ബലിയാടുകൾ

 ബലിയാടുകൾ


പകലിൻ്റെ വെളിച്ചം അണഞ്ഞു തുടങ്ങിയതിനൊപ്പം പൊടിഞ്ഞു തുടങ്ങിയ വിയർപ്പു കണങ്ങൾ കുഞ്ഞു വിരലുകളാൽ മായ്ക്കാൻ ശ്രമിച്ചു കൊണ്ട് ശ്രീക്കുട്ടി അനന്യയുടെ കൈയിൽ മുറുകെ പിടിച്ചു. അതിൻ്റെ അർത്ഥം മനസിലായിട്ടെന്നവണ്ണം അനന്യ കയിലുണ്ടായിരുന്ന പന്ത് താഴെയിട്ടു. കുഞ്ഞനിയത്തിയെയും ചേർത്ത് പിടിച്ച് വീട്ടിലേക്ക് തിരിച്ചു. വൈകുന്നേരത്തെ പതിവു കളി കഴിഞ്ഞ് കുട്ടികളെല്ലാം പിരിഞ്ഞു പോയ്ക്കഴിഞ്ഞിരുന്നു. 

"അമ്മേ.... വിശക്കുന്നു... "

മുറ്റത്തു നിന്നു തന്നെ ശ്രീക്കുട്ടി വിളിച്ചു പറഞ്ഞു. പതിവു ശകാരങ്ങളുമായി അമ്മയുടെ തല വാതിൽക്കൽ പ്രത്യക്ഷപ്പെടാതിരുന്നതിനാൽ രണ്ടു പേരും നേരെ അടുക്കളയിലേക്കോടി. അകമുറികളിൽ ചില ബന്ധുക്കൾ കൂടിയിരിക്കുന്നു. ആരും ഒന്നും മിണ്ടുന്നില്ല. വല്ലാത്തൊരു ഭയം പത്തു വയസുകാരിയായ  അനന്യയെ കീഴടക്കാൻ തുടങ്ങി.

അടുക്കളയിലെ പാത്രങ്ങളെല്ലാം കാലിയാണ്. ഉച്ചയൂണ് കഴിഞ്ഞ് താൻ ശ്രീക്കുട്ടിയേയും കൂട്ടി കളിസ്ഥലത്തേക്ക് പോകുമ്പോഴുള്ള വീട്ടിലേക്കല്ല താൻ തിരിച്ചു വന്നതെന്നവൾക്കു തോന്നി. വിശപ്പ് സഹിക്കാൻ കഴിയുന്നില്ല. ഒരു പാട് പേർ വീടിനകത്തുണ്ടെങ്കിലും ആരും ഒന്നും ചോദിക്കുന്നില്ല. തങ്ങളെ തുറിച്ച് നോക്കി ദീർഘനിശ്വാസം പൊഴിച്ച് താടിയ്ക്ക് കൈയും കൊടുത്തിരുന്ന ബന്ധുക്കൾ എല്ലാവരും പൊയ്ക്കഴിഞ്ഞിട്ടും  അമ്മയെ മാത്രം കണ്ടില്ല. അയൽപ്പക്കത്തെ വീട്ടിലെ ശാരിക ചേച്ചിയുടെയും മറ്റും കരച്ചിൽ ഇടയ്ക്കിടെ ഉയർന്നു കേൾക്കുന്നുണ്ട്.


അവിടെ ആർക്കോ, എന്തൊ അപകടം പറ്റിക്കാണണം.


ആകാംക്ഷയോടെ അനന്യ ഇരുട്ടു വീണ നടവഴിയിലൂടെ അയൽവീട്ടിലേക്കോടി. ഉമ്മറത്തിരുന്നു വിതുമ്പിക്കരഞ്ഞു കൊണ്ടിരുന്ന മുത്തശ്ശിയമ്മ അവളെക്കണ്ടതും ദേഷ്യത്തിൽ എഴുന്നേറ്റ് അകത്തേക്ക് കയറി വലിയ ശബ്ദത്തിൽ വാതിൽ വലിച്ചടച്ചു.

അനന്യയുടെ ഉള്ളൊന്നു കിടുങ്ങി. 

"എന്തിനാ മുത്തശ്ശിയമ്മയ്ക്ക് എന്നോടിത്ര ദേഷ്യം?...."

കരഞ്ഞു കൊണ്ട് അവൾ വീട്ടിലേക്ക് തിരിച്ചോടി.

വിശന്ന് കരഞ്ഞ് തളർന്ന ശ്രീക്കുട്ടി ഇരുന്ന സോഫയിൽ തന്നെ ഉറങ്ങിപ്പോയിരിക്കുന്നു. 

'അമ്മയെവിടെ? '

" അമ്മേ.... അമ്മേ..."

ഉച്ചത്തിൽ വിളിച്ച് കരഞ്ഞു കൊണ്ട് അവൾ ഓരോ മുക്കും മൂലയും തിരയാൻ തുടങ്ങി.

" മിണ്ടരുത്. ഇനിയാ പേര് ഇവിടെ കേൾക്കരുത്. അമ്മ പോലും അമ്മ.ഫൂ.... "

അച്ഛൻ്റെ അലർച്ച കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. താനിന്നേ വരെ കണ്ടിട്ടില്ലാത്ത രൂപത്തിൽ അച്ഛൻ!

ഓടിച്ചെന്ന് അച്ഛനെ വട്ടം പിടിക്കാൻ അവളൊന്നറച്ചു പോയി. 

മദ്യപിച്ച് കുഴഞ്ഞ ശബ്ദത്തിൽ അയാൾ ആരെയൊക്കെയോ തെറി വിളിക്കാൻ തുടങ്ങിയതോടെ സർവ്വനിയന്ത്രണവും നഷ്ടപ്പെട്ട അനന്യ. ഓടിച്ചെന്ന് സോഫയിൽ കമിഴ്ന്നു കിടന്നു. ആ കരച്ചിൽ ശബ്ദവും കണ്ണീരുമേറ്റുവാങ്ങിയ സോഫയിൽ രണ്ടു കുരുന്നുകൾ തളർന്നുറങ്ങി.


നേരം ഒരു പാട് വെളുത്തിരിക്കുന്നു. വീടിനെ പൊതിഞ്ഞ മൗനത്തിനിടയിലൂടെ അനന്യ നേരെ അടുക്കളയിലേക്ക് ചെന്നു.

അമ്മയെ മാത്രം കണ്ടില്ല. ശ്രീക്കുട്ടിയും ഉണർന്ന് കരച്ചിൽ തുടങ്ങിയിരിക്കുന്നു. അച്ഛൻ്റെ മൂന്നു നാലു ,സുഹൃത്തുക്കൾ വീടിനുള്ളിലേക്ക് കയറിയിരുന്ന് അച്ഛനുമായി സംസാരിക്കുകയാണ്.

" അവൾ ചെയ്തതിന് അതേ നാണയത്തിൽ തിരിച്ചടി കൊടുക്കണം. നീയിങ്ങനെ തളർന്നിരിക്കരുത്."

അവർ അച്ഛനു ധൈര്യം നൽകുന്നു.

എന്താണ് സംഭവിച്ചതെന്നറിയാനായി അനന്യ അവരുടെ സംസാരം കാതോർത്ത് വാതിൽക്കൽ മറഞ്ഞു നിന്നു. പതിയെ അവളുടെ കുഞ്ഞു മനസിനെ കീറി മുറിച്ച് കൊണ്ട് ആ സത്യം അവളിലേക്കാഴ്ന്നിറങ്ങി.


തൻ്റെ അമ്മ അയൽവീട്ടിലെ ശാരിക ചേച്ചിയുടെ ഭർത്താവിനൊപ്പം തങ്ങളെയെല്ലാമുപേക്ഷിച്ച്......


മുത്തശ്ശിയമ്മയുടെ ദേഷ്യത്തിൻ്റെയും ബന്ധുക്കളുടെ സഹതാപത്തിൻ്റെയും പൊരുൾ അവൾക്കു മുന്നിൽ അനാവൃതമായി. 


ഉച്ചയാകാറായി. ശ്രീക്കുട്ടിയും താനും ഇത്ര നേരമായിട്ടും പല്ലു തേക്കുകയോ  കുളിക്കുകയോ ചെയ്തിട്ടില്ല. ആരും തങ്ങളോട് ഒന്നും പറയുന്നുമില്ല. ഇനി മുതൽ അമ്മയില്ലാത്ത കുഞ്ഞുങ്ങളായിട്ടാണ് വളരേണ്ടതെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ അവൾക്കു കഴിയുന്നുണ്ടായിരുന്നില്ല. വിശപ്പു സഹിക്കാനാവാതെ കരയുന്ന ശ്രീക്കുട്ടിക്കൊപ്പം ചേരാനേ അവൾക്കും കഴിഞ്ഞുള്ളൂ.

എപ്പഴോണ് ഉറങ്ങിയതെന്നറിയാതെ അവൾ കണ്ണുകൾ വലിച്ചു തുറന്നു. ചുറ്റും ഒരു പാടാളുകൾ കൂടി നിൽപ്പുണ്ട്.  മുറ്റത്തെ പോർച്ചിൽ 'വാത്സല്യ'ത്തിൻ്റെ വാൻ നിർത്തിയിട്ടിരിക്കുന്നു. വെള്ള വസ്ത്രം ധരിച്ച, മാലാഖമാരെപ്പോൽ തോന്നിപ്പിച്ച രണ്ടു മൂന്നു കന്യാസ്ത്രീകൾ മുന്നിൽ നിൽക്കുന്നു. അവർ നീട്ടിയ ബിസ്ക്കറ്റ് ആർത്തിയോടെ വായിലാക്കി. അവരിലൊരാൾ ശ്രീക്കുട്ടിക്ക് ഭക്ഷണം കോരിക്കൊടുക്കുന്നു. 

വിശപ്പു മാറിയതോടെ അനന്യ ബോധത്തിലേക്ക്  തിരിച്ചു വന്നു.

മുറ്റം നിറയെ ആൾക്കാർ കൂടി നിൽക്കുന്നുണ്ട്. ടി വി ചാനലുകാർ ക്യാമറക്കണ്ണുകൾ മിന്നിച്ച് തങ്ങൾക്കു ചുറ്റുമുണ്ട്.

അമ്മയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി കൊടുത്ത് അച്ഛൻ കൈയടി നേടിയതോടെ,  ബലിയാടുകളാക്കപ്പെട്ട രണ്ടു കുരുന്നുകൾ, ഒറ്റ ദിവസം കൊണ്ട് അനാഥത്വത്തിൻ്റെ നിലയില്ലാക്കയത്തിലേക്ക് കൂപ്പുകുത്തിയതും ആഘോഷമാക്കിയ ക്യാമറയ്ക്കു മുന്നിലൂടെ അവർ കുനിഞ്ഞ ശിരസ്സുമായി,  'വാത്സല്യ'ത്തിലെ മാലാഖമാർക്കൊപ്പം പടിയിറങ്ങി. 

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം