ഇനിയും മരിക്കാത്ത ഓർമ്മകൾ

കഥ: ഇനിയും മരിക്കാത്ത ഓർമ്മകൾ
മരുന്നുകളുടെ മനം മടുപ്പിക്കുന്ന ഗന്ധവും വിഴുങ്ങി ശ്രീധരൻ ഉറക്കം നടിച്ച് കിടന്നു. തൂവെള്ള വസ്ത്രം ധരിച്ച നഴ്സുമാർ ധൃതി പിടിച്ച് അങ്ങോട്ടുമിങ്ങോടും ഓടുന്ന ശബ്ദത്തിനിടയിൽ മകൻ്റെ ക്ഷീണിച്ച സ്വരം അയാൾ തിരിച്ചറിഞ്ഞു.
"സർജറി നാളെ നടത്താം എന്നാണ് ഡോക്ടർ പറഞ്ഞത്. "
അയാൾ പതിയെ കണ്ണു തുറന്നു.
" ഒരു പാട് ചെലവ് വര്വോ മോനേ?"
'' ഇല്ലച്ഛാ. ഒരു ചെറിയ ഓപ്പറേഷൻ അത്രേയുള്ളൂ"
ആൻജിയോപ്ലാസ്റ്റിയെപ്പറ്റിയുള്ള വിഷയം മാറ്റാനെന്നോണം അവൻ വീണ്ടും ചോദിച്ചു
" അച്ഛന് കുടിക്കാനെന്തെങ്കിലും?"
വേണ്ടെന്ന് അയാൾ തലയാട്ടി.
മരണത്തെക്കുറിച്ച് മാത്രമായിരുന്നു അപ്പോഴയാളുടെ ചിന്ത. ജരാനരകളേറ്റു വാങ്ങിയ ശരീരം മനസ്സിനൊരു ഭാരമായിത്തുടങ്ങിയിരിക്കുന്നു. ഈ പ്രായത്തിലൊരു സർജറി താങ്ങാനുള്ള കരുത്ത് തൻ്റെ ശരീരത്തിനുണ്ടാവില്ലെന്നയാൾ തീർത്തും വിശ്വസിച്ചു. ഉച്ചയായപ്പോഴേക്കും അയൽക്കാരിയായ ലക്ഷ്മിയമ്മയെയും കൂട്ടി മകൻ്റെ ഭാര്യ എത്തി.
" ക്ഷീണം കുറവുണ്ടോ ശ്രീധരേട്ടാ?"
ലക്ഷ്മിയമ്മ തൻ്റെ നരച്ച മുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട് ചോദിച്ചു.
" ഉം നല്ല ഭേദമുണ്ട് ദച്ചൂട്ടീ"
ശ്രീധരൻ്റെ മുഖത്ത് ചിരി വിടർന്നു.
ശ്രീധരൻ്റെ ചിന്തകൾ അതിവേഗം പിറകിലേക്ക് ചിറകടിച്ചു. പണ്ടും അങ്ങനെയായിരുന്നു. ദച്ചൂട്ടിയുടെ 'ശ്രീധരേട്ടാ ' വിളി കേട്ടാലുടനെ പൊടിമീശക്കാരൻ ശ്രീധരൻ്റെ എല്ലാ വിഷമങ്ങളും മാറും. അത്രയേറെ ഇഷ്ടമായിരുന്നു ദച്ചൂട്ടിയെ. ഏത് തരം ഇഷ്ടമെന്നു ചോദിച്ചാൽ ശ്രീധരനൊന്ന് കുഴങ്ങും. 'പ്രണയമായിരുന്നോ തനിക്കവളോട്? ' സ്വന്തം മനസാക്ഷിയോട് തന്നെ പലപ്പോഴും ചോദിച്ചു നോക്കിയിട്ടുണ്ട്. അതെ പ്രണയം! പക്ഷേ അതവളോട് പറയാനുള്ള ധൈര്യം ശ്രീധരനുണ്ടായിരുന്നില്ല. അയൽക്കാരനായ കളിക്കൂട്ടുകാരനെ അവളെങ്ങനെയാ മനസ്സിലാക്കിയിരിക്കുന്നതെന്നറിയില്ലല്ലോ. ഒരു പക്ഷേ ആ 'ശ്രീധരേട്ടാ' വിളിയിൽ അവളൊരാങ്ങളെയെയാണ് കണ്ടതെങ്കിൽ? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കു മുന്നിൽ ശ്രീധരൻ്റെ പ്രണയവും നിന്നു വിറച്ചു. തൻ്റെ പ്രണയമറിഞ്ഞാൽ ഒരു പക്ഷേ അവൾ തന്നിൽ നിന്നകന്നാലോ എന്ന ഭയം അയാളെ നിശബ്ദനാക്കി. കാലമവളെ കല്യാണപ്പെണ്ണായി അണിയിച്ചൊരുക്കിയപ്പോഴും അയാൾക്ക് നിശ്ചലനായി നിൽക്കാനേ കഴിഞ്ഞുള്ളൂ.
" ശ്രീധരേട്ടാ ഞാൻ കല്യാണം കഴിഞ്ഞു പോയാൽ പിന്നെ എന്നെ മറന്നു പോവ്വോ" എന്നവൾ ചിരിച്ചുകൊണ്ടാണ് ചോദിച്ചതെങ്കിലും അന്ന് മുഴുവൻ അതേക്കുറിച്ചായി ചിന്ത. ഒരു പക്ഷേ അവൾക്ക് തന്നോടും പ്രണയം തോന്നിയിട്ടുണ്ടാവുമോ? തന്നെപ്പോലെത്തന്നെ തുറന്നു പറയാനാവാതെ...
തനിക്കവളെ എന്നന്നേക്കുമായി നഷ്ടപ്പെടുകയാണെന്നറിഞ്ഞിട്ടും വേദന കടിച്ചമർത്തി അയാൾ ചിരിച്ചു കൊണ്ടവളെ യാത്രയാക്കി. അവൾക്കൊരു നല്ല ജീവിതം കിട്ടട്ടെ എന്നു സമാധാനിച്ചു. ശ്രീധരൻ്റെ പ്രണയം അയാളിൽ തന്നെ ഒതുങ്ങി. പിന്നെ വർഷങ്ങളോളം അവളെക്കാണാതെ... എങ്കിലും അമ്മ ദച്ചൂട്ടിയുടെ വിശേഷങ്ങൾ പറയുമ്പോൾ അറിയാതെ അയാൾ കോരിത്തരിച്ചിരുന്നു. കാലം അയാളെയും കുടുംബസ്ഥനാക്കി. തലയിൽ നേർത്ത വെള്ളി രേഖകൾ തെളിഞ്ഞു തുടങ്ങിയ കാലത്താണ് വീണ്ടും ദച്ചൂട്ടിയെ അയൽക്കാരിയായി കിട്ടിയത്. ലക്ഷ്മിയും കുടുംബവും തറവാട്ട് വീട്ടിലേക്ക് സ്ഥിരതാമസത്തിനെത്തിയെന്നറിഞ്ഞപ്പോൾ ശ്രീധരൻ്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം. കാലം ചുളിവുകൾ വീഴ്ത്തിയ അവളുടെ മുഖത്തെ കുഴിഞ്ഞ കണ്ണുകളിലെ തീവ്രതയെ നേരിടാൻ അയാൾക്ക് എന്നും ഭയം തന്നെയായിരുന്നു. എങ്കിലും പലപ്പോഴും അയാൾ ആഗ്രഹിച്ചു, തമാശക്കഥകളുടെ കൂട്ടത്തിൽ തൻ്റെ പഴയ പ്രണയകഥ അവളോട് പറയാൻ. ഒരു പക്ഷേ ആ ഒറ്റക്കാരണത്താൽ അവൾ തന്നെ വെറുത്താലോ എന്ന് ഭയന്ന് അയാൾ മൗനം പാലിച്ചു. സ്ത്രീകളുടെ മനസ് എങ്ങനെയായിരിക്കുമെന്നറിയില്ല. മാത്രവുമല്ല അങ്ങനെയൊരു കഥ പറഞ്ഞ് സ്വന്തം കുടുംബത്തെക്കൂടി നഷ്ടപ്പെടുത്താൻ അയാൾ ആഗ്രഹിച്ചിരുന്നില്ല.
മരണം കൺമുന്നിൽ വന്നു നിൽക്കുമ്പോൾ അയാളിൽ വല്ലാത്തൊരു മനപ്രയാസം ദച്ചൂട്ടി തന്നെയായിരുന്നു. മരിക്കുന്നതിന് മുമ്പ് തൻ്റെ പ്രണയം അവളെ അറിയിക്കണമെന്ന് മനസ് ശാഠ്യം പിടിച്ചു. ഇപ്പോഴാണ്ടെങ്കിൽ ഈ ആശുപത്രിക്കിടക്കയിൽ കിടന്ന് താനത് പറഞ്ഞാലും അവൾ തന്നെ വെറുക്കില്ലായിരിക്കും.
മരുമകൾ മരുന്നു വാങ്ങാനായി പോയിരിക്കുകയാണ്. അയാൾ പതിയെ ദച്ചൂട്ടിക്ക് മുന്നിൽ ഓർമ്മകളുടെ ഭാണ്ഡം തുറന്നു.
ചെറുപ്പത്തിലെ കുസൃതികളും മറ്റും പറഞ്ഞു കൊണ്ടിരുന്നപ്പോൾ അതിശയത്തോടെ ദച്ചൂട്ടി കേട്ടിരുന്നു.
" ശ്രീധരേട്ടനിതൊക്കെ ഇപ്പഴും ഓർത്തിരിക്കുന്നു എന്നത് അത്ഭുതം തന്നെ"
"എങ്ങനെ മറക്കാനാവും ദച്ചൂട്ടീ.. അന്നൊക്കെ നിന്നെക്കുറിച്ച് ചിന്തിക്കാത്ത ഒരു നിമിഷം പോലുമില്ലായിരുന്നു എനിക്ക്. നിനക്കറിയാമോ എൻ്റെ മനസ്സ് നിറയെ നിന്നോടുള്ള പ്രണയമായിരുന്നു " അതും പറഞ്ഞ് വലിയ തമാശ പറഞ്ഞ മട്ടിൽ അയാൾ ചിരിച്ചു. ആ വലിയ ഭാരം മനസ്സിൽ നിന്നിറക്കിയതിൻ്റെ ആയാസത്തോടെ ദച്ചൂട്ടിയുടെ മുഖത്തേക്ക് പാളി നോക്കി.
വറ്റിവരണ്ട ആ കണ്ണുകളിൽ നിർത്തിളക്കം. പളുങ്കുമണികൾ പോലെയാ തുള്ളികൾ കവിളിലെ ചുളിവുകളിൽ തട്ടിയം തടഞ്ഞും താഴോട്ട്... പൊടുന്നനെ അവരെഴുന്നേറ്റ് കണ്ണു തുടച്ച് തിരിഞ്ഞു നടന്നു. മരിക്കും മുമ്പ് മനസിലെ എല്ലാ ഭാരവും ഇറക്കി വെച്ചെന്നാശ്വസിച്ച ശ്രീധരൻ ആ കണ്ണീർ തുള്ളിക്കു മുന്നിൽ പകച്ചു പോയി.
രണ്ടാഴ്ച കഴിഞ്ഞു പോയി കാണണം. ഓപ്പറേഷൻ കഴിഞ്ഞു. മരണം വഴിമാറിപ്പോയ സന്തോഷത്തിൽ തിരികേ വീട്ടിലേക്ക് മടങ്ങുകയാണ്. വീടിനു മുന്നിൽ കാർ നിർത്തി. കാറിൽ നിന്നിറങ്ങാൻ അയാളൊന്ന് മടിച്ചു. തൊട്ടടുത്താണല്ലോ ദച്ചൂട്ടിയുടെ വീട്! അവൾ ഉമ്മറത്തിരിപ്പുണ്ടാവും. ഇനിയെങ്ങനെ അവളുടെ മുഖത്തു നോക്കും? ഒരു കൗമാരക്കാരൻ്റെ വേവലാതിയോടെ അയാൾ ദച്ചൂട്ടിയുടെ വീട്ടിലേക്ക് കണ്ണുകൾ പായിച്ചു. ആ ഉമ്മറത്ത് അവളുടെ മക്കളും കൊച്ചുമക്കളുമൊക്കെയുണ്ടല്ലോ എന്നാലും പതിവു ബഹളങ്ങളില്ല.
" അവിടെയെന്താ മോനേ എല്ലാവരും വന്നിട്ടുണ്ടല്ലോ?"
അയാൾ മകൻ്റെ നേരെ ചോദ്യമെറിഞ്ഞു.
" അത് അച്ഛാ. നമ്മുടെ ലക്ഷ്മിയമ്മ... അവര് മരിച്ചു പോയി. അച്ഛൻ വിഷമിക്കേണ്ടല്ലോ എന്ന് കരുതി അറിയിക്കാതിരുന്നതാ... രണ്ടാഴ്ചയായി ...."
അവൻ്റെ വാക്കുകൾ അയാളുടെ ഹൃദയത്തെത്തുളച്ചു.
" അന്ന് അച്ഛനെക്കാണാൻ ഹോസ്പിറ്റലിൽ വന്ന ദിവസമാ... രാത്രിയിലായിരുന്നു. എന്താ പറ്റിയതെന്നറിയില്ല. പ്രായമായില്ലേ? വല്ല അസുഖവുമുണ്ടായിരുന്നോന്ന് അറിയില്ല "
ശ്രീധരനെ കട്ടിലിൽ കിടത്താൻ സഹായിക്കുന്നതിനിടയിൽ മരുമകൾ പറഞ്ഞു.
"മുത്തശ്ശാ " എന്ന് വിളിച്ച് കൊണ്ട് ഓടി വന്ന കൊച്ചു മക്കളുടെ കൈയും പിടിച്ച് മകൻ പുറത്തേക്ക് നടന്നു. " മുത്തച്ഛൻ വിശ്രമിക്കട്ടെ മക്കളെ നല്ല ക്ഷീണം കാണും''
അതെ ക്ഷീണമുണ്ട്. നല്ല ക്ഷീണമുണ്ട്. ശ്രീധരൻ നിറഞ്ഞു തുളുമ്പിയ മിഴികൾ ഇറുക്കിയടക്കാൻ പാടുപെട്ടു.
-----------------------
-അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം