മാനസാന്തരം

 മാനസാന്തരം


എൻ്റെ മനസ്സിനോട് പൊരുതി തളർന്ന ഉച്ചവെയിൽ പതിയെ താണു തുടങ്ങി. ഇനി പതുക്കെ അന്ധകാരം വന്നു നിറയാൻ തുടങ്ങും. ഉള്ളും പുറവും ഒരു പോലെ! പാടില്ല. എനിക്ക് വെളിച്ചം വേണം. മനസ് വല്ലാതെ വാശി പിടിക്കുന്നു. കുറച്ചു ദിവസമായി അകാരണമായ ഒരാവലാതിയുടെ ചുഴിയിലാണ് ഞാൻ. അകാരണമെന്ന് പറഞ്ഞാൽ ശുദ്ധനുണ! കാരണങ്ങൾ കൈവിരലുകൾക്കപ്പുറം നീണ്ടു കിടക്കുന്നു. ചുരുങ്ങിയ റബർ ബാൻ്റ് കഷണം പോലെ വീണു കിടന്ന ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ വീർപ്പുമുട്ടുന്നു. വീർപ്പുമുട്ടലുകളിൽ ചിലതിനെ വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങളായി നിരത്താൻ ശീലിച്ചതാണ്. എന്നാൽ ഇന്ന് ..... മടുപ്പാണ്. എല്ലാറ്റിനോടും!

ഉള്ളിൽക്കിടന്ന് കലപില കൂട്ടിയ കാവ്യശകലങ്ങളെ കണ്ണുരുട്ടി ഭയപ്പെടുത്തി ഓടിച്ച് ഗൗരവത്തിൻ്റെ പാകമാകാത്ത മുഖംമൂടിയുമണിഞ്ഞ്.... ഇനിയുമെത്ര നാൾ??...


പടർന്നു പിടിച്ച മഹാമാരിയ്ക്കിടയിലൂടെ മുഖം മറച്ച് കർമ്മ മണ്ഡലം തേടിയിറങ്ങിയ പകലുകൾ! ഭയാനകമായി നിറയുന്ന മൂകതയിൽ നിന്നും ഇടയ്ക്കിടെ ചുറ്റിലും ഉയർന്ന നിലവിളികൾ സപ്തനാഡികളെയും തളർത്തി. അവ അന്നത്തിനൊ മരുന്നിനോ ആയിരുന്നില്ല. വിടരാൻ തുടങ്ങിയ മൊട്ടുകളുടെ മാനത്തിനും ജീവനും വേണ്ടിയായിരുന്നു. പല വർണ്ണക്കൊടികൾക്കു കീഴിൽ നിരന്ന യുവതയുടെ അമ്മമാരുടെ കണ്ഠത്തിൽ നിന്നുമായിരുന്നു.


ജീവിതത്തോടൊപ്പം ചിന്തകളും വെന്തുരുകിയപ്പോഴാണ് കൈയിലെ പേന വലിച്ചെറിഞ്ഞത്.

എന്തിനാണെഴുതുന്നത്? വെറുതെ സമയം കളയാൻ, ചിന്തിച്ചു കാടുകയറാൻ അതുമല്ലെങ്കിൽ ഒരു തരം ഭ്രാന്ത്! 

എന്നിലേക്ക് മാത്രം ഒതുങ്ങാൻ ശ്രമിച്ചപ്പോഴെല്ലാം മുഖപുസ്തകത്തിൻ്റെ മണിയൊച്ചകൾ സ്വൈര്യം കെടുത്തി. അതും തല്ലിപ്പൊട്ടിച്ച്  ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കവും പിണക്കം നടിച്ച് മാറി നിൽക്കുന്നു. ഈ കുരുക്കുകൾ അഴിച്ചെടുക്കാൻ ഇനി പുതിയ വഴി തേടേണ്ടിയിരിക്കുന്നു.

ഒന്നിലും ഉറച്ചു നിരക്കാത്തവളെന്ന അമ്മയുടെ പതിവു പല്ലവിയെ നോക്കി ഊറിച്ചിരിച്ചു കൊണ്ട് പുതിയ കർമ്മ പഥവും ആശ്വാസമാർഗ്ഗവും തേടി. എവിടെയും.... എവിടെയും.... തടസ്സം 'പെണ്ണെന്ന ' ജന്മമായിരുന്നുവോ?

ചിന്തകൾ രക്തക്കുഴലിലൂടെ അരിച്ചു കയറിയപ്പോഴാണ് പിടി വിട്ടു പോയത്. കൺ മുന്നിൽ പതിയെ ക്കറങ്ങുന്ന ഫാനിനെ നോക്കി ദീർഘ നിശ്വാസം പൊഴിക്കവേ, ഭൂമിയിലെ മാലാഖമാർ, ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ചയുമായി അരികിലെത്തിയത്. 

" ടെൻഷൻ വേണ്ട. നല്ല റിലാക്സ് വേണം.... മനസിനിഷ്ടമുള്ള കാര്യങ്ങൾ ചെയ്തോളൂ.... "

ഉപദേശ സ്വരങ്ങൾ ഡോക്ടറുടെ കുറിപ്പടിക്കും മേലെ മുഴച്ചു നിന്നു. 

ഇഷ്ടമുള്ള കാര്യങ്ങൾ? 

എന്താണത്?

അന്നു രാത്രി മുഴുവൻ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ തിരഞ്ഞു കൊണ്ടിരുന്നു.

ഉറക്കമൊഴിച്ചുള്ള എഴുത്തിനെ പടിയടച്ച് പിണ്ഡം വച്ചിട്ടും ഓരോ ഉദയാസ്തമയവും എന്നിലെ ഊർജ്ജമത്രയും ഊറ്റിയെടുത്തു കൊണ്ടിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി  മുടങ്ങിക്കിടക്കുന്ന, കാലചക്രം പൂർത്തിയാക്കാത്ത ജീവൻ രക്ഷാ പോളിസി പോലും വന്യമായി ചിരിക്കുന്നു. "ഈ കാലവും കടന്നു പോകും" എന്ന വാക്കുകൾ ഏതോ ഗാംഭീര്യ ശബ്ദത്തിൽ ഉള്ളിൽ മുഴങ്ങി. കാലം കടന്നു പോകുമ്പോഴേക്കും നിലയില്ലാക്കയത്തിലേക്ക് ആണ്ടു പോയേക്കാവുന്ന ജീവിതത്തെ തൽക്കാലം മറക്കാം. മൊബൈൽ സ്ക്രീനിൽ തെളിഞ്ഞ ലോകത്തെ വിരൽത്തുമ്പിലേറ്റിയപ്പോഴെവിടെയോ  മുഖപുസ്തകത്താളിൻ്റെ ഒരു കഷണം ആരോ ചീന്തിയെറിഞ്ഞ പോലെ കൃത്യം മുന്നിൽ വന്നു വീണു.

എന്നോ കുറിച്ചിട്ട അക്ഷരങ്ങൾക്ക് വർണ്ണനൂലുകൾ നെയ്ത്, തൻ്റെ ഛായാചിത്രത്തിനൊപ്പം തെളിഞ്ഞു നിൽക്കുന്ന കാഴ്ച ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി നിന്നു. പൊടുന്നനെ ഉള്ളിൻ്റെ ഉള്ളിൽ ഒരു വിസ്ഫോടനം അതിൻ്റെ ഒലികളിൽ ചുണ്ടുകൾ പുഞ്ചിരി പൊഴിച്ചതോടൊപ്പം കണ്ണും മനസും നിറഞ്ഞു. അറിയാതെ ഒഴുകിയ കണ്ണീരിനൊപ്പം ഒരു മാനസാന്തരത്തിൻ്റെ  അനുഭൂതി ഞാനും നുകരുകയായിരുന്നു.പിന്നെ വലിച്ചെറിഞ്ഞ തൂലിക തിരഞ്ഞ് ധൃതി പിടിച്ച ഓട്ടമായിരുന്നു. 


Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ