അരുതു പോകരുതാ വഴിയോമലേ
ചെന്നായ്ക്കളുള്ളോരുൾക്കാട്ടിലേക്കു നീ
ചോരയൂറ്റിക്കുടിക്കുമവയുടെ ഭീതിതമാം
കഥപാടിയുറക്കിയെൻ മുത്തിനെ
കൊടിയ ദാരിദ്യത്തിൻ കരിനിഴൽ
വീഴ്ത്താതെ, പശിയറിയാതെ
വളർത്തുവാനല്ലയോ പോയതിന്നു
ഞാൻ പൂക്കളിറുക്കുവാൻ
ശോണിതമാം നയനങ്ങൾ തീർത്ത തീ നാളങ്ങളി
ലെന്റെ കുടിലും ചുവന്നുവോ
കുഞ്ഞിളം ചുണ്ടുകളിൽ കാമത്തെ കണ്ടു
പിഞ്ചു ബാല്യത്തിൻ പുഞ്ചിരി മായ്ച്ചുവോ
കൂർത്ത നഖമുനകളിൽ ജീവൻ പിടയവേ
മുക്കുറ്റിയിലകളിലുമിറ്റു വീഴുന്നു ചെഞ്ചായം
അവളുടെ വിവർണ വദനത്തിലേ-
ക്കരിച്ചെത്തുമുറുമ്പിൻ കൂട്ടവും!
നീ പാതിവരച്ചൊരാ ചിത്രമെന്തോ മൊഴിയുന്നു
നിൻ കുഞ്ഞുടുപ്പുകളുമായലമാര വിതുമ്പുന്നു
നിൻ പദനിസ്വനമില്ലാതെയങ്കണവും
ഉത്തരമില്ലാതെയമ്മ മനം കേഴുന്നു
ഹൃദയം തകർന്നമ്മതൻ
കൺകളിരുട്ടിനെ പുൽകവേ
ക്യാമറക്കണ്ണുകൾ വെളിച്ചം വിതറുന്നു
ചുറ്റിനുമുയരുന്നു ദീർഘനിശ്വാസവും
കൊടിയ വേദനയാൽ നീറുമമ്മ
തന്നശ്രുധാരയ്ക്കിന്നെന്തുത്തര
മേകുവാൻ കെൽപ്പുണ്ടു കാലമേ ?
ഇരകളൊരു തുടർക്കഥയാകവേ..

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം