കവിത: തിരിച്ചറിവ്
രചന: അനിത മഗേഷ്
നറുമഞ്ഞിൻ കണങ്ങളിൽ പൊൻപ്രഭ തൂകി
പുലരിയുണരുന്നൊരീ ശ്യാമള ഭൂവിൽ
തെളിനീരു പുഴകളും കുന്നും മലകളും
പാടവും പുസ്തകത്താളിലൊളിച്ചതെന്തേ?
കൂരകളൊക്കെയും സൗധമായ്ത്തീരവെ
മതിലുകളവയെ ഒളിപ്പിക്കവേ
വികസന വേഗങ്ങൾ പലമുഖം തേടവേ
സുന്ദരിയാം പ്രകൃത്യംബയെങ്ങു പോയി?
ഒരു മഹാപ്രളയമെൻ കവിളിൽ മുട്ടവെ
ഞെട്ടിയുണർന്നു ഞാനന്തകാരത്തിൽ നിന്നും
അഹന്ത തൻ മൂടുപടമഴിഞ്ഞുവീഴുമ്പോൾ
കാണുന്നു ഞാനാ സത്യത്തിൻ നേർക്കാഴ്ചകൾ
ഊട്ടി വളർത്തി നീയമ്മേ, മക്കളെ .
നിന്നുള്ളിലുള്ളതെല്ലാമവർക്കായി നൽകി.
ആർത്തി മൂത്തു നാം മക്കളപ്പാടും കവർന്നു
നിൻ ഹരിതാഭയാകെത്തകർത്തൂ
വെട്ടി നിരത്തീ യന്ത്രക്കൈകളാൽ
നറും പാലു ചുരത്തുമീ കുന്നുകളത്രയും
വെട്ടിപ്പൊളിച്ചമ്മതന്നുടലാകെ
ഊറ്റിക്കുടിച്ചൂ ചുടുനിണമത്രയും
പൊട്ടിക്കരഞ്ഞുവോ നീയിന്ന്
നിൻ മിഴി നിർത്താതെ പെയ്തോ
ഞെട്ടിത്തരിച്ചു നാമൊന്നായ്
പേമാരിയിന്നൊരു പ്രളയമായ് തീർന്നപ്പോൾ

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം