അമ്മാളുവമ്മയുടെ വിഷു

കഥ:
*അമ്മാളുവമ്മയുടെ വിഷു*
തടിച്ച കാലുകളുള്ള കണ്ണട ഒന്നുകൂടി അമർത്തി വച്ചു കൊണ്ട് അമ്മാളുവമ്മ കലണ്ടറിലേക്ക് വീണ്ടും നോക്കി. " അതെ നാളെത്തന്നെയാണ് വിഷു. " ഒരു ദീർഘനിശ്വാസം പൊഴിച്ചു കൊണ്ട് തന്റെ നരച്ച മുടിയിഴകൾ മാടിയൊതുക്കി അവർ പതുക്കെ പുറത്തേക്ക് നടന്നു. തൊടിയിലെ കൊച്ചു കൃഷിയിടത്തിലെ പാവയ്ക്കയും വെണ്ടയുമൊക്കെ മൂപ്പെത്തിയിട്ടുണ്ട്.
''മുത്തശ്ശീ ഞാനും വരുന്നു"
കൊച്ചുമോളും ഉത്സാഹത്തോടെ ചാടിയിറങ്ങി. കലിയുഗത്തിലെ കൊറോണ നാളുകൾ ആ കൊച്ചു മിടുക്കിയെ മുത്തശ്ശിയോടടുപ്പിച്ച കാര്യമോർത്ത് അമ്മാളുവമ്മയുടെ ചുണ്ടിൽ ചിരി പടർന്നു. പാകമായവയെ ചെടിയിൽ നിന്ന് വേർപ്പെടുത്തിയപ്പോഴേക്കും മരുമകൾ കുട്ടയുമായെത്തി.
"അമ്മേ നാളെ കണിവെക്കാൻ.... "
തന്റെ മരുമോള് തന്നെയാണോ ഇത്? അമ്മാളുവമ്മ അത്ഭുതം മറച്ചു വെക്കാൻ പാടുപെട്ടു. താൻ ഓമനിച്ചു വളർത്തുന്ന കായ്കനികൾ ആരാലും ഗൗനിക്കപ്പെടാതെ, വിഷുദിനത്തിൽ പോലും ചെടികളിൽ തൂങ്ങിയാടുന്ന കാഴ്ച ഒരു വേദനയായി ഉളളിൽ നിറയുന്നത് അമ്മാളുവമ്മയുടെ ശീലങ്ങളിൽപ്പെട്ടിട്ട് വർഷങ്ങളായി. ആവേശപൂർവ്വം അവർ കായ്കനികൾ വീടിനകത്തെത്തിച്ചു. പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങളില്ലാതെ ആ രാത്രി കടന്നു പോയി.
രാവിലെ തെല്ലൊരഭിമാനത്തോടെത്തന്നെ വിഷുക്കണിയുടെ മുന്നിൽ നിന്നു. ഒരൽപ്പം ശങ്കയോടെ യാടെയാണെങ്കിലും കൈയിലുണ്ടായിരുന്ന നാണയത്തുട്ടുകൾ കൊച്ചുമകൾക്കു നേരെ നീട്ടി. ഭാഗ്യം അവൾ മുഖം തിരിച്ചു നടന്നില്ല, എന്നു മാത്രമല്ല കൈനീട്ടം വാങ്ങി മുത്തശ്ശിയോടൊപ്പമൊരു സെൽഫിയുമെടുത്തു അവൾ.
"ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് ഫോട്ടോ കോണ്ട സ്റ്റിൽ വിന്നറാവണമെനിക്ക് "
അവൾ പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ലെങ്കിലും ആ മുഖത്തെ ചിരി അവർക്കാശ്വാസമായി. പതിവിനു വിപരീതമായി ഉച്ചയൂണിന് മകനും ഭാര്യയും കുട്ടിയും കൂടെക്കൂടി. സാധാരണ വിഷുദിനങ്ങളിൽ അവരൊക്കെ രാവിലെ ഇറങ്ങിയാൽ പിന്നെ രാത്രിയേ തിരിച്ചെത്താറുണ്ടായിരുന്നുള്ളൂ.
പക്ഷേ എന്നും വിഷു നാളിൽ ഉച്ചയൂണിന് കൂട്ടിനെത്താറുള്ള കാർത്യായണി അമ്മ അന്ന് എത്തിയില്ല. ഒന്നന്വേഷിച്ചേക്കാം എന്നു കരുതി മെല്ലെ പുറത്തിറങ്ങി. അയൽ വീടിന്റെ മുറ്റത്തെത്തിയതും കാർത്യായണിയമ്മ ഓടി വന്നു കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി.
"എന്താ എന്തു പറ്റി കാർത്യായനീ നിന്നെയിന്നങ്ങോട്ടൊന്നും കണ്ടില്ലല്ലോ, നിനക്കെന്താ പറ്റ്യേ? നീയെന്തിനാടീ ഇങ്ങനെ കരയണേ?"
കാർത്യായണിയമ്മ കണ്ണു തുടച്ചു.. " ഇതേ സന്തോഷക്കണ്ണീരാ അമ്മാ ള്യേടത്തീ.. ഇന്ന് ഞാനെന്റെ മക്കളോടൊപ്പമിരുന്ന് ഊണു കഴിച്ചു "
നാലാൺ മക്കളാണ് കാർത്യായണിയമ്മയ്ക്ക്. പക്ഷേ പണിയെടുത്ത പൈസ മുഴുവൻ മദ്യപിച്ചു തീർക്കുന്ന അവരാവട്ടെ, വിശേഷ ദിവസങ്ങളിൽ കൂട്ടുകാരൊത്ത് ആഘോഷിച്ചതിന്റെ ലഹരി തീർക്കുന്നത് വീടിനകത്തുള്ള കഞ്ഞിക്കലമടക്കം തല്ലിപ്പൊട്ടിച്ചു കൊണ്ടായിരുന്നു.
"കുട്ട്യോളുടെ അച്ഛൻ പോയ ശേഷം ഇന്നാദ്യയിട്ടാ അവർ എന്റെ കൂടെ ഇലയിട്ടുണ്ണാനിരുന്നത്. " കാർത്യായണിയമ്മയുടെ വാക്കുകൾ ഇടറി. "മദ്യഷാപ്പുകളൊക്കെ ഇനി തുറക്കാതിരിക്കാൻ നമുക്കു പ്രാർത്ഥിക്കാം കാർത്യായണീ.. "
അമ്മാളുവമ്മ പ്രതിവചിച്ചു.
"മഹാമാരിയുമായി വന്ന ഈ കൊറോണ നമ്മുക്കിങ്ങനെയൊരു ഭാഗ്യം തരുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല " കാർത്യായണിയമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു
" ശരിയാ കാർത്യായണീ.. ഈ മൻസൻമ്മാരുടെ മനസ്സെല്ലാം വൃത്തിയാക്കീറ്റ് ഈ മഹാമാരി വേഗം പോയാ സമാധാനായിരുന്നു "
" ഇപ്പോ ഉള്ള ഈ സ്നേഹോം ബന്ധോം കൊറോണ പോയാലും നിലനിൽക്കണേ ഭഗവാനേ... " കാർത്യായനിയമ്മ മുകളിലേക്ക് നോക്കി കൈകൂപ്പി
അപ്പോഴേക്കും അമ്മാളുവമ്മയെ അന്വേഷിച്ച് കൊച്ചുമകൾ അവിടെയെത്തി.
"മുത്തശ്ശീ വാ .. ആ ചക്കേന്ന് നല്ല മണം വരണ് ണ്ട്. വാ നമുക്കത് കഴിക്കാം" അവൾ മുത്തശ്ശിയുടെ കൈയും പിടിച്ചു നടന്നു പോകുന്നത് നിറഞ്ഞ മനസ്സോടെ നോക്കി നിന്നു കാർത്യായണിയമ്മ. മനുഷ്യരാശിയെ മൊത്തമായി നശിപ്പിക്കാനുള്ള ശക്തിയുമായി തങ്ങൾക്കു ചുറ്റും വിഷമഴയായി പെയ്തിറങ്ങുന്ന വൈറസിനെക്കുറിച്ച് ഒരാവലാതിയുമില്ലാതെ അവർ വീടിനുള്ളിലേക്ക് നടന്നു.
*********
- അനിതമഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം