ഗുരുദക്ഷിണ

 കഥ: ഗുരുദക്ഷിണ

==============


അമൃതം ക്വാർട്ടേഴ്സിൻ്റെ മുകളിലേക്കുള്ള ഒതുക്കുകൾ കയറുമ്പോഴാണ് പിറകിൽ നിന്നും ഒരു വിളി.

"മാഷേ"

ഗംഗാധരൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി. എട്ടു വർഷമായി കേൾക്കാതി രുന്ന വിളി.... ഇവിടെയും..

ധൃതിയിൽ തിരിച്ചിറങ്ങി അയാൾ തെല്ലൊരു ഭയത്തോടെ, വലിയ ബാഗും താങ്ങിപ്പിടിച്ച് പാറിപ്പറന്ന മുടിയിഴകളും മുഖം പാതിയും നിറച്ച താടിരോമങ്ങളുമുള്ള ആഗതൻ്റെ മുഖം ഓർമ്മകളിൽ പരതി.

"ആരാ... "

ഗംഗാധരൻ്റെ തൊണ്ടയിൽ കുരുങ്ങിക്കിടന്ന സ്വരം പുറത്തു ചാടിയതും ആ ചെറുപ്പക്കാരൻ അയാളുടെ കാൽക്കീഴിലേക്ക് വീണതും ഒരുമിച്ചായിരുന്നു.

"മാഷേ..... മാപ്പ്... മാപ്പ്..."

തൻ്റെ കാലുകളിൽ പടർന്ന കണ്ണീർ തുള്ളികൾ ഹൃദയത്തിലെവിടെയോ കൊളുത്തിയ വേദനയോടെ അയാൾ ചെറുപ്പക്കാരനെ പിടിച്ചുയർത്തി, ആരെങ്കിലും കാണുന്നുണ്ടോ എന്ന വേവലാതിയോടെ ചുറ്റും നോക്കി.

"മാഷേ..... ഞാനാ സൂരജ്.."

അടുത്ത നിമിഷം സൂരജിൻ്റെ കൈകളിൽ ബലമായി പിടിച്ച് പരമാവധി വേഗത്തിൽ പടിക്കെട്ടുകൾ കയറി. മുറിയിലെത്തി വാതിൽ കുറ്റിയിട്ടപ്പോഴാണ്  അയാൾക്ക് ശ്വാസം നേരെ വീണത്.

"നീയെന്താ ... ഇവിടെ ?"

അയാളുടെ ഉള്ളിലെ ഗംഗാധരൻ മാഷ് ഉണർന്നു.

" ഞാൻ മാഷെ അന്വേഷിച്ച് തന്നെ വന്നതാണ്."

"എന്തിന്?... ഇനിയുമുണ്ടോ ഗുരു ദക്ഷിണ വല്ലതും.... "

അയാളുടെ മുഖം ഇരുണ്ടു.

"മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തതെന്നറിയാം. ക്ഷമിക്കണമെന്ന് പറയുന്നില്ല. പക്ഷെ.... പ്രായ്ശ്ചിത്തം ചെയ്യാനെങ്കിലും..."

"വേണ്ട കുഞ്ഞേ, ഞാനെല്ലാം മറന്നിരിക്കുന്നു. ഇവിടെ എൻ്റെ സ്വസ്ഥത നശിപ്പിക്കരുത്."

"ഇല്ല. മാഷേ, മാഷ് എൻ്റെ കൂടെ വരണം.. അപേക്ഷയാണ്... എത്ര നാളായി ഈ ഏകാന്ത ജീവിതം?... അതിനു മാത്രം എന്തു തെറ്റാണ് മാഷ് ചെയ്തിട്ടുള്ളത്? എല്ലാം .... എല്ലാം... എൻ്റെ അറിവില്ലായ്മയായിരുന്നു.... "

അവൻ്റെ കണ്ണിൽ നിന്നൊഴുകിയ കണ്ണീരിൽ അയാൾ വീണ്ടും പഴയ ഗംഗാധരൻ മാഷായി. അയാളുടെ മനസും പഴയ പ്ലസ്ടു ക്ലാസ് മുറികളിലേക്കോടി.

ചുരുണ്ട മുടിയിഴകൾ രണ്ടു ഭാഗത്തും ഭംഗിയായി പിന്നിക്കെട്ടി, ഓമനത്വം നിറഞ്ഞ മുഖവുമായി അവൾ - മാനസ. മുൻ നിരയിൽ തന്നെ ഇരിപ്പുണ്ട്. പുതിയ സ്കൂളിലേക്ക് ട്രാൻസ്ഫറായി വന്നതേയുള്ളൂ. നിഷ്കളമായി ചിരിക്കുന്ന മാനസ വളരെപ്പെട്ടെന്നാണ് മാനസപുത്രിയാണ്. ക്ലാസിലെ ഒന്നാം സ്ഥാനക്കാരിയായ കുട്ടി എന്നതിലപ്പുറം വല്ലാത്തൊരു വാത്സല്യമായിരുന്നു അവളോട്. ഒരു പക്ഷേ ശാന്ത പറയുന്നത് പോലെ, ' ദൈവം, നമുക്കോമനിക്കാൻ കുഞ്ഞുങ്ങളെത്തന്നില്ലെങ്കിലെന്താ ? ഒരു പാട് കുഞ്ഞുങ്ങളെ സ്നേഹിക്കാനുള്ള ഭാഗ്യം തന്നില്ലേ ഗംഗേട്ടാ '

വീടിനടുത്തുള്ള അംഗൺവാടിയിലെ ടീച്ചറായ ശാന്തയുടെയും ഗംഗാധരൻ്റെയും ജീവിതം അധികം കോലാഹലങ്ങളില്ലാതെ നീങ്ങിക്കൊണ്ടിരുന്നപ്പോഴായിരുന്നു. ആ കുടുംബത്തെ ഛിന്നഭിന്നമാക്കാൻ പ്ലസ് ടു സെൻ്റോഫ് ദിവസം വന്നണഞ്ഞത്.


അന്നാദ്യമായി യൂണിഫോമിൽ നിന്നു പുറത്ത് ചാടിയതിൻ്റെ ആഹ്ലാദം, കുട്ടികളുടെ മുഖത്ത് ദൃശ്യമായിരുന്നു. 

കൂട്ടത്തിൽ അധ്യാപകർക്കായി ഓരോ സമ്മാനപ്പൊതികളും അവർ കരുതിയിരുന്നു. വർണ്ണശലഭങ്ങളായി അവർ സ്കൂളിൽ പലഭാഗത്തായി പറന്നു നടന്നു. ഇനിയുള്ള പരീക്ഷ കഴിഞ്ഞാൽ എല്ലാവരും പിരിയുകയാണ്. ഗംഗാധരൻ മാഷ് വരാന്തയിലൂടെ  അങ്ങോട്ടുമിങ്ങോട്ടും നടപ്പുണ്ട്. കുഞ്ഞു മനസുകളിൽ തളിരിടുന്ന പ്രണയ നാമ്പുകൾക്ക് കുറുകെ തൻ്റെ ചൂരൽ ചുഴറ്റിക്കൊണ്ട്...

തൊട്ടടുത്ത ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ നിന്നും അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടിട്ടാണ് മാഷ് അതിനകത്തേക്ക് കയറിയത്. 

മാനസ !

തൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥിനി. അവൾക്കിവിടെ എന്താ പരിപാടി? കൂടെ സൂരജും ഉണ്ട്. ക്ലാസിലെ ഉഴപ്പനാണവൻ.ആരെയും കൂസാത്ത പ്രകൃതം!

ഗംഗാധരൻ മാഷിനെക്കണ്ടതും കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഒളിപ്പിക്കാനാവാതെ അവൻ കുഴങ്ങി.

"മാനസാ, എന്താ ഇവിടെ?... "

ശബ്ദം കടുപ്പിച്ച ആ ചോദ്യത്തിനു മുന്നിൽ അവൾ വിറച്ച് തല കുമ്പിട്ടു നിന്നു. ഗംഗാധരൻ മാഷിനു സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു. 

"നീയെങ്ങനെയാ ഈ മൊബൈൽ ഫോൺ സ്കൂളിനകത്തെത്തിച്ചത്? ഇതൊന്നും ഇവിടെ പാടില്ലാന്നറിഞ്ഞിട്ടും... "

മാഷിൻ്റെ ചുവന്ന കണ്ണുകൾ സൂരജിൻ്റെ മുഖത്തേക്കു നീണ്ടു. ശബ്ദം കേട്ടിട്ടാവണം വരാന്തയിലൂടെ  ഒന്നു രണ്ട് കുട്ടികൾ അവിടേക്ക് ഓടി വന്നു. പിടിച്ചു നിർത്തിയ കരച്ചിൽ പുറത്തേക്കു വന്നതോടെ മുഖം കൈകളാൽ മറച്ച് മാനസ അനുവാദം ചോദിക്കാതെ പുറത്തേക്കോടി. 

പെട്ടെന്നായിരുന്നു സൂരജിൻ്റെ ശബ്ദം ഉയർന്നത് 

"എടാ ഇയാൾ നമ്മുടെ മാനസയെ...."

അവൻ പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാവുമ്പോഴേക്കും വിദ്യാർത്ഥികൾ തങ്ങളുടെ ഗുരുനാഥന് മേൽ ചാടി വീണിരുന്നു. തൻ്റെ ശിഷ്യന്മാർ തനിക്കു നൽകിയ ഗുരുദക്ഷിണയിൽ ഗംഗാധരൻ മാഷിൻ്റെ തൊണ്ട വരണ്ടുപോയി. സ്വന്തം ശിഷ്യയെ പീഡിപ്പിക്കാൻ ശ്രമിച്ചവനെന്ന പേരുദോഷം അയാൾക്കു മേൽ ചാർത്തപ്പെട്ടിരിക്കുന്നു!  വായുവിലൂടെ ഉയർന്നു വന്ന ചെരുപ്പുമാല കൃത്യം ഗംഗാധരൻ മാഷിൻ്റെ കഴുത്തിൽ തന്നെ പതിച്ചു. 

സഹപ്രവർത്തകർ കാർക്കിച്ചു തുപ്പി, തൊട്ടു മുൻപ് വരെ തൊഴുതു നിന്ന എല്ലാ കൈകളും പുഴുത്ത പട്ടിയെപ്പോലെ അയാളെ തല്ലിച്ചതച്ചപ്പോഴേക്കും പോലീസ് വണ്ടി ഇരച്ചെത്തി. 

കൈയാമം വച്ച് വണ്ടിയിലേക്ക് കയറ്റുന്നതിനിടയിലും ചില കരിങ്കൽ ചീളുകൾ മുഖം ലക്ഷ്യമാക്കി പറന്നു വരുന്നുണ്ടായിരുന്നു.

താൻ കൊളുത്തി വിട്ട തീപ്പൊരി ഒരു കാട്ടുതീയായി പടർന്നത് കണ്ട സൂരജ് ഭയന്ന് വിറച്ച് അതേ ക്ലാസ് റൂമിൻ്റെ ഒരു കോണിൽ നിശ്ചലനായി നിൽക്കുന്ന കാഴ്ച അയാളുടെ കണ്ണിൽ നിന്നും മറഞ്ഞു. പകരം മറ്റൊരു കാഴ്ചയിൽ കണ്ണു തറഞ്ഞു പോയി.സ്കൂൾ ഗെയിറ്റിനരികിൽ തീ പാറുന്ന കണ്ണുകളുമായി ശാന്ത.

"എങ്ങനെ തോന്നി നിങ്ങൾക്ക്.... മകളാവാൻ മാത്രം പ്രായമുള്ള കുട്ടിയോട്.... 

നമുക്ക് മക്കളില്ലാതിരുന്നത് ഭാഗ്യമായി. ഇല്ലെങ്കിൽ... ഇങ്ങനെയൊരച്ഛൻ്റ മക്കളായി പിറന്നതിൽ  അവരും ജീവനൊടുക്കേണ്ടി വന്നേനേ... 

ഇനി എനിക്ക് കാണണ്ട ഈ മുഖം... കാണണ്ട.... "

അലറിക്കരഞ്ഞും ശാപവാക്കുകൾ ചൊരിഞ്ഞും തളർന്ന് വീഴാനൊരുങ്ങിയ ശാന്തയുടെ മുന്നിലൂടെ പോലീസ് ജീപ്പ് കുതിച്ചു പാഞ്ഞു.

ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും ആർത്തലച്ചു കരഞ്ഞു കൊണ്ട് മാനസ അച്ഛനോടൊപ്പം പോലീസ് സ്റ്റേഷനിലേക്കോടിയെത്തി, കൂടെ സൂരജും. ഒരു മാപ്പു പറച്ചിലോടെ ഗംഗാധരൻ മാഷിനെ പോലീസുകാർ സ്വതന്ത്രനാക്കി. പക്ഷേ അയാളുടെ മനസ്, തനിക്കേറ്റ ആഘാതത്തിൽ നിന്നും മുക്തനായില്ല. ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്നു പോലും ആശിച്ചു പോയ നിമിഷങ്ങൾ! തൻ്റെ ശിഷ്യന്മാർ തന്ന ഗുരുദക്ഷിണ!

വീട്ടിലേക്ക് പോകാൻ മനസനുവദിച്ചില്ല. നാട്ടുകാരുടെ മുഖത്ത് നോക്കാൻ അയാൾ ഭയന്നു. ഇരുട്ടിലൊളിക്കാനാണ് അയാളുടെ ഹൃദയം വെമ്പിയതത്രയും.

പിന്നെ ഒരു രക്ഷപ്പെടലായിരുന്നു. ആരോരുമറിയാതെ, ആരോടും മിണ്ടാതെ അമൃതം കോർട്ടേഴ്സിൻ്റെ മൂലയിൽ വർഷങ്ങളായി. ഇപ്പോഴിതാ സൂരജ് വീണ്ടും മുന്നിൽ. 

"മാഷേ, വളരെ ചെറുപ്പത്തിലേ അച്ഛനുമമ്മയും നഷ്ടപ്പെട്ട എനിക്ക് സ്നേഹത്തിൻ്റെ വില അറിയില്ലായിരുന്നു. പക്ഷേ അന്ന്, ഞാൻ പിടിക്കപ്പെടാതിരിക്കാനായി പെട്ടെന്നുള്ള ആവേശത്തിൽ .... ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ പ്രതീക്ഷിച്ചില്ല മാഷേ... "

സൂരജ് ഗംഗാധരൻ മാഷിനു മുന്നിൽ മനസു തുറന്നു.

"എനിക്ക് മാനസയോട് തോന്നിയ പ്രണയം അവൾ നിരാകരിച്ച വാശിയിലാണ് അവളറിയാതെ ഞാനവളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയത്. അത് കാണിച്ച് ഭീഷണിപ്പെടുത്തി അവളുടെ സ്നേഹം തട്ടിയെടുക്കാമെന്ന തലതിരിഞ്ഞ ബുദ്ധിയായിരുന്നു എല്ലാത്തിനും കാരണം. പിന്നീട് അവൾ തന്നെയാണ് എൻ്റെ കണ്ണു തുറപ്പിച്ചത്. ഇന്നെനിക്ക് തരക്കേടില്ലാത്ത ഒരു ജോലിയുണ്ട്. "

 "മാനസ...?"

ഗംഗാധരൻ മാഷ് ഉദ്വേഗത്തോടെ ചോദിച്ചു. 

" മാഷ് ഇവിടെയാണെന്നറിഞ്ഞ് മാനസയ്ക്കും ശാന്ത ടീച്ചറിനും , മാഷിനെയും കൊണ്ട് തിരിച്ചു ചെല്ലുമെന്ന് വാക്ക് കൊടുത്തിട്ടാണ് ഞാൻ പുറപ്പെട്ടത്. അവർ രണ്ടു പേരും  കാത്തിരിക്കുന്നുണ്ടാവും."


യാത്രയിലുട നീളം ഗംഗാധരൻ മാഷിൻ്റെ മനസ്സ് അസ്വസ്ഥമായിരുന്നു. കവലയിൽ ബസിറങ്ങിയതും പരിചയക്കാർ ചുറ്റിലും കൂടി. എല്ലാ കണ്ണുകളും ഈറനണിഞ്ഞിരുന്നു. 

വീടിൻ്റെ വാതിൽക്കൽ തന്നെ ശാന്ത ടീച്ചർ നിൽപ്പുണ്ടായിരുന്നു. ക്ഷീണിതനായ ഗംഗാധരൻ മാഷ് തൊട്ടു മുന്നിലെത്തിയതും അവർ വിങ്ങിപ്പൊട്ടി. സൂരജിൻ്റെ 'പാടില്ല' എന്ന അർത്ഥത്തിലുള്ള തലയാട്ടലിൽ അവർ കരച്ചിലടക്കി, ഗംഗാധരൻ മാഷിൻ്റെ പാദങ്ങളിൽ തൊട്ടു.

"ഹേ, എന്താ ഇത്?....

അങ്ങനെയൊരവസരത്തിൽ ആരായാലും നിന്നെപ്പോലെ മാത്രമേ പ്രതികരിക്കൂ.... "

ഗംഗാധരൻ വീണ്ടും പഴയ ഗംഗാധരൻ മാഷായി മാറ്റപ്പെട്ടു കഴിഞ്ഞു.

അൽപ്പസമയത്തിനുള്ളിൽ മാനസ അവിടേക്ക് എത്തി.

"മാഷേ.... "

"ൻ്റെ മോള് വന്നല്ലോ., ടീ ശാന്തേ, ഇവള് നമ്മുടെ മോളാ... അല്ലേ?"

"വേണ്ട, അവളെ മോളായിട്ട് വേണ്ട. കെട്ടിക്കാൻ പ്രായമായില്ലേ? എനിക്കവളെ മരുമോളായിട്ട് വേണം."

ശാന്ത ടീച്ചർ ഒട്ടൊരു കുറുമ്പോടെ പറഞ്ഞത് കേട്ട് ഗംഗാധരൻ മാഷ് അമ്പരപ്പോടെ നോക്കി.

സൂരജിനെ ചേർത്ത് പിടിച്ച് ശാന്ത ടീച്ചർ വീണ്ടും പറഞ്ഞു. 

"നമ്മുടെ മോൻ്റെ വധുവായിട്ട് നമുക്കിവളെയിങ്ങ് കൊണ്ടു വരാം. നാളെത്തന്നെ മാഷ് ഇവളുടെ വീട്ടുകാരോട് കാര്യം പറയണം."

കാലങ്ങൾക്കു ശേഷം ഗംഗാധരൻ മാഷ് മനസ്സറിഞ്ഞ് ചിരിച്ചു. ആ ചിരി മറ്റു മുഖങ്ങളിലേക്കും പടർന്നു.


- ശുഭം

അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം