മണ്ണ്

മണ്ണ്

 നെറ്റിയിൽ കൈകൾ ചേർത്ത് വച്ച് രാഘവൻ ആയാസപ്പെട്ട് ആകാശത്തേക്ക് നോക്കി.
" ഇന്ന് മഴയുണ്ടാവും യശോദേ.... "
കളപറിച്ചു കൊണ്ടു കുനിഞ്ഞു നിന്നിരുന്ന യശോദ ഇടുപ്പിൽ കൈകൾ കുത്തി മെല്ലെ നിവർന്നു. 
" നിങ്ങള് പറഞ്ഞാ പിന്നെ പെയ്യാണ്ടിരിക്വോ....  ഓർമ്മ വച്ച നാളു തൊട്ട് ഈ മണ്ണിൽ പണിയണതല്ലേ.... "
യശോദയുടെ ഉത്തരത്തിൽ കുലുങ്ങി ച്ചിരിച്ചു കൊണ്ട് രാഘവൻ തൂമ്പയും കത്തിയുമെടുത്ത് കൃഷിസ്ഥലത്തു നിന്നും കയറി.
പറിച്ചെടുത്ത കായ്ഫലങ്ങൾ കുട്ടയിലാക്കി തലയിൽ വച്ച് യശോദ അയാളെ അനുഗമിച്ചു. 
കുളിയും ജപവുമൊക്കെ വേഗം കഴിച്ച് രാഘവൻ പൂമുഖത്തെ ചാരുകസേരയിൽ നീണ്ടു നിവർന്നു കിടന്നു.
"ഇനീപ്പോ ... അവിടെക്കിടന്ന് ഒറങ്ങണ്ട. കഞ്ഞി കാലായ്ട്ട്ണ്ട് വന്ന് കഴിച്ചിട്ട് കിടക്കൂ ... "
യശോദ തൻ്റെ വെള്ളി നൂലുകൾ എത്തി നോക്കാൻ തുടങ്ങിയ മുടി കെട്ടിവച്ച് കൊണ്ടറിയിച്ചു.
" ഉം..... ന്നാപ്പിന്നെക്കഴിച്ചേക്കാം., ഇന്ന് മോനു വിളിച്ചാരുന്നോടീ....?"
"ഇല്ല. അവൻ കുറച്ചു ദിവസായല്ലോ ഇങ്ങട്ട് വിളിച്ചിട്ട് " 
" അവൻ തിരക്കിലാവും. നമ്മുടെ പാടത്തെപ്പണി പോലല്ലോ... അമേരിക്കേലൊക്കെ ...."
രാഘവൻ നെടുവീർപ്പുതിർത്തു. മകനെ വളർത്തി വലുതാക്കി നല്ല നിലയിലെത്തിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ആരോഗ്യമൊക്കെ ചോർന്നു പോയതയാൾ ഗൗനിച്ചിരുന്നില്ല.
അപ്പോഴെല്ലാം അയാൾ യശോദയോട് പറയും
"മണ്ണ് ചതിക്കില്ലെടീ.... "
 മണ്ണിനോട് മല്ലിട്ട് പൊന്നു വിളയിച്ച് മകനു വേണ്ടി മാത്രം വിയർപ്പൊഴുക്കി. അവനു ചിറകുമുളച്ചതും അവൻ പറന്നു പോയി. അമേരിക്കയിൽ തന്നെ കുടുംബവും കുട്ടികളുമൊക്കെയായി....
ഓരോ മാസവും അവനയച്ച് കൊടുത്ത നോട്ടുകെട്ടുകൾ അവർ സ്നേഹപൂർവ്വം നിരസിച്ചു.
ഇടയ്ക്ക് ഫോണിലൂടെ ഒഴുകിയെത്തുന്ന മകൻ്റെ ശബ്ദം മാത്രമാണ്  അവരുടെ ഏക സന്തോഷം
രാവിലെ, മഴ പെയ്തു കുളിർത്ത മണ്ണിൻ്റെ ഗന്ധം നൽകിയ ഊർജ്ജത്തിൽ പാടത്തേക്കിറങ്ങി. 
ദൂരേ നിന്നും ഒരു കാറിൻ്റെ ഹോണടി... ആദ്യം കേട്ടത് യശോദയായിരുന്നു.
" ആരാപ്പാദ്..... മോനു ആയിരുക്വോ..."
പ്രതീക്ഷയോടെ കാത്തു നിന്ന രാഘവൻ്റെ മുന്നിലേക്കിറങ്ങിയത് രണ്ട് അപരിചിതർ.
"മിസ്റ്റർ രാഘവൻ.... നിയമ പ്രകാരം ഇത് ഞങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയാണ്. ഞങ്ങളിവിടെ പുതിയൊരു ഫ്ലാറ്റ് നിർമ്മിക്കാനുദ്ദേശിക്കുന്നുണ്ട്. താങ്കൾ എത്രയും വേഗം ഇവിടുന്ന് ഒഴിഞ്ഞു പോകണം."
ഇടിവെട്ടേറ്റത് പോലെ നിന്ന് പോയി രാഘവൻ
" എന്തായീ പറയുന്നേ ഞാൻ ജനിച്ചു വളർന്ന മണ്ണായിത്... ഇതെങ്ങനെ നിങ്ങളുടേതാവും?"
"അതിന് നിങ്ങളുടെ കൈയിലെന്ത് രേഖയാണുള്ളത്. "
രാഘവൻ ഒന്നു പതറി. ശരിയാണ് അച്ഛന് നാട്ടുപ്രമാണി സമ്മാനമായി നൽകിയ ഭൂമി. നീണ്ടു നിവർന്നു കിടക്കുന്ന കൃഷിയിടം.... അതിൻ്റെ ഓരത്ത് ഒരു കുഞ്ഞ് കുടിൽ കെട്ടി താമസമാക്കിയതാണവർ.
"നിങ്ങൾക്ക് ഞങ്ങൾ ഒരാഴ്ച സമയം തരാം....അതിനുള്ളിൽ..."
അപരിചിതൻ്റെ ശബ്ദത്തിലെ ഭീഷണി സ്വരം അയാളെ ഭയപ്പെടുത്തി.
അന്നു രാത്രി തന്നെ മോനുവിൻ്റെ ശബ്ദം ഫോണിലൂടെ അവരെ തേടിയെത്തി. വളരെ മനപ്രയാസത്തോടെയാണ് രാഘവൻ കാര്യങ്ങൾ വിശദീകരിച്ചത്.
"ഓ. അതാണോ ഇത്ര വല്യ കാര്യം. ആ സേട്ട് എന്നെ വിളിച്ചിരുന്നു. നിങ്ങൾ രണ്ടു പേരും നാളെത്തന്നെ ശരണാലയത്തിലേക്ക് മാറണം. ഞാനവിടെ വിളിച്ച് എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. "
"മോനേ..., ഈ മണ്ണ് വിട്ട്...."
"അച്ഛാ ഈ ചിന്തയൊക്കെ മാറ്റ്... എന്നിട്ട് ചെളി പുരളാതെ സമാധാനത്തോടെ ജീവിക്ക് ..."
അവൻ ഫോൺ കട്ട് ചെയ്തു എന്ന് മനസിലായപ്പോൾ രാഘവനും ഫോൺ താഴെ വച്ചു.
"ചെളിയും മണ്ണുമല്ലേ ടീ നമ്മുടെ ജീവിതവും... അന്നവും... ഇതൊന്നുമില്ലെങ്കിൽ പിന്നെ ഈ രാഘവനുമില്ല."
ഗദ്ഗദത്തോടെ പിച്ചും പേയും പറയുന്ന അയാളെ സമാധാനിപ്പിക്കാനാവാതെ നിൽക്കുകയാണ് യശോദയും
സേട്ട് വാക്ക് പാലിച്ചു! പിറ്റേ ദിവസം രാവിലെ തന്നെ രാഘവൻ്റെ കൃഷിയിടത്തിലെത്തി. നിറയെ പൊൻ കതിരണിഞ്ഞു നിൽക്കുന്ന ആ നെൽവയലിൻ്റെ ഹരിതഭംഗി അയാൾ വില കൂടിയ ക്യാമറയിൽ പകരത്തി. 
"എൻജിനിയർ സാർ ബിൽഡിങ്ങിൻ്റെ മുന്നിൽ ഇതുപോലെ ചിത്രം നിർമ്മിക്കണം"
കൂടെയുള്ള ആളിനെ നോക്കി സേട്ട് പറഞ്ഞത് കേട്ട് രാഘവൻ പുച്ഛത്തോടെ ചിറികോട്ടി.
ഓജസും തേജസുമുള്ള വയലുകളെ കൊന്ന് അതിൻ്റെ ചിത്രം വരച്ചാനന്ദിക്കുന്നവരെയോർത്ത് അയാൾക്ക് സഹതാപവും തോന്നി. 
യന്ത്രക്കൈകൾ പതുക്കെ ഉയരുന്നു. അവ തൊട്ടടുത്ത കുന്നിൻ്റെ പകുതിയും ആർത്തിയോടെ വായിലാക്കി, വയലുകളെ ജീവനോടെ കുഴിച്ചുമൂടാൻ തുടങ്ങി. യശോദ സ്വയം മറന്ന് നിലവിളിക്കുന്നുണ്ട്. തന്നെ നോക്കി കരഞ്ഞ, പാവലും, വെണ്ടയുമെല്ലാം ഞൊടിയിടയിൽ മൃതിയിലേക്കാണ്ടുപോയി. 
തൻ്റെ ഹൃദയം പൊടിഞ്ഞു പോകുന്നത് പോലെ തോന്നി രാഘവന് . വീണു പോകാതിരിക്കാൻ യശോദയുടെ ചുമലിൽ പിടിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവർ പതിയെ വീട്ടിലേക്ക് നടന്നു. രാത്രിയേറെ വൈകിയിട്ടും രാഘവൻ ഉറങ്ങിയില്ല. മണ്ണിൽ മുഖം ചേർത്ത് കിടക്കാൻ അയാൾ കൊതിച്ചു.
പുറത്ത് നിന്നും വലിയൊരു ശബ്ദം കേട്ടാണ് അയാൾ ഞെട്ടിയുണർന്ന്. അതെന്താണെന്നറിയാൻ വാതിൽ തുറക്കേണ്ടി വന്നില്ല. യന്ത്രക്കൈകൾ തല്ലിയൊടിച്ച നട്ടെല്ലുമായി നിന്ന കുന്ന് പിടിവിട്ട് താഴോട്ട്... 
മണ്ണിനെ സ്നേഹിച്ച രാഘവൻ്റെ വീടിനെ ആഞ്ഞു പുൽകിയ കുന്നും ഓർമ്മയായി.

പിറ്റേന്ന് രാവിലെ തന്നെ സേട്ട് തൻ്റെ പരിവാരങ്ങളോടൊപ്പമെത്തി.
" ഹോ, നമ്മുടെ പണി എളുപ്പമായല്ലോ ....."
തകർന്നടിഞ്ഞ കുന്നിൻ്റെ അവശിഷ്ടങ്ങളിൽ ചവിട്ടി നിന്ന് അയാൾ സന്തോഷമറിയിച്ചു.
ആ മണൽക്കൂമ്പാരത്തിനു താഴെ, മണ്ണിനെയറിഞ്ഞ്... മണ്ണിൽ ലയിച്ച... രണ്ടാത്മാക്കൾ അപ്പോഴും കരയുകയായിരുന്നു.
- അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം