പാഥേയം

പാഥേയം

" ശ്രീജിത്ത്...... ഇന്നത്തോടെ നിൻ്റെ ജയിൽവാസം അവസാനിക്കുകയാണ്. ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ... അല്ലേ? "
സൂപ്രണ്ടിൻ്റെ വാക്കുകൾക്ക് മുന്നിൽ തലകുനിച്ചു കൊണ്ട് അവൻ തൻ്റെ വസ്ത്രങ്ങൾ ഏറ്റുവാങ്ങി. 
"മോനേ, ശ്രീജിത്തേ... "
സ്വാതന്ത്ര്യത്തിൻ്റെ വെള്ളിവെളിച്ചത്തിലേക്ക് കാലെടുത്തു വെക്കാൻ തുടങ്ങിയ ശ്രീജിത്ത് തിരിഞ്ഞു നോക്കി.കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്ന കാക്കിധാരി.... ശങ്കരൻ സാറാണ്.
"മേനേ, നീ ഇറങ്ങുകയല്ലേ? അല്ല പാഥേയമായി എന്തെങ്കിലും വേണോ "

ഒരൽപ്പം കളിയായും കാര്യമായും ഉള്ള ശങ്കരൻ സാറിൻ്റെ ചോദ്യത്തിനു മുന്നിൽ ഒരു പുഞ്ചിരിയിൽ കുതിർന്ന  കരച്ചിലായിരുന്നു അവൻ്റെ മറുപടി.
" ഹേയ്, നിന്നെ വെഷമിപ്പിക്കാൻ പറഞ്ഞതല്ലാട്ടോ... ഇനീപ്പോ.. ഇവിടുന്നെറങ്ങിയാലും ഒരു ജോലിയൊക്കെ തരപ്പെടുത്താൻ അല്പം ബുദ്ധിമുട്ടും. തളരരുത്..."
അയാൾ ശ്രീജിത്തിനെ അനുഗ്രഹിച്ചു.
ഇതു പോലെയാണ് ആ നശിച്ച ദിവസം.. അമ്മ തന്നെ അനുഗ്രഹിച്ചയച്ചത്.....
അവൻ ഓർമ്മകളുടെ തേരേറി.

രാധികയുമായുള്ള പ്രണയത്താൽ അന്ധനായിരുന്നു താനന്ന്. അവൾക്ക് വീട്ടുകാർ മറ്റൊരു കല്യാണം തീരുമാനിച്ചതറിഞ്ഞപ്പോഴാണ് അവളെയും കൊണ്ട് നാടു വിടാൻ തീരുമാനിച്ചത്. സുമുഖനും സമ്പന്നനുമായ ഭാവിവരനെ കണ്ട അവൾ ഏറെ മാറിപ്പോയിട്ടുണ്ട്.
 പാടില്ല തനിക്കവളെ നഷ്ടപ്പെടുത്താൻ വയ്യ.
അതിനായി നൊന്തു പ്രസവിച്ച അമ്മയുടെ മുന്നിൽ ആദ്യമായി,വലിയൊരു കള്ളം പറയേണ്ടി വന്നു.

മകന് 'ജോലി കിട്ടി' യെന്നറിഞ്ഞ സന്തോഷത്തിൽ ആ അമ്മ തൻ്റെ മകന് ഏറെ ഇഷ്ടമുള്ള കറികളൊരുക്കി വാട്ടിയ വാഴയിലയിൽ വിളമ്പിയ ചോറിനൊപ്പം പൊതിഞ്ഞു കെട്ടി.
"മേനേ, അറിയാത്ത നാട്ടിലേക്കാണ് പോകുന്നത്. സൂക്ഷിക്കണം. ഇതാ ഇന്നത്തേക്കുള്ള അത്താഴം, പോകും വഴി വണ്ടിയിലിരുന്ന് കഴിക്കാമല്ലോ..."
അമ്മ നീട്ടിയ പൊതിച്ചോറ് വാങ്ങുമ്പോൾ അമ്മയുടെ കണ്ണിൽ നനവ് പടർന്നിട്ടുണ്ടോയെന്ന് അവൻ ശ്രദ്ധിച്ചതേയില്ല.

ട്രെയിൻ വരാൻ അഞ്ചു മിനുട്ട് കൂടിയേ ഉള്ളൂ.... രാധിക ഇനിയും എത്തിയില്ല. അക്ഷമയോടെ ഫോണിലേക്ക് നോക്കിയിരുന്ന അവൻ്റെ മുന്നിൽ രാധികയുടെ മെസേജ് തെളിഞ്ഞു.
" ശ്രീ.... വളരെ പ്രാക്ടിക്കലായി ചിന്തിക്കൂ.... നീ ഇനി എന്നെ കാത്തു നിൽക്കണ്ട. ഞാൻ വരില്ല. തീരുമാനിച്ചു കഴിഞ്ഞു. നമുക്ക് പിരിയാം"
അവന് നിരാശയും സങ്കടവും ഒരുമിച്ചു വന്നു.
അപ്പോഴേക്കും ട്രെയിൻ വല്ലാത്ത കുലുക്കത്തോടെ അവനു മുന്നിൽ വന്നു നിന്നു. യാന്ത്രികമായി അവനതിലേക്ക് കയറി. 
അസ്വസ്ഥമായ മനസിൽ തെളിഞ്ഞതൊക്കെയും തെറ്റായ ചിന്തകൾ മാത്രമായിരുന്നു. 
തന്നെ ഉപേക്ഷിച്ചവളുടെ മനസ്സമാധാനം തകർക്കാൻ തൻ്റെ ജീവൻ തന്നെ ബലിയാടാക്കിയേ പറ്റൂ... അവൻ പോക്കറ്റിൽ തപ്പി. അവളെ ഒന്നു വിരട്ടാനായി കൈയിൽ കരുതിയിരുന്ന വിഷക്കുപ്പി, മെല്ലെ പുറത്തെടുത്തു. ആളൊഴിഞ്ഞ ആ കമ്പാർട്ട്മെൻ്റിൽ ഇരുന്ന് അവൻ തൻ്റെ പാഥേയം മെല്ലെ തുറന്നു. 
വിഷത്തുള്ളികൾ പതിയെ ചോറിലേക്ക് ചേർത്തപ്പോഴേക്കും ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തി. ഒരു കുട്ടിയെയും കൈയിലെടുത്ത് ഒരു നാടോടി സ്ത്രീ കൃത്യം അവൻ്റെൻ്റെ സീറ്റിനു എതിവർവശം വന്നിരുന്നു.
ഷാൾ കഴുത്തിലൂടെ ചുറ്റി ജീൻസും ടോപ്പും ധരിച്ച ഒരു സുന്ദരിക്കുട്ടി അവൻ്റെ തൊട്ടടുത്തും സ്ഥാനം പിടിച്ചു. ട്രെയിൻ നീങ്ങിത്തുടങ്ങി. 
തൻ്റെ ഏകാന്തതയിലേക്ക് കയറി വന്ന അവരോട് അവന് വല്ലാത്ത അമർഷം തോന്നി. ഒരു നിമിഷം കൊണ്ട് ആത്മഹത്യാ ചിന്തയും കൈവിട്ട് പോയ പോലെ ആ ചോറു വാരിത്തിന്നാൻ തുടങ്ങിയ അവൻ്റെ കൈകൾ വിറച്ചു. താൻ ചെയ്യാനൊരുങ്ങിയ മഹാപാതകത്തെ മനസ് തിരച്ചറിഞ്ഞു. 
'അടുത്ത സ്റ്റേഷനിൽ ഇറങ്ങണം... അമ്മയോട് മാപ്പിരക്കണം... അന്തസോടെ രാധികയുടെ മുന്നിൽ ജീവിച്ചു കാണിക്കണം.. ഒരു ദൃഢനിശ്ചയത്തോടെ ഭക്ഷണപ്പൊതി തിരികെ വയ്ക്കാൻ തുടങ്ങിയതും നാടോടി സ്ത്രീയുടെ കൈയിലിരുന്ന കുഞ്ഞ് ഭക്ഷണത്തിനായ് ഉറക്കെയുറക്കെ കരയാൻ തുടങ്ങി. മുഷിഞ്ഞു കീറിത്തുടങ്ങിയ വസ്ത്രങ്ങൾ ധരിച്ച ആ സ്ത്രീ തൻ്റെ കുഞ്ഞിൻ്റെ കരച്ചിലടക്കാൻ പാടുപെട്ടു. രക്ഷയില്ല.... കുട്ടി കരച്ചിലോട് കരച്ചിൽ തന്നെ.
അവൾ അപേക്ഷാപൂർവ്വം ശ്രീജിത്തിനൊടായ് തമിഴും മലയാളവും കലർന്ന ഭാഷയിൽ പറഞ്ഞു.
"കുളന്തൈക്ക് എതാവത് കൊടുങ്കോ.... പശിക്ക് ത്ക്കാ.... "
ശ്രീജിത്ത് എന്തു ചെയ്യണമെന്നറിയാതെ തരിച്ചിരുന്നു പോയി. അവൻ്റെ കൈയിലിരുന്ന പൊതിച്ചോറ് വിറകൊണ്ടു.
കുട്ടിയുടെ കരച്ചിൽ വീണ്ടും ഉച്ചത്തിലായി അതിൻ്റെ അമ്മയാണെങ്കിൽ ദയനീയതയോടെ നോക്കുന്നു. ശ്രീജിത്ത് പ്രതിമ പോലിരുന്നു.
പെട്ടെന്നാണ് തൊട്ടടുത്തിരുന്ന പെൺകുട്ടി പൊട്ടിത്തെറിച്ചു കൊണ്ട് ചാടിയെണീറ്റത്
"വിശപ്പും അനാഥത്വവുമൊന്നും നിങ്ങളെപ്പോലുള്ളവർക്ക് മനസിലാവില്ല"
അലറിക്കൊണ്ടവൾ ശ്രീജിത്തിൻ്റെ പൊതിച്ചോറ് പിടിച്ച് വാങ്ങി കുട്ടിയുടെ കൈകളിലേക്ക് വച്ച് കൊടുത്തു.
ശ്രീജിത്ത് എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുമ്പേ വിശന്നു കരഞ്ഞ കുട്ടി അത് ആർത്തിയോടെ വാരിത്തിന്നു.  പെൺകുട്ടിയുടെ ശകാരവർഷങ്ങൾ ഒന്നും അവൻ്റെ ചെവിയിൽ എത്തിയില്ല. നാവ് തൊണ്ടക്കുഴിയിലേക്ക് താണുപോയ പോലെ....
ഒരു കുഞ്ഞു പ്രാണൻ... അറിയാതെയാണെങ്കിലും തൻ്റെ കൈ കൊണ്ട് പൊലിയുന്ന ദയനീയ കാഴ്ചയ്ക്ക് മുന്നിൽ അവൻ വിറങ്ങലിച്ചു.

എത്ര ദിനരാത്രങ്ങൾ ജയിലിലെ ഇരുട്ടിൽ പോയ് മറഞ്ഞുവെന്നറിയില്ല. ആ ഞെട്ടൽ ഇപ്പോഴും പൂർണ്ണമായി വിട്ടകന്നിട്ടില്ല. ജയിലിലെ നല്ലവരായ പോലീസുകാരാണ് മനസിന് ബലം നൽകിയത്. ഓരോന്നോർത്തു കൊണ്ട് അവൻ ആ കാരാഗൃഹത്തിനു വെളിയിലേക്കിറങ്ങി.
അവൻ്റെ വരവും കാത്ത് ഗേറ്റിനു മുന്നിൽ നിന്നിരുന്ന ടാക്സിയിൽ നിന്നും അമ്മ മെല്ലെ പുറത്തിറങ്ങുന്നു. 
ക്ഷീണിതയായ അമ്മയെ താങ്ങി പിടിച്ചു കൊണ്ട് പിറകിൽ മുഖം താഴ്ത്തി നിൽക്കുന്നതാരാണ്?

ശ്രീജിത്ത് കണ്ണുകൾ തുടച്ച് സൂക്ഷിച്ച് നോക്കി.
അതെ. അവൾ തന്നെ. തൻ്റെ പാഥേയം തട്ടിപ്പറിച്ച് ദാനം നൽകിയവൾ....
കാലങ്ങൾക്ക് ശേഷം അവൻ്റെ മുഖത്ത് ചിരി വിടർന്നു.
നല്ല വിശപ്പിൽ, ഒരു പൊതിച്ചോർ മുഴുവൻ ഉണ്ടെണീറ്റ ഒരു സംതൃപ്തി അപ്പോൾ അവൻ്റെ മുഖത്ത് ദൃശ്യമായിരുന്നു

ശുഭം
അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം