കനലുതാണ്ടുന്നവൻ

കഥ:
കനലുതാണ്ടുന്നവൻ

തലയ്ക്കു മീതേ കത്തിക്കാളുന്ന വെയിൽ കുറയുന്ന ലക്ഷണമില്ല. അരുൺ കയറി നിന്ന ബസ്റ്റോപ്പിൽ  നിന്നും വീണ്ടും നിരത്തിലേക്കിറങ്ങി. മുതുകത്തെ വീർത്തു പൊട്ടാറായ വലിയ ബാഗിനെക്കാൾ കനം തൂങ്ങിയ മനസുമായി പതുക്കെ നടന്നു. ഇന്നത്തെ ലക്ഷ്യം വൃദ്ധസദനമാണ്.
"ഹാവൂ ആശ്വാസം ഇന്നലത്തെപ്പോലെ മെഡിക്കൽ കോളേജ് തന്നില്ലല്ലോ." ദൈവത്തിൻ്റെ വികൃതിയുടെ അടയാളങ്ങളായ മക്കളെയും കൈയിലെടുത്ത് നിർവികാരമായി ദൂരേക്ക് കണ്ണും നട്ട് നിൽക്കുന്ന അമ്മമാരുടെ നിശബ്ദമായ തേങ്ങലുകൾ രാത്രിയിലെ ഉറക്കത്തെവരെ പിടിച്ചു നിർത്തിയിരുന്നു. കണ്ണീരും വേവലാതികളും പേടിയും മാത്രമേ അവിടെ കണ്ടുള്ളൂ. അവരിലാർക്കാണ് സാധനങ്ങൾ വിൽക്കേണ്ടത്?
ബാഗിലുള്ള സാധനങ്ങൾ വിറ്റു തീരുന്നതിനനുസരിച്ച് റാങ്ക് പട്ടികയിൽ സ്ഥാനമുയരും. മൂന്നു മാസം കഴിയുമ്പോഴേക്കും കൂട്ടത്തിലൊരുത്തൻ മാനേജരാവും.
സേൽസ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ടെന്ന വാർത്ത തന്നെ തുറിച്ചു നോക്കിയപ്പോഴും, അതിൽ കണ്ട നമ്പരുകളിലൊന്നിൽ വിളിച്ചപ്പോൾ നടന്ന ആംഗലേയം കലർന്ന ഇൻ്റർവ്യൂവിലും, ഇങ്ങനെ കഴുതയെപ്പോൽ ചുമടെടുത്ത് നടന്ന് വിശന്ന് പൊരിയേണ്ടിവരുമെന്ന് ഒരു സൂചന പോലുമുണ്ടായില്ലല്ലോ.
ഓരോ ദിവസവും ഓരോ ലൊക്കേഷൻ ഏൽപ്പിച്ചു തരുന്ന മാനേജർക്കു മുന്നിൽ ഇന്നും തല കുനിച്ചു നിൽക്കാൻ വയ്യ. അരുൺ നടത്തം പരമാവധി വേഗത്തിലാക്കി. വൃദ്ധസദനത്തിൻ്റെ ഗേറ്റുകൾ തുറന്ന് മണൽ വിരിച്ച വഴിയിലൂടെ പതുക്കെ അകത്തേക്ക്.
ഒരു ജന്മം മക്കൾക്കു വേണ്ടി കഷ്ടപ്പെട്ടിട്ടും വാർധക്യമെന്ന വിപത്തിൽപ്പെട്ട് മക്കളാലുപേക്ഷിക്കപ്പെട്ടവർ  കൂട്ടായി ഇരുന്നു തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു.

ചിരികൾക്കുള്ളിൽ കരച്ചിലുകളമർത്താൻ അരുണും പഠിച്ചു കഴിഞ്ഞിരുന്നു. ദാരിദ്യം കുടുംബത്തെ പ്രണയിച്ചു തുടങ്ങിയപ്പോൾ പഠനം നിർത്തി ജോലി അന്വേഷിച്ചിറങ്ങി. കണ്ണെത്താത്ത ദൂരത്താണെങ്കിലും മകൻ ഉദ്യോഗസ്ഥനാവുമെന്ന ചിന്ത അമ്മയുടെ കാതിലെ ചെറിയ സ്വർണ്ണക്കമ്മലുകളും അറിഞ്ഞു. പുത്തനുടുപ്പും ചെരുപ്പുമൊക്കെയായി അവ വീണ്ടും തിളങ്ങി.. വഴിച്ചിലവിനായി തന്ന പണവും തീർന്നു. തൻ്റെ സ്വപ്നങ്ങളൊരു മരീചികയാണെന്ന് തിരിച്ചറിവ് മനസ്സിനെ മഥിക്കാൻ തുടങ്ങിയിരിക്കുന്നു. തിരിച്ചു പോകാൻ ഒരു മാർഗ്ഗവുമില്ല. അല്ലെങ്കിൽ തന്നെ പോയിട്ടെന്തു ചെയ്യും? അമ്മയുടെ കണ്ണീരണിഞ്ഞ മുഖം ഓർത്തപ്പോൾ ഉള്ളിലൊരു ശക്തി അറിയാതെ നിറഞ്ഞു. അത് ഉച്ചഭക്ഷണം ലഭിക്കാതെ മുരണ്ടു കൊണ്ടിരുന്ന വയറിനെയും സമാധാനിപ്പിച്ചു.
'തനിക്കെതിരെ നടന്നു വരുന്ന ആ വൃദ്ധൻ ആരാണ്?
അയാളെന്തിന് എന്നെ ' നോക്കി പുഞ്ചിരിക്കണം?'
അരുൺ അയാളെ സൂക്ഷിച്ചു നോക്കി. കണ്ണുകളlലയാളെ ഉഴിഞ്ഞ നോട്ടം അയാളുടെ കാൽപ്പാദങ്ങളിൽ തറഞ്ഞു നിന്നു. അവൻ്റെ മനസ്സു നീറി. അയാൾ ചെരുപ്പില്ലാത്ത കാലുകൾ ചുട്ടുപൊള്ളുന്ന മണൽത്തരികൾക്കു മീതെയുറപ്പിക്കാൻ പാടു പെടുന്നു. കാൽവിരലുകൾ അറിയാതെ പൊങ്ങി പോകുന്നു.
അയാൾ ചിരിക്കുകയായിരുന്നില്ല...
ഒരു നിമിഷം അരുണിൻ്റെ ഉള്ളം പിടഞ്ഞു പോയി. അടുത്ത ക്ഷണം അവൻ തൻ്റെ ചെരുപ്പുകൾ ഊരി ,ചുളിവു വീണ ആ പാദങ്ങളിലേക്കുറപ്പിച്ചു.
ദൈവത്തെ നേരിൽക്കണ്ടെന്ന പോലെ ഞൊടിയിടയിൽ ആ വൃദ്ധൻ്റെ മുഖത്ത് ഭാവങ്ങൾ മിന്നി മറഞ്ഞു. വിറക്കുന്ന കൈകൾ ഉയർത്തി അരുണിനെ ആശീർവദിച്ചു. ആശീർവാദമേറ്റ് അല്പ സമയം അവിടെ നിൽക്കാനാഗ്രഹമുണ്ടായിരുന്നിട്ടും ആ പാദചൂഡം വിഴുങ്ങിയ ചൂട് അരുണിനെ നിൽക്കാൻ സമ്മതിക്കാതെ നടത്തിക്കൊണ്ടേയിരുന്നു.
- അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം