ആഭിചാരം

വയലറ്റ് പൂക്കൾ

" മാളൂ.... മാളൂ.... എന്തുറക്കമാ ഇത്? നേരമിതെത്രയായി! നിനക്കിന്ന് ക്ലാസില്ലേ?"

അമ്മയുടെ ശബ്ദം കേട്ടാണ് ഏതോ സുന്ദര സ്വപ്നത്തിൻ്റെ വക്കിൽ നിന്നും മാളവിക ഞെട്ടിയുണർന്നത്.
അല്ലെങ്കിലും ഇതൊരു പതിവായിട്ടുണ്ട്. അമ്മയുടെ ശബ്ദം കനത്താലേ ഉറക്കം കണ്ണുകളെ വിട്ടകലാറുള്ളൂ.

"അയ്യോ. സമയം പോയല്ലോ... സാന്ദ്രയിപ്പോൾ പുറപ്പെട്ടിട്ടുണ്ടാവും. അമ്മേ ഇന്നിനി ചായ വേണ്ട"
ധൃതിയിൽ പോകാനൊരുങ്ങവേ അമ്മ വഴി തടഞ്ഞു.
" നിൽക്ക്. റിസേർച്ച്, പ്രൊജക്ട് ന്നൊക്കെപ്പറഞ്ഞ് തിന്നാണ്ടും കുടിക്കാണ്ടും ഓടിനടക്കണ്ട. ഇത് കൊണ്ടു പോയ്ക്കോ."
കൈയിലിരുന്ന ഭക്ഷണ പാത്രം തൻ്റെ നേർക്കു നീട്ടിയ അമ്മയുടെ കവിളിൽ ഒരു സ്നേഹചുംബനവും നൽകി അവൾ പുറത്തേക്കിറങ്ങി. 

"എത്ര നേരമായി മാളൂ ഞാൻ കാത്തു നിൽക്കുന്നു. ഇന്നത്തെ ഇൻവെസ്റ്റിഗേഷൻ നിൻ്റെ സെലക്ഷനാണെന്ന കാര്യം മറക്കണ്ട."

"അയ്യോ ഇല്ലേ.... ഈ വിഷയം ഞാനല്ലേ തെരെഞ്ഞെടുത്തത്. നമ്മളുറപ്പായിട്ടും ഇന്ന് ഭൈരവ സ്വാമിയെക്കാണും."

"എനിക്ക് നേരിയ പേടിയുണ്ട് മാളൂ, അയാളൊരു ദുർമന്ത്രവാദിയാണെന്നാ അറിയാൻ കഴിഞ്ഞത് "

"ഒന്നു പോടി. ഒരു മന്ത്രവാദം. കോപ്പ്. ഒക്കെ വെറും അന്ധവിശ്വാസം"

"എന്നിട്ട് നീ തന്നെയല്ലേ ആഭിചാരത്തെപ്പറ്റി പ്രബന്ധമെഴുതാൻ പോകുന്നത്."
സാന്ദ്രയുടെ വാക്കുകൾ മാളവിക ശ്രദ്ധിച്ചില്ല അവളുടെ കണ്ണുകൾ ദൂരെ നിന്നും നടന്നടുക്കുന്ന രാഹുലിൻ്റെ നേരെയായിരുന്നു.
"ഓഹോ. വരുന്നുണ്ട് നിൻ്റെ രാഹുൽ ,നിനക്കുള്ള വയലറ്റ് റോസാപുഷ്പവും കൊണ്ട്. "
സാന്ദ്ര കളിയാക്കിച്ചിരിച്ചു.
കോളേജിലെ കാന്താരിയായിരുന്നിട്ടും രാഹുലിൻ്റെ കണ്ണുകളിലെ തീഷ്ണതയെ നേരിടാൻ മാത്രം മാളവികയ്ക്ക് കഴിഞ്ഞില്ല.,. അവൾക്കായി അവൻ കൊണ്ടുവരുന്ന വയലറ്റ് പൂക്കൾ ഹൃദയത്തിൽ വേരുറച്ചു കഴിഞ്ഞിരിക്കുന്നു..
ടാർ ചെയ്ത റോഡിൽ നിന്നും ഇടവഴിയിലേക്ക് തിരിഞ്ഞു പോകും തോറും വഴിയുടെ വീതികുറഞ്ഞു കുറഞ്ഞു വരുന്നു. ഒരല്പം ആശങ്കയോടെ സാന്ദ്രയും മാളവികയും ഭൈരവൻ്റെ വീട്ടുപടിക്കലെത്തി. പ്രേതസിനിമകളിലേതു ഭയാനകവും സമാധി കാത്തിരിക്കുന്നതുമായ  വീട്!
നെറ്റിയിൽ വലിയ വട്ടപ്പൊട്ടു തൊട്ട ഒരു സ്ത്രീ വാതിൽ തുറന്നു പുറത്തിറങ്ങി. 
" ആരാ?... എന്താ വേണ്ടത്?... "
ഒറ്റനിമിഷംകൊണ്ടു യുഗാന്തരങ്ങളിലേക്ക് തെന്നിവീണ സാന്ദ്ര മറുപടിക്കായി വാക്കുകൾ തിരഞ്ഞപ്പോഴേക്കും മാളവിക ഉത്തരം നൽകി.
"ഞങ്ങൾ ഒരു ഇൻ്റർവ്യു എടുക്കാൻ .... ഇന്നലെ വിളിച്ചിരുന്നു."
"ഉം... അകത്ത് വരൂ..."
അകത്തെ ചാരുകസേരയിൽ ഒരു ദീർഘകായ രൂപം! നെറ്റിയിലെ നെടുനീളൻ കുങ്കുമം അയളുടെ മുഖത്തിന് ഉഗ്ര പരിവേഷം നൽകി. തളർന്ന കൈകൾ ചാരുകസേര കൈകളിൽ നീട്ടിവച്ചിരിക്കുന്നു.
"അതേയ്.... ഈ പിള്ളേര്... ഇന്നലെ പറഞ്ഞ ... "
അകത്തേക്ക് കയറിയ ആ സ്ത്രീ അയയിൽ കിടന്ന തോർത്ത് എടുത്ത് അയാളുടെ കഴുത്തും മുഖവും തുടയ്ക്കുന്നതിനിടയിൽ പറഞ്ഞു.
" ഉം.... " അയാളൊന്നമർത്തി മൂളി.
"ഈ മന്ത്രവാദം എന്ന് പറയുന്നത് കുട്ടിക്കളിയല്ല"
അയാളുടെ വാക്കുകൾക്ക് മുന്നിൽ ശില പോലിരിക്കുകയാണ് സാന്ദ്ര. മാളവിക അലസമായി അവിടെയിരുന്ന ലോഹത്തകിടുകളിലും പ്രതിമകളിലൊമൊക്കെ എന്തൊക്കെയോ തിരഞ്ഞു.
ഒരു കോഴിമുട്ടയിൽ വളരെ ചെറിയ അക്ഷരത്തിൽ എന്തൊക്കെയോ ആലേഖനം ചെയ്തിരിക്കുന്നത് കൗതുകത്തോടെ അവൾ ക്യാമറയിൽ പകർത്തി.
" അടുത്ത് പോവണ്ട. നല്ല മന്ത്രശക്കിയുള്ളതാ."
ഭൈരവൻ്റെ ഭാര്യ മാളവികയോടായിപ്പറഞ്ഞു. ഇതു കേട്ട് സംശയത്തോടെ ഭൈരവൻ്റെ തളർന്ന കൈകളിലേക്ക് നോക്കിയ സാന്ദ്രയോടായി അയാൾ പറഞ്ഞു.
" എൻ്റെ കൈകൾ മാത്രമേ തളർന്നിട്ടുള്ളൂ..... എൻ്റെ മകൻ... അവനാണിപ്പോൾ എല്ലാക്കാര്യവും നോക്കുന്നത്."
മന്ത്ര മുട്ട നോക്കിക്കൊണ്ടിരുന്ന മാളവിക ചിരിയടക്കാൻ പാടുപെട്ടു.
മുമ്പൊരിക്കൽ, താൻ ചെറിയ കുട്ടിയായിരുന്നപ്പോൾ തൻ്റെ വീട്ടിലെത്തിയ 'കൂടോത്രം' അവളുടെ മനസിൽ ഓടിയെത്തി.
സ്കൂൾ വിട്ട് വരുന്ന വഴിയാണ് ഒരു മാർക്കർ പേന കളഞ്ഞു കിട്ടിയത്. വെറുതെ ഒരു രസത്തിന്, കോഴിക്കൂട്ടിൽ കിടന്ന ഒരു മുട്ടയെ സുന്ദരിയാക്കാമെന്നു കരുതി. മായാത്ത മഷിയുള്ള മാർക്കർ പേനയെക്കൊണ്ട് താനന്നുവരെ പഠിച്ച അക്ഷരങ്ങളും അക്കങ്ങളും മുട്ടത്തോട്ടിൽ നിറച്ചത് ഉണക്കാനായി വെയിലത്ത് വെച്ചതാണ്. പിന്നെ വീട്ടിലാകെ ബഹളമായിരുന്നു. മുത്തശ്ശി നെഞ്ചത്തടിച്ചു നിലവിളിക്കുന്നു, അമ്മ മൂക്കു പിഴിഞ്ഞ് കരയുന്നു, അമ്മാവന്മാർ വിളറി പിടിച്ചത് പോലെ ഓടി നടക്കുന്നു. പിന്നെ രണ്ടു ദിവസം നീണ്ട പൂജയും ഹോമവും..  
താൻ ഡിസൈൻ ചെയ്ത മുട്ടയാണ് കാരണമെന്ന് കുട്ടി മാളവികയ്ക്ക് മനസിലായത് ആഴ്ചകൾ കഴിഞ്ഞാണ്. അന്നത്തെ സംഭവ വികാസങ്ങളെ ഭയന്ന അവൾ , സത്യത്തെ തൻ്റെയുള്ളിൽ തന്നെ കുഴിച്ചു മൂടി. അന്നു മുതലാണ് മാളവിക മന്ത്രവാദത്തെ വെറുത്തത്‌.
എന്നു മാത്രമല്ല അതിനെ ശക്തിയുക്തം എതിർക്കുകയും ചെയ്തു അവൾ. അതു കൊണ്ടാണല്ലോ, അച്ചൻ്റെ അപകട മരണത്തെ ദുർമരണമെന്നാരോപിച്ച് പരിഹാരക്രിയകൾ നിർദ്ദേശിച്ച മുത്തശ്ശിയെ അവൾ വരച്ച വരയിൽ നിർത്തിയത്.
പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്ത് കുറേയേറെ ഫോട്ടോകളുമെടുത്ത് പോകാൻ നേരം സാന്ദ്രയ്ക്ക് സംശയം
"മാളൂ... ഈ ബന്ധനം, വശീകരണം.. ഒക്കെ ഉള്ളതായിരിക്കോ ടീ? "

"പോടീ.... അവിടന്ന്, നീയേത് യുഗത്തിലാ..."
സമയം വൈകിയിരിക്കുന്നു. ഇനി ഭൈരവൻ്റെ മകനെ കാത്തിരിക്കുന്നതിൽ അർത്ഥമില്ല. തിരിച്ചു പോകുക തന്നെ. എങ്ങനെയെങ്കിലും അവിടുന്ന് പുറത്ത് കടന്നാൽ മതി എന്നായിരുന്നു മാളുവിന്.

" മക്കളേ... ഞങ്ങളുടെ രാഹുല് വരാൻ വൈകുമെന്നാ പറഞ്ഞത്. അവനൊരു കർമ്മത്തിന് പോയിരിക്കുകയാ. നിങ്ങളിപ്പോൾ പോയ്ക്കൊളൂ."
ഭൈരവൻ്റെ ഭാര്യയുടെ വാക്കുകൾക്ക് മുന്നിൽ തലയാട്ടി അവർ പുറത്തേക്കിറങ്ങി. 
"എന്താ ഇത് പ്രേത ഭവന മോ? ഇവിടുള്ളൊര് മനുഷ്യര് തന്നെയാണോ?"
സാന്ദ്ര നെടുവീർപ്പിട്ടു.അത് കേട്ട് ചിരിച്ചു കൊണ്ട് തിരിഞ്ഞു നിന്ന മാളുവിനെ നോക്കി മുറ്റത്തിനരികിലെ വയലറ്റ് റോസാപ്പൂക്കൾ പുഞ്ചിരി തൂകി. 
വല്ലാത്തൊരു ഭയം മാളുവിനെ ഗ്രസിച്ചു. അവളുടെ കണ്ണുകൾ ചുറ്റിലും പരതി. 
അതെ താൻ തുന്നിയ വയലറ്റ് പൂക്കളുള്ള തൂവാല മുറ്റത്തെ അയയിൽക്കിടന്നാടുന്നു.
ഒരു നടുക്കം അവളിൽ മിന്നൽപ്പിണർ സൃഷ്ടിച്ചതും സാന്ദ്രയുടെ കൈ പിടിച്ച് അവൾ പുറത്തേക്കോടിയും ഒരുമിച്ചായിരുന്നു.

-അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം