Posts

Showing posts from June, 2020
കവിത: തിരിച്ചറിവ് രചന: അനിത മഗേഷ് നറുമഞ്ഞിൻ കണങ്ങളിൽ പൊൻപ്രഭ തൂകി പുലരിയുണരുന്നൊരീ ശ്യാമള ഭൂവിൽ തെളിനീരു പുഴകളും കുന്നും മലകളും പാടവും പുസ്തകത്താളിലൊളിച്ചതെന്തേ? കൂരകളൊക്കെയും സൗധമായ്ത്തീരവെ മതിലുകളവയെ ഒളിപ്പിക്കവേ വികസന വേഗങ്ങൾ പലമുഖം തേടവേ സുന്ദരിയാം പ്രകൃത്യംബയെങ്ങു പോയി? ഒരു മഹാപ്രളയമെൻ കവിളിൽ മുട്ടവെ ഞെട്ടിയുണർന്നു ഞാനന്തകാരത്തിൽ നിന്നും അഹന്ത തൻ മൂടുപടമഴിഞ്ഞുവീഴുമ്പോൾ കാണുന്നു ഞാനാ സത്യത്തിൻ നേർക്കാഴ്ചകൾ ഊട്ടി വളർത്തി നീയമ്മേ, മക്കളെ . നിന്നുള്ളിലുള്ളതെല്ലാമവർക്കായി നൽകി. ആർത്തി മൂത്തു നാം മക്കളപ്പാടും കവർന്നു നിൻ ഹരിതാഭയാകെത്തകർത്തൂ വെട്ടി നിരത്തീ യന്ത്രക്കൈകളാൽ നറും പാലു ചുരത്തുമീ കുന്നുകളത്രയും വെട്ടിപ്പൊളിച്ചമ്മതന്നുടലാകെ ഊറ്റിക്കുടിച്ചൂ ചുടുനിണമത്രയും പൊട്ടിക്കരഞ്ഞുവോ നീയിന്ന് നിൻ മിഴി നിർത്താതെ പെയ്തോ ഞെട്ടിത്തരിച്ചു നാമൊന്നായ് പേമാരിയിന്നൊരു പ്രളയമായ് തീർന്നപ്പോൾ
കണ് ‍ തടങ്ങളിലെ കറുപ്പ് കൂടി വന്നപ്പോഴാണ് ആരോ അവള് ‍ ക്ക് ഫ്രൂട്ട്സ് കടയിലേക്ക് വഴി കാണിച്ചത്. മനസ്സില് ‍ ഊറിക്കൂടിയ കരിയുടെ പ്രതിഫലനം മുഖത്തറിഞ്ഞതില് ‍ തെല്ലൊരു നിരാശയുമായി മീര നേരെ കയറിയത് മേക്കപ്പ് സാധനങ്ങള് ‍ വില് ‍ ക്കുന്ന കടയിലേക്കാണ്. എന്നു മുതലാണ് താനീ ശീലങ്ങള് ‍ തുടങ്ങിയതെന്ന് അവള് ‍ ക്കു തന്നെ നിശ്ചയമില്ല. എന്നും സമാധാനം മാത്രമാഗ്രഹിച്ച ഒരു കഞ്ഞു മാടപ്രാവിന്റെ ഹൃദയവുമായാണ് മീരയും യൗവനത്തിന്റ പടവുകള് ‍ കയറിത്തുടങ്ങിയത്. ഏതൊരു പെണ്ണിനെയും പോലെ, ജനിച്ചു വളര് ‍ ന്ന വീടിനും നാടിനും ഒരു ദിവസം അന്യയായി തീര് ‍ ന്നപ്പോള് ‍ വളരെയധികം പ്രതീക്ഷയോടെ അവള് ‍ പുതിയ വേഷത്തിലേക്കുറ്റു നോക്കി. വെറുമൊരു മകള് ‍ മാത്രമായിരുന്ന താന് ‍ ഭാര്യ,മരുമകള് ‍ , അമ്മ തുടങ്ങിയ വലിയ ഉത്തരവാദിത്തങ്ങളിലേക്ക് ഉയര് ‍ ന്നപ്പോള് ‍ തന്റെ ചിറകുകള് ‍ വെട്ടിയരിയപ്പെട്ടത് പോലും അവള് ‍ ക്ക് മലസ്സിലായത് വൈകിയാണ്. ഓര് ‍ മ്മകളിലൂളിയിട്ട് റോഡരികിലൂടെ നടന്നപ്പോള് ‍ മുന്നിലൂടെ കടന്നുപോയ പരിചിതമുഖങ്ങള് ‍ പലതും ചിരി തൂകിയത് അവളറിഞ്ഞതേയില്ല. വെറുതെയല്ല നാട്ടുകാര് ‍ പറയുന്നത് "എന്തൊരഹങ്കാരിയാ മീര!” അഹങ
കഥ: കൂലി. കുംഭമാസത്തിന്റെ വികൃതിയെന്നോണം പൊടി പറത്തി വന്ന കാറ്റിനൊപ്പം വെയിലു കൂടി കനത്തു തുടങ്ങിയപ്പോൾ, ശെൽവൻ തന്റെ ചുക്കിച്ചുളിഞ്ഞ കൈകൾ തന്റെ തോൾ സഞ്ചിയിലേക്ക് താഴ്ത്തി. കുപ്പിയിലെ വെള്ളം തീരാറായിരിക്കുന്നു. കത്തുന്ന വിശപ്പിനെ ചെറുക്കാൻ ഇനി വെള്ളവുമില്ലെന്ന അറിവ് അയാളെ പരവശനാക്കി. ബസിൽ നിന്നിറങ്ങി വരുന്ന ഓരോരുത്തരുടെയും കാലുകളിലേക്ക് അയാൾ പ്രതീക്ഷയോടെ നോക്കി. പല ബ്രാൻഡിലുള്ള പല വിധത്തിലുള്ള ചെരുപ്പുകൾ.അവയിലൊന്നിന്റെയെങ്കിലും വശം അല്പം കീറിയിട്ടുണ്ടായിരുന്നെങ്കിൽ, വള്ളി പൊട്ടിപ്പോയിരുന്നെങ്കിൽ... അങ്ങനെ ആഗ്രഹിക്കാനേ അയാൾക്ക് കഴിഞ്ഞുള്ളൂ. തന്റെ മക്കളുടെ വിശപ്പകറ്റാൻ ഒരു വഴി തേടിയാണ് അച്ഛൻ സമ്പാദ്യമായിത്തന്ന നൂലും സൂചികളുമൊക്കെ തോൾ സഞ്ചിയിലാക്കിയിറങ്ങിയത്. പൊട്ടിപ്പോയ ബാഗുകളും ചെരുപ്പുകളും അയാൾക്ക് മുന്നിൽ തല കുനിച്ചു. ആർക്കും വേണ്ടാതെ, വലിച്ചെറിയപ്പെട്ട ഫ്ലക്സുകൾ റോഡരികിൽ അയാൾക്ക് ചുവരുകളായി. അതിനുളളിൽ പൊള്ളുന്ന വെയിൽ വകവെക്കാതെ അയാൾ കാത്തിരുന്നു. ഒരു ചെരുപ്പെങ്കിലും തുന്നാൻ കിട്ടിയിരുന്നെങ്കിൽ!.. വിശന്നു കരയുന്ന കുഞ്ഞുങ്ങൾക്ക് മുന്നിൽ പലഹാരപ്പൊതിയുമായി തനിക്കും കയറിച്ചെല്ലണം.
ഒരു ശാസ്ത്രോത്സവത്തിന്റെ ഓർമ്മയ്ക്ക് 2019 -20 അധ്യയന വർഷത്തെ കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം നടക്കുന്നത് തലശ്ശേരിയിലാണ്. ഞങ്ങളുടെ കൊച്ചു മിടുക്കന്മാർ ഉപജില്ലാ ഐ ടി മേളയിൽ കൈവരിച്ച വിജയം വീണ്ടും ആവർത്തിക്കണേ എന്ന പ്രാർത്ഥനയോടെ തലശേരിയിലേക്ക്. കണ്ണപുരം റയിൽവേ സ്റ്റേഷനിൽ നിന്നും, രാവിലെ 7.30നുള്ള ട്രെയിനിലാണ് യാത്ര. തലശ്ശേരി കോട്ടയ്ക്ക് തൊട്ടടുത്തായി, തലയുയർത്തി നിൽക്കുന്നു സെന്റ് ജോസഫ്സ് സ്കൂൾ. തൊട്ടടുത്തായി പളളിയുമുണ്ട്. സ്കൂൾ കോമ്പൗണ്ടിലേക്ക് കയറിയപ്പോൾ തന്നെ തിരമാലകളുടെ ആരവവും തണുത്ത കാറ്റും ഞങ്ങളെ വരവേറ്റു. ആർത്തലച്ചു വന്ന കൂറ്റൻ തിരമാലകൾ അരികിലെ പാറക്കെട്ടുകളിൽ തട്ടി ചിന്നിച്ചിതറുന്നതും നോക്കി കുറച്ചു നേരമങ്ങനെ നിന്നു. കടലിന്റെ മനോഹാരിത മുഴുവനായും തന്റെ മൊബൈൽ ഫോൺ ഗ്യാലറിയിൽ സേവ് ചെയ്ത ശേഷം ദിലീപ് മാഷ് കുട്ടികളെ പാർട്ടിസിപ്പന്റ് കാർഡ് നൽകി മത്സര സ്ഥലത്തേക്ക് യാത്രയാക്കി. മലയാളം ടൈപ്പിംഗിനായി നവനീതും അനിമേഷൻ നിർമ്മാണത്തിനായി അമൽ കൃഷ്ണയും വെബ് ഡിസൈനിംഗിനായി ആദിത്തും ഓരോ കമ്പ്യൂട്ടർ ലാബിലേക്ക് കയറി. ഹയർ സെക്കണ്ടറി കുട്ടികൾ അക്ഷമയോടെ പുറത്ത് കാത്തിരിപ്പായി. നിറഞ്ഞ ചിരിയുമായ
അമ്മയെന്നോരാദ്യാക്ഷരം കുറിച്ചീടവേ ഒന്നിന്നു ഞെട്ടിപ്പിടഞ്ഞൊ പൊന്നോമന വാർത്തകളെത്ര കേട്ടു ഞാനമ്മേ നിന്നിലൊരു മാതൃത്വമുണ്ടായിരുന്നോ? നിൻ കൺകളിൽ കാരുണ്യ കവിത വിരിഞ്ഞോ? നൊന്തു പെറ്റൊരാ പൊൻ കുരുന്നിനെ കൊന്നു തിന്നു പശിയടക്കും മൃഗത്തെപ്പോൽ നിൻ കൺകളിൽ കനലെരിയുന്നുവോ? ദംഷ്ട്രകൾ നീട്ടി നീയെന്നടുത്തണയുമ്പോൾ എന്തു ചൊല്ലിക്കരയേണമിന്നു ഞാൻ? ജന്മം നൽകിയവളെങ്കിലുമിന്ന് തിരിച്ചെടുത്തീടല്ലീ പിഞ്ചു പ്രാണനെ പൂക്കളെ കാണട്ടെ ഞാൻ തെല്ലിട പൂമ്പാറ്റയൊത്തു കളിച്ചിടട്ടേ ഓടിത്തളർന്നു ഞാനെത്തിടും നേരത്ത് നൽകീടുമോ നിൻ സ്നേഹ ചുംബനം? വാരിപ്പുണർന്നെന്നെ ലാളിക്കുമോ? ഒരു താരാട്ടുപാടി താലാട്ടുമോ? നിൻ മടിയിൽ ഞാൻ തെല്ലിട മയങ്ങിക്കോട്ടെ ഞാനാദ്യമായ് ചൊല്ലി വിളിച്ചപേര് - അമ്മ- നൂറായിരമർത്ഥം ചമച്ച നാമം.. എങ്കിലുമിന്ന് ഭീതിയാൽ ഞെട്ടിവിറയ്ക്കുന്നുഞാൻ അമ്മയെന്നൊരു പേര് കേട്ടിടുമ്പോൾ പാപരക്തത്താൽകളങ്കിതമാക്കി നീ അമ്മയെന്നുള്ളോരു നാമഥേയത്തെയും
കവിത: വിഷമിറങ്ങുമ്പോൾ ഒരു ദംശനത്തിന്റെ നേർക്കാഴ്ചയായിന്ന് മുന്നിൽത്തെളിയുമീ മുറിപ്പാടുകൾ! സിരയിലെത്തി യൊരു തുള്ളി വിഷ- മിന്നാരെയോ കാത്തു മടുത്തു. വിദ്യയാം പൊൻ വെളിച്ചം പകർത്തുവോർ ജീവതാളം മൂളും കുഴലുമായെത്തിയോർ എല്ലാം നിസ്സംഗമൗനരാഗമോതവേ ചിറകടിച്ചുയരുന്നു ജീവനീ ഭൂവതിൽ നിന്നും നീലിച്ചൊരാ കാല്പാദം കനിവിനായ് - കാത്തു, തണുപ്പിനെപ്പുൽകിയെന്നറികെ പടവാളെടുക്കേണ്ടതാർക്കു നേരെ ? ഹൃദയം നുറുങ്ങിയാ താതൻ നിലവിളിക്കുന്നു. ഇനിയുമേറെയുണ്ടല്ലോ വിഷജന്തുക്കൾ ചുറ്റിനുമാർത്തു ചിരിപ്പൂ... എവിടെയഭയമീ പിഞ്ചോമനകൾക്കിന്ന് സർവ്വം വിഷമയമാമീ പാരിതിൽ പൊന്തക്കാടുകൾക്കുള്ളിൽ ഫണമുയർത്തും കണ്ണുകൾ കാമ വിഷം ചീറ്റവേ, കശക്കിയെറിയുന്ന ബാല്യമൊരു തുടക്കഥയാകവേ, മാവിൻ കൊമ്പിലൂയലാടുന്നൂ ചോദ്യ ചിഹ്നങ്ങൾ! ഇവിടെയവതരിക്കേണമിന്നൊരു വിഷഹാരി മാനവ മനസിൽ കുമിയുന്ന കൊടിയ വിഷമിറക്കാൻ കാതു പൊത്താതെ നടക്കേണമെനിക്കിന്നു കളങ്കമേശാത്തൊരാ പുഞ്ചിരികൾക്കിടയിലൂടve
അരുതു പോകരുതാ വഴിയോമലേ ചെന്നായ്ക്കളുള്ളോരുൾക്കാട്ടിലേക്കു നീ ചോരയൂറ്റിക്കുടിക്കുമവയുടെ ഭീതിതമാം കഥപാടിയുറക്കിയെൻ മുത്തിനെ കൊടിയ ദാരിദ്യത്തിൻ കരിനിഴൽ വീഴ്ത്താതെ, പശിയറിയാതെ വളർത്തുവാനല്ലയോ പോയതിന്നു ഞാൻ പൂക്കളിറുക്കുവാൻ ശോണിതമാം നയനങ്ങൾ തീർത്ത തീ നാളങ്ങളി ലെന്റെ കുടിലും ചുവന്നുവോ കുഞ്ഞിളം ചുണ്ടുകളിൽ കാമത്തെ കണ്ടു പിഞ്ചു ബാല്യത്തിൻ പുഞ്ചിരി മായ്ച്ചുവോ കൂർത്ത നഖമുനകളിൽ ജീവൻ പിടയവേ മുക്കുറ്റിയിലകളിലുമിറ്റു വീഴുന്നു ചെഞ്ചായം അവളുടെ വിവർണ വദനത്തിലേ- ക്കരിച്ചെത്തുമുറുമ്പിൻ കൂട്ടവും! നീ പാതിവരച്ചൊരാ ചിത്രമെന്തോ മൊഴിയുന്നു നിൻ കുഞ്ഞുടുപ്പുകളുമായലമാര വിതുമ്പുന്നു നിൻ പദനിസ്വനമില്ലാതെയങ്കണവും ഉത്തരമില്ലാതെയമ്മ മനം കേഴുന്നു ഹൃദയം തകർന്നമ്മതൻ കൺകളിരുട്ടിനെ പുൽകവേ ക്യാമറക്കണ്ണുകൾ വെളിച്ചം വിതറുന്നു ചുറ്റിനുമുയരുന്നു ദീർഘനിശ്വാസവും കൊടിയ വേദനയാൽ നീറുമമ്മ തന്നശ്രുധാരയ്ക്കിന്നെന്തുത്തര മേകുവാൻ കെൽപ്പുണ്ടു കാലമേ ? ഇരകളൊരു തുടർക്കഥയാകവേ..
സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി, വനിതാ ദിനത്തിൽ നടത്തിയ തീപ്പൊരി പ്രസംഗവും കഴിഞ്ഞ് നിറ കൈയടികൾക്കിടയിലൂടെ തിരക്കിട്ടിറങ്ങി വന്ന ആ 'ഉരുക്കു 'വനിത, ഒന്നു വിറച്ചത് സ്വന്തം വീടിന്റെ പടികൾ കയറിയപ്പോൾ മാത്രമാണ്. ജീവിതത്തിലെ നിറഭേദങ്ങൾ തിരിച്ചറിയാതിരിക്കാനെന്നോണം അണിഞ്ഞിരുന്ന മെയ്ക്കപ്പുകൾ വിയർപ്പു തുള്ളികൾക്കൊപ്പം ഒലിച്ചിറങ്ങിയപ്പോഴേക്കും അടുക്കളയിലെ പുകച്ചുരുളുകൾക്കിടയിൽ അവർ മറഞ്ഞിരുന്നു.

അമ്മാളുവമ്മയുടെ വിഷു

കഥ: *അമ്മാളുവമ്മയുടെ വിഷു* തടിച്ച കാലുകളുള്ള കണ്ണട ഒന്നുകൂടി അമർത്തി വച്ചു കൊണ്ട് അമ്മാളുവമ്മ കലണ്ടറിലേക്ക് വീണ്ടും നോക്കി. " അതെ നാളെത്തന്നെയാണ് വിഷു. " ഒരു ദീർഘനിശ്വാസം പൊഴിച്ചു കൊണ്ട് തന്റെ നരച്ച മുടിയിഴകൾ മാടിയൊതുക്കി അവർ പതുക്കെ പുറത്തേക്ക് നടന്നു. തൊടിയിലെ കൊച്ചു കൃഷിയിടത്തിലെ പാവയ്ക്കയും വെണ്ടയുമൊക്കെ മൂപ്പെത്തിയിട്ടുണ്ട്. ''മുത്തശ്ശീ ഞാനും വരുന്നു" കൊച്ചുമോളും ഉത്സാഹത്തോടെ ചാടിയിറങ്ങി. കലിയുഗത്തിലെ കൊറോണ നാളുകൾ ആ കൊച്ചു മിടുക്കിയെ മുത്തശ്ശിയോടടുപ്പിച്ച കാര്യമോർത്ത് അമ്മാളുവമ്മയുടെ ചുണ്ടിൽ ചിരി പടർന്നു. പാകമായവയെ ചെടിയിൽ നിന്ന് വേർപ്പെടുത്തിയപ്പോഴേക്കും മരുമകൾ കുട്ടയുമായെത്തി. "അമ്മേ നാളെ കണിവെക്കാൻ.... " തന്റെ മരുമോള് തന്നെയാണോ ഇത്? അമ്മാളുവമ്മ അത്ഭുതം മറച്ചു വെക്കാൻ പാടുപെട്ടു. താൻ ഓമനിച്ചു വളർത്തുന്ന കായ്കനികൾ ആരാലും ഗൗനിക്കപ്പെടാതെ, വിഷുദിനത്തിൽ പോലും ചെടികളിൽ തൂങ്ങിയാടുന്ന കാഴ്ച ഒരു വേദനയായി ഉളളിൽ നിറയുന്നത് അമ്മാളുവമ്മയുടെ ശീലങ്ങളിൽപ്പെട്ടിട്ട് വർഷങ്ങളായി. ആവേശപൂർവ്വം അവർ കായ്കനികൾ വീടിനകത്തെത്തിച്ചു. പടക്കങ്ങളുടെ കാ

കൊറോണ ദൈവം

മിനിക്കഥ *കൊറോണ ദൈവം* വർഷാന്ത്യപ്പരീക്ഷയില്ല എന്നറിഞ്ഞതിനേക്കാൾ അപ്പുവിന് സന്തോഷം നൽകിയത് ലോക്ക് ഡൗൺ പ്രഖ്യാപനം തന്നെയായിരുന്നു! താനേറെ കൊതിച്ചിരുന്ന അച്ഛൻ്റെ സ്നേഹം, ഒരിക്കലും സഫലമാകാത്ത സ്വപ്നമെന്നവൻ വിശ്വസിച്ച പിതൃവാത്സല്യം, അവനു നൽകിയ ലോക്ക്ഡൗണിനെ അവൻ ഹൃദയത്തോട് ചേർത്തു. രാത്രിയേറെ വൈകി നാലുകാലിൽ വരുന്ന അച്ഛൻ്റെ അലർച്ചകളും അമ്മയുടെ നിലവിളിയും മാഞ്ഞു തുടങ്ങിയ ആ കുഞ്ഞു മനസ്സിലേക്ക് ഇടിത്തീ പോലെയാണ് ആ വാർത്ത വന്നു പതിച്ചത്. 'മദ്യശാലകൾ വീണ്ടും തുറക്കാൻ പോകുന്നു.' വാർത്ത വായിച്ചത് മുതലുള്ള അവൻ്റെ ഭാവ വ്യത്യാസം അമ്മയും ശ്രദ്ധിച്ചുവോ? നേരം ഇരുട്ടാൻ തുടങ്ങിയിരിക്കുന്നു. അമ്മ സന്ധ്യാ ദീപം കൊളുത്തിയപ്പോഴേക്കും അച്ഛൻ്റെ തല വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. അച്ഛൻ്റെ ചുവന്നു കലങ്ങിയ കണ്ണുകളിലേക്ക് അപ്പു ഒന്നേ നോക്കിയുള്ളൂ. ഭ്രാന്തമായ വേഗത്തിൽ പൂജാമുറിയിലേക്ക് ചാടിക്കയറി, അവിടെയുണ്ടായിരുന്ന കൃഷ്ണവിഗ്രഹത്തെ തട്ടിമാറ്റി, കൊറോണ വൈറസിൻ്റെ വലിയൊരു ചിത്രം അവിടെ വച്ച് നിറഞ്ഞ കണ്ണുകളോടെ അവൻ കൈകൾ കൂപ്പി. കണ്ടു നിന്ന അമ്മ ഉയർന്നു വന്ന പൊട്ടിക്കരച്ചിലിനെ കൈകൾ കൊണ്ട് തടയാൻ ശ്രമിക്കുന്നതിനി

ഇനിയും മരിക്കാത്ത ഓർമ്മകൾ

കഥ: ഇനിയും മരിക്കാത്ത ഓർമ്മകൾ മരുന്നുകളുടെ മനം മടുപ്പിക്കുന്ന ഗന്ധവും വിഴുങ്ങി ശ്രീധരൻ ഉറക്കം നടിച്ച് കിടന്നു. തൂവെള്ള വസ്ത്രം ധരിച്ച നഴ്സുമാർ ധൃതി പിടിച്ച് അങ്ങോട്ടുമിങ്ങോടും ഓടുന്ന ശബ്ദത്തിനിടയിൽ മകൻ്റെ ക്ഷീണിച്ച സ്വരം അയാൾ തിരിച്ചറിഞ്ഞു. "സർജറി നാളെ നടത്താം എന്നാണ് ഡോക്ടർ പറഞ്ഞത്. " അയാൾ പതിയെ കണ്ണു തുറന്നു. " ഒരു പാട് ചെലവ് വര്വോ മോനേ?" '' ഇല്ലച്ഛാ. ഒരു ചെറിയ ഓപ്പറേഷൻ അത്രേയുള്ളൂ" ആൻജിയോപ്ലാസ്റ്റിയെപ്പറ്റിയുള്ള വിഷയം മാറ്റാനെന്നോണം അവൻ വീണ്ടും ചോദിച്ചു " അച്ഛന് കുടിക്കാനെന്തെങ്കിലും?" വേണ്ടെന്ന് അയാൾ തലയാട്ടി. മരണത്തെക്കുറിച്ച് മാത്രമായിരുന്നു അപ്പോഴയാളുടെ ചിന്ത. ജരാനരകളേറ്റു വാങ്ങിയ ശരീരം മനസ്സിനൊരു ഭാരമായിത്തുടങ്ങിയിരിക്കുന്നു. ഈ പ്രായത്തിലൊരു സർജറി താങ്ങാനുള്ള കരുത്ത് തൻ്റെ ശരീരത്തിനുണ്ടാവില്ലെന്നയാൾ തീർത്തും വിശ്വസിച്ചു. ഉച്ചയായപ്പോഴേക്കും അയൽക്കാരിയായ ലക്ഷ്മിയമ്മയെയും കൂട്ടി മകൻ്റെ ഭാര്യ എത്തി. " ക്ഷീണം കുറവുണ്ടോ ശ്രീധരേട്ടാ?" ലക്ഷ്മിയമ്മ തൻ്റെ നരച്ച മുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട് ചോദിച്ചു.