തമയ സൂര്യൻ്റെ കിരണങ്ങളേറ്റ് വാങ്ങിയാണ് ജിഷ്ണു ഉത്രാടപ്പാച്ചിലിലേക്കിറങ്ങിയത്. എത്രയൊക്കെ വാങ്ങിക്കൂട്ടിയിട്ടും മതിയാവുന്നില്ല. പൂക്കളുടെ മനം മയക്കുന്ന ഭംഗി അയാളെ മാടി വിളിച്ചു കൊണ്ടിരുന്നു. കാറിൻ്റെ ഡിക്കി ഏകദേശം നിറയാറായപ്പോൾ തിരിച്ചു പോകാൻ റെഡിയായി.കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കാൻ തുടങ്ങിയതും കാറിനു മുന്നിലേക്ക്  ഒരു വൃദ്ധൻ! ഭയന്നു പോയ ജിഷ്ണു . വേഗം പുറത്തിറങ്ങി. ഭാഗ്യം അയാൾക്കൊന്നും പറ്റിയിട്ടില്ല. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു എന്നു മനസിലായതോടെ, മുഷിഞ്ഞു കീറിയ വസ്ത്രങ്ങൾ ധരിച്ച വൃദ്ധനെ കാറിലേക്ക് കയറ്റേണ്ടി വന്നു. തെളിഞ്ഞു കത്തിയ ദീപ നാളത്തിലേക്ക് വീശിയ കൊടുങ്കാറ്റു പോലെ അയാൾ ജിഷ്ണുവിൻ്റെ ഹൃദയത്തിൽ കരടായി നിന്നു.  യാത്രയ്ക്കിടയിൽ അവൻ റോഡരികുകൾ നിരീക്ഷിച്ചു. വലിഞ്ഞു കേറിയ അതിഥിയെ ആളൊഴിഞ്ഞ എവിടെയെങ്കിലും ഇറക്കി വിടണമല്ലോ... അവന് ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു. അവശനായ വൃദ്ധൻ, തൻ്റെ ഉണ്ണിക്കുട്ടന് വേണ്ടി വാങ്ങിയ വെള്ളാരം കണ്ണുള്ള പാവക്കുട്ടിയെ കൊതിയോടെ നോക്കുന്നത് കണ്ട് അവന് വല്ലാതെ ദേഷ്യം വന്നെങ്കിലും  ആ കണ്ണുകൾ നിറയുന്ന

മടങ്ങിവരവ്

 #കഥാരചനമത്സരം #മടങ്ങിവരവ് പേര്: അനിത മഗേഷ് ഫോൺ: 9961242160 മടങ്ങി വരവ്     'കണ്ണുകൾ, പ്രതീക്ഷയോടെ ഫോണിലെ പച്ചവെളിച്ചം തേടിയലഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് രസം കൊല്ലിയായി കോൾ വന്നത്. ഒട്ടൊരു നീരസത്തോടെയാണ് കൂട്ടുകാരൻ്റെ ശബ്ദം കാതോർത്തതും.  അവൻ്റെ ഭീതിതമായ ശബ്ദം കേട്ടതോടെ ഞാൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് പോയി.  തൊട്ടടുത്ത ഗ്രാമത്തിലാണ് ഉരുൾ പൊട്ടലുണ്ടായിരിക്കുന്നത്. വെറുതെയിരുന്നു കൂട. തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യണം.... അമ്മയോട് വിവരം പറഞ്ഞ് തീർന്നപ്പോഴേക്കും ബൈക്ക് സ്റ്റാർട്ടായിക്കഴിഞ്ഞിരുന്നു. ഇല്ലെങ്കിൽ പിന്നെ പതിനെട്ടു തികഞ്ഞ തന്നെ, വെറും കുട്ടിയായി കാണുന്ന അമ്മ എന്തെങ്കിലും തടസ്സം പറയുമൊ എന്നൊരാശങ്കയും ഉണ്ടായിരുന്നു. കൂട്ടുകാരെ മുഴുവൻ സംഘടിപ്പിച്ച് സംഭവ സ്ഥലത്തെത്തുമ്പോഴേക്കും രക്ഷാപ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു. ടോർച്ചിൻ്റെ നേർത്ത വെട്ടത്തിൽ, ജീവനും മരണത്തിനുമിടയിൽ ഊയലാടുന്ന ജീവനുകളെ കൈകളിൽ കോരിയെടുത്ത് മലയടിവാരത്തേക്കോടി.  പൊട്ടിക്കരച്ചിലുകളാൽ മുഖരിതമായ രാത്രിയുടെ മുഖം പതുക്കെ പകലിനു വഴിമാറി.  എന്താണ് സംഭവിച്ചതെന്നറിയാനെന്നവണ്ണം സൂര്യ രശ്മികൾ ഓലക്കീറുകൾക്കിടയിലൂടെ എത്തി

കനൽ വീഥികൾ

 #സ്നേഹമഞ്ഞ് #കഥാമത്സരം #കനൽവീഥികൾ കനൽ വീഥികൾ "ഹലോ... ഹലോ... മൈക്ക് ടെസ്റ്റ്...." പ്രോഗ്രാമിൻ്റെ ഉത്തരവാദിത്തിനിടയിലൂടെ ഉള്ള ഓട്ടത്തിനിടയിൽ അവസാന ഒരുക്കങ്ങളും പൂർത്തിയാക്കിയ ശ്രീധരൻ നെറ്റിയിലെ വിയർപ്പു കണങ്ങൾ തുടച്ചു. പതിയെ കർട്ടനിടയിലൂടെ പുറത്തേക്ക് പാളി നോക്കി. മനസ് നിറഞ്ഞു. സദസ് കവിഞ്ഞൊഴുകി കാണികൾ.  " ശ്രീധരാ എത്തിപ്പോയി... നിരഞ്ജന എത്തിപ്പോയ്... " ഉത്സാഹത്തോടെ ഓടിയ സെക്രട്ടറിക്കൊപ്പം വിശിഷ്ടാഥിതിയെ സ്വീകരിക്കാനുള്ള തിരക്കിലായി ശ്രീധരൻ പതിമൂന്ന് വയസ് മാത്രം പ്രായമുള്ള നിരഞ്ജന നിറ കൈയടികൾക്കിടയിലൂടെ വേദിയിലേക്ക്. വരയും വർണ്ണവുമെന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ ജനങ്ങൾ നെഞ്ചേറ്റിയ അതുല്യപ്രതിഭ. തടിച്ച സ്വർണ്ണ മോതിരങ്ങൾ അണിത്ത കൈകൾ നീട്ടി ചുളിവു വീഴാത്ത കുർത്ത ധരിച്ച കെ.ജി. ആർ. എന്ന രാഘവൻ മുതലാളി അവൾക്കുള്ള കസേര കാണിച്ചു കൊടുത്തു. കാണികളെ അഭിവാദ്യം ചെയ്ത് അവൾ തൻ്റെ ഇരിപ്പിടം സ്വീകരിച്ചു. കാണികളും പ്രാസംഗികരും ആവേശത്തിലാണ്.  " മലയാളക്കരുടെ തന്നെ അഭിമാനതാരമായ ചിത്രകാരി കുമാരി നിരഞ്ജനയെ ഞങ്ങയുടെ എളിയ ഉപഹാരം സ്വീകരിക്കാനായി ക്ഷണിക്കുന്നു. ഉപഹാരം നൽകുന്നത് നമ്മുടെയെല്

ഓണനിലാവ്

 #സ്നേഹമഞ്ഞ് #കഥാമത്സരം #ഓണനിലാവ് ഓണനിലാവ്. * * * * * * * * * എവിടെനിന്നൊക്കെയോ ഒഴുകി  വന്ന പൊട്ടിച്ചിരികളും ബഹളവും ഉണ്ണിക്കുട്ടൻ്റെ കാതിൽ വന്നലച്ചു. നാളെ തിരുവോണമായതിൻ്റെ  ആഹ്ലാദത്തിമിർപ്പിലാണ് നാടും നഗരവും.! അയൽവക്കത്തെ കുട്ടികളിൽ പലരും പല വർണ്ണത്തിലുള്ള പൂക്കൾ നിറച്ച സഞ്ചിയുമായി അവരവരുടെ വീട്ടിലേക്ക് തുള്ളിച്ചാടി പോകുന്നത് കണ്ടപ്പോൾ, അവൻ്റെ മനസ്സും തുടിച്ചു. ആ വീടുകളുടെ മുറ്റത്തൊക്കെ നാളെ മനോഹരമായ പൂക്കളം വിരിയും. അതൊന്നു കാണാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും അമ്മ സമ്മതിക്കാറില്ല! ഓണസദ്യ കൊതിച്ചാണ് താനങ്ങോട്ട് ചെന്നതെന്ന് കരുതുമത്രേ അവരൊക്കെ....! ചുറ്റുപാടുമുള്ള വീടുകളിലൊക്കെ ചെറിയ ജോലികളൊക്കെ ചെയ്ത് കൊടുത്ത് പ്രതിഫലമായി കിട്ടുന്ന ഓണസദ്യ, തനിക്ക് വാരിത്തരാനായി ഉച്ചയ്ക്ക് അമ്മ വിയർത്തു കുളിച്ച് ഓടി വരാറുണ്ടായിരുന്നു. പക്ഷേ... ഇന്ന് ... ആ ഭാഗ്യവും തനിക്ക് നഷ്ടമായിരിക്കുന്നു. അടുപ്പിൽ വച്ച മൺ കലത്തിൽ കയിലിട്ടിളക്കി കണ്ടു പിടിച്ച രണ്ടു വറ്റിനോടൊപ്പം ഒരു പാത്രം വെള്ളവുമായി അവൻ അമ്മ കിടക്കുന്ന കട്ടിലിനരികിലെത്തി. രണ്ടു മാസത്തോളമായി അമ്മ കിടപ്പിലായിട്ട്.  ആശുപത്രിയിൽ പോയെങ്കിലും, എന്തൊക്കെയോ  ഓപ

പാതിയിൽ പൊലിയുന്ന ജീവനുകൾ

 പാതിയിൽ പൊലിയുന്ന ജീവനുകൾ " അമ്മേ.... എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ട്..." ഇരച്ചു വന്ന കാറ്റിനൊപ്പം വിഷ്ണുവിൻ്റെ ശബ്ദവും ലതയുടെ ചെവിയിൽ അലകൾ തീർത്തു. സന്തോഷം കണ്ണീർ തുള്ളികളായി കവിളിണയിൽ മുത്തമിട്ടതും അവൾ തയ്യൽ മെഷീനിനിൽ നിന്നും കാലുകൾ പിൻവലിച്ചു. വിഷ്ണുവിനെ കെട്ടിപ്പിടിച്ച് അവൻ്റെ മൂർധാവിൽ ചുണ്ടുകൾ ചേർത്ത് വച്ച് അവൾ മന്ത്രിച്ചു. 'ൻ്റെ പൊന്നുമോൻ നന്നായി വരും' മകനിൽ മാത്രം പ്രതീക്ഷയർപ്പിച്ച് ജീവിക്കുന്ന ആ അമ്മയ്ക്ക് അവൻ്റെ പത്താം ക്ലാസ് പരീക്ഷാ ഫലം നൽകിയ ആഹ്ലാദം തെല്ലൊന്നുമല്ല.  തൊട്ടടുത്ത ദിവസം തന്നെ ചിട്ടി പിടിച്ച തുകയ്ക്ക് നല്ലൊരു സ്മാർട്ട് ഫോൺ വാങ്ങി അവനു സമ്മാനിക്കാനും ലത മറന്നില്ല. ആ വിജയം അവരൊരാഘോഷമാക്കി മാറ്റി. അല്ലെങ്കിലും വിഷ്ണുവിൻ്റെ ജീവിതത്തിൽ ഇതുവരെ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ലല്ലോ അവൻ്റെ ജൻമദിനം പോലും.... അതേക്കുറിച്ച് ഓർത്തപ്പോൾ ലതയുടെ മനസൊന്നു പിടഞ്ഞു. അവൻ്റെ ഒന്നാം പിറന്നാൾ ദിനത്തിൻ്റെ തലേന്നായിരുന്നു തങ്ങളുടെ ജീവിതത്തിലെ വെളിച്ചം അസ്തമിച്ചത്.  വിഷ്ണുവിന് പിറന്നാൾ ദിനത്തിൽ സമ്മാനിക്കാനുള്ള പാവക്കുട്ടിയെ വാങ്ങാനായിട്ടാണ് കോൺക്രീറ്റ് പണി കഴിഞ്ഞ് തിരിച്ചെത്ത

വിഷാദ കന്യക

 #കഥക്കൂട്ട് #തുടർവാരചെറുകഥരചനാമത്സരം #വിഷാദകന്യക ഒഴിഞ്ഞ പാൽപ്പാത്രം താളത്തിലാട്ടി പുല്ലിനോടും പൂക്കളോടും കിന്നാരം പറഞ്ഞ് പാറക്കല്ലുകളിലൂടെ ചാടിത്തുള്ളി രസിച്ച് നടന്ന പാറുക്കുട്ടി പെട്ടെന്ന് ഇടിവെട്ടേറ്റത് പോലെ നിന്നു പോയി. തൊട്ടു മുന്നിലായി 'ഇരുമ്പൻ'. അവളുടെ മുഖത്തെ ചിരി മാഞ്ഞു. വല്ലാത്തൊരു ഭയത്തോടെ അവൾ തല കുനിച്ച് ഒതുങ്ങി മാറിനിന്നു. എന്നിട്ടും അയാൾ പോകാൻ ഭാവമില്ല. പുകയിലക്കറ പുരണ്ട പല്ലുകൾ മുഴുവൻ കാണിച്ച് ഒരു വല്ലാത്ത ചിരിയോടെ അവളെത്തന്നെ നോക്കി നിൽക്കുകയാണയാൾ.  "പേടീ ണ്ടാ നിന്ക്ക് ന്ന കാണുമ്പം ... " ഇരുമ്പൻ ഉച്ചത്തിൽ ചിരിച്ചു. ദാവണി തുമ്പിൽ തെരുപ്പിടിച്ച് അവൾ തല കുലുക്കി. ഇരുമ്പൻ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അയാളെ മറികടന്ന്  അവൾ ഓടി മറഞ്ഞിരുന്നു.  വീട്ടുമുറ്റത്തെ തൂണിൽ ചാരി നിന്നു കിതയ്ക്കുന്ന പാറുവിനെക്കണ്ട് മുത്തശ്ശി വേവലാതിയോടെ പുറത്തിറങ്ങി. "എന്താ പാറൂഞ്ഞി, നീ പേടിച്ച് നാ" "ഉം.... ആ... ഇര്മ്പൻ... വൈക്ക് ണ്ടായിന്..... " " അയിനാ പേടിച്ചേ.... നാള നിന്ന മംഗലം കൈക്കണ്ടോനാ ഓൻ .. " മുത്തശ്ശി അമർത്തി മൂളി ദേഷ്യത്തോടെ അകത്തേക്ക് കയറി.  ആ

നിറം മങ്ങിയ കാഴ്ചകൾ

 നിറം മങ്ങിയ കാഴ്ചകൾ അന്ന് പതിവിലും നേരത്തെ അമല ഉണർന്നു.  തലേന്നു രാത്രി മുതൽ തോരാതെ പെയ്യുന്ന മഴയുടെ തണുപ്പിൽ ഒതുങ്ങിക്കൂടാതെ നേരെ അടുക്കളയിലേക്ക്.... കാർത്തിക്കിന് ഇഷ്ടമുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്നതിനിടയിൽ അവളുടെ ചുണ്ടുകൾ അറിയാതെ ഏതൊക്കെയോ മെലഡി ഗാനങ്ങൾ മൂളിക്കൊണ്ടിരുന്നു. "അമ്മേ..... അച്ഛൻ എത്തിയോ "  കണ്ണു തിരുമ്മി ഉറക്കച്ചടവകറ്റാൻ ശ്രമിച്ചുകൊണ്ടാണ് നന്ദുവിൻ്റെ ചോദ്യം. " ങ്ഹാ ൻ്റെ നന്ദൂട്ടനിന്ന് നേരത്തെ എണീറ്റോ " "അമ്മ ഇന്നലെ പറഞ്ഞതല്ലേ അച്ഛനിന്ന് വരുമെന്ന്?" "ഉം അതെ അച്ഛനിപ്പോ അങ്ങ്... ദുബായീന്ന്, നന്ദൂട്ടനുള്ള  ചോക്ലേറ്റ്സും പാവക്കുട്ടിയുമൊക്കെയെടുത്ത് വിമാനത്തിൽ കേറീട്ടുണ്ടാവും. വൈകുന്നേരമാകുമ്പോഴേക്കും അച്ഛനിങ്ങെത്തും പോരേ....?" "ഉം..... പക്ഷേ അമ്മ ഇനി അച്ഛനോട് വഴക്കിടല്ലേ..." അവൻ്റെ മുഖത്ത് ഭയം നിഴലിച്ചു. കുറ്റബോധം അമലയുടെ കണ്ണുകളിൽ നിറഞ്ഞു. അവനെ വാരിയെടുത്ത് ആ കുഞ്ഞു കവിളിൽ അവൾ തെരുതെരെ ചുംബിച്ചു. " ഇല്ലെടാ കുട്ടാ... ഇനിയൊരിക്കലും അച്ഛനുമമ്മയും വഴക്കിടില്ല..." രണ്ടും പേരും രണ്ടു വഴി തിരഞ്ഞെടുത്ത് പിരിയാൻ തീരുമാനിച്ച ദി

കനൽ വീഥികൾ

 കനൽ വീഥികൾ "ഹലോ... ഹലോ... മൈക്ക് ടെസ്റ്റ്...." പ്രോഗ്രാമിൻ്റെ ഉത്തരവാദിത്തിനിടയിലൂടെ ഉള്ള ഓട്ടത്തിനിടയിൽ അവസാന ഒരുക്കങ്ങളും പൂർത്തിയാക്കിയ ശ്രീധരൻ നെറ്റിയിലെ വിയർപ്പു കണങ്ങൾ തുടച്ചു. പതിയെ കർട്ടനിടയിലൂടെ പുറത്തേക്ക് പാളി നോക്കി. മനസ് നിറഞ്ഞു. സദസ് കവിഞ്ഞൊഴുകി കാണികൾ.  " ശ്രീധരാ എത്തിപ്പോയി... നിരഞ്ജന എത്തിപ്പോയ്... " ഉത്സാഹത്തോടെ ഓടിയ സെക്രട്ടറിക്കൊപ്പം വിശിഷ്ടാഥിതിയെ സ്വീകരിക്കാനുള്ള തിരക്കിലായി ശ്രീധരൻ പതിമൂന്ന് വയസ് മാത്രം പ്രായമുള്ള നിരഞ്ജന നിറ കൈയടികൾക്കിടയിലൂടെ വേദിയിലേക്ക്. വരയും വർണ്ണവുമെന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ ജനങ്ങൾ നെഞ്ചേറ്റിയ അതുല്യപ്രതിഭ. തടിച്ച സ്വർണ്ണ മോതിരങ്ങൾ അണിത്ത കൈകൾ നീട്ടി ചുളിവു വീഴാത്ത കുർത്ത ധരിച്ച കെ.ജി. ആർ. എന്ന രാഘവൻ മുതലാളി അവൾക്കുള്ള കസേര കാണിച്ചു കൊടുത്തു. കാണികളെ അഭിവാദ്യം ചെയ്ത് അവൾ തൻ്റെ ഇരിപ്പിടം സ്വീകരിച്ചു. കാണികളും പ്രാസംഗികരും ആവേശത്തിലാണ്.  " മലയാളക്കരുടെ തന്നെ അഭിമാനതാരമായ ചിത്രകാരി കുമാരി നിരഞ്ജനയെ ഞങ്ങയുടെ എളിയ ഉപഹാരം സ്വീകരിക്കാനായി ക്ഷണിക്കുന്നു. ഉപഹാരം നൽകുന്നത് നമ്മുടെയെല്ലാം പ്രിയങ്കരനായ കെ.ജി. ആർ. "

ആഭിചാരം

വയലറ്റ് പൂക്കൾ " മാളൂ.... മാളൂ.... എന്തുറക്കമാ ഇത്? നേരമിതെത്രയായി! നിനക്കിന്ന് ക്ലാസില്ലേ?" അമ്മയുടെ ശബ്ദം കേട്ടാണ് ഏതോ സുന്ദര സ്വപ്നത്തിൻ്റെ വക്കിൽ നിന്നും മാളവിക ഞെട്ടിയുണർന്നത്. അല്ലെങ്കിലും ഇതൊരു പതിവായിട്ടുണ്ട്. അമ്മയുടെ ശബ്ദം കനത്താലേ ഉറക്കം കണ്ണുകളെ വിട്ടകലാറുള്ളൂ. "അയ്യോ. സമയം പോയല്ലോ... സാന്ദ്രയിപ്പോൾ പുറപ്പെട്ടിട്ടുണ്ടാവും. അമ്മേ ഇന്നിനി ചായ വേണ്ട" ധൃതിയിൽ പോകാനൊരുങ്ങവേ അമ്മ വഴി തടഞ്ഞു. " നിൽക്ക്. റിസേർച്ച്, പ്രൊജക്ട് ന്നൊക്കെപ്പറഞ്ഞ് തിന്നാണ്ടും കുടിക്കാണ്ടും ഓടിനടക്കണ്ട. ഇത് കൊണ്ടു പോയ്ക്കോ." കൈയിലിരുന്ന ഭക്ഷണ പാത്രം തൻ്റെ നേർക്കു നീട്ടിയ അമ്മയുടെ കവിളിൽ ഒരു സ്നേഹചുംബനവും നൽകി അവൾ പുറത്തേക്കിറങ്ങി.  "എത്ര നേരമായി മാളൂ ഞാൻ കാത്തു നിൽക്കുന്നു. ഇന്നത്തെ ഇൻവെസ്റ്റിഗേഷൻ നിൻ്റെ സെലക്ഷനാണെന്ന കാര്യം മറക്കണ്ട." "അയ്യോ ഇല്ലേ.... ഈ വിഷയം ഞാനല്ലേ തെരെഞ്ഞെടുത്തത്. നമ്മളുറപ്പായിട്ടും ഇന്ന് ഭൈരവ സ്വാമിയെക്കാണും." "എനിക്ക് നേരിയ പേടിയുണ്ട് മാളൂ, അയാളൊരു ദുർമന്ത്രവാദിയാണെന്നാ അറിയാൻ കഴിഞ്ഞത് " "ഒന്നു പോടി. ഒരു മന്ത്രവാദം. കോ

വഴിയമ്പലം

വഴിയമ്പലം നിർത്താതെ ചുമച്ചതിൻ്റെ ബാക്കിയെന്നോണം ഗോപാലൻ, ചുമരിൽ ചാരി നിന്നു കിതച്ചു. പൊട്ടിക്കീറിയ തൊണ്ടയിലേക്ക് ഒരിറ്റു ചൂടുവെള്ളം... അയാളതിയായി ആഗ്രഹിച്ചു. " സുഭദ്രേ ..... ഇത്തിരി വെള്ളം.... " അയാൾ ക്ഷീണിച്ച സ്വരത്തിൽ വിളിച്ചു.  "എന്താ ഗ്രാൻപാ..." ശബ്ദം കേട്ടിട്ടാവണം ശരണ്യ വാതിൽക്കലേക്കു നല നീട്ടി. "മോളേ..... ഇത്തിരി വെള്ളം..."  ചുളിഞ്ഞ കൈവിരലുകളാൽ അയാൾ മേശമേൽ അള്ളിപ്പിടിച്ചു നിന്നു. പണ്ടും ഇതുപോലെ കിതച്ചിരുന്നു... എവിടെയെങ്കിലുമൊന്നിരിക്കാൻ കൊതിച്ചിരുന്നു. അയാളുടെ ഓർമ്മകൾ ബാല്യത്തിലേക്ക് ചിറകടിച്ചു. അച്ഛൻ്റെ കൈയും പിടിച്ച് പട്ടണത്തിൽ കച്ചവടത്തിനു പോയിരുന്ന കാലം.... നടന്നു തളർന്ന് ക്ഷീണിച്ച്..... വീടിനോട് അടുത്ത് എത്താറുവുമ്പോഴാണ് വഴിയമ്പലം കാണുക. അതൊരു കുളിരാണ്. അച്ഛനോടൊപ്പം ക്ഷീണം മുഴുവൻ ആ വഴിയമ്പലത്തിലുപേക്ഷിച്ച്.... അരികിലെ കിണറിൽ നിന്നും വയറു നിറയെ തണുത്ത വെള്ളവും കോരിക്കുടിച്ച് .....  താഴേക്കു തൂങ്ങി നിൽക്കുന്ന താഴികക്കുടവും നോക്കിയങ്ങനെ കിടക്കാൻ ഒരു പാട് കൊതിച്ച ബാല്യം... തൻ്റെ വളർച്ചയ്ക്കൊത്തു വളർന്ന കാലം ആ വഴിയമ്പലത്തെ അനാഥമാക്കിയോ ?.... "ഇത

പുനർജനി.

പുനർജനി. സകല പ്രതീക്ഷകളും നഷ്ടപ്പെട്ട നിസ്സാഹയതയായിരിക്കും അച്ഛനെക്കൊണ്ടങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്. അല്ലെങ്കിലും പുനർജനി ഗുഹ നൂഴാനും മാത്രം എന്ത് പാപമാണ് ഞാൻ ചെയ്തിട്ടുള്ളത്? .....  " സതീ, അച്ഛൻ പറഞ്ഞതിനെക്കുറിച്ച് ആലോചിച്ചിരിക്കയാണോ ൻ്റെ കുട്ടി?" മനസു വായിച്ച പോലെയാണ് അച്ഛൻ്റെ ചോദ്യം. "തിരുവില്വാമലയിലേക്ക് ഒത്തിരി ദൂരമുണ്ടോ?" സങ്കടക്കടൽ ഉള്ളിലൊളിപ്പിക്കാൻ ഞാൻ പാടുപെടുന്നുണ്ടെന്ന് മനസിലാക്കിയിട്ടാവണം ഉത്തരമൊന്നും പറയാതെ അച്ഛൻ തല കുലുക്കി തിരിഞ്ഞു നടന്നത്. അല്ലെങ്കിലും ദൂരങ്ങളെപ്പറ്റി എനിക്കെന്തറിയാം. വർഷങ്ങൾക്കു മുമ്പേ പകൽ വെളിച്ചം എനിക്കു മാത്രം കിട്ടാക്കനിയായതാണല്ലോ..... പ്രാർത്ഥനയും വഴിപാടുമൊക്കെ ഒരു പാട് നടത്തിയ എൻ്റെ അമ്മയ്ക്ക് ദൈവം വരദാനമായി(?) നൽകിയ ഓമന പുത്രൻ! അമ്മയെക്കുറിച്ചുള്ള മങ്ങിയ ചില കാഴ്ചകൾ ഓർമയിലെവിടെയൊക്കെയോ അവശേഷിക്കുന്നു.  സതീഷെന്ന തൻ്റെ ഓമന പുത്രനെ "സതീ... " എന്നാണ് വിളിക്കേണ്ടിയിരുന്നതെന്ന്  മനസിലാക്കിയ ഞെട്ടലിൽ പ്രാണൻ പൊലിഞ്ഞ എൻ്റെ ദൗർഭാഗ്യവതിയായ അമ്മ.... ആൺ കുട്ടിയായ് പിറന്ന് പെൺകുട്ടിയായ് വളർന്ന എന്നെ അറിയാൻ ആരും ഉണ്ടായില്ലെന്

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കദനംവിതയ്ക്കുന്നകനൽവഴികൾ        വലിച്ചു വാരിയിട്ട പല വർണ്ണത്തിലുള്ള കുഞ്ഞുടുപ്പുകൾ വേഗത്തിൽ തന്നെ അടുക്കി വച്ചു നന്ദന. ഉടനെ കസ്റ്റമർ ആരും വരല്ലേ എന്ന് മനസിൽ പ്രാർത്ഥിച്ചു. ഡ്രസ്സുകൾ അതാത് കബോർഡിലാക്കിയിട്ടു വേണം എന്തെങ്കിലും കഴിക്കാൻ! രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയതിൻ്റെയാവാം വല്ലാത്തൊരു തളർച്ച അവളെ ബാധിച്ചിരുന്നു. ഇന്ന് ടെക്സ്റ്റയിൽസിൽ പുതിയ എംഡി ചാർജെടുത്തിരിക്കുകയാണ്. ശാന്ത സ്വരൂപിണിയായ ഒരു സ്ത്രീ. അരുന്ധതി ! പണികൾ വേഗം തീർത്ത് അവൾ ഭക്ഷണം കഴിക്കാനിരുന്നു. നല്ല വിശപ്പ് ... പാത്രത്തിലെ ചമ്മന്തിയിൽ കുതിർന്ന രണ്ടിഡലികളിലൊന്ന് വേഗത്തിൽ വായിലാക്കിയപ്പോഴാണ് അവൾ ശ്രദ്ധിച്ചത് - പാത്രത്തിൻ്റെ വക്കിലൂടെ ഇത്തിരിക്കുഞ്ഞന്മാരായവെള്ള നിറത്തിലുള്ള പുഴുക്കൾ....  തികട്ടി വന്ന ഓക്കാനം അവൾ പാടുപെട്ട് അടക്കി. താൻ ശ്രദ്ധിക്കേണ്ടതായിരുന്നു....  ഇന്നലെ കൊണ്ടു വന്ന ദോശ രണ്ടു സ്പൂണോളം ഉപ്പിൽ കുതിർത്ത ചെറിയമ്മയെ വിശപ്പിനിടയിൽ താൻ മറക്കരുതായിരുന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞു. ആരുടെയും കണ്ണിൽപ്പെടാതെ അവൾ പാത്രം അടച്ച് വച്ചു. അത് തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ വയ്യ. എന്തുചെയ്യും? ആരും കാണാതെ വേസ്റ്റ് ബോക്സിൽ ന

മണ്ണ്

മണ്ണ്  നെറ്റിയിൽ കൈകൾ ചേർത്ത് വച്ച് രാഘവൻ ആയാസപ്പെട്ട് ആകാശത്തേക്ക് നോക്കി. " ഇന്ന് മഴയുണ്ടാവും യശോദേ.... " കളപറിച്ചു കൊണ്ടു കുനിഞ്ഞു നിന്നിരുന്ന യശോദ ഇടുപ്പിൽ കൈകൾ കുത്തി മെല്ലെ നിവർന്നു.  " നിങ്ങള് പറഞ്ഞാ പിന്നെ പെയ്യാണ്ടിരിക്വോ....  ഓർമ്മ വച്ച നാളു തൊട്ട് ഈ മണ്ണിൽ പണിയണതല്ലേ.... " യശോദയുടെ ഉത്തരത്തിൽ കുലുങ്ങി ച്ചിരിച്ചു കൊണ്ട് രാഘവൻ തൂമ്പയും കത്തിയുമെടുത്ത് കൃഷിസ്ഥലത്തു നിന്നും കയറി. പറിച്ചെടുത്ത കായ്ഫലങ്ങൾ കുട്ടയിലാക്കി തലയിൽ വച്ച് യശോദ അയാളെ അനുഗമിച്ചു.  കുളിയും ജപവുമൊക്കെ വേഗം കഴിച്ച് രാഘവൻ പൂമുഖത്തെ ചാരുകസേരയിൽ നീണ്ടു നിവർന്നു കിടന്നു. "ഇനീപ്പോ ... അവിടെക്കിടന്ന് ഒറങ്ങണ്ട. കഞ്ഞി കാലായ്ട്ട്ണ്ട് വന്ന് കഴിച്ചിട്ട് കിടക്കൂ ... " യശോദ തൻ്റെ വെള്ളി നൂലുകൾ എത്തി നോക്കാൻ തുടങ്ങിയ മുടി കെട്ടിവച്ച് കൊണ്ടറിയിച്ചു. " ഉം..... ന്നാപ്പിന്നെക്കഴിച്ചേക്കാം., ഇന്ന് മോനു വിളിച്ചാരുന്നോടീ....?" "ഇല്ല. അവൻ കുറച്ചു ദിവസായല്ലോ ഇങ്ങട്ട് വിളിച്ചിട്ട് "  " അവൻ തിരക്കിലാവും. നമ്മുടെ പാടത്തെപ്പണി പോലല്ലോ... അമേരിക്കേലൊക്കെ ...." രാഘവൻ നെടുവീർപ്പുത

പാഥേയം

പാഥേയം " ശ്രീജിത്ത്...... ഇന്നത്തോടെ നിൻ്റെ ജയിൽവാസം അവസാനിക്കുകയാണ്. ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ... അല്ലേ? " സൂപ്രണ്ടിൻ്റെ വാക്കുകൾക്ക് മുന്നിൽ തലകുനിച്ചു കൊണ്ട് അവൻ തൻ്റെ വസ്ത്രങ്ങൾ ഏറ്റുവാങ്ങി.  "മോനേ, ശ്രീജിത്തേ... " സ്വാതന്ത്ര്യത്തിൻ്റെ വെള്ളിവെളിച്ചത്തിലേക്ക് കാലെടുത്തു വെക്കാൻ തുടങ്ങിയ ശ്രീജിത്ത് തിരിഞ്ഞു നോക്കി.കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്ന കാക്കിധാരി.... ശങ്കരൻ സാറാണ്. "മേനേ, നീ ഇറങ്ങുകയല്ലേ? അല്ല പാഥേയമായി എന്തെങ്കിലും വേണോ " ഒരൽപ്പം കളിയായും കാര്യമായും ഉള്ള ശങ്കരൻ സാറിൻ്റെ ചോദ്യത്തിനു മുന്നിൽ ഒരു പുഞ്ചിരിയിൽ കുതിർന്ന  കരച്ചിലായിരുന്നു അവൻ്റെ മറുപടി. " ഹേയ്, നിന്നെ വെഷമിപ്പിക്കാൻ പറഞ്ഞതല്ലാട്ടോ... ഇനീപ്പോ.. ഇവിടുന്നെറങ്ങിയാലും ഒരു ജോലിയൊക്കെ തരപ്പെടുത്താൻ അല്പം ബുദ്ധിമുട്ടും. തളരരുത്..." അയാൾ ശ്രീജിത്തിനെ അനുഗ്രഹിച്ചു. ഇതു പോലെയാണ് ആ നശിച്ച ദിവസം.. അമ്മ തന്നെ അനുഗ്രഹിച്ചയച്ചത്..... അവൻ ഓർമ്മകളുടെ തേരേറി. രാധികയുമായുള്ള പ്രണയത്താൽ അന്ധനായിരുന്നു താനന്ന്. അവൾക്ക് വീട്ടുകാർ മറ്റൊരു കല്യാണം തീരുമാനിച്ചതറിഞ്ഞപ്പോഴാണ് അവളെയും കൊണ്ട് നാട

പറയാൻ മറന്നത്

പറയാൻമറന്നത്  സ്വർണ്ണ വർണ്ണം കടലിൽ ഉരുക്കിയൊഴിച്ച്, ചെമ്പട്ടുടുത്ത സൂര്യനും കാഴ്ചയിൽ നിന്നു മറഞ്ഞപ്പോഴേക്കും കടൽത്തീരം ശൂന്യമായിത്തുടങ്ങി. ചൂടുള്ള ഓംലറ്റ് വാഴയിലയിൽ പൊതിഞ്ഞ് പാത്രത്തിനകത്താക്കിതോൾ സഞ്ചിയിൽ തിരുകി, വാസവൻ തൻ്റെ തട്ടുകടയുടെ മുകളിലേക്കുയർത്തിയ വാതിൽ 'കിർ....' ശബ്ദത്തോടെ അടച്ചു. തിരിഞ്ഞു നോക്കിയപ്പോഴാണ് അവിടെ നിന്നിരുന്ന ചുവന്ന പട്ടുസാരി ധരിച്ച സ്ത്രീ അയാളുടെ കണ്ണിൽപ്പെട്ടത്. " അയ്യോ മാഡം കട അടച്ചല്ലോ" വാസവൻ പോകാനൊരുങ്ങിയതും പുറകിൽ നിന്നും ഒരു വിളി ''വാസവേട്ടാ.... " ഒരു ഞെട്ടലോടെ അയാൾ തിരിഞ്ഞു നോക്കി. കടയുടെ മുന്നിൽ നിന്നിരുന്ന സ്ത്രീ തന്നെ! ആകാംക്ഷയോടെ അയാൾ അവളുടെ മുഖത്തക്ക് നോക്കി. പാറിപ്പറന്ന മുടിയിഴകൾക്കും തടിച്ച ഫ്രെയിമുള്ള കണ്ണടയ്ക്കുമിടയിലൂടെ അയാളാമുഖം വ്യക്തമായിക്കണ്ടു. ' അരുന്ധതി.' ഒരു നടുക്കം അയാളുടെ ഉള്ളിൽ നിറഞ്ഞത് മുഖത്തും ദ്യശ്യമായി. " അരുന്ധതീ... ഇവിടെ? എപ്പോൾ?" അയാൾ വാക്കുകൾക്കായി പരതി. അവൾ മൃദുവായി ചിരിച്ചു കൊണ്ടു പറഞ്ഞു. " ഞാനിന്നലെ എത്തി. കുറച്ചു ദിവസം ഇവിടെ കാണും." " കൂടെയാരാ ?