മാറ്റം

 മിനിക്കഥ: മാറ്റം

* * * * * * * * * *


അന്നത്തിനു വക കണ്ടെത്താനൊരു മാർഗ്ഗവുമായി വന്ന പോസ്റ്റ്മാൻ തിരിച്ചു പോയപ്പോഴാണ് അച്ഛൻ്റെ അപകട വിവരമറിഞ്ഞത്.

സന്തോഷവും സങ്കടവും ഒന്നിച്ചെത്തി മനസിനായി പിടിവലി നടത്തിയപ്പോൾ, തളർന്നു കിടന്ന അച്ഛൻ തന്നെയാണ് ബാംഗ്ലൂരിലേക്ക് പറഞ്ഞ് വിട്ടത്. പതം പറഞ്ഞ് കരഞ്ഞ അമ്മയുടെ കൈകളിലേക്ക് സ്മാർട്ട് ഫോൺ വച്ച് കൊടുത്തപ്പോൾ, മുറിയുടെ മൂലയിലെ ലാൻഡ് ഫോൺ ഉറക്കം മതിയാവാതെ ഒന്നുകൂടി ചുരുണ്ടു കൂടി.

ജോലിത്തിരക്കുകൾക്കിടയിൽ വീണു കിട്ടിയ ആദ്യ അവധി ദിനം വീഡിയോ കോളിലൂടെ വീട്ടിലേക്കൊന്നു പോയി വന്നു.

 കട്ടിലിൽ തളർന്നു കിടക്കുന്ന അച്ഛൻ ഒന്നു കൂടി ക്ഷീണിച്ചിട്ടുണ്ട്. 

അമ്മയുടെ നരച്ച സാരികൾ നിറം വെച്ചിട്ടുണ്ട്.

 രണ്ടാമത്തെ ആഴ്ചയും അവധിക്കായി കാത്തിരുന്നു. 

അച്ഛൻ്റെ വിളറിയ മുഖത്തിനരികിൽ കാലത്തെ തോൽപ്പിച്ച അമ്മയും !

 അടുത്ത അവധിക്കു മുമ്പേയാണ് മൊബൈലിൽ നോട്ടിഫിക്കേഷൻ തെളിഞ്ഞത്.

 അമ്മ ഫെയ്സ് ബുക്കിലും! 

മനോഹര വർണ്ണങ്ങൾ ചാലിച്ചെഴുതിയ പോസ്റ്റ് അവനെ നോക്കി പല്ലിളിച്ചു.

"ഹോം നഴ്സിനെ ആവശ്യമുണ്ട് "


- അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം