കൊറോണ ദൈവം

മിനിക്കഥ
*കൊറോണ ദൈവം*
വർഷാന്ത്യപ്പരീക്ഷയില്ല എന്നറിഞ്ഞതിനേക്കാൾ അപ്പുവിന് സന്തോഷം നൽകിയത് ലോക്ക് ഡൗൺ പ്രഖ്യാപനം തന്നെയായിരുന്നു! താനേറെ കൊതിച്ചിരുന്ന അച്ഛൻ്റെ സ്നേഹം, ഒരിക്കലും സഫലമാകാത്ത സ്വപ്നമെന്നവൻ വിശ്വസിച്ച പിതൃവാത്സല്യം, അവനു നൽകിയ ലോക്ക്ഡൗണിനെ അവൻ ഹൃദയത്തോട് ചേർത്തു. രാത്രിയേറെ വൈകി നാലുകാലിൽ വരുന്ന അച്ഛൻ്റെ അലർച്ചകളും അമ്മയുടെ നിലവിളിയും മാഞ്ഞു തുടങ്ങിയ ആ കുഞ്ഞു മനസ്സിലേക്ക് ഇടിത്തീ പോലെയാണ് ആ വാർത്ത വന്നു പതിച്ചത്.
'മദ്യശാലകൾ വീണ്ടും തുറക്കാൻ പോകുന്നു.' വാർത്ത വായിച്ചത് മുതലുള്ള അവൻ്റെ ഭാവ വ്യത്യാസം അമ്മയും ശ്രദ്ധിച്ചുവോ? നേരം ഇരുട്ടാൻ തുടങ്ങിയിരിക്കുന്നു. അമ്മ സന്ധ്യാ ദീപം കൊളുത്തിയപ്പോഴേക്കും അച്ഛൻ്റെ തല വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. അച്ഛൻ്റെ ചുവന്നു കലങ്ങിയ കണ്ണുകളിലേക്ക് അപ്പു ഒന്നേ നോക്കിയുള്ളൂ. ഭ്രാന്തമായ വേഗത്തിൽ പൂജാമുറിയിലേക്ക് ചാടിക്കയറി, അവിടെയുണ്ടായിരുന്ന കൃഷ്ണവിഗ്രഹത്തെ തട്ടിമാറ്റി, കൊറോണ വൈറസിൻ്റെ വലിയൊരു ചിത്രം അവിടെ വച്ച് നിറഞ്ഞ കണ്ണുകളോടെ അവൻ കൈകൾ കൂപ്പി. കണ്ടു നിന്ന അമ്മ ഉയർന്നു വന്ന പൊട്ടിക്കരച്ചിലിനെ കൈകൾ കൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടയിൽ അച്ഛൻ്റെ കൈയിലുണ്ടായിരുന്ന കുപ്പി നിലത്ത് പളുങ്കുമണികളായ് ചിതറി.
--------------------------------------------

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം