പുനർജനി.

പുനർജനി.
സകല പ്രതീക്ഷകളും നഷ്ടപ്പെട്ട നിസ്സാഹയതയായിരിക്കും അച്ഛനെക്കൊണ്ടങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്.
അല്ലെങ്കിലും പുനർജനി ഗുഹ നൂഴാനും മാത്രം എന്ത് പാപമാണ് ഞാൻ ചെയ്തിട്ടുള്ളത്? ..... 
" സതീ, അച്ഛൻ പറഞ്ഞതിനെക്കുറിച്ച് ആലോചിച്ചിരിക്കയാണോ ൻ്റെ കുട്ടി?"
മനസു വായിച്ച പോലെയാണ് അച്ഛൻ്റെ ചോദ്യം.
"തിരുവില്വാമലയിലേക്ക് ഒത്തിരി ദൂരമുണ്ടോ?"
സങ്കടക്കടൽ ഉള്ളിലൊളിപ്പിക്കാൻ ഞാൻ പാടുപെടുന്നുണ്ടെന്ന് മനസിലാക്കിയിട്ടാവണം ഉത്തരമൊന്നും പറയാതെ അച്ഛൻ തല കുലുക്കി തിരിഞ്ഞു നടന്നത്.
അല്ലെങ്കിലും ദൂരങ്ങളെപ്പറ്റി എനിക്കെന്തറിയാം. വർഷങ്ങൾക്കു മുമ്പേ പകൽ വെളിച്ചം എനിക്കു മാത്രം കിട്ടാക്കനിയായതാണല്ലോ..... പ്രാർത്ഥനയും വഴിപാടുമൊക്കെ ഒരു പാട് നടത്തിയ എൻ്റെ അമ്മയ്ക്ക് ദൈവം വരദാനമായി(?) നൽകിയ ഓമന പുത്രൻ!
അമ്മയെക്കുറിച്ചുള്ള മങ്ങിയ ചില കാഴ്ചകൾ ഓർമയിലെവിടെയൊക്കെയോ അവശേഷിക്കുന്നു. 
സതീഷെന്ന തൻ്റെ ഓമന പുത്രനെ "സതീ... " എന്നാണ് വിളിക്കേണ്ടിയിരുന്നതെന്ന്  മനസിലാക്കിയ ഞെട്ടലിൽ പ്രാണൻ പൊലിഞ്ഞ എൻ്റെ ദൗർഭാഗ്യവതിയായ അമ്മ....
ആൺ കുട്ടിയായ് പിറന്ന് പെൺകുട്ടിയായ് വളർന്ന എന്നെ അറിയാൻ ആരും ഉണ്ടായില്ലെന്നതാണ് സത്യം. 
പണ്ട്, അയൽപ്പക്കത്തെക്കുട്ടികൾ കളിക്കുന്നത് കൊതിയോടെ നോക്കി നിന്നിരുന്നു. ആ വീട്ടുകാരാരെങ്കിലും കണ്ടാൽ പിന്നെ പറയണ്ട.  കല്ലെറിഞ്ഞ് അവരെന്നെ ആട്ടിയോടിച്ചപ്പോൾ വഴിവക്കിൽ അലസമായി കിടന്നിരുന്ന നായ്ക്കൾ പോലും പരിഹസിച്ചു ചിരിച്ചിരുന്നു.....
കണ്ണീരുണങ്ങാത്ത മുഖവുമായി നടക്കുന്ന അച്ഛനിപ്പോൾ പ്രായാധിക്യത്താൽ അവശനായിരിക്കുന്നു. 
അച്ഛൻ കൂടി ഇല്ലാണ്ടായാൽ.... അതേപ്പറ്റി ആലോചിക്കുക കൂടി വയ്യ.
എൻ്റെ പെണ്ണുടലിനെ കൊത്തി വലിക്കുന്ന കഴുകൻ കണ്ണുകൾ ചുറ്റിലും തിളങ്ങുന്നത് വല്ലാത്തൊരു ഭീതിയോടെ ഞാൻ കണ്ടു.
എനിക്കും ഒരു ഹൃദയമുണ്ട്....
എന്ന് ഉറക്കെപ്പറയാൻ കൊതിച്ചു പക്ഷേ....
എന്നിലെ മോഹങ്ങളും പ്രണയങ്ങളും എന്നിൽത്തന്നെ എരിഞ്ഞടങ്ങി. 
അച്ഛൻ്റെ അവസാന കച്ചിത്തുരുമ്പായിരിക്കും ഈ പുനർജനി ഗുഹ.
പോകുക തന്നെ..,,
അടുത്ത ജന്മത്തിലെങ്കിലും ഈശ്വരൻ്റെ ആ വലിയ കൈപ്പിഴ സംഭവിക്കാതെ ഒരാണോ പെണ്ണോ ആയി എനിക്ക് ജനിക്കണം. ഈ ജന്മത്തിലൊരിക്കലും സാധ്യമാകാത്ത ഒരാഗ്രഹം...
നേരിട്ടു കണ്ടിട്ടില്ലാത്തവർ പോലും, കൂട്ടു കൂടാൻ ഭയക്കുന്ന നപുംസകമായി ഇനി ഒറ്റക്കുഞ്ഞു പോലും ഭൂമിയിൽ പിറക്കല്ലേ എന്നു പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും എൻ്റെ ജീവിതത്തിലൂടെ കയറിയിറങ്ങിപ്പോയിട്ടില്ല. 

തിരുവില്വാമലയുടെ പ്രകൃതി ഭംഗിയിൽ കണ്ണും നട്ടിരുന്നപ്പോഴാണ് തൊട്ടടുത്ത് നിന്ന് ഒരു ചോദ്യം
" പുനർജനി കയറാൻ വന്നതായിരിക്കുമല്ലേ... മോളുടെ അച്ഛനാണോ അത്? അങ്ങേർക്ക് അതിന് പറ്റുമോ?"
വയസായ സ്ത്രീയുടെ ആ ചോദ്യത്തിനു മുന്നിൽ ഉത്തരം പറയാനാവാതെ തല കുനിച്ച് നിന്നു പോയി. എന്തു പറയും ഞാൻ ?
അച്ഛനല്ല, ഞാനെന്ന സതീഷ് കുമാറാണ് ഗുഹയിലേക്ക് കയറുന്നതെന്നോ ?
സതീഷ് എന്ന പേര് ഞാനെന്നേ വെറുത്തതാണ്. സതിയിൽ മാത്രമൊതുങ്ങാനായിരുന്നു മനസിന് ഇഷ്ടം. ശരീരത്തിനും. ഏറെ പുരോഗമിച്ച വൈദ്യശാസ്ത്രം എന്നെ സഹായിച്ചേക്കുമെങ്കിലും സമൂഹത്തെ തിരുത്താൻ ശാസ്ത്രവും മതിയായേക്കില്ല. അതിനൊരു രക്ഷകൻ പിറവിയെടുക്കേണ്ടിയിരിക്കുന്നു.

മലയുടെ ചെരുവിലൂടൊഴുകിയ ഗണപതി തീർത്ഥം തൊട്ട് നേരെ നടന്നത് പാപനാശിനിയിലേക്കാണ്... പാപനാശിനിയിൽ മുങ്ങി നിവർന്നിട്ടു വേണം ഗുഹയ്ക്കടുത്തേക്ക് പോകാൻ .അതാണാചാരം .
സർവ്വ പാപങ്ങളുമേറ്റുവാങ്ങാൻ വിധിക്കപ്പെട്ടവെളങ്കിലും നിനക്കുമൊരു ഐഡൻ്റിറ്റിയുണ്ടല്ലോ എന്ന മട്ടിൽ ഞാനാ ജലപ്പരപ്പിനടുത്തേക്ക് നീങ്ങി.
ചുറ്റിലും ഉയർന്ന പിറുപിറുപ്പുകൾ ശക്തിയാർജ്ജിച്ചു. കടന്നൽ കൂട്ടത്തെപ്പോലെ അവ ശക്തിയാർജിച്ചു, ചെവിക്കുള്ളിൽ ഓളങ്ങൾ തീർത്തു.
" പറ്റില്ല. തൊട്ടശുദ്ധമാക്കരുത് ആ പുണ്യ ഗംഗയെ "
രണ്ടു പ്രമാണികൾ വഴി തടഞ്ഞു.
സ്വന്തം പാപം കഴുകാനെത്തിയവർ, ദൈവം തീർത്ത പാപമായ ഞാനെന്ന ജന്മത്തെ നോക്കി കാർക്കിച്ചു തുപ്പുന്നു.
'എന്ത് തെറ്റാണ് ഞാൻ ചെയ്തത്?.... ഞാനും ഒരു മനുഷ്യ ജീവിയല്ലേ... അറപ്പും വെറുപ്പും അവഗണനയും മാംസക്കൊതിയുമല്ലാതെ മറ്റൊന്നും ഞാനിതു വരെ എവിടെയും കണ്ടിട്ടില്ലല്ലോ....
അച്ഛൻ തളർന്നവശനായി പാറക്കല്ലിൻ്റെ മുകളിലേക്കിരുന്നു.... അവസാന പ്രതീക്ഷയും കൈവിട്ടവനെപ്പോലെ...
" അച്ഛാ നമുക്ക് തിരിച്ച് പോകാം. ഈ പുനർജനിക്ക് എന്നെ പൂർണ്ണമായി ഒരു സ്ത്രീയോ പുരുഷനോ ഒന്നു മാക്കി മാറ്റാൻ കഴിയില്ല. പണ്ട് ക്ഷത്രിയരെ കൊലപ്പെടുത്തിയ പാപം തീർക്കാനാണ് പരശുരാമൻ ഇവിടെത്തിയത്. എന്നാൽ ഒരു പാപവും ചെയ്യാത്ത ഞാനെന്തിന്.... തിരിച്ചു പോകാം അച്ഛാ."
നെഞ്ചിൽ കൈകളമർത്തിക്കൊണ്ട് എൻ്റെ മടിയിലേക്ക് വീണ അച്ഛൻ്റെ ദേഹത്തിലേക്ക് മരണത്തിൻ്റെ തണുപ്പ് അരിച്ചിറങ്ങുന്നത് കണ്ട ഞാൻ ഭയന്നു നിലവിളിച്ചു പോയി. സഹായത്തിനായി ചുറ്റും നിൽക്കുന്നവരോടായി കേണു. കാണികൾ ഞെട്ടി പിന്നോക്കം മാറുന്നു.... തൊടാനറച്ചു നിൽക്കുന്നു...
അവഗണനകളുടെ ഈ വലിയ ലോകത്ത് എന്നെ തനിച്ചാക്കി അച്ഛൻ പോയിരിക്കുന്നു..... 
ഇനി ഞാനെങ്ങനെ.???
ഉത്തരമില്ലാത്ത ആ ചോദ്യം തലയ്ക്കുള്ളിൽ പെരുമ്പറയടിച്ചു. വല്ലാത്തൊരാവേശത്താൽ ഞാൻ മുന്നോട്ട് കുതിച്ചു. ഏതൊക്കെയോ കൈകൾ തട്ടി മാറ്റി .... പാപനാശിനിയുടെ തണുപ്പിലേക്ക്.....
പുനർജന്മമെന്ന വിശ്വാസം എന്ന് ഉള്ളിൽ ദൃഢമായി വേരുറച്ചു കഴിഞ്ഞു...
എനിക്കും പുനർജനിക്കണം.... ഒരാണായി അല്ലെങ്കിൽ പെണ്ണായി.... എന്നിട്ടു വേണം എന്നെപ്പോലെയുള്ള ജന്മങ്ങൾക്ക്  ശാപമോക്ഷം നൽകാൻ.... ഞാനവർക്കു വേണ്ടി ശബ്ദിക്കും അവർക്കായ് പോരാടും... അന്ന് എൻ്റെ വാക്കുകൾക്ക് കാതോർത്തിരിക്കാൻ അറിവിൻ്റെ വെളിച്ചം നിറഞ്ഞ ഒരു സമൂഹവുമുണ്ടാകും.....
പക്ഷേ ഇന്ന് ..... ഞാൻ തോറ്റു പോയിരിക്കുന്നു.
കൈകൾ മുകളിലേക്ക് കൂപ്പി ഞാൻ ദൈവത്തിനു കൈപ്പിഴ പറ്റാതിരിക്കാനായി പ്രാർത്ഥിച്ചു.  പാപനാശിനിയുടെ ആഴങ്ങൾ താണ്ടാൻ ഞാൻ സന്തോഷത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു...

-ശുഭം
- അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം