പറയാൻ മറന്നത്

പറയാൻമറന്നത്

 സ്വർണ്ണ വർണ്ണം കടലിൽ ഉരുക്കിയൊഴിച്ച്, ചെമ്പട്ടുടുത്ത സൂര്യനും കാഴ്ചയിൽ നിന്നു മറഞ്ഞപ്പോഴേക്കും കടൽത്തീരം ശൂന്യമായിത്തുടങ്ങി.
ചൂടുള്ള ഓംലറ്റ് വാഴയിലയിൽ പൊതിഞ്ഞ് പാത്രത്തിനകത്താക്കിതോൾ സഞ്ചിയിൽ തിരുകി, വാസവൻ തൻ്റെ തട്ടുകടയുടെ മുകളിലേക്കുയർത്തിയ വാതിൽ 'കിർ....' ശബ്ദത്തോടെ അടച്ചു. തിരിഞ്ഞു നോക്കിയപ്പോഴാണ് അവിടെ നിന്നിരുന്ന ചുവന്ന പട്ടുസാരി ധരിച്ച സ്ത്രീ അയാളുടെ കണ്ണിൽപ്പെട്ടത്.
" അയ്യോ മാഡം കട അടച്ചല്ലോ" വാസവൻ പോകാനൊരുങ്ങിയതും പുറകിൽ നിന്നും ഒരു വിളി
''വാസവേട്ടാ.... "
ഒരു ഞെട്ടലോടെ അയാൾ തിരിഞ്ഞു നോക്കി. കടയുടെ മുന്നിൽ നിന്നിരുന്ന സ്ത്രീ തന്നെ! ആകാംക്ഷയോടെ അയാൾ അവളുടെ മുഖത്തക്ക് നോക്കി. പാറിപ്പറന്ന മുടിയിഴകൾക്കും തടിച്ച ഫ്രെയിമുള്ള കണ്ണടയ്ക്കുമിടയിലൂടെ അയാളാമുഖം വ്യക്തമായിക്കണ്ടു.
' അരുന്ധതി.'
ഒരു നടുക്കം അയാളുടെ ഉള്ളിൽ നിറഞ്ഞത് മുഖത്തും ദ്യശ്യമായി.
" അരുന്ധതീ... ഇവിടെ? എപ്പോൾ?"
അയാൾ വാക്കുകൾക്കായി പരതി.
അവൾ മൃദുവായി ചിരിച്ചു കൊണ്ടു പറഞ്ഞു.
" ഞാനിന്നലെ എത്തി. കുറച്ചു ദിവസം ഇവിടെ കാണും."
" കൂടെയാരാ ? "
" ഒറ്റയ്ക്ക് . ജീവിതം എന്നെ ഒറ്റയ്ക്കാക്കി വാസവേട്ടാ."
അവൾ എന്തോ ഓർത്ത് കരിനിഴൽ പടരാൻ തുടങ്ങിയ കടലിലേക്ക് നോക്കി നിശ്ചലം നിന്നു.

എന്തു ചെയ്യണമെന്നറിയാതെ വാസവൻ പതറി. വർഷങ്ങൾക്കു മുമ്പ് താൻ അന്വേഷിച്ച് നടന്ന മുഖം! അവൾ മുന്നിലെത്തിയപ്പോൾ വല്ലാത്തൊരു ഭയം അയാളെ വിഴുങ്ങാൻ തുടങ്ങി.
കെട്ടിവച്ച മുടിച്ചുരുളിൽ റോസാപ്പൂവും തിരുകി പുസ്തങ്ങളും മാറത്തടുക്കിപ്പിടിച്ച് നടന്ന അരുന്ധതിയും, സുസ്മേരവദനനായ ശ്രീജിത്തും അയാളുടെ ഉള്ളിൽ നിറഞ്ഞു. ആ പ്രണയം പൂവണിഞ്ഞു കാണാൻ താനേറെ  കൊതിച്ചതുമാണ്. പക്ഷേ..
താൻ പറയാൻ മറന്നു പോയ ആ വാക്കുകൾ അവരുടെ ജീവിതം കീഴ്മേൽ മറിക്കുമെന്ന് അന്ന് താനറിഞ്ഞില്ലല്ലോ.
എല്ലാ വൈകുന്നേരങ്ങളിലും അവരാ കടപ്പുറത്ത് കൂടി കൈകൾ ചേർത്തു പിടിച്ച് നടക്കുന്നത് കാണാൻ വാസവന് വലിയ ഇഷ്ടമായിരുന്നു. പോകാൻ നേരം ഓരോ ചായയും പതിവായിരുന്നു.
ഒരു ദിവസം പതിവു തെറ്റിച്ച് ശ്രീജിത്ത് ഒറ്റയ്ക്ക് വാസവൻ്റെ കടയിലേക്ക് ഓടിയെത്തി. അതും രാവിലെത്തന്നെ.
"വാസവേട്ടാ... ഇന്നുച്ചയ്ക്ക് അരുന്ധതി ഇതുവഴി വരും, വാസവേട്ടനവളോട് ഞാൻ അത്യാവശ്യമായി നാട്ടിലേക്ക് പോയിട്ടുണ്ടെന്നും രണ്ടാഴ്ച കഴിഞ്ഞാ തിരിച്ചെത്തുമെന്നും പറയണം.. " ശ്രീജിത്തിൻ്റെ പരിഭ്രമം കണ്ട വാസവൻ ഉദ്വേഗപൂർവ്വം ചോദിച്ചു.
"എന്തു പറ്റി?"
"അത് ...നാട്ടിൽഎൻ്റെ അമ്മ, അമ്മ എന്നെ വിട്ട് പോയി വാസവേട്ടാ.."
അയാൾ വിതുമ്പിക്കരയാൻ തുടങ്ങി.
മറുപടി പറയാൻ വാക്കുകളില്ലാതെ വാസവൻ കുഴങ്ങി. പോകുന്നതിനിടയിൽ ശ്രീജിത്ത് വീണ്ടും ഓർമ്മിപ്പിച്ചു.
"മറക്കല്ലേ വാസവേട്ടാ..."

പക്ഷേ!

കുറ്റബോധത്താൽ വാസവൻ്റെ ഹൃദയം നീറി.
ഉച്ചയ്ക്ക്,  അരുന്ധതി കടന്നു പോയപ്പോഴാണ് അയാൾ അവളെക്കണ്ടത്. ജോലിത്തിരക്കുകൾക്കിടയിൽ, ശ്രീജിത്ത് പറയാനേൽപ്പിച്ച കാര്യം അയാൾ മറന്നു പോയി. വൈകുന്നേരമാണ് അവരെക്കുറിച്ചോർത്തത്.  ഇനിയിപ്പം നാളെ രാവിലെ കണ്ടാൽ പറയാമല്ലോ - എന്നു സമാധാനിച്ചാണ് വീട്ടിലേക്ക് പോയത്.
പിറ്റേന്നത്തെ പ്രഭാതം അരുന്ധതിയെ കാണാനില്ലെന്ന വാർത്തയായിരുന്നു അയാളെ എതിരേറ്റത്.
" അവൾ ആ കമ്പനി മാനേജരായ ശ്രീജിത്തുമായി പ്രണയത്തിലായിരുന്നുവെന്നാ കേട്ടത്. അവനെയും കാണുന്നില്ല. രണ്ടും കൂടി ഒളിച്ചോടിയതായിരിക്കും"

നാട്ടുകാരുടെ നിഗമനങ്ങൾ കേട്ട് വാസവൻ തരിച്ചു നിന്നു പോയി. ശ്രീജിത്ത് തന്നോട് രാവിലെ യാത്ര പറഞ്ഞാണ് പോയത്. പക്ഷേ അരുന്ധതി ? അവളെവിടെ? ഉത്തരമില്ലാത്ത ആ ചോദ്യത്തിനു മുന്നിൽ തലകുനിച്ചിരുന്ന വാസവൻ്റെ മുന്നിലേക്കാണ് രണ്ടാഴ്ചയ്ക്ക് ശേഷം ശ്രീജിത്ത് വന്ന് കേറിയത്.
" വാസവേട്ടാ...ഞാനെന്തൊക്കെയാ ഈ കേൾക്കുന്നേ? അരുന്ധതി എവിടെ? ഞാൻ രണ്ടാഴ്ചക്കകം വരുമെന്ന് അവളോട് പറഞ്ഞില്ലേ? ... "
"ഇല്ല ശ്രീജിത്ത്, അന്ന് ഞാനവളെ കണ്ടില്ല. അമ്മ മരിച്ച കാര്യം അവളോട് പറയാൻ പറ്റിയില്ല"
അതു കേട്ട് ഇടിവെട്ടേറ്റതു പോലെ നിന്നു ശ്രീജിത്ത് പെട്ടെന്ന് തന്നെ പൊട്ടിക്കരയാൻ തുടങ്ങി. കാര്യം മനസിലാവാതെ നിന്ന വാസവനോട് എങ്ങലടിച്ചു കൊണ്ട് പറഞ്ഞു.
"വാസവേട്ടനറിയോ.., അന്ന് വൈകുന്നേരത്തെ ട്രെയിനിൽ ഞങ്ങൾ രണ്ടും ഒളിച്ചോടാൻ തീരുമാനിച്ചതാ. അതു കൊണ്ട് ഉച്ചയ്ക്ക് ക്ലാസ് കട്ട് ചെയ്ത് വരുമെന്നവൾ പറഞ്ഞതാ.... "
ഇരുമ്പു കൂടം കൊണ്ടൊരടികിട്ടിയ പോലെ വാസവൻ ഞെട്ടിയെഴുന്നേറ്റു.
" അയ്യോ, നിനക്കിതെന്നോട് പറയാമായിരുന്നില്ലേ? നീ വരുമെന്ന് കരുതി അവള് വൈകുന്നേരത്തെ ട്രെയിനിൽ കേറിയിരിക്കുമോ? ഈശ്വരാ "
അറിയാതെയാണെങ്കിലും, തനിക്കു പറ്റിയ തെറ്റോർത്ത് വാസവൻ നിലവിളിച്ചു പോയി.
പിന്നെ അരുന്ധതിയെ അന്വേഷിച്ച് യാത്രയായിരുന്നു രണ്ടു പേരും.
 അതിനിടയിലാണ് ശ്രീജിത്ത് നാട്ടിലെത്തിയ കാര്യമറിഞ്ഞ അരുന്ധതിയുടെ അമ്മാവന്മാർ വിളറി പിടിച്ചോടാൻ തുടങ്ങിയത്. ശ്രീജിത്തിനെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞുമനസിലാക്കി, അരുന്ധതിയെയും കൊണ്ട് താൻ തിരിച്ചെത്തുമെന്ന് പറഞ്ഞാണ് താൻ അന്നവിടെ നിന്നും ഇറങ്ങിയത്.
വിധി വീണ്ടും ക്രൂരത കാട്ടി. തിരിച്ചെത്തിയ തന്നെ കാത്തിരുന്നത് മീനുകൾ കൊത്തിവലിച്ച ശ്രീജിത്തിൻ്റെ ദേഹമായിരുന്നു. ആത്മഹത്യയാണെന്നും കൊലപാതകമാണെന്നുമൊക്കെ പലരും പറഞ്ഞു.

വാസവൻ്റെ ചിന്തകളെ മുറിച്ച് കൊണ്ട് സൈക്കിൾ ബെല്ലടിച്ചു.
അപ്പുവാണ്.
" അച്ഛനെന്താ വരാൻ താമസിച്ചത്. അതാ ഞാനന്വേഷിച്ചു വന്നത്. "
അരുന്ധതിയും അപ്പുവിൻ്റെ നേരെ തിരിഞ്ഞു.
"വാസവേട്ടൻ്റെ മോനാണോ?"
അതെയെന്നോ അല്ലെന്നോ എന്ന് വേർതിരിച്ചറിയാനാവാത്ത വിധം അവൻ തലകുലുക്കി.
" അരുന്ധതി വരൂ... എനിക്ക് കുറേ കാര്യങ്ങൾ പറയാനുണ്ട്."
വാസവൻ്റെ ക്ഷണം സ്വീകരിച്ച് അരുന്ധതി അവരോടൊപ്പം നടന്നു.
ചായ കുടിക്കുന്നതിനിടയിൽ ശ്രീജിത്തിൻ്റെ മരണം വരെയുള്ള കാര്യങ്ങൾ അയാൾ അരുന്ധതിയോട് പറഞ്ഞു. കഥകൾ കേട്ട് നിന്ന പതിനഞ്ചുകാരനായ അപ്പുവിൻ്റെ കണ്ണുകൾ നിറഞ്ഞു. ആകാംക്ഷ അടക്കാനാവാതെ അവൻ ചോദിച്ചു.
"നിങ്ങൾ ശരിക്കും അന്നെവിടെയായിരുന്നു."
നിർവികാരത അലതല്ലിയ അരുന്ധതി വാൽസല്യപൂർവ്വം അവനെ നോക്കി
"അന്ന് എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയ എൻ്റെ മനസ്സിൽ, എൻ്റെ വയറ്റിൽ വളരുന്ന ശ്രീജിത്തിൻ്റെ കുഞ്ഞു മാത്രമായിരുന്നു. വീട്ടിലേക്ക് തിരിച്ചു ചെന്നാൽ എനിക്കാ കുഞ്ഞിനെ നഷ്ടപ്പെടുമെന്നുറപ്പായിരുന്നു. പിന്നൊന്നും ചിന്തിച്ചില്ല. അടുത്ത ട്രെയിനിൽ ഞാൻ കയറി. കഞ്ഞിന് വേണ്ടി മാത്രം ഞാൻ ജീവിച്ചു. പക്ഷേ, എനിക്കെൻ്റെ കുഞ്ഞിനെ ജീവനോടെ കിട്ടിയില്ല... പ്രസവശേഷം അമ്മാവന്മാർ എന്നെ കണ്ടെത്തി. അപ്പോഴേക്കും ഞാനൊരു പാട് മാറിയിരുന്നു. സ്വന്തം തീരുമാനമെടുക്കാൻ പഠിച്ചിരുന്നു."
"ഇപ്പോ നാട്ടിലേക്ക് വരാൻ പ്രത്യേകിച്ച് കാരണം?" വല്ലാത്ത ഭയത്തോടെ വാസവൻ ചോദിച്ചു.
" വർഷം പത്തു പതിനഞ്ചു കഴിഞ്ഞില്ലേ? തറവാടൊക്കെ ക്ഷയിച്ചു, അനാഥമായി. ഒക്കെ ഒന്നു കണ്ടിട്ടു പോകാമെന്നു കരുതി "
അരുന്ധതി യാത്ര പറഞ്ഞിറങ്ങിയപ്പോഴാണ് വാസവന് സമാധാനമായത്.
അന്നു രാത്രി അയാൾക്കുറങ്ങാനായില്ല. വർഷങ്ങൾക്ക് മുൻപ് താൻ പറയാൻ മറന്ന വാക്കുകളാൽ ജീവിതം തകർന്ന അരുന്ധതിയെ അറിഞ്ഞു കൊണ്ട് ചതിക്കരുത്. അയാൾ തീരുമാനമെടുത്തു കഴിഞ്ഞു.
വർഷങ്ങൾക്ക് മുൻപ് അരുന്ധതിയെ അന്വേഷിച്ച് നഗരത്തിലെത്തിയപ്പോൾ തനിക്ക് കിട്ടിയ നിധി, അപ്പു - അവളുടെ മകനാണെന്നറിയിക്കണം. പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊല്ലാനേൽപ്പിച്ചതായിരുന്നു അമ്മാവന്മാർ! വിധിയുടെ നിയോഗം പോലെ ആ നിമിഷങ്ങൾക്കു സാക്ഷിയായ വാസവൻ കൊലയാളികളെ പിന്തുടർന്ന് കരഞ്ഞ് കാല് പിടിച്ച് കുഞ്ഞിനെയും കൊണ്ട് നാട്ടിലേക്ക് തിരിച്ചു. എന്നെങ്കിലും അരുന്ധതി തിരിച്ചെത്തുമെന്നയാൾ പ്രതീക്ഷിച്ചു. കുഞ്ഞ് വളർന്നതോടെ, അവനെ സ്നേഹിച്ചു തുടങ്ങിയതോടെ,അവൾ തിരിച്ചെത്തരുതേ എന്നായി പ്രാർത്ഥന.
പക്ഷേ,
താൻ അറിഞ്ഞു കൊണ്ടൊരു പാപം ചെയ്യരുത്.
ഒരു പ്രായ്ശ്ചിത്തമായി... അപ്പുവിനെ അവൻ്റെ അമ്മയെ ഏൽപ്പിക്കണം.
പരസ്പരം തിരിച്ചറിഞ്ഞു കഴിയുമ്പോഴുള്ള അവരുടെ സന്തോഷം അയാൾ ഭാവനയിൽ കണ്ടു. നേരം പുലർന്നാലുടനെ അപ്പുവിനെയും കൊണ്ട് അരുന്ധതിയുടെ വീട്ടിലേക്ക്.... അങ്ങനെയൊരു ദൃഢ നിശ്ചയത്തിൽ അയാൾ പ്രഭാതം കാത്തു കിടന്നു.
- അനിത മഗേഷ് .

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം