ഒരു കുടക്കീഴിൽ

കഥ:

ഒരുകുടക്കീഴിൽ

മുറിയുടെ പുറത്തേക്കിറങ്ങുന്നതിന് മുമ്പ് രേണുക ഒന്നു കൂടി നിലക്കണ്ണാടിയിലേക്ക് പാളി നോക്കി. ഉച്ചമുതൽ തുടങ്ങിയ ഒരുക്കമാണ്. എത്ര ഒരുങ്ങിയിട്ടും തൃപ്തിയാവുന്നില്ല.
'രാജേഷേട്ടനിന്ന് എന്നെക്കണ്ട് ഒന്നു ഞെട്ടണം.'
ഒന്നാം വിവാഹ വാർഷിക ദിനത്തിൽ രാജേഷിൻ്റെ കൈയിലണിയിക്കാൻ, നേരത്തെ കരുതി വച്ച ബ്രേസ് ലറ്റ് മാത്രം കൈയിലെടുത്ത് അവൾ വാതിലടച്ചു. ദൂരേ നിന്നും രാജേഷിൻ്റെ ബൈക്കിൻ്റെ ശബ്ദം കേട്ടതും ഇതുവരെയില്ലാത്ത വിധം അവളുടെ ഹൃദയം പെരുമ്പറ കൊട്ടി.
'രാജേഷേട്ടൻ തനിക്കെന്തു സമ്മാനം കൊണ്ടു വന്നാലും, അതിനെയൊക്കെ കടത്തിവെട്ടുന്നൊരു സർപ്രൈസ് തൻ്റെ കൈയിലുണ്ടല്ലോ.'
ഒരല്പം ലജ്ജയോടെ അവൾ സ്വന്തം വയറിനു മുകളിൽ കൈകൾ ചേർത്തു വച്ചു.
വൈകുന്നേരം സിനിമയ്ക്ക് പോകാൻ റെഡിയായിരിക്കാൻ പറഞ്ഞിട്ടാണ് രാജേഷേട്ടൻ ഓഫീസിലേക്ക് പോയത്. ഒട്ടും വൈകണ്ട. ബൈക്ക് മുറ്റത്തെത്തുമ്പോൾ വാതിൽക്കൽ താനുണ്ടാവണം. അവൾ ധൃതിയിൽ സ്റ്റെയർകേസിറങ്ങി.
പട്ടുസാരിയുടെ വക്കിൽ ചവിട്ടിയോ എന്നൊരു സംശയം കാലുകൾ ലക്ഷ്യം തെറ്റിയോ,
എന്താണു സംഭവിക്കുന്നതെന്ന് മനസിലാവുന്നതിന് മുമ്പ് തന്നെ വലിയ ശബ്ദത്തോടെ തറയിലെത്തിയിരുന്നു. ആയാസപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. ചുറ്റും പടർന്ന ചുവപ്പു രാശി കണ്ണിൽ കറുപ്പുപടർത്തി.

കണ്ണു തുറക്കുമ്പോൾ ആശുപത്രിക്കിടക്കയിലാണ്. ബെഡിനരികിൽ കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന അമ്മ.
"രാജേഷേട്ടൻ.....  ഏട്ടനെവിടെയമ്മേ ..."

"ഇന്നലെ ഇവിടത്തന്നെ ഉണ്ടായിരുന്നു. ഇന്നും ലീവെടുക്കാൻ പറ്റില്ലല്ലോ.  അവൻ ഓഫീസിലേക്ക് പോയി"

" ന്നാലും... "

അവളുടെ ശബ്ദം ചിലമ്പിച്ചു.

"ഇന്നലെ നീ കണ്ണുതുറന്നതിനു ശേഷം നിന്നോട് പറഞ്ഞിട്ടല്ലേ മോളേ  അവൻ പോയത് "

അർദ്ധ ബോധാവസ്ഥയിൽ താൻ രാജേഷേട്ടനെ കണ്ടില്ലല്ലോ എന്നവൾ വേവലാതിപ്പെട്ടു. 'തൻ്റെയുള്ളിൽ നാമ്പിടാൻ തുടങ്ങിയ പുതുമുകുളം വരവറിയിച്ചയുടനെ മടങ്ങിയല്ലോ ' അവളിലെ നിരാശയും ദുഃഖവും കലപില കൂട്ടി.

"അമ്മ എന്തെങ്കിലും കഴിച്ചായിരുന്നോ "

ഇല്ലെന്നോ ഉണ്ടെന്നോ എന്ന് തിരിച്ചറിയാനാകാത്ത വിധം അമ്മ തലയാട്ടി.

" അമ്മേ എനിക്ക് വിശക്കുന്നു. എന്നെയൊന്നു പിടിക്കൂ... ഞാനെഴുന്നേറ്റ് എന്തെങ്കിലും കഴിക്കട്ടെ.. "

"മോളേ......"
അമ്മയുടെ സങ്കടം അണ പൊട്ടിയൊഴുകി. മകൾ നീട്ടിയ കൈകളിലേക്ക് നിസ്സഹായതയോടെ നോക്കി, അവളുടെ കലുകളിൽ ചേർത്ത് പിടിച്ചു.
രേണുക സ്തംഭിച്ചു പോയി. അമ്മയുടെ കൈകൾ തൻ്റെ കാലുകളിലാണല്ലോ, കണ്ണീർമഴയുടെ നനവും താനറിയുന്നില്ലല്ലോ...
അരക്കെട്ടിൽ തുടങ്ങിയ ഒരു മരവിപ്പു മാത്രമായി കിടക്കയിലേക്ക് താൻ എന്നന്നേക്കുമായി വീണു കഴിഞ്ഞെന്ന സത്യം ഉൾക്കൊള്ളാനാവാതെ അവൾ ആർത്തു കരഞ്ഞു. കിടന്ന കിടപ്പിൽ തലയിട്ടുരുട്ടി ആക്രോശിച്ചു. ശബ്ദം കേട്ട് ഓടി വന്ന നഴ്സുമാരുടെസൂചിമുനയിൽ വീണ്ടും മയക്കത്തിലേക്ക്...

'' രാജേഷേട്ടാ.... " അവളുടെ ചുണ്ടുകൾ പതിയെ ചലിക്കുന്നത് കണ്ട് അമ്മ ഓടി വന്നു.

"മോളേ... രാജേഷ് ഇപ്പോ വരും ഇന്ന് നമുക്ക് വീട്ടിലേക്ക് പോകാം "

" രേണു... "
രാജേഷിൻ്റെ ശബ്ദം കേട്ടതും അവളുടെ നിയന്ത്രണം വിട്ടു. അയാളുടെ കൈകൾ ചേർത്ത് പിടിച്ച് അവൾ വിതുമ്പി.

" രേണു ,നീ അമ്മയുടെ കൂടെ വീട്ടിലേക്ക് പോയ്ക്കൊള്ളു... എൻ്റെ കൂടെ വന്നാൽ നിൻ്റെ കാര്യങ്ങളൊക്കെ ആരു നോക്കും? പിന്നെ എൻ്റെ ഭക്ഷണത്തിൻ്റെ കാര്യമല്ലേ, അതിനെന്തെങ്കിലും വഴി കാണാം."
രാജേഷിൻ്റെ വാക്കിൽ അവളുടെ ഹൃദയം വല്ലാതെ നീറി.

"ഞാൻ വിളിച്ചോളാം.... പോട്ടെ.."

അയാൾ കാഴ്ചയിൽ നിന്നു മറയുന്നത് നിറകണ്ണുകളോടെ അവൾ കണ്ടു.

"അപ്പോ ഭക്ഷണമുണ്ടാക്കുന്നതിനപ്പുറമൊരു സ്ഥാനം തനിക്കാ മനസിൽ ഉണ്ടായിരുന്നില്ലേ?"

രേണുകയുടെ ഹൃത്തടം നീറിപ്പുകഞ്ഞു. എല്ലാം തനിക്ക് തോന്നുന്നതായിരിക്കുമെന്ന് സങ്കൽപ്പിച്ച്  മൊബൈൽ ഫോൺ നെഞ്ചോടു ചേർത്തുവച്ച് അവൾ കിടന്നു.
രാജേഷിൻ്റെ ഫോൺ കോളുകളുടെ എണ്ണം കുറഞ്ഞു വന്നതിനനുസരിച്ച് മൊബൈലും അവളിൽ നിന്നകലാൻ തുടങ്ങി.

പതിയെ അവൾ യാഥാർത്ഥ്യങ്ങളിലേക്കിറങ്ങിച്ചെന്നു. വിവാഹത്തിനണിഞ്ഞ സ്വർണ്ണാഭരണങ്ങളത്രയും  പണയപ്പെടുത്തി ചികിത്സ നടത്തി. മരുന്നുകളുടെയും കുഴമ്പിൻ്റെയും ഗന്ധത്തിനിടയിൽ അമ്മയുട കരം പിടിച്ച് അവൾ മെല്ലെ പിച്ച വച്ചു തുടങ്ങി.  രാജേഷിൻ്റെ വിളി കേൾക്കാൻ ഉള്ളം കൊതിച്ചു.
താൻ രാജേഷേട്ടൻ്റെ പഴയ രേണുകയായി തിരിച്ചു വരാൻ പോകുകയാണെന്ന് പറയാനാണവൾ മൊബൈൽ ഫോൺ തിരഞ്ഞത്.
'താങ്കൾ ഡയൽ ചെയ്ത നമ്പർ നിലവിലില്ല'
എന്ന കിളിക്കൊഞ്ചലിൽ അവളുടെ സന്തോഷങ്ങളലിഞ്ഞു തീർന്നു.
'സാരമില്ല സോഷ്യൽ മീഡിയയിൽ കാണുമല്ലോ '
രാജേഷിൻ്റെ പ്രൊഫൈലിനായി വിരലുകൾ പരതി. തെളിഞ്ഞു വന്ന ചിത്രത്തിലെ, തോളിൽ കൈയിട്ടു നിൽക്കുന്ന സുന്ദരിക്കുട്ടിയെ ഒരു നോക്ക് കാണാൻ മാത്രമേ കണ്ണുകൾ അനുവദിച്ചുള്ളൂ. വീണ്ടും കാണാനുള്ള ശക്തിയില്ലാതെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു.
ആ ഇരുട്ടിൽത്തെളിഞ്ഞത് മുഴുവൻ രണ്ടു വർഷമായി തനിക്കായി ഊണും ഉറക്കവുമില്ലാതെ നടന്ന അമ്മയുടെ മുഖം മാത്രമാണ്.
അവൾ കണ്ണുകൾ തുറന്നു.
ഒരു പുതിയ പ്രഭാതത്തിലേക്കെന്ന പോലെ! അവ ഷെൽഫിൽ പൊടിപിടിച്ചു കിടന്ന ഗവേഷണ ഗ്രന്ഥങ്ങളെത്തിരഞ്ഞു. വിവാഹത്തോടെ അടിവരയിട്ട പഠിത്തം! ഒരു ഊർജ്ജം അവളുടെ സിരകളിൽ നിറഞ്ഞു.ഡോക്ടറേറ്റ് നേടണമെന്ന ആഗ്രഹം മനസിൻ്റെ മൂലയിൽ പൊടി പിടിച്ച് കിടപ്പുണ്ടായിരുന്നു. അവളതിനെ തേച്ചു മിനുക്കാൻ തുടങ്ങി. അമ്മയുടെ കൺതടങ്ങളിലെ കറുപ്പ് മാഞ്ഞു തുടങ്ങി. പതുക്കെ അവരുടെ കുഞ്ഞു വീടും വളർന്നു. ഗേറ്റിലെ ഡോ. രേണുക എന്ന ബോർഡിനൊപ്പം നിന്നെടുത്ത ഫോട്ടോ പത്രത്താളുകളിൽ നിറഞ്ഞ ദിവസമാണത് സംഭിച്ചത്.
അജ്ഞാതമായ നമ്പറിലൊരു ഫോൺ കോൾ
"രേണു... "
അവളൊന്നു നടുങ്ങി. ഉള്ളിൽ ഒരായിരം ചന്ദ്രൻ മാർ ഉദിച്ചുയർന്നു
രാജേഷേട്ടൻ!

" രേണു നിന്നെ മറന്നതിന് ദൈവം എനിക്കു ശിക്ഷ നൽകി. നിനക്ക് പകരം എൻ്റെ ജീവിതത്തിലേക്ക് വന്നവൾ എൻ്റെ സമ്പാദ്യമത്രയും കൈക്കലാക്കി മറ്റൊരാളുടെ കൂടെപ്പോയി.
ഞാനിപ്പോൾ ഒറ്റപ്പെട്ടു പോയി രേണൂ..."

അവളുടെ കണ്ണുകളിൽ ഉരുണ്ടുകൂടിയ കാർമേഘം പെയ്യാനൊരുങ്ങി നിന്നു അയാൾ ശബ്ദം നന്നെ നേർപ്പിച്ചു.
" രേണുവിന് എന്നോട് ക്ഷമിക്കാൻ കഴിയില്ലേ?.. തെറ്റ്.. പറ്റിപ്പൊയി... അതിനുള്ള ശിക്ഷയും അനുഭവിച്ചു. ഇനി... "
രാജേഷിൻ്റെ ഇടറിയ ശബ്ദം അവളുടെ ചെവിക്കുള്ളിൽ പ്രതിധ്വനിച്ചു.

രാവിലെ അവൾ പതിവില്ലാത്ത വിധം ഒരുങ്ങിയത് കണ്ട അമ്മയും അമ്പരന്നു. പട്ടുസാരി ചുറ്റി മുല്ലപ്പൂവും ചൂടി ഒരു പുതുപ്പെണ്ണിൻ്റെ നാണത്തോടെ നിന്ന അവൾക്ക് മുന്നിലെ സോഫയിൽ തല കുമ്പിട്ടിരുന്ന രാജേഷ് പതിയെ എഴുന്നേറ്റു. പ്രണയാർദ്രമായ ഒരു നോട്ടത്തോടെ അവൾക്കു നേരെ കൈകൾ നീട്ടി.

"രാജേഷേട്ടാ.... നിങ്ങളുടെ തണൽ ഞാനേറെ ആഗ്രഹിച്ചിരുന്നു. നമ്മൾ ഒരു കുടക്കീഴിൽ സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് കഴിഞ്ഞതെന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ ജീവിതം എന്നെ ചിലത് പഠിപ്പിച്ചു. കേടുപറ്റിയാൽ വലിച്ചെറിയേണ്ട ഒരുപക രണമല്ല ഭാര്യ. അതാദ്യം മനസിലാക്കുക. പിന്നെ ഇപ്പോൾ ഞാൻ ഒരു തണലും ആഗ്രഹിക്കുന്നില്ല. ഇന്നെൻ്റെ കാലുകൾ പൂർവ്വാധികം കരുത്തുറ്റതാണ്. സ്വന്തം കാലിൽ നിവർന്ന് നിൽക്കാൻ ഞാൻ പഠിച്ചിരിക്കുന്നു."

തലയുയർത്തി അത്രയും പറഞ്ഞ ശേഷം അവൾ അമ്മയുടെ കൈയും പിടിച്ച് അകത്തേക്ക് നടന്നു.
ഏതു കാറ്റും മഴയും വെയിലും തളർത്താത്ത രേണുകയ്ക്കു മുന്നിൽ പതറിയ രാജേഷ് പതിയെ ചാറ്റൽ മഴയിലേക്കിറങ്ങി.

ശുഭം
-അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം