ഒരു ശാസ്ത്രോത്സവത്തിന്റെ ഓർമ്മയ്ക്ക്
2019 -20 അധ്യയന വർഷത്തെ കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം നടക്കുന്നത് തലശ്ശേരിയിലാണ്. ഞങ്ങളുടെ കൊച്ചു മിടുക്കന്മാർ ഉപജില്ലാ ഐ ടി മേളയിൽ കൈവരിച്ച വിജയം വീണ്ടും ആവർത്തിക്കണേ എന്ന പ്രാർത്ഥനയോടെ തലശേരിയിലേക്ക്. കണ്ണപുരം റയിൽവേ സ്റ്റേഷനിൽ നിന്നും, രാവിലെ 7.30നുള്ള ട്രെയിനിലാണ് യാത്ര. തലശ്ശേരി കോട്ടയ്ക്ക് തൊട്ടടുത്തായി, തലയുയർത്തി നിൽക്കുന്നു സെന്റ് ജോസഫ്സ് സ്കൂൾ. തൊട്ടടുത്തായി പളളിയുമുണ്ട്. സ്കൂൾ കോമ്പൗണ്ടിലേക്ക് കയറിയപ്പോൾ തന്നെ തിരമാലകളുടെ ആരവവും തണുത്ത കാറ്റും ഞങ്ങളെ വരവേറ്റു. ആർത്തലച്ചു വന്ന കൂറ്റൻ തിരമാലകൾ അരികിലെ പാറക്കെട്ടുകളിൽ തട്ടി ചിന്നിച്ചിതറുന്നതും നോക്കി കുറച്ചു നേരമങ്ങനെ നിന്നു. കടലിന്റെ മനോഹാരിത മുഴുവനായും തന്റെ മൊബൈൽ ഫോൺ ഗ്യാലറിയിൽ സേവ് ചെയ്ത ശേഷം ദിലീപ് മാഷ് കുട്ടികളെ പാർട്ടിസിപ്പന്റ് കാർഡ് നൽകി മത്സര സ്ഥലത്തേക്ക് യാത്രയാക്കി. മലയാളം ടൈപ്പിംഗിനായി നവനീതും അനിമേഷൻ നിർമ്മാണത്തിനായി അമൽ കൃഷ്ണയും വെബ് ഡിസൈനിംഗിനായി ആദിത്തും ഓരോ കമ്പ്യൂട്ടർ ലാബിലേക്ക് കയറി. ഹയർ സെക്കണ്ടറി കുട്ടികൾ അക്ഷമയോടെ പുറത്ത് കാത്തിരിപ്പായി. നിറഞ്ഞ ചിരിയുമായി പുറത്തേക്കിറങ്ങി വന്ന നവനീതിനെ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. ടൈപ്പിംഗ് മാത്രമേ കഴിഞ്ഞുള്ളൂ ഇനി രൂപ കൽപ്പന എന്ന രണ്ടാം ഘട്ടം ബാക്കിയുണ്ട് എന്ന് പറഞ്ഞ് നവനീത് ആത്മവിശ്വാസത്തോടെ ലാബിലേക്ക് കയറി. അനിമേഷൻ മത്സരം കഴിയാറായോ എന്നറിയാനായി അമൽ ഇരിക്കുന്ന ലാബിനു മുന്നിലെത്തി. അവിടുത്തെ തിരക്കു കാരണം നേരെ ഡിസൈനിംഗ്‌ നടക്കുന്ന ലാബിനടുത്തേക്ക് ചെന്നു. വെബ് ഡിസൈനിംഗ് കഴിഞ്ഞ് കുട്ടികളോരുരുത്തരായി പുറത്തേക്കിറങ്ങിത്തുടങ്ങി. ആകാംക്ഷയോടെ ഞാനും ജിഷ ടീച്ചറും ആദിത്തിനെയും കാത്തിരുന്നു. പൊടുന്നനെ ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് ആദിത്ത് ഓടിയിറങ്ങി വന്നു. നിരാശയോടെ " സിസ്റ്റം ചതിച്ചു. എനിക്ക് ഫസ്റ്റ് കിട്ടുമായിരുന്നു " എന്ന് വിക്കി വിക്കി പറഞ്ഞു കൊണ്ട് ഞങ്ങൾക്ക് മുഖം തരാതെ അവൻ ഓടി മറഞ്ഞു. അവന്റെ ഭാവവ്യത്യാസം കണ്ട് കൂട്ടുകാരും അവന്റെ പിറകെ ഓടി. കരഞ്ഞു കലങ്ങിയ കണ്ണുകളോടെയാണ് അവൻ വിവരങ്ങളറിയിച്ചത്. മത്സരം തുടങ്ങി കുറച്ചു കഴിഞ്ഞതും,കഴിഞ്ഞ ദിവസം വരെ ആരും തിരിഞ്ഞു നോക്കാതെ ഷെൽഫിന്റെ അടിയിൽ ഒളിച്ചിരുന്ന ആ HP ലാപ്ടോപ്പ് ഹാംങ്ങായി. HTML കോഡുകൾ പ്രവർത്തിക്കാത്തത് അവൻ ജഡ്ജസിന്റെ ശ്രദ്ധയിൽപ്പെടുത്തി. പ്രോഗ്രാമിൽ വന്ന അക്ഷരത്തെറ്റായിരിക്കുമെന്ന് പറഞ്ഞ് ജഡ്ജസ് പിന്മാറിയെങ്കിലും അവൻ തന്റെ ആവശ്യം വീണ്ടും അവരോട് പറഞ്ഞു കൊണ്ടിരുന്നു. അതനുസരിച്ച് അവർ, ആദിത്ത് അതുവരെ ചെയ്ത കോഡുകൾ പെൻ ഡ്രൈവിലേക്ക് കോപ്പി ചെയ്ത് മറ്റൊരു ലാപ് ടോപ്പിലേക്ക് പകർത്തി. അപ്പോഴേക്കും ഏകദേശം 20 മിനുട്ടോളം നഷ്ടപ്പെട്ടിരുന്നു. ആകെ ഒരു മണിക്കൂർ ദൈർഘ്യമുള്ള മത്സരത്തിന്റെ ബാക്കി ഭാഗവും ഇരുപത് മിനിട്ടിന് പകരമായി ജഡ്ജസ് നൽകിയ ആറു മിനിട്ടും കൊണ്ട് രണ്ട് പേജുകൾ നിർമ്മിച്ചു.പത്തോളം പേജുകളുള്ള വെബ് പേജ് എന്ന സ്വപ്നം മുന്നിൽ തകർന്നു വീണതറിഞ്ഞ അവൻ ആകെ തളർന്നു പോയിക്കാണണം. അവനത്രയും പറഞ്ഞു കേട്ടതും ഞങ്ങളിൽ രോഷം കത്തിക്കയറി. ഉടനെത്തന്നെ ദിലീപ് മാഷ് ഒരു A4 പേപ്പറിൽ പരാതിയെഴുതി പലരെയും ചെന്നു കണ്ടു. മത്സരം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ നൽകുന്ന പരാതിയായതിനാൽ എന്തെങ്കിലുമൊരു പരിഹാരം കിട്ടുമെന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി. "റിസൽട്ട് വന്നതിന് ശേഷം നിങ്ങൾ അപ്പീൽ കൊടുത്തോളൂ" എന്ന ഉത്തരങ്ങളിലെ 'മനുഷ്യത്വം' തിരിച്ചറിഞ്ഞ് പ്രതികരിക്കാനാവാതെ നിന്നു പോയി. നഷ്ടപ്പെട്ടു പോയ സമയം വീണ്ടെടുക്കാനാവാതെ, 'വിധി' എന്ന രണ്ടക്ഷങ്ങൾക്കുള്ളിൽ ആ സംഭവത്തെ താഴിട്ടുപൂട്ടി ഞങ്ങൾ ആദിത്തിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഇതൊക്കെ കണ്ട് ആശങ്കപ്പെട്ട് നിൽക്കുകയായിരുന്നു ഹയർ സെക്കണ്ടറി വിഭാഗം വെബ് ഡിസൈനിംഗ് മത്സരത്തിനെത്തിയ പ്രഷ്യസ്. ഇനി ലാപ്ടോപ്പ് തകരാറു വരില്ലെന്ന് അവനെ സമാധാനിപ്പിച്ച് മത്സരത്തിനയച്ചു. നവനീതും അമലും മത്സരം കഴിഞ്ഞ് തിരിച്ചെത്തി. മരച്ചുവട്ടിലിരുന്ന് എല്ലാവരും ഭക്ഷണം കഴിച്ചു. അമൽ ടെൻഷനോടെ വിരലും കടിച്ച് മുഖം താഴ്ത്തിയിരിപ്പാണ്. അനിമേഷന് വന്ന കുട്ടികൾ പലരും സൗണ്ട് റെക്കോർഡ് ചെയ്യാനുള്ള ഹെഡ്സെറ്റുമായി വന്നത് കണ്ട ടെൻഷനാണവന്. അപ്പോഴേക്കും ഹൈസ്കൂൾ വിഭാഗം വെബ് ഡിസൈനിംഗിന്റെ റിസൽ വന്നു. ആകെ പങ്കെടുത്ത ഇരുപത്തിയെട്ട് കുട്ടികളിൽ 6 കുട്ടികൾക്ക് മാത്രമാണ് A ഗ്രേഡ് കിട്ടിയത്. അതിലൊരാൾ നമ്മുടെ ആദിത്തായിരുന്നു.
"ഞാനപ്പോഴേ പറഞ്ഞില്ലേ ലാപ്ടോപ്പ് ചതിച്ചില്ലെങ്കിൽ ... " അവൻ വീണ്ടും സങ്കടപ്പെടാൻ തുടങ്ങി. അപ്പോഴേക്കും ഹയർ സെക്കണ്ടറി മലയാളം ടൈപ്പിംഗ് കഴിഞ്ഞ് നിവേദ് പുറത്തേക്കിറങ്ങി."പ്രോബോഡിസിയ എന്ന സസ്തനി കുടുംബത്തിൽ ഉൾപ്പെടുന്ന ജീവിയാണ് ആന.. എന്നു തുടങ്ങിയ കടിച്ചാ പൊട്ടാത്ത ഒരു പാരഗ്രാഫാണ് എനിക്ക് ടൈപ്പ് ചെയ്യാൻ കിട്ടിയത്. ഇതിനെന്ത് തലക്കെട്ട് കൊടുക്കണം?" എന്നും പറഞ്ഞു കൊണ്ട് നിവേദ് ഞങ്ങൾക്കരികിലേക്കോടി വന്നു.
"എന്നാപ്പിന്നെ നീ എലിഫസ് മാക്സിസ് എന്നു കൊടുത്തോടാ " എന്ന് ദിലീപ് മാഷ് പാതി കളിയായും കാര്യമായും പറഞ്ഞത് കേട്ട് കുട്ടികളെല്ലാവരും ചിരിച്ചു. കുട്ടികളുടെ മനസിന് റിലാക്സേഷനു വേണ്ടി തലശേരി കോട്ട സന്ദർശിച്ചിട്ടാവാം മടക്കം എന്ന് മാഷ് പറഞ്ഞത് കേട്ട് എല്ലാവരും ആവേശത്തിലായി. അനിമേഷൻ മത്സരം കഴിഞ്ഞ് വന്ന സഞ്ജു അവിടത്തെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയപ്പോഴേക്കും പ്രസന്നവദനനായി പ്രഷ്യസും തിരിച്ചെത്തി. കോട്ടയിലേക്ക് പോകാനായി ഇറങ്ങിയതും കോരിച്ചൊരിയുന്ന മഴ! മഴയുടെ താളലയങ്ങൾക്കിടയിൽ മൊബൈൽ ഫോണിൽ ആനിമേഷന്റെ റിസൽട്ട് വന്നതായി കണ്ടു. നമ്മുടെ അമൽ കൃഷ്ണ സംസ്ഥാന തല മത്സരത്തിനു യോഗ്യത നേടിയതറിഞ്ഞ് കുട്ടികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. മഴയുടെ ശക്തി കുറഞ്ഞതോടെ ഞങ്ങൾ തലശ്ശേരി കോട്ടയിലേക്ക് പോയി. അപ്പോഴേക്കും റിസൽട്ടുകൾ ഓരോന്നായി വന്നു തുടങ്ങി. മലയാളം ടൈപ്പിങ്ങിന് നവനീത് കുമാർ ഈ വർഷവും സംസ്ഥാന തല മത്സര യോഗ്യത നേടിയെന്ന വാർത്ത കുട്ടികൾ ഹർഷാരവത്തോടെ വരവേറ്റു. രണ്ടു വർഷമായി തോൽപ്പിക്കാൻ കഴിയാതിരുന്ന എതിരാളിയായ ഇമിത്യാസിനെ മലർത്തിയടിച്ച സന്തോഷത്തിൽ പ്രഷ്യസും, ഹെഡ്സെറ്റ് ഇല്ലാതിരുന്നിട്ടും എ ഗ്രേഡിൽ എത്തിയ സഞ്ജുവും കൂട്ടത്തിൽ മറ്റൊരു സ്കൂളിലാണെങ്കിലും നമ്മുടെ കൂടെയുണ്ടായിരുന്ന അനീറ്റയുടെയും എ ഗ്രേഡും എല്ലാവരും ആഘോഷിച്ചു. കുട്ടികളെല്ലാവരും A ഗ്രേഡോടെ മികച്ച വിജയം കാഴ്ചവെച്ചപ്പോൾ കണ്ണൂർ റവന്യൂ ജില്ലാ ഐ ടി മേള ഓവറോൾ ചാമ്പ്യൻഷിപ്പ് ചെറുകുന്ന് ബോയ്സ് സ്കൂളിന് സ്വന്തമായി. ആ സന്തോഷത്തിൽ എല്ലാവരും കൂടി നിന്ന് ഫോട്ടോയെടുത്ത് വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ഒഴുക്കി വിട്ടു. ബെസ്റ്റ് സ്കൂൾ ഐടി ഫെയർ എന്ന ലിങ്കിൽ ഒന്നാമതായി കാണുന്ന സ്കൂളിന്റെ പേര് പലയാവർത്തി വായിച്ച് കുട്ടികൾ മറ്റെല്ലാം മറന്ന് സന്തോഷിച്ചു. ഇനി പരശുറാം എക്സ്പ്രസിൽ തിരികെ കണ്ണപുരത്തേക്ക്. ആകാശും അമലും നവനീതും ചെറുകുന്നിന്റെ പേര് ഉയർത്തിപ്പിടിച്ച് സംസ്ഥാന ഐടി മേളയിലേക്ക്...
'വിധി' വില്ലനാവാതെ വിജയകിരീടം ചൂടി വരാൻ എന്റെ മക്കൾക്കാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് വിജയാശംസകൾ നേരുന്നു.


Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം