തലേന്നാൾ മാറി നിന്ന ഉറക്കം ബസിൻ്റെ സൈഡ് ഗ്ലാസിലൂടെ എന്നെ അന്വേഷിച്ചു വന്നു. കനം വച്ച കൺപോളകൾ അടച്ച് ബസിനകത്തെ പഴയ മെലഡി ഗാനത്തിൻ്റെ ഈരടികളിൽ ലയിച്ചു.


'വീടിനു മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ സംഹാരമൂർത്തിയെപ്പോലെ അമ്മ! കയ്യിലെ കറിക്കത്തിയിലെ രക്തം ഇറ്റു വീണു കൊണ്ടിരുന്നു.'


തലയിൽ ഒരു ഇരുമ്പു കൂടം കൊണ്ടടി കിട്ടിയ പോലൊരാഘാതത്തിൽ ഞാൻ ഞെട്ടി വിറച്ചു കണ്ണുകൾ തുറന്നു. ബസിലെ കമ്പിയിൽ തൂങ്ങി സീറ്റിലേക്ക് ചാഞ്ഞു നിൽക്കുന്ന പല വർണ്ണകുപ്പായക്കാരെ തിരിച്ചറിയാൻ കണ്ണുകൾ ഒന്നു രണ്ടു നിമിഷമെടുത്തു.  

'ഈശ്വരാ ഈ പകൽ ഞാനെന്തിനാ ഇങ്ങനെയൊരു സ്വപ്നം കണ്ടത്?'

വല്ലാത്തൊരു ഭീതി എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു.

ഒരു പക്ഷേ, ഭ്രാന്തു മൂത്ത ആരെങ്കിലും.....

ഉള്ളിൻ്റെ ഉള്ളിലെ അരക്ഷിതത്വബോധം എന്നെ ചിന്തകളുടെ വലയിൽ കുരുക്കിയിട്ടു.

എനിക്കിറങ്ങേണ്ട സ്റ്റോപ്പടുത്തിട്ടും ഞാൻ സീറ്റിൽ ചടഞ്ഞിരിക്കുന്നത് കണ്ട് ദേഷ്യം വന്ന കണ്ടക്ടറുടെ ചീത്ത വിളിക്കു പിന്നാലെ വിറയാർന്ന പാദങ്ങളോടെ ഞാൻ ഇറങ്ങി. 

അരമണിക്കൂർ നീട്ടി വലിച്ചു നടന്നാൽ വീട്ടിലെത്താം. നേരത്തെ കണ്ട സ്വപ്നത്തിൻ്റെ ഓർമ്മയിൽ ഞാൻ തറഞ്ഞു നിന്നു. 

ഓട്ടോസ്റ്റാൻഡിൽ ഓട്ടോയൊന്നും കാണാനില്ല. ഓട്ടോ വരുന്നത് വരെ കാത്തു നിൽക്കാം. പേഴ്സിൽ തപ്പി കാശുണ്ടെന്ന് ഉറപ്പിച്ചു. അമ്മ ഒരു കഷ്ടപ്പെട്ട് ഉണ്ടാക്കിത്തന്ന പണം! നടക്കാവുന്ന ദൂരമേയുള്ളൂ... പക്ഷേ

വയ്യ... മനസ് പിടി വിട്ടു പോയിരിക്കുന്നു.


ഒഴിഞ്ഞ ഓട്ടോസ്റ്റാൻഡിൻ്റെ കോണിലേക്ക് വന്നു പാർക്കു ചെയ്ത  കാറിലെക്ക് ഞാൻ വെറുതെ പാളി നോക്കി. ഡ്രൈവർ സീറ്റിൽ നിന്നിറങ്ങിയ ആൾ റോഡിനെതിർ ഭാഗത്തെ മെഡിക്കൽ ഷോപ്പ് ലക്ഷ്യമാക്കി നീങ്ങുന്നു. കാറിൻ്റെ ഡോർ തുറന്ന് അല്പം അവശയാണെങ്കിലും ഐശ്വര്യം തുളുമ്പുന്ന മുഖവുമായി ഒരു മധ്യവയസ്ക പുറത്തിറങ്ങി.

റോഡരികിലേക്ക് നടന്നു നീങ്ങിയ ആ അമ്മയുടെ കാലുകൾ വിറകൊള്ളുന്നുണ്ടോ? ഞാൻ അവരെ സൂക്ഷിച്ചു നോക്കി.

അതെ ! അവർ വീഴാൻ തുടങ്ങുന്നു.

"അയ്യോ... "

തൊണ്ടയിൽ നിന്നും അറിയാതെ ഉയർന്ന നിലവിളിക്കൊപ്പം ഞാനവരുടെ അടുത്തെത്തിയിരുന്നു. 

ഒരു നിമിഷം...

എന്താണ് സംഭവിച്ചതെന്ന് മനസിലായപ്പോഴേക്കും എൻ്റെ തൊട്ടടുത്തായി ടാങ്കർ ലോറി ബ്രേക്കിട്ടിരുന്നു. ആരൊക്കെയോ ഓടിക്കൂട്ടുന്നു. എൻ്റെ കൈകൾ അപ്പോഴും ആ അമ്മയുടെ മേലുള്ള പിടി വിട്ടിരുന്നില്ല.

മരുന്നു വാങ്ങാൻ പോയയാൾ കരച്ചിലോടെ ഓടി വരുന്നു. സുമുഖനായ ഒരു യുവാവ്. അയാളുടെ വെള്ളാരം കണ്ണുകളിൽ നിന്നും തുള്ളികൾ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.

"അമ്മേ.... എന്തിനാ പുറത്തിറങ്ങിയത്? എന്തേലും പറ്റിയോ?... "

എന്തൊക്കെയോ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു കൊണ്ട് അയാൾ അമ്മയെ താങ്ങിയെടുത്ത് കാറിനടുത്തേക്ക് നടന്നു.

ഞാൻ പതിയെ എഴുന്നേറ്റ് കൈകളിൽ പറ്റിപ്പിടിച്ച, റോഡരികിലെ മണ്ണ് തട്ടിക്കളയുമ്പോഴേക്കും  ആ വെള്ളാരം കണ്ണുകൾ എൻ്റെ നേർക്ക് തിരിഞ്ഞു. നന്ദി സൂചകമായ നോട്ടം. ഭ്രാന്തില്ലാത്ത ആ നോട്ടത്തിൽ നിന്നും ഞാൻ മിഴികൾ പിൻവലിച്ചു. 

" ഒരു പാട് നന്ദിയുണ്ട് കുട്ടീ..... എൻ്റമ്മയെ വല്യ ഒരാപത്തിൽ നിന്നു രക്ഷിച്ചതിന്. ഒരു ഓപ്പറേഷൻ കഴിഞ്ഞ് വരുന്ന വഴിയാ, അതു കൊണ്ട് എത്രയും പെട്ടെന്ന് അമ്മയെ ഹോസ്പിറ്റലിൽ എത്തിക്കണം. കാണാം..."

ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് ഒരു വിസിറ്റിങ്ങ് കാർഡ് എൻ്റെ കൈയിലേൽപ്പിച്ച് അയാൾ വേഗം കാർ സ്റ്റാർട്ടു ചെയ്തു. 


എൻ്റെ ബാഗിനകത്തു നിന്നും മൊബൈൽ ഫോൺ മെല്ലെ കരഞ്ഞു. അമ്മയുടെ കോളായിരിക്കും....

ബാഗിനകത്തു നിന്നും പുറത്തെടുത്തപ്പോഴേക്കും ബാറ്ററി തീർന്ന ഫോൺ ഗാഢനിദ്രപൂകിയിരുന്നു. 


എവിടെ നിന്നോ കൈവന്ന ധൈര്യത്തിൽ ബാഗുകളുമെടുത്ത് ഞാൻ വേഗത്തിൽ നടന്നു. 

എൻ്റെ പകൽ സ്വപ്നത്തിലേതു പോലെ വീടിനു മുന്നിൽ ആൾക്കൂട്ടമൊന്നുമില്ല. എൻ്റെയുള്ളിൽ നാമ്പെടുത്തു തുടങ്ങിയ ആശ്വാസം, വീടിൻ്റെ അടുത്ത വാതിലിനു മുന്നിൽ കരിഞ്ഞുണങ്ങി.

" അമ്മ....എവിടെ..?

ഇനിയൊരു പക്ഷേ പണിക്ക് പോയിട്ടുണ്ടാവുമോ?... "

വീടിൻ്റെ താക്കോൽ  കൈയിലുണ്ടെങ്കിലും  തുറക്കാൻ മനസു വന്നില്ല. ആദ്യം അമ്മയെ കാണണം.എന്നാലേ സമാധാനമാവൂ..

ആദ്യം ഓടിച്ചെന്നത് രമേച്ചിയുടെ വീട്ടുമുറ്റത്തേക്കായിരുന്നു. ഭാഗ്യം രമേച്ചി ഉമ്മറത്ത് തന്നെയുണ്ട്. എന്നെക്കണ്ടതും പുച്ഛത്തോടെ ചിറി കോട്ടി രമേച്ചി അകത്തു കയറി വാതിൽ വലിച്ചടച്ചു. നിന്ന നിൽപ്പിൽ ദഹിച്ചു പോയി ഞാൻ. ഒപ്പം എൻ്റെയുള്ളിൽ ഒരായിരം ചോദ്യ ചിഹ്നങ്ങൾ തെളിഞ്ഞു. അമ്മ പണിയെടുക്കുന്ന ഡോക്ടറുടെ വീട്ടിലേക്ക് ഞാൻ ഓടുകയായിരുന്നു.


"മോളുടെ അമ്മ ഇപ്പോ ഇവിടെ വരാറില്ല. ഒരു മാസമായി ഞാൻ കണ്ടിട്ട്. മൂന്നാലു മാസം ലീവ് വേണമെന്ന് പറഞ്ഞിരുന്നു..എന്താ പറ്റിയത് ?"


ഡോക്ടറാൻ്റിയുടെ മറുപടി കേട്ട് ഞാൻ തകർന്നു പോയി. അപ്പോഴാണ് അമ്മയുടെ മിസ് കോൾ എൻ്റെ ഓർമ്മയിൽ തെളിഞ്ഞത്. 

വേഗം വീട്ടിലേക്ക്. ആനയെത്തിന്നാനുള്ള വിശപ്പുണ്ടായിരുന്നു വരുമ്പോൾ .ഇപ്പോൾ വിശപ്പും ദാഹവും ഒന്നുമില്ല. ഒന്നു പൊട്ടിക്കരയണം.

ആരോടു പറയും തൻ്റെ സങ്കടങ്ങൾ?

അറിയാതെ രണ്ടു വെള്ളാരം കണ്ണുകൾ എൻ്റെ ഓർമ്മയിൽ നിറഞ്ഞു.


വാതിൽ തുറന്ന് ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുമ്പോഴാണ് വീടിനു മുന്നിൽ ഓട്ടോ വന്ന് നിന്ന ശബ്ദം കേട്ടത്.  നെഞ്ചിടിപ്പോടെ  പുറത്തേക്ക് നോക്കിയപ്പോൾ - അമ്മയാണ് .

എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു. ഓടിച്ചെന്ന് അമ്മയെക്കെട്ടിപ്പിടിച്ചപ്പോഴേക്കും ഉള്ളിലെ സങ്കടക്കളത്രയും അണ പൊട്ടിയൊഴുകി.

" അമ്മയ്ക്ക് ചെറിയൊരു വയ്യായ്ക.പേടിക്കാനൊന്നുമില്ല. ആശുപത്രീ മരുന്നു വാങ്ങാൻ പോയതാ. ഒരാഴ്ച വിശ്രമിച്ചാ മാറിക്കൊള്ളും"


അമ്മയുടെ ദൈന്യതയാർന്ന മുഖം കണ്ടപ്പോൾ ഒന്നും ചോദിക്കാൻ തോന്നിയില്ല.

രാത്രിയിൽ അമ്മയുടെ നിശ്വാസമേറ്റ് കിടക്കുമ്പോൾ അമ്മ പറഞ്ഞു.

" നമ്മുടെ കഷ്ടതകൾ മാറാൻ പോവുകയാ മോളേ.....മോൾടെ തുടർന്നുള്ള പഠിത്തത്തിനുള്ള കാശ് തരപ്പെട്ടിട്ടുണ്ട്. റിസൽട്ട് വന്നയുടനെ കോഴ്സിനു ചേരണം. നിനക്കൊരു ജോലി, പിന്നെ നിൻ്റെ കല്യാണം...."

ഇത്രയും പണം.! അമ്മ ഒറ്റയ്ക്ക്... വിശ്വാസം വരാതെ ഞാൻ അമ്മയെ നോക്കി. ഒന്നും ചോദിച്ചില്ല.

ഹോസ്റ്റലിൽ നിന്നും കെട്ടിപ്പെറുക്കി കൊണ്ടുവന്ന മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കാൻ എടുത്തപ്പോഴാണ് വിസിറ്റിംഗ് കാർഡ് കണ്ണിലുടക്കിയത്. ആ നമ്പരിൽ അവൾ പതിയെ വിരലോടിച്ചു. ഒന്നു വിളിച്ചാലോ?.....

വേണ്ട..

അതു ശരിയാകില്ല...'

എങ്കിലും ആ വെള്ളാരം കണ്ണുകൾ, കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്നു. 

പുറത്ത് നിർത്തിയ കാറിൽ നിന്നിറങ്ങിയത് അയാളല്ലേ?..

ഈശ്വരാ... 

ഞാൻ സ്വപ്നം കാണുകയാണോ?.....

എന്നെ അന്വേഷിച്ച് വന്നതായിരിക്കുമോ? 

ആ കണ്ണുകളെ നേരിടാൻ മടിച്ച് ഞാൻ കതകിനു പിന്നിൽ മറഞ്ഞു നിന്നു.

അമ്മ മുറ്റത്തേക്കിറങ്ങിച്ചെന്ന് അയാളോട് എന്തൊക്കെയോ  സംസാരിക്കുന്നു. അയാൾ ഒരു കെട്ട് നോട്ടുകൾ അമ്മയുടെ കൈയിൽ വച്ചു കൊടുക്കുന്നു. അമ്മയ്ക്ക് നേരെ കൈകൂപ്പി തിരികെ കാറിലേക്ക്.

എന്നെപ്പറ്റി ഒന്നും ചോദിച്ചില്ലേ....

അമ്മ എന്നെ വിളിച്ചില്ലല്ലോ. എന്തിനെന്നറിയാത്ത നിരാശ എന്നിൽ നിറഞ്ഞു.

അമ്മ പണം ഭദ്രമായി അലമാരിയിൽ വച്ചു പൂട്ടി ദീർഘനിശ്വാസം പൊഴിച്ചു. തളർച്ചയോടെ കട്ടിലിലേക്കിരുന്നു. 

അമ്മയ്ക്ക് അയാളുമായി എന്താണിടപാട്?  അമ്മയോട് ചോദിക്കാൻ വയ്യ! വന്നപ്പോൾ മുതൽ ശ്രദ്ധിക്കുകയാണ്. അമ്മ എന്നിൽ നിന്ന് എന്തൊക്കെയോ  മറച്ചു പിടിക്കാൻ പാടുപെടുന്നത്.

ശരിക്കും അമ്മയ്ക്കെന്താ പറ്റിയത്? ഇനിയിപ്പോ കാര്യമായ എന്തെങ്കിലും അസുഖം?...

അമ്മ ഉറങ്ങിയപ്പോൾ പതിയെ അമ്മയുടെ മരുന്നു കൂട് തുറന്നു നോക്കി. മുറിവിനുള്ള മരുന്നാണല്ലോ...

വീടു മുഴുവൻ അരിച്ചുപെറുക്കിയിട്ടും,

ബില്ലുകളൊന്നും തന്നെ കിട്ടിയില്ല.

അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. എങ്കിലും രണ്ടും കൽപ്പിച്ച് വെള്ളാരം കണ്ണു കാരൻ്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.

"കുട്ടീ..... ഇപ്പഴെങ്കിലും വിളിച്ചല്ലോ. തന്നെ നേരിൽ കാണാൻ ഞാൻ അമ്മയേം കൂട്ടി വരാനിരിക്കുകയാ... എവിടെയാ തൻ്റെ വീട്?"

ഫോണിൽ ആവേശത്തോടെയുള്ള അയാളുടെ ശബ്ദം ഞാൻ കാതോർത്തു. നല്ല രസമായിരുന്നു ആ ശബ്ദം കേൾക്കാൻ. എന്തിനാണ് താൻ വിളിച്ചതെന്ന കാര്യം പോലും വിസ്മരിച്ച് ഞാനാ സംഭാഷണത്തിൽ ലയിച്ചു പോയി. അയാൾ തുടർന്നു.

"എൻ്റെ അമ്മയുടെ കിഡ്നി രണ്ടും തകരാറിലായിരുന്നു. ഒരു ചേച്ചി അമ്മയ്ക്ക് ഒരു കിഡ്നി നൽകി സഹായിച്ചതോണ്ട് തിരിച്ചു കിട്ടിയ ജീവനെയാണ് കുട്ടി വലിയൊരപകടത്തിൽ നിന്നും രക്ഷിച്ചത്. 

ആ ചേച്ചിയാവട്ടെ, അവരുടെ മകളെ പഠിപ്പിക്കാനുള്ള കാശ് മാത്രമാണ് പ്രതിഫലമായി ചോദിച്ചത്.... "

മറുതലയ്ക്കൽ നിന്നുള്ള മറ്റ് സംഭാഷണങ്ങൾ കേൾക്കാൻ ശക്തിയില്ലാതെ എൻ്റെ കൈയിൽ നിന്നും മൊബൈൽ ഊർന്നു നിലത്തു വീണു.

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം