പൊലിയുന്ന ബാല്യങ്ങൾ

കഥ:
*പൊലിയുന്ന ബാല്യങ്ങൾ*

ദോശക്കല്ലിലെ ദോശ ഇളക്കിയെടുക്കാൻ പാടുപെടുമ്പോഴേക്കും ഇൻഡക്ഷൻ കുക്കറിൽ ചായ തിളച്ചു തൂവിയിരുന്നു. തറയിലേക്ക് പടർന്നൊഴുകിയ ചായ കണ്ട ശ്രീകുമാർ തലയിൽ കൈ വച്ചു.

"ഈശ്വരാ ഇനി ഇതൂടെ വൃത്തിയാക്കണമല്ലോ."

തന്നെ ഒരു പാഠം പഠിപ്പിക്കാനായി ഇറങ്ങിപ്പോയ രാധികയുടെ മുഖം ഓർത്തപ്പോൾ അയാളിൽ രോഷം കത്തിക്കയറി.

"എന്തു വേണമെന്നെനിക്കറിയാം. ഇനി എനിക്കെൻ്റെ വഴി അവൾക്ക് അവളുടേയും "

പിറുപിറുത്ത് കൊണ്ട് ഷർട്ടിനായ് പരതിയ അയാളുടെ കൈകളിൽ അമ്മുക്കുട്ടിയുടെ കുഞ്ഞുടുപ്പ് ഇക്കിളി കൂട്ടി.
ഒരു നിമിഷം അയാൾ കൈകൾ പിൻവലിക്കാതെ ആ കുഞ്ഞുടുപ്പിലേക്ക് നോക്കി.
അവളുടെ കൊഞ്ചലും ചിരികളും ഉള്ളിൽ നിറഞ്ഞതോടെ പ്രഭാത ഭക്ഷണം വേണ്ടെന്ന് വച്ച് വീടിന് പുറത്തിറങ്ങി. സ്കൂൾ ബസിൻ്റെ ഡ്രൈവർ സീറ്റിൽ കയറുമ്പോഴും ആ കുഞ്ഞുമുഖം തന്നെയായിരുന്നു ഉള്ളിൽ.

കുട്ടികളുടെ ആരവങ്ങൾക്കിടയിലൂടെ ബസ് സ്കൂൾ മുറ്റത്തെത്തി. കുട്ടികളെല്ലാം ഇറങ്ങിയിട്ടും മീനുക്കുട്ടി മാത്രമിറങ്ങിയില്ലല്ലോ?
അയാൾ വേഗം മീനുക്കുട്ടിയുടെ അരികിലെത്തി.

"എന്താ മോളേ? എന്തു പറ്റി? "

മീനുക്കുട്ടി പതുക്കെ മുഖമുയർത്തി. ആ കുഞ്ഞു കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു.
അവൾ എന്തോ പറയാനായി തുടങ്ങിയപ്പോഴേക്കും 'ആയ' ബസിനുള്ളിലേക്ക് നോക്കി ഉറക്കെ വിളിച്ചു.

" മീനു .. "

ഞെട്ടിയുണർന്ന പോലെ അവൾ ബാഗും തൂക്കി പുറത്തേക്കിറങ്ങി.
രണ്ടാഴ്ചയായി മീനുക്കുട്ടിയിലെ ആ മാറ്റം ശ്രീകുമാറിൻ്റെ ശ്രദ്ധയിൽ പെട്ടിട്ട്. ചിരിച്ചു കൊണ്ട് "ഡ്രൈവറങ്കിൾ " എന്നു വിളിച്ച് തുള്ളിച്ചാടി വരുന്ന ആ കുഞ്ഞു കണ്ണുകളിലെ തിളക്കം മാഞ്ഞിരിക്കുന്നു. സദാ പുഞ്ചിരി തൂകിയ ആ മുഖം വിഷാദത്തിൻ്റെ മൂടുപടമണിഞ്ഞത് ശ്രീകുമാറിൻ്റെ മനസ്സിനെ അലോസരപ്പെടുത്തി.
'ഇവൾക്കിതെന്തു പറ്റി?' വൈകുന്നേരത്തെ യാത്രയിലാണ് മീനുക്കുട്ടി മനസ് തുറന്നത്.

"എൻ്റെ അച്ഛനും അമ്മേം പിരിയുകയാ അങ്കിൾ. അതോടെ ഞാൻ.. ഞാൻ...."

അവൾ വിതുമ്പിക്കരഞ്ഞു.

" കോടതീപ്പോയാൽ എന്നോട് ആരുടെ കൂടെ പോണമെന്നു ചോദിക്കുമെന്നാ എല്ലാരും പറയുന്നത്. ഞാനെന്താ അങ്കിൾ പറയേണ്ടത്?
എനിക്ക് അച്ഛനേം അമ്മേം ഒന്നിച്ചു വേണം. ഇല്ലെങ്കിൽ എനിക്കാരെയും വേണ്ട"

കുഞ്ഞു കണ്ണുകൾ പെയ്തു കൊണ്ടിരുന്നു.
അവളുടെ വാക്കുകൾക്ക് മുന്നിൽ അയാൾക്ക് മറുപടിയുണ്ടായില്ല. അയാളുടെ തല കുനിഞ്ഞു തന്നെയിരുന്നു.

രാവിലത്തെ ചൂടു ചായയോടൊപ്പം ചുളിവു വീഴാത്ത പത്ര വായന നിർബന്ധമായിരുന്നു ശ്രീകുമാറിന്. ആ പത്രത്താളുകൾ അലസമായി വലിച്ചിട്ടു എന്ന നിസാര പ്രശ്നത്തിനാണ് രാധികയുമായി പിണങ്ങിയത്. ഓരോന്നോർത്തു കൊണ്ട് അയാൾ പത്രമെടുത്ത് നിവർത്തി.

ആദ്യ പേജിലെ അപകട വാർത്തയ്ക്കൊപ്പം പുഞ്ചിരിച്ചു നിൽക്കുന്ന മീനുക്കുട്ടിയുടെ മുഖം അയാളെ നടുക്കി.
'വീട്ടുമുറ്റത്തെ റോഡ് ക്രോസ് ചെയ്യവേ വാഹനാപകടത്തിൽ മരിച്ച കുട്ടി'യുടെ വാർത്ത വായിച്ച് മുഴുമിപ്പിക്കാൻ കണ്ണീർ തുള്ളികൾ അയാളെ അനുവദിച്ചില്ല. ഇന്നലെ അവൾ തന്നോട് പറഞ്ഞ വാക്കുകൾ അയാളുടെ ഉള്ളിൽ മാറ്റൊലി കൊണ്ടു.

" അവരു വഴക്കിട്ടു പിരിയുമ്പോൾ ഞാനാരുമില്ലാത്തവളാവില്ലേ അങ്കിൾ ?... അച്ഛൻ്റെയും അമ്മയുടെയും വാശിയിൽ ഓരോ വീട്ടിലും ഞാൻ മാറി മാറി നിക്കേണ്ടി വരില്ലേ?... അവർക്ക് എന്നോട് ഒരു സ്നേഹവുമില്ലേ? ഉണ്ടായിരുന്നെങ്കിൽ അവര് പിരിയാൻ തീരുമാനിക്കുമായിരുന്നോ?  എനിക്ക് കോടതിയിൽ പോവാൻ പേടിയാ അങ്കിൾ... സത്യായിട്ടും പേടിയാ... ഞാനങ്ങു മരിച്ചു പോയാ മതിയായിരുന്നു.... "

മീനുക്കുട്ടിയുടെ ഓർമ്മകളിൽ വെന്തുരുകിയ അയാളുടെ കണ്ണുകൾ മീനുക്കുട്ടിയുടെ ഫോട്ടോയിൽ തറഞ്ഞു നിന്നു. പതിയെ ആ രൂപം മാറുന്നുവോ അവൾക്കിപ്പോൾ തൻ്റെ അമ്മുവിൻ്റെ ഛായയോ!

ശ്രീകുമാർ പത്രം താഴെയിട്ട് എന്തോ തീരുമാനിച്ചുറച്ച മട്ടിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു. അത് രാധികയുടെ വീട്ടിലേക്ക് തന്നെയായിരുന്നു.
                    *****************

-അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം