അതിജീവനം

 അതിജീവനം

============

     മുറ്റത്തിൻ്റെ വടക്കേ മൂലയിൽ തലയുയർത്തി നിന്ന മൂവാണ്ടൻ മാവിൻ്റെ കടയ്ക്കൽ മൂളിത്തുടങ്ങിയ യന്ത്ര വാളുകൾ, രാമൻ പെരുവണ്ണാൻ്റെ ഹൃദയത്തെ കീറി മുറിക്കാൻ തുടങ്ങിയതോടെ അയാൾ ഉമ്മറത്തെ ചാരുകസേരയിലേക്ക്  ചാഞ്ഞു.

മറ്റൊരു നിവൃത്തിയുമില്ലാത്തത്  കൊണ്ടാണ്  ഈ പാതകത്തിനു തുനിഞ്ഞത്. പലിശക്കാശിനായി യതീന്ദ്രൻ ഇന്ന് രാവിലെയും അയാളെത്തേടി എത്തിയതാണ് !

 'ഇങ്ങനെ ഇനി എത്ര നാൾ?

കഴിഞ്ഞ രണ്ടു പ്രളയങ്ങൾ അതിജീവിച്ചതല്ലേ, അതു പോലെ... ഇതും....' 

അയാൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പെരുവണ്ണാൻ്റെ  നിശ്വാസത്തിൻ്റെ മാറ്റൊലികൾ പടിഞ്ഞാറ്റയിലുറക്കം നടിച്ച കാൽച്ചിലമ്പുകളുമേറ്റെടുത്തു!

പാതി വരച്ചൊരു ചിത്രവും പേറി അകത്ത് നിന്നും പറന്നു വന്ന വെളുത്ത കടലാസ് അയാളുടെ മുന്നിൽ വീണതും; വെപ്രാളപ്പെട്ട് അതുമായി അയാൾ അകത്തേക്ക് കയറി.

പ്രസവത്തിൻ്റെ തലേന്നാൾ വരെ തൻ്റെ ദേവകി, കശുവണ്ടിത്തോട്ടത്തിലെ ചാറ്റൽ നനഞ്ഞതിൻ്റെ ഓർമ്മയായി, ചുമരുകൾക്കുള്ളിലൊതുങ്ങിയ മൂത്ത മകൻ നീട്ടിയ സ്വാധീനമുള്ള വലതു കൈയിലേക്ക് കടലാസ് വച്ചു കൊടുത്തു.

കോലധാരിയുടെ മുഖത്തെഴുതുന്ന സൂക്ഷ്മതയോടെ കടലാസിൽ മാത്രം അവൻ വർണ്ണങ്ങൾ നിറയ്ക്കാൻ തുടങ്ങി. മരവിച്ച മനസ്സോടെ മുറി വാതിൽക്കൽ എത്തിയപ്പോഴാണ്  ദേവകിയുടെ കരഞ്ഞ് കലങ്ങിയ മുഖം നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നുവെന്നറിഞ്ഞത്.

ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങളത്രയും കുത്തി നിറച്ച ബാഗുമായി കടലിനക്കരെ ചെന്നിറങ്ങിയ രണ്ടാമനാണ് ഇന്നവളുടെ വേദന! പടർന്നു പിടിച്ച മഹാമാരിയുടെ കരയിൽ തുഴയില്ലാതെയവൻ....

വല്ലാത്തൊരു കനം ഹൃദയത്തിൽ നിറഞ്ഞു. ഡോക്ടറാവാൻ കൊതിച്ച്, വെള്ളക്കോട്ട് മാത്രം വിധിച്ച ഫാർമസിസ്റ്റായ ഇളയ മകൻ, ദൂരെ ആശുപത്രി മതിലിനകത്ത് വിയർപ്പൊഴുക്കുന്നുണ്ടാവും. 

ചിന്തകൾക്ക് വിരാമമിട്ട് വലിയ ശബ്ദത്തോടെ മാവ് നിലം പതിച്ചു.

കതിന പൊട്ടിയിരിക്കുന്നു. ഇനി താളം മുറുകട്ടെ.!

ചെണ്ടക്കോലുകൾ ക്രമാനുഗതമായി ഉയർന്നു. നിർത്താതെയുള്ള കൊമ്പുവിളിയിൽ ശ്വാസം മുട്ടി അയാൾ പിടഞ്ഞു പോയി. പിന്നെ എല്ലാം ശൂന്യം.

മുഖത്തെഴുത്ത് കഴിയാറായിരിക്കുന്നു. കണ്ണിമ ചിമ്മാതെ ആൽത്തറയിൽ ദേവകി കാത്തിരിപ്പുണ്ട്. തിരു രൂപം കണ്ട് തൊഴാൻ വന്നവർ അക്ഷമരായോ?... വല്ലാത്തൊരു ബഹളം.

പെരുവണ്ണാൻ വീർത്ത കൺപോളകൾ വലിച്ചു തുറന്നു. മൂളലുകൾ പതിയെ തെളിഞ്ഞു വന്നു.

"എന്തായാലും ആംബുലൻസ് സംസ്ഥാന അതിർത്തി കടത്തി വിടാനാവില്ല. നിങ്ങൾ എത്രയും വേഗം മറ്റൊരു ഹോസ്പിറ്റലിലേക്ക് വിട്ടോ... "

കന്നടച്ചുവയുള്ള മലയാളം പെരുവണ്ണാൻ വ്യക്തമായി കേട്ടു.

ചുറ്റിലും ഇരിക്കുന്ന, മാസ്കുകൾ മറച്ച മുഖങ്ങൾ തിരിച്ചറിയാനാവാതെ പെരുവണ്ണാൻ കാവിലേക്ക് തിരിച്ചു കയറി. മതിലിന്നപ്പുറം കൈയെത്തിപ്പിടിക്കാനാവാതെ ഇളയ മകൻ്റെ കരച്ചിൽ ഉയർന്നുവോ?

ചെണ്ടമേളങ്ങൾ അതിനെ മറച്ചു. തിരുമുടി നിവർന്നു. ആർപ്പു വിളികൾ ഉച്ചത്തിലായി. ചുട്ടുപൊള്ളുന്ന അഗ്നിയിലമർന്ന് നിവർന്ന് കൊണ്ട് ആ ചുണ്ടുകൾ ആർത്തു.

"ഗുണം വരണം പൈതങ്ങളേ.... ഗുണം വരണം..."

ഓല നൂലുകൾ നാലു ചുറ്റും തെറിപ്പിച്ച് ഉറഞ്ഞാടുന്നതിനിടയിലെപ്പോഴോ ചെണ്ടമേളം പിഴച്ചു . മുഖത്തെ ചായക്കൂട്ടുകൾ പടർന്നു. 

ഉഗ്രമൂർത്തിയുടെ ഭാവപ്പകർച്ച സരസ്വതീ നടയിലേക്ക്....

പകർന്നു കിട്ടിയ പുതു ജീവൻ്റെ കുളിരോടെ അയാൾ കണ്ണു തുറന്നു.

 തൻ്റെ കുഞ്ഞുങ്ങളെക്കാത്ത് വഴിക്കണ്ണുമായി നിന്ന ബെല്ലിൻ്റെ ഇരുമ്പു വളയത്തിനുളളിലൂടെ, ഡോക്ടർ നടന്നകലുന്ന കാഴ്ച പുഞ്ചിരിയോടെ നോക്കി. സന്നദ്ധ സേവകരായി  വന്ന യുവജന സംഘമപ്പോൾ അടുത്ത കർമ്മമണ്ഡലത്തിലേക്ക് യാത്രയായിക്കഴിഞ്ഞിരുന്നു.

    ** ** * * * * * * * * * * * *

അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം