വഴിയമ്പലം

വഴിയമ്പലം

നിർത്താതെ ചുമച്ചതിൻ്റെ ബാക്കിയെന്നോണം ഗോപാലൻ, ചുമരിൽ ചാരി നിന്നു കിതച്ചു. പൊട്ടിക്കീറിയ തൊണ്ടയിലേക്ക് ഒരിറ്റു ചൂടുവെള്ളം... അയാളതിയായി ആഗ്രഹിച്ചു.
" സുഭദ്രേ ..... ഇത്തിരി വെള്ളം.... "
അയാൾ ക്ഷീണിച്ച സ്വരത്തിൽ വിളിച്ചു. 
"എന്താ ഗ്രാൻപാ..."
ശബ്ദം കേട്ടിട്ടാവണം ശരണ്യ വാതിൽക്കലേക്കു നല നീട്ടി.
"മോളേ..... ഇത്തിരി വെള്ളം..."
 ചുളിഞ്ഞ കൈവിരലുകളാൽ അയാൾ മേശമേൽ അള്ളിപ്പിടിച്ചു നിന്നു. പണ്ടും ഇതുപോലെ കിതച്ചിരുന്നു... എവിടെയെങ്കിലുമൊന്നിരിക്കാൻ കൊതിച്ചിരുന്നു. അയാളുടെ ഓർമ്മകൾ ബാല്യത്തിലേക്ക് ചിറകടിച്ചു.
അച്ഛൻ്റെ കൈയും പിടിച്ച് പട്ടണത്തിൽ കച്ചവടത്തിനു പോയിരുന്ന കാലം.... നടന്നു തളർന്ന് ക്ഷീണിച്ച്..... വീടിനോട് അടുത്ത് എത്താറുവുമ്പോഴാണ് വഴിയമ്പലം കാണുക. അതൊരു കുളിരാണ്. അച്ഛനോടൊപ്പം ക്ഷീണം മുഴുവൻ ആ വഴിയമ്പലത്തിലുപേക്ഷിച്ച്.... അരികിലെ കിണറിൽ നിന്നും വയറു നിറയെ തണുത്ത വെള്ളവും കോരിക്കുടിച്ച് .....  താഴേക്കു തൂങ്ങി നിൽക്കുന്ന താഴികക്കുടവും നോക്കിയങ്ങനെ കിടക്കാൻ ഒരു പാട് കൊതിച്ച ബാല്യം... തൻ്റെ വളർച്ചയ്ക്കൊത്തു വളർന്ന കാലം ആ വഴിയമ്പലത്തെ അനാഥമാക്കിയോ ?....
"ഇതാ ഗ്രാൻപാ.... "
ശരണ്യ വെള്ളവുമായെത്തിയിരിക്കുന്നു
വെള്ളം അകത്ത് ചെന്ന ആശ്വാസത്തിൽ അയാൾ മുറിക്കകത്തെ ചാരു കസേരയിലേക്കമർന്നു.
" നിൻ്റെ അമ്മയെവിടെ മോളേ?"
അവളുടെ മുഖം പതിയെ താണു. ചുമലറ്റം മുറിച്ചിട്ട മുടിയിഴകൾ അവളുടെ മുഖത്തെ ഒളിപ്പിക്കാൻ ശ്രമിച്ചു. 
ഗോപാലൻ്റെ മകൻ രമേഷിൻ്റെ ഒരേയൊരു മകളാണവൾ. രമേഷിൻ്റെ ജനനത്തോടെ ഇഹലോകവാസം വെടിഞ്ഞ പ്രിയതമയുടെ ഓർമ്മയിൽ അയാൾ തൻ്റെ മകന് അച്ഛനും അമ്മയുമായി.
തനിക്ക് താങ്ങായി തണലായി അവന്നുമുണ്ടാന്നുമെന്നയാൾ കണ്ട സ്വപ്നങ്ങൾ വൃഥാവിലായി. തനിക്ക് ഉദകക്രിയ ചെയ്യേണ്ടവൻ്റെ ചിത കൺമുന്നിൽ കത്തിയെരിഞ്ഞതോടെ ആ വൃദ്ധൻ പാടെ തകർന്നു പോയി. അഞ്ചു വർഷമായി.... മകൻ്റെ ഓർമ്മകളുടെ കനലിൽ വിങ്ങുന്ന ഹൃദയവുമായി ഈ മുറിക്കുള്ളിൽ....
പക്ഷേ, സുഭദ്ര....എത്ര പെട്ടെന്നാണ് അവളെല്ലാം മറന്നത്. 

"ശരണ്യക്ക് വയസ് 17 ആയി.  വൈകാതെ അവളും പുതിയൊരു ജീവിതത്തിലേക്ക് പോകും. അച്ഛനാണെങ്കിൽ ഇന്നോ നാളെയോ എന്നറിയാതെ.... പിന്നെ ഞാനെങ്ങനെ... ഒറ്റയ്ക്ക്.... "
സുഭദ്രയുടെ ചോദ്യം ന്യായമാണ്! 
അതാണ് അവളൊരു പുതിയ കൂട്ട് കണ്ടെത്തിയത് നിശബ്ദനായി നോക്കി നിന്നത്. സ്വന്തം ജീവിതത്തിലെ വഴിയമ്പലമായി അവൾ തിരഞ്ഞെടുത്ത, മദനൻ കാഴ്ചയിൽ യോഗ്യനാണ്
പക്ഷേ ശരണ്യ മോളൊടുള്ള അയാളുടെ പെരുമാറ്റം... അതാണ് സഹിക്കാത്തത്.
ശരണ്യ ജനലഴികളിൽ പിടിച്ച് വിദൂരതയിലേക്ക് നോക്കി നിശ്വസിച്ചു. തൻ്റേടിയായ തൻ്റെ കൊച്ചുമകൾ വിഷാദത്തിൻ്റെ കൂട്ടുപിടിച്ചത് പുതിയ 'അച്ഛൻ്റെ ' വരവോടെത്തന്നെയാണ്. തനിക്കെന്തു ചെയ്യാൻ കഴിയും? 
" മോളേ... മോള് അമ്മയോട് പറയണം. അമ്മയും മദനനും തമ്മിലുള്ള വിവാഹം മോള് സുമംഗലിയായതിനു ശേഷം മതീന്ന്...
എൻ്റെ പൊന്നുമോള് മംഗല്യവതിയായത് കണ്ടിട്ടു വേണം ഈ മുത്തച്ഛന് കണ്ണടയ്ക്കാൻ... അതിനു വേണ്ടി മാത്രാ എന്നിൽ ജീവൻ കിടക്കുന്നത് തന്നെ."
വാതിൽക്കൽ ഒരു കാൽപ്പെരുമാറ്റം കേട്ടതും ശരണ്യ ഞെട്ടിത്തരിച്ചു.
'മദനൻ'
വല്ലാത്തൊരു ചിരിയോടെ അയാളുടെ കണ്ണുകൾ അവളെ ഉഴിഞ്ഞു. ഇരച്ചു വന്ന ദേഷ്യത്താൽ ഗോപാലൻ മദനനു നേർക്കു തിരിഞ്ഞതും ശരണ്യ കരഞ്ഞ് കൊണ്ട് പുറത്തേക്കോടിമറഞ്ഞു.
അതു കണ്ട് കൊണ്ടാണ് സുഭദ്രയും എത്തിയത്. 
"എന്താ എന്തു പറ്റി? എന്തിനാ മോള് കരയുന്നത്?"
അവൾ മദനനെയും അച്ഛനെയും മാറി മാറി നോക്കി.
"ഞാൻ അന്നേ പറഞ്ഞില്ലേ സുഭദ്രേ ... നിൻ്റെ അമ്മായിയച്ചൻ ആളു ശരിയല്ലായെന്ന്.... ന്നാലും സ്വന്തം മകൻ്റെ കുഞ്ഞല്ലേ അവള് ... ഞാനിപ്പോ വന്നില്ലെങ്കിൽ... ഈശ്വരാ..... ചാകാറായ കെളവനല്ലേന്ന് കരുതിയാ ഞാൻ..."
മദനൻ്റെ വാക്കുകൾക്ക് മുന്നിൽ ഇടിവെട്ടേറ്റ പോലെ നിന്നു പോയി ഗോപാലൻ. അയാളുടെ നാവുകൾ ചലനമറ്റു. 
സുഭദ്രയുടെ കണ്ണുകൾ രണ്ടു സൂര്യ ഗോളങ്ങളാവുന്നു..... അവ തൻ്റെ മേൽ പതിക്കും മുമ്പ്....
ഗോപാലൻ സർവ്വശക്തിയുമെടുത്ത് പുറത്തേക്ക്..... കാട്ടുചെടികൾക്കും വള്ളിപ്പടർപ്പുകൾക്കുമിടയിലൂടെ തനിക്കു മാത്രമറിയാവുന്ന വഴിയിലൂടെ...... കിതച്ച്.... കിതച്ച്... അധികം ദൂരെയല്ലാതെ ദ്രവിച്ചു തുടങ്ങിയ വഴിയമ്പലത്തിൻ്റെ തൂണുകൾ..... 
താൻ പുതുജീവൻ നൽകി വളർത്തിയ പ്രാണനെ സ്വീകരിക്കാനെന്നവണ്ണം അത് തൻ്റെ ദ്രവിച്ച കൈൾ ഗോപാലനു നേരെ നീട്ടി.

ശുഭം -
അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം