ഒരു ജവാൻ്റെ കഥ

ഒരുജവാൻ്റെകഥ

       സുദേവ് തൻ്റെ ബാഗ് തുറന്ന് വസ്ത്രങ്ങൾ വളരെ ഭംഗിയായി അടുക്കി വച്ചു. ഏറ്റവും മുകളിൽ ഒരു കുഞ്ഞു രോമക്കുപ്പായം. അയാൾ അരുമയോടെ അതിനെ നോക്കി. ആ കുഞ്ഞുടുപ്പിനകത്തു നിന്നും കൈകാലിട്ടടിക്കുന്ന കുഞ്ഞുവാവയെ ഓർത്തപ്പോൾ ഒരല്പം ഉറക്കെത്തന്നെ ചിരിച്ചു പോയി.

"എന്താടോ, നാട്ടിൽ പോകാനുള്ള ഒരുക്കം തുടങ്ങിയപ്പോഴേ, നല്ല മൂഡിലാണല്ലോ "

യൂണിഫോം ശരിയാക്കിയിട്ടു കൊണ്ട് രാജേഷ് അയാളെ കളിയാക്കും വിധം മൂളി.

"താരയുടെ ഡെലിവറി ഡേറ്റ് അടുത്തയാഴ്ചയാ. പ്രസവ സമയത്ത് ഞാനവിടെയുണ്ടാവണമെന്നത് അവളുടെ മോഹമായിരുന്നു. എൻ്റെയും.. "

സന്തോഷത്താൽ വിടർന്ന മുഖത്തോടെ സുദേവ് ഉത്തരം നൽകി.

"സുദേവ്.... സുദേവ്.... "
ഉറ്റമിത്രമായ രമേഷ് ഒട്ടൊരു വേവലാതിയോടെയാണ് ക്യാമ്പിലേക്ക് ഓടി വന്നത്.

"സുദേവ് നിൻ്റെ ലീവ് ക്യാൻസലാകുന്ന ലക്ഷണമുണ്ട്. ഏതു നിമിഷവും ഒരു യുദ്ധം... "
സുദേവ് നിരാശയോടെ തളർന്നിരുന്നില്ല. അയാൾ ഉണർന്ന് ഉഷാറായി. രാജ്യ സ്നേഹം കരളിലലിഞ്ഞു ചേർന്ന ധീരനായ ആ ജവാന് രാജ്യസുരക്ഷയോളം വലുതായി മറ്റെന്തുണ്ട്?

ഗ്രനേഡുകളുടെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയിൽ ശത്രു സൈന്യത്തിൻ്റെ കണ്ണിൽപ്പെടാതെ മറഞ്ഞിരുന്നാണ് പോര്. യുദ്ധം തുടങ്ങിയിട്ട് ഒരാഴ്ചയാകാറായി. ഇന്ന് തന്നെ അച്ഛാ എന്നു വിളിക്കാൻ പുതിയൊരതിഥി ഭൂമിയിലെത്തും.
മനസ്സ് ഒന്നു പതറിപ്പോയ ഒരു നിമിഷം..  ആ നിമിഷം മതിയായിരുന്നു എല്ലാം തകിടം മറിയാൻ.
ഭയാനകമായൊരു സഫോടനം ചെവിക്കുള്ളിൽ മുഴങ്ങി. പൊടി പടലങ്ങൾ അടങ്ങിയ യുദ്ധഭൂമിയിൽ പിടഞ്ഞു തീർന്ന ശരീരങ്ങൾ ബാക്കിയായി.

ശരീരം നുറുങ്ങുന്ന വേദന.സുദേവ് കണ്ണുതുറന്നു.
താനിതെവിടെയാണ്? കണ്ണുകൾ ചുറ്റിലും പരതി. ഏതോ ഒരു കുഴിക്കുള്ളിൽ പെട്ടത് കൊണ്ട് മാത്രം ജീവൻ രക്ഷപ്പെട്ട ഒരേ ഒരു പട്ടാളക്കാരൻ താൻ മാത്രമായിരുന്നുവെന്നയാൾ പെട്ടെന്ന് തിരിച്ചറിഞ്ഞു.
 ശവശരീരങ്ങൾ നിറച്ച ഹെലികോപ്ടർ ഉയർന്നു പൊങ്ങാൻ തുടങ്ങുന്നു. അയാൾ ഉച്ചത്തിൽ ആർത്തു വിളിക്കാൻ ശ്രമിച്ചു. ശബ്ദം പൊങ്ങിയില്ല. ശത്രുസൈന്യം വൻ സന്നാഹവുമായി വീണ്ടും യുദ്ധരംഗത്തേക്ക് എത്തിയപ്പോഴേക്കും ഹെലികോപ്ടറുകൾ പറന്നകന്നിരുന്നു.
'ഇനിയെങ്ങനെ രക്ഷപ്പെടും.? '
ചുറ്റിനും ശത്രു സൈന്യമുണ്ട്. അവരുടെ കണ്ണിൽപ്പെട്ടാൽ..... അതാലോചിക്കാൻ കൂടി വയ്യ!
വേദന സഹിക്കാനാവത്ത വിധം കൂടി വന്നപ്പോഴാണ് കാലുകൾ ശ്രദ്ധിച്ചത്.

തൻ്റെ വലതുകാൽ.......

അയാളുടെ ഉള്ളൊന്ന് കിടുങ്ങി.
ചിതറിപ്പോയ ഈ കാലും വച്ച് ഇവിടെ നിന്ന് ഒരിഞ്ചു പോലും നീങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല.
വാർന്നൊഴുകിയ രക്തത്തിലേക്ക് ഉറുമ്പുകൾ വരിയായി വന്നു തുടങ്ങി. ചതഞ്ഞ മാംസ ഭാഗങ്ങൾ ആഹാരമായിക്കിട്ടിയ അവ ആവേശത്തോടെ സുദേവിൻ്റെ കാലുകളിലേക്ക് കയറി.
വേദന സഹിക്കവയ്യാതെ അയാൾ പുളഞ്ഞു ദയനീയമായി ഉറുമ്പുകളെ നോക്കി. കിടന്നിടത്തു നിന്നൊനങ്ങിയാൽ പിന്നെ ശത്രുക്കളുടെ കൈയിൽ പെട്ടതു തന്നെ. ഓരോ നിമിഷവും ഓരോ യുഗങ്ങളായി തോന്നി അയാൾക്ക്. തൊണ്ട വരണ്ടു പോകുന്നു. കൺകളിൽ ഇരുട്ട് പടരുന്നു. പ്രദേശത്ത് മനുഷ്യരാരും തന്നെയില്ല ശത്രുസൈന്യവും കളം വിട്ട് പോയ്ക്കഴിഞ്ഞു. ഒരു ദിവസത്തിലധികമായി താനീ വേദനയിലുരുകുന്നുവെന്നയാൾ ഓർത്തു. ഇനിയെത്ര നാൾ ജീവൻ ശേഷിക്കുമെന്നറിയില്ല. തൻ്റെ കുഞ്ഞ് പിറന്നു വീണിട്ടുണ്ടാവും.
"അച്ഛനെക്കാണാൻ ഭാഗ്യമില്ലാത്ത കുഞ്ഞായി മാറുമോ ഈശ്വരാ എൻ്റെ കുഞ്ഞ്?"

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ വായിച്ച ബെന്യാമിൻ്റെ ആടുജീവിതം അയാൾ ഓർത്തു പോയി.അതിലെ കഥാനായകൻ ദിവസങ്ങളോളം വെള്ളവും ഭക്ഷണവും കിട്ടാതിരുന്നിട്ടും ലക്ഷ്യമില്ലാതെ അനന്തമായ മരുഭുമി യിൽ അലഞ്ഞിട്ടും മരണത്തെ തോൽപ്പിച്ചില്ലേ?
താരയാണ് തനിക്കാ പുസ്തകം കൊണ്ടു തന്നത്. അവൾ എല്ലാ പുസ്തകവും വായിക്കും
ഒരു വായനശാലയുടെ മുന്നിൽ വച്ച് തന്നെയായിരുന്നു താനന്ന് ആദ്യമായി അവളെക്കണ്ടതും. അവിടെ അടുത്ത് ഒരു വീട്ടിൽ അമ്മാവനോടൊപ്പം പെണ്ണു കാണലിന് ചെന്നതായിരുന്നു.
"ചെറുക്കൻ പട്ടാളത്തിലല്ലേ.. എത് നിമിഷവും എന്തും സംഭവിക്കാം.അത് കൊണ്ട് വിവാഹം കഴിഞ്ഞ ഉടനെ അവൻ്റെ സ്വത്തു വകകളും സമ്പാദ്യങ്ങളും എൻ്റെ മോളുടെ പേരിലെഴുതണം"
പെൺകുട്ടിയുടെ അച്ഛൻ്റെ ഡിമാൻ്റ്കേട്ട് കലി തുള്ളി തിരിച്ച് പോരുമ്പോഴാണ് വായനശാലയിൽ നിന്നിറങ്ങി വന്ന താര കണ്ണിലുടക്കിയത്. അല്ല. മനസ്സിലുടക്കി എന്ന് പറയുന്നതാവും ശരി. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.

വിവാഹം കഴിഞ്ഞ് കുറച്ചധിക നാൾ ലീവ് കിട്ടി. തങ്ങളുടെത് മാത്രമായിരുന്ന ആകൊച്ചു സ്വർഗ്ഗത്തിെൻ്റെ ഓർമ്മയിൽ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.

കണ്ണു തുറന്നപ്പോൾ ഏതോ കുടിലിനകത്തെ കയറ്റു കട്ടിലിൽ കിടക്കുകയാണ്. താൻ മരിച്ചിട്ടില്ലെന്ന സത്യം അയാൾക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല. പ്രാകൃതമായ ഏതോ ഭാഷ സംസാരിക്കുന്ന ചില മനുഷ്യർ ചുറ്റിനും നിന്ന് എന്തൊക്കെയോ  മരുന്നുകൾ അരക്കുകയും പൊടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അയാൾ കൈകളുയർത്തി മുഖം തുടച്ചു. താടിരോമങ്ങൾ പതിവിലധികം വളർന്നു തൂങ്ങിയത് കണ്ടപ്പോഴാണ്. താനവിടെ എത്തപ്പെട്ട കാലദൈർഘ്യത്തെപ്പറ്റി അയാൾ ചിന്തിച്ചത്. തൻ്റെ പുനർജന്മം! താരയെയും കുഞ്ഞിനെയും കാണാൻ അയാൾ വല്ലാതെ കൊതിച്ചു. കുഞ്ഞ് വലുതായിട്ടുണ്ടാവും. മകനോ അതോ മകളോ? ഉത്തരം കിട്ടാൻ ഇനിയുമേറെ കാത്തിരിക്കേണ്ടിയിരിക്കുന്നു.

സുദേവ് കാറിൽ നിന്നിറങ്ങി തൻ്റെ വീടിനു മുന്നിലെത്തി. അത് പൂട്ടിക്കിടക്കുന്നു.തൊട്ടടുത്തായി പുതുതായി മുളച്ചു പൊന്തിയ വീടിൻ്റെ വരാന്തയിലിരുന്ന ആളിനോട ന്വേഷിച്ചപ്പോഴാണറിഞ്ഞത് രണ്ടു വർഷമായി അതു പൂട്ടിക്കിടക്കുകയാണെന്ന്.  നാട്ടിലേക്ക് വന്ന പരേതനെ അത്ഭുതത്തോടെ നോക്കുന്ന ജനങ്ങൾക്കിടയിൽ അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് മനസിലായ സുദേവ് നേരെ താരയുടെ വീട്ടു പടിക്കലെത്തി.
"ഞങ്ങൾക്കറിയില്ല അവളെവിടെയാണെന്ന്. ഇത്തിരിയില്ലാത്ത മോനെയും കൊണ്ടാണവളന്ന് ഇറങ്ങിപ്പോയത്".
തരിച്ചിരുന്നു പോയി സുദേവ്. പിന്നെ അന്വേഷണമായിരുന്നു'

"ഇതാ അങ്ങനെ ഞാനവരെ കണ്ടെത്തി."
സന്തോഷത്തോടെയാണ് ബസിൽ നിന്നിറങ്ങിയത്. ആദ്യം കണ്ട പൂക്കടയിലാണന്വേഷിച്ചത്.
" ഭർത്താവു മരിച്ച താര എന്നൊരു സ്ത്രീ ഇവിടെ എവിടെയാ താമസം? അഞ്ചു വയസ്സുള്ള മകനുമുണ്ട്. തയ്യൽക്കട നടത്തുന്നുണ്ടെന്നാ അറിയാൻ കഴിഞ്ഞത് "

കടക്കാരൻ പുറത്തേക്ക് സംശയത്തോടെ തല നീട്ടി.
" ഇവിടെ അടുത്ത് ഒരു തയ്യൽക്കാരിയുണ്ട്. പേര് താര എന്ന് തന്നെയാ അഞ്ചു വയസ്സു പ്രായമുള്ള ഒരു മകനുമുണ്ട്. പക്ഷേ അവരുടെ ഭർത്താവ് മരിച്ചതല്ല"
"പിന്നെ "
" അയാൾ വിദേശത്താന്നെന്നാ കേട്ടത് "

ഇരുമ്പു കുടം കൊണ്ടൊരടി കിട്ടിയതുപോലെ സുദേവ് പുളഞ്ഞ് പോയി. കൃത്രിമക്കാലിൽ നിന്നു വേച്ചു പോകാതിരിക്കുന്നയാൾ പാടുപെട്ടു.
'ഇല്ല. അവൾക്കൊരിക്കലും തന്നെ മറക്കാൻ കഴിയില്ല.'
അയാൾ പിറുപിറുത്തു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം ജീവനോടെ തിരിച്ചു വന്നപ്പോൾ.... യുദ്ധത്തിലേറ്റ മുറിവുകളെക്കാൾ അയാളെ വേദനിപ്പിച്ചു ആ വാക്കുകൾ. ഇനി തിരിച്ചു പോകണം.
'എവിടേക്ക് ??'
ഏതായാലും വന്ന സ്ഥിതിക്ക് തൻ്റെ മകനെ ഒന്ന് കാണണം. അയാൾ താരയുടെ വീട് ലക്ഷ്യമാക്കി നടന്നു.
വാതിൽ തുറന്ന് പുറത്തിറങ്ങിയ താര വിശ്വാസം വരാതെ തൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുകയാണ്.
"ദേവേട്ടാ.... "
അവളുടെ ശബ്ദം വല്ലാതെ പതറിയിരുന്നു.
"നമ്മുടെ മോൻ?"
തികട്ടി വന്ന കരച്ചിലൊതുക്കി അയാൾ ചോദിച്ചു.
ഉത്തരം പറയുന്നതിന് പകരം അവൾ അയാളെ ഇറുകെ പുണർന്നു പൊട്ടിക്കരഞ്ഞു.
എന്തോ ഓർത്തിട്ടെന്നവണ്ണം അയാൾ അവളെ പിടിച്ചു മാറ്റി.
" ഇവിടെ ഒറ്റയ്ക്കാണോ..."
അയാളുടെ ചോദ്യം കേട്ട് അവളമ്പരപ്പോടെ നോക്കി.
" നിൻ്റെ ഭർത്താവ് ....."
"ദേവേട്ടാ.... " ഒരാർത്ത നാദമായിരുന്നു അത്. അത് കേട്ടതും ഉണ്ണിക്കുട്ടൻ ഓടി പുറത്തെത്തി. അപരിചിതനെ കണ്ട് അമ്മയുടെ പിറകിലൊളിക്കാൻ ശ്രമിച്ചു. സുദേവൻ ആർത്തിയോടും അതിലേറെ വേദനയോടെയും അവനെ നോക്കി.
"ദേവേട്ടാ.., യുദ്ധത്തിൽ മരണപ്പെട്ടു എന്ന വാർത്ത എല്ലാവരും വിശ്വസിച്ചിട്ടും ഞാൻ വിശ്വസിച്ചില്ല. പിന്നെ വീട്ടുകാരുടെ നിർബന്ധത്തിൽ മറ്റൊരുത്തൻ്റെ താലി കഴുത്തലണിയേണ്ടി വരുമെന്ന ഘട്ടം വന്നപ്പോഴാ ഞാൻ മോനെയും കൊണ്ട് ആരോടും പറയാതെ.... "
ഗദ്ഗദങ്ങൾ അവളുടെ വാക്കുകളെ മുറിച്ചു.
"പിന്നെ കടക്കാരൻ പറഞ്ഞ ഗൾഫുകാരൻ?"
കണ്ണു തുടച്ച് അവളൊന്ന് ചിരിച്ചു.
"അതോ, ഇന്ന് ഈ സമൂഹത്തിൽ ഒറ്റയ്ക്കാരു പെണ്ണിനു പിടിച്ചു നിൽക്കാൻ പാടാ.നാട്ടുകാരുടെ മുന്നിൽ പിടിച്ച് നിൽക്കാൻ ഞാനങ്ങനെയൊരു കള്ളം പറഞ്ഞു. "
അയാളിലൊരു പുതുജീവൻ നിറഞ്ഞു ഉണ്ണിക്കുട്ടനെ വാരിയെടുത്ത് തുരുതുരെ ചുംബിച്ചു.
" അച്ഛനാടാ മോനേ.. '' സന്തോഷം കൊണ്ടയാൾ വാക്കുകൾക്കായി പരതി.
താരയുടെ തോളിൽ പിടിച്ച് അകത്തേക്ക് കയറുന്നതിനിടയിൽ അവൾ ചിരിച്ചു കൊണ്ട്  പറഞ്ഞു.
" ഞാൻ ഒരു ധീര ജവാൻ്റെ ഭാര്യയല്ലേ, കുറച്ചൊക്കെ യുദ്ധ തന്ത്രങ്ങൾ ഞാനും പഠിക്കണ്ടേ... നാളെ നമ്മുടെ മോനും നാടിനു കാവാലാവുന്ന ഒരു ധീരജവാനായി മാറണ്ടേ?"
അയാളും ചിരിച്ചു. അവളെയും മകനെയും ചേർത്തു പിടിച്ചു.
"അതെ ധീര ജവാൻ്റെ ഭാര്യ".

ശുഭം

- അനിത മഗേഷ്-

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം