കദനം വിതയ്ക്കുന്ന കനൽ വഴികൾ

കദനംവിതയ്ക്കുന്നകനൽവഴികൾ

       വലിച്ചു വാരിയിട്ട പല വർണ്ണത്തിലുള്ള കുഞ്ഞുടുപ്പുകൾ വേഗത്തിൽ തന്നെ അടുക്കി വച്ചു നന്ദന. ഉടനെ കസ്റ്റമർ ആരും വരല്ലേ എന്ന് മനസിൽ പ്രാർത്ഥിച്ചു. ഡ്രസ്സുകൾ അതാത് കബോർഡിലാക്കിയിട്ടു വേണം എന്തെങ്കിലും കഴിക്കാൻ! രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയതിൻ്റെയാവാം വല്ലാത്തൊരു തളർച്ച അവളെ ബാധിച്ചിരുന്നു.
ഇന്ന് ടെക്സ്റ്റയിൽസിൽ പുതിയ എംഡി ചാർജെടുത്തിരിക്കുകയാണ്. ശാന്ത സ്വരൂപിണിയായ ഒരു സ്ത്രീ. അരുന്ധതി !
പണികൾ വേഗം തീർത്ത് അവൾ ഭക്ഷണം കഴിക്കാനിരുന്നു. നല്ല വിശപ്പ് ... പാത്രത്തിലെ ചമ്മന്തിയിൽ കുതിർന്ന രണ്ടിഡലികളിലൊന്ന് വേഗത്തിൽ വായിലാക്കിയപ്പോഴാണ് അവൾ ശ്രദ്ധിച്ചത് - പാത്രത്തിൻ്റെ വക്കിലൂടെ ഇത്തിരിക്കുഞ്ഞന്മാരായവെള്ള നിറത്തിലുള്ള പുഴുക്കൾ.... 
തികട്ടി വന്ന ഓക്കാനം അവൾ പാടുപെട്ട് അടക്കി.
താൻ ശ്രദ്ധിക്കേണ്ടതായിരുന്നു.... 

ഇന്നലെ കൊണ്ടു വന്ന ദോശ രണ്ടു സ്പൂണോളം ഉപ്പിൽ കുതിർത്ത ചെറിയമ്മയെ വിശപ്പിനിടയിൽ താൻ മറക്കരുതായിരുന്നു....

അവളുടെ കണ്ണുകൾ നിറഞ്ഞു. ആരുടെയും കണ്ണിൽപ്പെടാതെ അവൾ പാത്രം അടച്ച് വച്ചു. അത് തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ വയ്യ. എന്തുചെയ്യും?
ആരും കാണാതെ വേസ്റ്റ് ബോക്സിൽ നിക്ഷേപിച്ച് മുഖമുയർത്തിയതും തൊട്ടു മുന്നിൽ അരുന്ധതി മാഡം!
അവളുടെ സർവ്വ നാഡി ഞരമ്പുകളും തളരുന്നത് പോലെ തോന്നി. തനിക്ക് നേരെ വരാൻ പോകുന്ന ശകാരവർഷത്തെ നേരിടാനെന്നോണം കണ്ണുകൾ ഇറുക്കിയടച്ചു.
അവളുടെ പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ട് അരുന്ധതി നടന്നകന്നു.
കത്തിയെരിയുന്ന വയറുമായി വീണ്ടും സെയിൽസ് ഗേളിൻ്റെ ജോലിയിലവൾ വ്യാപൃതയായി. 
" കുട്ടി എവിടെയാ? നല്ല മുഖപരിചയം "
അരുന്ധതി മാഡമാണ്.
" കഴിഞ്ഞ +2 പരീക്ഷയ്ക്ക് മുഴുവൻ മാർക്കും വാങ്ങിയ മിടുക്കിയാ മാഡം... റോഡരികിലെ പോസ്റ്ററിലൊക്കെ പതിച്ചിട്ടുണ്ട് ഈ മുഖം"
ലേഖയാണ് ഉത്തരം നൽകിയത്. 
" എന്നിട്ടും....."
അരുന്ധതി മാഡം ഒരു ദീർഘനിശ്വാസമുതിർത്തു.
ജോലി സമയം കഴിഞ്ഞ് ഓരോരുത്തരായി പോകാൻ തുടങ്ങി. തൻ്റെ ബാഗും മറത്തടുക്കിപ്പിടിച്ച് പുറത്തേക്കിറങ്ങിയതേയുള്ളൂ നന്ദന. കാലുകളിലൂടെ ഇരച്ചു കയറിയ മരപ്പിപ്പ് കണ്ണുകളിൽ കറുപ്പ് വിരിച്ചത് മാത്രമേ അവളറിഞ്ഞുള്ളൂ...

കണ്ണു തുറന്നത് അരുന്ധതി മാഡത്തിൻ്റെ മുഖത്തേക്കാണ്.
സമയം ഒരു പാട് വൈകിയിരിക്കുന്നു.
"ഈശ്വരാ അവസാന ബസും പോയിക്കാണും"
അവൾ പിടഞ്ഞെഴുന്നേറ്റു.
" കുട്ടി പേടിക്കണ്ട. ഞാൻ കൊണ്ടു വിടാം വീട്ടിൽ "
അരുന്ധതി അവളെ ആശ്വസിപ്പിച്ചു.
അവൾക്ക് മറുത്തൊന്നും പറയാൻ പറ്റിയില്ല.
അരുന്ധതിയുടെ കാറിൽ കയറുമ്പോഴും ആ മുഖം കുനിഞ്ഞുതന്നെയിരുന്നു.
" നന്ദനയ്ക്ക് തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലേ?"
അരുന്ധതിയുടെ മുഖത്തേക്കവൾ നിസ്സഹായതയോടെ നോക്കി.
"തൻ്റെ വീട്ടുകാരോട് ഞാൻ സംസാരിക്കാം. പഠനച്ചിലവോർത്ത് വിഷമിക്കണ്ട. ഞാൻ മോളുടെ കാര്യങ്ങളെല്ലാം നോക്കാം "
നന്ദനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അരുന്ധതിയുടെ 'മോള് ' എന്ന വിളിയിൽ അവൾ ലയിച്ചു പോയി.
തന്നെയാരും ഇതുവരെ അങ്ങനെ വിളിച്ചില്ലല്ലോ. 
"വേണ്ട മാഡം വീട്ടിൽ ഒന്നും പറയണ്ട. എന്നെ വഴിയരികിൽ ഇറക്കിയാൽ മതി."
"അതെന്താടോ താനെന്നെ വീട്ടിലേക്ക് വിളിക്കാത്തത്?. നിൻ്റെ പ്രശ്നം എന്തു തന്നെയായാലും ഞാൻ പരിഹരിച്ചു തരാം"
അരുന്ധതിയുടെ ഉറച്ച ശബ്ദത്തിനു മുന്നിൽ അവൾ മറുപടി പറയാൻ നിർബന്ധിതയായി.
" മാഡം... പഠിക്കാനെനിക്ക് ആഗ്രഹമുണ്ട്... പക്ഷേ.... "
"എന്താ ഒരു പക്ഷെ ? "
" അങ്ങനെ വല്യ സംഭവമൊന്നുമില്ല. കേട്ടു പരിചിതമായൊരു പീഡന പരമ്പര തന്നെ - രണ്ടാനമ്മപ്പോര് !"
നന്ദന ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്
അവൾ താൻ ചവിട്ടി നിൽക്കുന്ന കനലുകളുടെ ലോകം അരുന്ധതിക്ക് മുന്നിൽ തുറന്നു.
" ഞാൻ കുഞ്ഞായിരുന്നപ്പോഴേ അമ്മ പോയി... ആ മുഖം കണ്ട ഓർമ്മ പോലുമില്ല.... പിന്നെ രണ്ടാനമ്മയുടെയും മക്കളുടെയും ദാസിയായി.... എല്ലാ വേദനയും കടിച്ചമർത്തി.... ഒരു വർഷം മുമ്പാണ് അച്ഛനും ..... അതോടെ എൻ്റെ ജീവിതം പൂർണ്ണമായി സങ്കടക്കടലിലാണ്ടു പോയി. ഇപ്പോൾ ഞാൻ ചെറിയമ്മയ്ക്കൊരു  ശല്യമാ.... ഇതു കണ്ടോ മാഡം ചെറിയമ്മയുടെ ഒരോ നേരമ്പോക്കുകളാ." അവൾ തൻ്റെ കാലുകളിലെ തിണർത്ത പാടുകിലേക്ക് വിരൽ ചൂണ്ടി.
നന്ദനയുടെ വാക്കുകളിൽ തരിച്ചിരുന്ന അരുന്ധതി ബ്രേക്കിൽ കാലമർത്തി. 

" രക്ഷപ്പെട്ടൂടെ മോൾക്കവിടുന്ന്?"

"എവിടേക്ക്! ഞാൻ ഒരു പെൺകുട്ടിയായിപ്പോയില്ലേ മാഡം...."

നന്ദനയുടെ മുഖം നിരാശയാൽ കുനിഞ്ഞു.
അവളുടെ താടി പിടിച്ചുയർത്തി അരുന്ധതി അരുമയോടെ ചോദിച്ചു

"പോരുന്നോ എൻ്റെ കൂടെ? എൻ്റെ മോളായിട്ട്..."
അരുന്ധതിയുടെ കൈകൾ കൂട്ടിപ്പിടിച്ച്‌ അവൾ പൊട്ടിക്കരഞ്ഞു പോയി.
അരുന്ധതി വണ്ടി തിരിച്ചു.

"മോളേ.... അനുഭവങ്ങളുടെ കനലിൽ നിരാശപ്പെടരുത്... എല്ലാ കദനങ്ങൾക്കുമൊരവസാനം സർവ്വ ശക്തൻ കരുതി വച്ചിട്ടുണ്ടാവും."

" മാഡത്തിൻ്റെ വീട്ടിൽ ആരൊക്കെയുണ്ട്? "

"ഉം... മാഡമല്ല. ഇന്നു മുതൽ അമ്മയാണ്..."
അരുന്ധതി അവളുടെ കവിളിൽ നുളളി.

"ഞാനും എൻ്റെ സ്വപ്നങ്ങളും മാത്രമാണാ വീട്ടിൽ "
 അരുന്ധതി ദീർഘമായി നിശ്വസിച്ചു.
" ഞാനിതു വരെ ആരോടും പറയാത്തൊരു കഥയാണ് മോളേ... എൻ്റെ ജീവിതം! നഷ്ടങ്ങളുടെ പറുദീസ !
എൻ്റെ ഭർത്താവിനും കുഞ്ഞുവാവയ്ക്കുമൊപ്പം വല്യ പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിച്ചു വരികയായിരുന്നു ഞാൻ.... ഒരു ദിവസം അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഒരാൾ അദ്ദേഹത്തെ ആക്രമിക്കുന്നത് കണ്ടാണ് ഞാൻ ഓടിച്ചെന്നത്.... ആവേശത്തിൽ ഞാൻ വീശിയ വാക്കത്തി അയാളുടെ കഴുത്തിൽ തന്നെ കൊണ്ടു. പിന്നെ ജീവപര്യന്തം ജയിൽ ശിക്ഷ.... പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ച കുഞ്ഞുവാവയെക്കൂടാതെ ജയിലിൻ്റെ ഇരുട്ടറയിൽ പതിമൂന്ന് വർഷങ്ങൾ..."
നന്ദന ഭീതിയോടെ അരുന്ധതിയുടെ മുഖത്തേക്ക് നോക്കിയിരുന്നു. അവർ കാർ ഡ്രൈവ് ചെയ്ത് കൊണ്ടു തന്നെ തുടർന്നു.
" പക്ഷേ പിന്നീടാണ് എനിക്ക് കാര്യങ്ങൾ മനസിലായത്. അദ്ദേഹത്തിൻ്റെ കാമുകിയുടെ സഹോദരനായിരുന്നു അത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം അവളെ വിവാഹം കഴിച്ചു. എന്നോട് യാത്ര പറയാനായി അവർ രണ്ടു പേരും കൂടിയാണ് ജയിലിൽ വന്നത്. എൻ്റെ കുഞ്ഞുവാവയെപ്പോലും ഒന്നു കാണാനനുവദിച്ചില്ല. ഞാൻ ജയിലിൽ നിന്നറങ്ങുമ്പോഴേക്കും അവർ ആ നാട്ടിൽ നിന്നും പോയിരുന്നു....പിന്നെ, അനുഭവങ്ങൾ തന്ന പാഠം എന്നെ ജീവിക്കാൻ പഠിപ്പിച്ചു."
ശാന്തപ്രകൃതയായ അരുന്ധതിയുടെ ഉള്ളിലെ കനൽ നന്ദനയെയും പൊള്ളിച്ചു. കാർ പോർച്ചിലേക്ക് കയറ്റിയ ശേഷം അരുന്ധതി ഇറങ്ങി. അവരുടെ മനസ് പറയുന്നത് നന്ദന വ്യകതമായി കേൾക്കുന്നുണ്ടായിരുന്നു.
"വരൂ.... മോളെ.... നിൻ്റെ കദനം നിറഞ്ഞ കനൽവഴികളിൽ നിന്നും ഈ പുതിയ ജീവിത വീഥിയിലേക്ക് സന്തോഷത്തോടെ വരൂ ...."
അരുന്ധതി നീട്ടിയ കൈകളിൽ പിടിച്ച് അവൾ മെല്ലെ ഇറങ്ങി. ഒതുക്കുകൾ കയറി. വീടിൻ്റെ വാതിൽ തുറന്ന് അകത്തേക്ക് കാൽ വച്ചതും ഒരു ശില പോലെ അവൾ തറഞ്ഞു നിന്നു പോയി.
"എന്തു പറ്റീ മോളേ... എന്താ നിന്നു പോയത് വരൂ..."
നന്ദനയുടെ വിറയാർന്ന വിരലുകൾ ചുവരിലെ  മിന്നുന്ന ബൾബിനു കീഴിലേ ഫോട്ടോയിലേക്ക് ചൂണ്ടി.. ചുണ്ടുകൾ ഒരു ഗദ്ഗദത്തോടെ മന്ത്രിച്ചു
" അച്ഛൻ... "
ഒരു നടുക്കം അരുന്ധതിയിലെ അമ്മയെ തൊട്ടുണർത്തിയോ. അവരുടെ തലച്ചോറിൽ മിന്നിയ കൊള്ളിയാൻ്റെ വിദ്യുത് പ്രവാഹം നന്ദനയുടെ കണ്ണുകളിലും നിറഞ്ഞു.
" ൻ്റെ കുഞ്ഞാവേ......"
ഒരാർത്ത നാദത്തോടെ അവർ നന്ദനയെ വാരിയണച്ചു.
താൻ സ്വപ്നത്തിൽ പോലും ചിന്തിക്കാതിരുന്ന ചില തിരിച്ചറിവുകൾ തന്നെ സനാഥയാക്കിയ സന്തോഷത്തിൽ അവളുടെ കണ്ണുകൾ വാചാലമായി. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൾ അമ്മയുടെ മാറിലെ ചൂടിൽ മുഖം പൂഴ്ത്തി.
കദനങ്ങളുടെ കനലിലൂടെ എതിർ ദിശകളിൽ കടന്നു വന്ന ആ രണ്ടു ജീവിതങ്ങൾ തണുത്ത ആകാശത്തിനു കീഴേ, തങ്ങളിലുയർന്ന വികാരങ്ങളെ ആനന്ദാശ്രുക്കളാൽ നനച്ചു.

ശുഭം
-അനിത മഗേഷ്

Comments

Popular posts from this blog

കനൽ വീഥികൾ

മാനസാന്തരം