മനുഷ്യമൃഗങ്ങൾ


കഥ:മനുഷ്യ മൃഗങ്ങൾ

==================


      വഴിയരികിലെ കടകളെല്ലാം ഇരുട്ടു പുതച്ചു കിടക്കുന്നതിനിടയിലൂടെ ടൗണിലേക്കുള്ള അവസാന ബസ് ആലസ്യത്തോടെ നിരങ്ങി നീങ്ങി.

 ബസ്സ്റ്റാൻഡിലെ നിശബ്ദതയിലേക്ക്  ശീതൾ പതിയെ കാലെടുത്തുവച്ചു.


 ചേച്ചിയമ്മയുടെ കാർ അവളെയും കാത്ത് വഴിയരികിൽ തന്നെയുണ്ട്. ഫുട്പാത്തിൽ വഴിയോര കച്ചവടക്കാരും യാചകരും തളർന്നുറങ്ങുന്ന കാഴ്ച സ്ട്രീറ്റ് ലൈറ്റിൻ്റെ നേരിയ വെളിച്ചത്തിൽ ശീതൾ പാളി നോക്കി.


 കൂട്ടത്തിലൊരുവൾ തൻ്റെ കുഞ്ഞിനെ കടിക്കുന്ന കൊതുകുകളെ ഓടിക്കാനായി ഉറക്കമിളച്ച് കുന്തിച്ചിരിപ്പിക്കുന്ന കാഴ്ചയിൽ കണ്ണു തറഞ്ഞ് നിന്നു പോയ ശീതളിനെ ചേച്ചിയമ്മ കൈയിൽ പിടിച്ചു വലിച്ചു.


"എൻ്റെ വക്കീലേ... കാഴ്ച കണ്ടു നിക്കാതെ വേഗം വന്നേ, സമയം ഒരു പാട് വൈകി."


 സീറ്റിൽ ചാരിയിരുന്ന അവളുടെ വിവർണ്ണമായ മുഖം കണ്ടിട്ടാവണം ചേച്ചിയമ്മ ഒന്നും സംസാരിക്കാതെ കാർ സ്റ്റാർട്ട് ചെയ്തത്.


അവളുടെ ഓർമ്മകൾ പതിയെ ബാല്യത്തിലേക്കൂഴിയിട്ടു.


പത്തുവയസുകാരി ശീതളിൻ്റെ കൈയ് പിടിച്ചു നടന്ന നാലു വയസുകാരൻ സിദ്ധാർത്ഥിൻ്റെ നിഷ്കളങ്കമായ ചിരികൾ എങ്ങും നിറഞ്ഞു. അവനെ ഒക്കത്തിരുത്തി ഏന്തി വലിഞ്ഞ് തൊടികളിലൂടെ നടക്കാൻ അവൾക്കേറെ ഇഷ്ടമായിരുന്നു.


കശുമാവിൻ കൊമ്പിൽ തൂങ്ങിയാടിയ അച്ഛൻ്റെ മുഖം ഭയപ്പെടുത്തുന്ന ഓർമ്മയായി മനസിൽ തെളിയുമ്പോൾ അവൾ കുഞ്ഞനിയനെയും കൊണ്ട് അമ്മയ്ക്കരികിലേക്കോടും. അമ്മ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് മുന്നിൽ ചെന്നു പെട്ടതെങ്കിൽ നല്ല അടിയും കിട്ടും.


ഇടയ്ക്കിടെ വീട്ടിലേക്ക് കയറി വരുന്ന രവി മാമൻ മാത്രമാണ് അവളെ കൊഞ്ചിക്കാറുണ്ടായിരുന്നത്!

പതിയെ അതവൾ വെറുത്തും തുടങ്ങി.

രവി മാമനെ ഡാഡി എന്നു വിളിക്കണമെന്ന് അമ്മ പറഞ്ഞ് പഠിപ്പിച്ചപ്പോൾ എന്തിനെന്നറിയാതെ വാശി പിടിച്ചു കരയുമായിരുന്നു സിദ്ധാർത്ഥ്. അയാളെ അവന് പേടിയായിരുന്നു. സിദ്ധാർത്ഥിനെ രവി മാമൻ കൊഞ്ചിക്കുന്നത് അവളും കണ്ടിരുന്നില്ല.


അന്ന്, അമ്മയുടെ മുറിയിലെ ശബ്ദം കേട്ടാണ് ഉറക്കത്തിൽ അവൾ ഞെട്ടിയുണർന്നത്. അല്ലെങ്കിലും അമ്മ അവളെ തൊട്ടടുത്ത മുറിയിലേക്ക്  മാറ്റിക്കിടത്തിയ നാളു മുതൽ  പേടിയോടെ കണ്ണടച്ചു കിടക്കാറുണ്ടെങ്കിലും ഉറക്കം അവളോട് പിണങ്ങിയിരുന്നു. 


വീടിൻ്റെ പ്രധാന വാതിൽ തുറക്കപ്പെടുന്ന ശബ്ദം കേട്ടതും നെഞ്ചിടിപ്പോടെ വാതിൽപ്പാളികൾക്കിടയിലൂടെ എത്തി നോക്കി. ഇരുട്ടിൽ രണ്ടു രൂപങ്ങൾ മുറ്റത്തിറങ്ങുന്നു. അമ്മയും രവി മാമനും!

അമ്മയുടെ കൈയിൽ സിദ്ധാർത്ഥുമുണ്ട്. 

അപ്പോഴാണ് താനാ വീട്ടിനകത്ത് ഒറ്റയ്ക്കാണെന്ന തിരിച്ചറിവ് അവളുടെ ഉള്ളിൽ നിറഞ്ഞത്.  

എവിടെ നിന്നോ കൈവന്ന ധൈര്യത്താൽ അവൾ പതിയെ അവരെ പിന്തുടർന്നു. നേരിയ നിലാവു വീണ വഴിയിലുടെ ടോർച്ച് ലൈറ്റു പോലുമില്ലാതെ അവർ നേരെ കശുമാവിൻ തോട്ടത്തിലേക്ക് കയറി. അമ്മ തോളിൽ നിന്നും സിദ്ധാർത്ഥിനെ എടുത്ത് രവി മാമൻ്റെ കൈകളിലേക്ക് വച്ചു കൊടുക്കുന്നു. 


പതിയെ അമ്മയുടെ മുഖം മാറുന്നു. കൂർത്ത ദംഷ്ട്രകൾ പുറത്ത് കാണിച്ച് വന്യമായി ചിരിക്കുന്നു... അതിനു മറുപടിയായിട്ടെന്നോണം തിളങ്ങുന്ന കണ്ണുകളോടെ രവി മാമൻ! പാറക്കെട്ടിനടുത്തേക്ക് നീങ്ങി.


ഒരു നിമിഷം!


ശീതൾ നടുങ്ങി വിറച്ചു പോയി.

സിദ്ധാർത്ഥ് പഴന്തുണി പോലെ മുകളിലേക്കുയർന്നതും പാറക്കല്ലിലേക്ക് പതിച്ചതും ഒരുമിച്ചായിരുന്നു.

അവളുടെ സ്വന പേടകങ്ങൾ ആമാശയത്തോളം താണുപോയി.


 അമ്മയുടെയും രവി മാമൻ്റെയും മുഖമാകെ രോമാവൃതമായി.

 ദംഷ്ട്രകളിൽ നിന്നും രക്തം ഇറ്റു വീഴുന്നു. താനിന്നേ വരെ ഒരു കഥയിലും കേട്ടിട്ടാല്ലാത്ത, ഭീകരരായ ആ മനുഷ്യമൃഗങ്ങൾ കരിയിലകൾ ചവിട്ടിയരച്ചു കടന്നു പോയപ്പോൾ രക്തം മരവിച്ച പോലിരുക്കുകയായിരുന്നു ശീതൾ.


ആ ഓർമ്മകളുടെ ഞെട്ടലിൽ അവൾ കണ്ണു തുറന്നപ്പോഴേക്കും കാർ വീട്ടുമുറ്റത്തേക്ക് കയറിയിരുന്നു.

ആരായിരുന്നു തന്നെ അന്നവിടെ നിന്നും രക്ഷപ്പെടുത്തിയത്? തൻ്റെ അച്ഛൻ്റെ ആത്മാവായിരിക്കുമോ?

അല്ലെങ്കിൽ പിന്നെ ആ രാത്രി ഏറെ ദൂരം ഓടി മറയുവാൻ തനിക്കു കഴിഞ്ഞതെങ്ങനെ?

ഓടിക്കയറിയത് ഒരു രക്ഷകയുടെ കൈയിലേക്ക് തന്നെയായിരുന്നു.


 അവൾ ചേച്ചിയമ്മയുടെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി നിന്നു.


"എന്തു പറ്റി വക്കീലേ.. കേസ് തോറ്റോ?"


ചേച്ചിയമ്മ ചിരിച്ചു കൊണ്ടു ചോദിച്ചു.


" ചേച്ചിയമ്മേടെ ഈ ശീതൾ തോൽക്കാൻ പാടില്ലല്ലോ..."


കർമ്മബന്ധത്താൽ അമ്മയായ ചേച്ചിയമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തമിട്ടു കൊണ്ടാണ് അവളത് പറഞ്ഞത്. കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ചേച്ചിയമ്മ വേവലാതിയോടെ അവളെ നോക്കി.


"ഇന്നെന്തു പറ്റി? ..... ഇത്രയും റിസ്ക് എടുത്ത് ഈ കേസിനു വേണ്ടി അലഞ്ഞിട്ടല്ലേ , എൻ്റെ മോള് ഇങ്ങനെ ക്ഷീണിച്ചു പോയത്?"


"ഏയ് ഇല്ല ചേച്ചിയമ്മേ... ഈ കേസ് ഞാൻ തന്നെ വാദിക്കണമായിരുന്നു."


സ്വന്തം ഭാര്യയെ പലർക്കു മുന്നിലും കാഴ്ചവച്ചും പീഡിപ്പിച്ചും രസിച്ച്  ഒടുക്കം കൊന്നു തള്ളിയ ഒരു മൃഗത്തിനുള്ള തൂക്കുകയറൊരുക്കിയ തൻ്റെ വളർത്തു മകളെ ചേച്ചിയമ്മ അഭിമാനപൂർവ്വം നോക്കി.


" അവനൊന്നും തൂക്കുകയറൊന്നും പോര മോളെ..., പാവം ആ സ്ത്രീ. രണ്ടാം വിവാഹമായിരുന്നത്രേ. ആ പാവത്തിനോട്  ഇത്രേം ക്രൂരത വേണ്ടായിരുന്നു."


ചേച്ചിയമ്മയുടെ വാക്കുകൾ കേട്ടതും ശീതളിൻ്റെ കണ്ണുകളിൽ കനലെരിഞ്ഞു.


" അല്ല ചേച്ചിയമ്മേ, ആ സ്ത്രീ  അതർഹിക്കുന്നു... മൃഗങ്ങളേക്കാൾ ക്രൂരമായ മനസുള്ള ആ രണ്ടു മനുഷ്യരും!....... 

അതു തന്നെയാവണം അവരുടെ വിധി. "

ശീതളിൻ്റെ ഗാംഭീര്യം നിറഞ്ഞ വാക്കുകൾ  അവിടമാകെ പ്രതിധ്വനിച്ചു.


ശുഭം 

അനിത മഗേഷ്


Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം