കഥ: കൂലി.
കുംഭമാസത്തിന്റെ വികൃതിയെന്നോണം പൊടി പറത്തി വന്ന കാറ്റിനൊപ്പം വെയിലു കൂടി കനത്തു തുടങ്ങിയപ്പോൾ, ശെൽവൻ തന്റെ ചുക്കിച്ചുളിഞ്ഞ കൈകൾ തന്റെ തോൾ സഞ്ചിയിലേക്ക് താഴ്ത്തി. കുപ്പിയിലെ വെള്ളം തീരാറായിരിക്കുന്നു. കത്തുന്ന വിശപ്പിനെ ചെറുക്കാൻ ഇനി വെള്ളവുമില്ലെന്ന അറിവ് അയാളെ പരവശനാക്കി. ബസിൽ നിന്നിറങ്ങി വരുന്ന ഓരോരുത്തരുടെയും കാലുകളിലേക്ക് അയാൾ പ്രതീക്ഷയോടെ നോക്കി. പല ബ്രാൻഡിലുള്ള പല വിധത്തിലുള്ള ചെരുപ്പുകൾ.അവയിലൊന്നിന്റെയെങ്കിലും വശം അല്പം കീറിയിട്ടുണ്ടായിരുന്നെങ്കിൽ, വള്ളി പൊട്ടിപ്പോയിരുന്നെങ്കിൽ... അങ്ങനെ ആഗ്രഹിക്കാനേ അയാൾക്ക് കഴിഞ്ഞുള്ളൂ. തന്റെ മക്കളുടെ വിശപ്പകറ്റാൻ ഒരു വഴി തേടിയാണ് അച്ഛൻ സമ്പാദ്യമായിത്തന്ന നൂലും സൂചികളുമൊക്കെ തോൾ സഞ്ചിയിലാക്കിയിറങ്ങിയത്. പൊട്ടിപ്പോയ ബാഗുകളും ചെരുപ്പുകളും അയാൾക്ക് മുന്നിൽ തല കുനിച്ചു. ആർക്കും വേണ്ടാതെ, വലിച്ചെറിയപ്പെട്ട ഫ്ലക്സുകൾ റോഡരികിൽ അയാൾക്ക് ചുവരുകളായി. അതിനുളളിൽ പൊള്ളുന്ന വെയിൽ വകവെക്കാതെ അയാൾ കാത്തിരുന്നു. ഒരു ചെരുപ്പെങ്കിലും തുന്നാൻ കിട്ടിയിരുന്നെങ്കിൽ!.. വിശന്നു കരയുന്ന കുഞ്ഞുങ്ങൾക്ക് മുന്നിൽ പലഹാരപ്പൊതിയുമായി തനിക്കും കയറിച്ചെല്ലണം.
തൊട്ടടുത്ത ഹോട്ടലിൽ നിന്നും പാകമാവുന്ന ഭക്ഷണത്തിന്റെ തീക്ഷ്ണ ഗന്ധവും വിഴുങ്ങി എത്ര ദിവസങ്ങളായി ഇരിപ്പ് തുടങ്ങിയിട്ട്! ഒരു വർഷം കൂടെക്കഴിഞ്ഞാൽ തന്റെ മോളെ സ്കൂളിൽ ചേർക്കാം. അവളെ സ്കൂളിൽ ചേർത്ത് പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണം. സ്കൂളിലായാൽ ഒരു നേരത്തെ ഭക്ഷണം കിട്ടും. എന്നാലും അതു പോരല്ലോ മറ്റു കുഞ്ഞുങ്ങൾ കളിയാക്കാത്ത രീതിയിൽ അവളെയും ഒരുക്കി സ്കൂളിൽ വിടണം. ആവശ്യത്തിനു ഭക്ഷണവും വസ്ത്രവുമെല്ലാം വേണം. തന്റെ ഈ അവശ ശരീരവും വച്ച് ഭാരമേറിയ ജോലിയൊന്നും ചെയ്യാനും വയ്യ. കുട്ടിക്കാലത്ത്, തലയ്ക്കു മുകളിലൂടെ ഇരമ്പിപ്പാഞ്ഞു പോകുന്ന ഹെലികോപ്ടറിനെ കാണാൻ ആവേശത്തോടെ ചാടി മുറ്റത്തിറങ്ങിയപ്പോഴും തൊട്ടടുത്ത കശുമാവിൻ തോട്ടത്തിലേക്ക് മഴയായ് പെയ്ത എൻഡോസൾഫാന്റെ ചാറ്റൽ ആസ്വദിച്ചപ്പോഴും തന്റെ അമ്മ പോലും കരുതിക്കാണില്ല സ്വന്തം കുഞ്ഞിന്റെ ഭാവിക്കു മേലെ കരിനിഴൽ വീഴ്ത്തിയാണ് ആ ഹെലികോപ്ടറുകൾ ചിറകടിച്ചതെന്ന്. ഒരു ദീർഘനിശ്വാസത്തോടെ റോഡിലെ മരീചിക നോക്കി ശെൽവൻ ഇരിപ്പ് തുടർന്നു.
ശെൽവന്റെ കണ്ണുകളിലും മനസ്സിലും പ്രതീക്ഷയുടെ പൊൻപ്രഭ ചൊരിഞ്ഞു കൊണ്ട് രണ്ട് പരിഷ്കാരി പെൺകുട്ടികൾ അയാൾക്ക് മുന്നിൽ വന്നു നിന്നു.
"ഈ ചെരുപ്പ് ഒന്നു വേഗം തുന്നണം"
ആ വാക്കുകൾ അയാളുടെ ഉള്ളിൽ കുളിർ മഴയായി പെയ്തു. വില കൂടിയ ആ ചെരുപ്പിൽ തന്റെ സൂചി കുത്തി വലിച്ച് മുറുക്കിക്കെട്ടുമ്പോൾ അയാളുടെ മനസ്സു നിറയെ സ്വന്തം കുഞ്ഞിന്റെ ചിരിക്കുന്ന മുഖമായിരുന്നു.
'അവളുടെ കുഞ്ഞു കൈകളിൽ പലഹാരപ്പൊതി വച്ചു കൊടുക്കുമ്പോൾ സന്തോഷം കൊണ്ട് അവളെന്നെ കെട്ടിപ്പിടിച്ചു കരയുമായിരിക്കും'
അതോർത്തപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു പോയി. മുന്നിൽ നിൽക്കുന്ന കുട്ടികൾ കാണാതെ അയാൾ കണ്ണു തുടച്ചു. ജോലിയിൽ വ്യാപൃതനായി. ചെരുപ്പു നൽകിയ പെൺകുട്ടി മൊബൈൽ ഫോണിൽ നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാനായി കൂട്ടുകാരി ഇടക്കിടെ ചുറ്റും നോക്കുന്നുമുണ്ട്.
" എടാ നീയിങ്ങോട്ട് വാ. ഞാൻ വരുന്ന വഴി ആ നാശം പിടിച്ച ബസ് ഗട്ടറിൽ ചാടി. എന്റെ ചെരുപ്പിന്റെ ഹീലൊന്നു തെന്നി അതിന്റെ വള്ളി പൊട്ടിപ്പോയി. അതാ ഞാൻ.... നീ വേഗം വാ ഇല്ലെങ്കിൽ നമ്മുടെ പ്ലാൻ മുഴുവൻ പൊളിയും ... "
ഇതു കേട്ടുകൊണ്ടിരുന്ന ശെൽവന്റെ മനസിൽ എന്തെന്നില്ലാത്ത ഒരു നീറ്റൽ അനുഭവപ്പെട്ടു. സ്നേഹിച്ചും താലോലിച്ചും വളർത്തിയ അച്ഛനമ്മമാരെ വിട്ട് കാമുകന്റെ കൂടെ പോകാനുള്ള തിരക്കിൽ പരിസരബോധമില്ലാതെ സംസാരിച്ചുകൊണ്ടിരുന്ന അവളെ കൂട്ടുകാരി ഒന്നു തോണ്ടി. അവൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്ത് അക്ഷമയോടെ ശെൽവനെ നോക്കി. അയാൾ വേഗത്തിൽ ചെരുപ്പുകൾ തുന്നി അവർക്കു നേരെ നീട്ടി.
" അമ്പതു രൂപ"
വില കൂടിയ വസ്ത്രങ്ങൾ ധരിച്ച ആ പെൺകുട്ടി ചെരുപ്പുകൾ വാങ്ങി ധരിച്ചു ' 'ശരിയായില്ലേ ടീ? ' എന്ന മട്ടിൽ കൂട്ടുകാരിയെ നോക്കി. പൊടിപറത്തി വന്ന ഒരു ബൈക്ക് ശെൽവന്റെ തൊട്ടടുത്ത് ബേക്കിട്ടതും പെൺകുട്ടികളെ അപ്രത്യക്ഷരാക്കി ആ ബൈക്ക് അകന്നുപോയതും നിമിഷ നേരം കൊണ്ടായിരുന്നു.
"അയ്യോ.. എന്റെ പൈസ തന്നില്ല.. "
അയാളുടെ ശബ്ദം തിരക്കുകൾക്കിടയിൽ നേർത്തലിഞ്ഞു.
"എന്റെ കാശ് തന്നിട്ട് പോ കുട്ടീ" എന്നാർത്തു കരഞ്ഞുകൊണ്ട് മുന്നോട്ട് ഓടിയ ശെൽവനെ പുച്ഛത്തോടെ നോക്കി ആളുകളോരോരുത്തരും അവരവരുടെ തിരക്കുകളിലലിഞ്ഞു. കത്തുന്ന വെയിൽ വാടിത്തളർന്ന ശരീരത്തിനൊപ്പം, മനസ്സിൽ കുഞ്ഞുമോൾക്കായി കരുതിയ പലഹാരപ്പൊതിയും ചിതറി വീണത് ശെൽവ നറിഞ്ഞു.
*******************

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം