വീടു തേടി

വീടു തേടി

 സമയം 10.30 നാട്ടിലെത്തുമ്പോഴേക്കും ഒരുറക്കത്തിനുള്ള സമയം മുന്നിലുണ്ട്. എങ്കിലും കണ്ണിമ ചിമ്മാതെ, ബസിന്റെ സൈഡ് സീറ്റിലൂടെ പുറത്തെ അരണ്ട വെളിച്ചത്തിലെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു കിഷോര്‍. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരികെയെത്തുന്ന തന്നെയും കാത്ത് അമ്മയും കുഞ്ഞു പെങ്ങളും കാത്തിരിപ്പുണ്ടാവും. അവന്റെ ചുണ്ടിലൊരു ചിരി തത്തിക്കളിച്ചു. റോഡരുകിലെ മരങ്ങള്‍ അതിവേഗം പിറകിലേക്ക് പാഞ്ഞുകൊണ്ടിരുന്നു. ഒപ്പം കിഷോറിന്റെ ചിന്തകളും.
 നാലു ചുറ്റിനും, മെടഞ്ഞ ഓലകള്‍ വച്ച് മറച്ച ചുവരുകള്‍ക്കുള്ളില്‍ കഴിയുമ്പോഴാണ് അച്ഛന്‍ ആദ്യമായി  ഒരു പുതിയ വീടിനെക്കുറിച്ച് പറഞ്ഞതിന്റെ അലയൊലികള്‍ പാതിയുറക്കത്തിലായിരുന്ന കുഞ്ഞു കിഷോറിന്റെ ചെവികളില്‍ വന്നലച്ചത്. അന്ന് മുതല്‍ അവനും ആ സ്വപ്നത്തിന്റെ തേരേറി. പുതിയ വീടിന്റെ കുറ്റിയിടല്‍  കര്‍മ്മങ്ങള്‍ വളരെ ആഘോഷമായിത്തന്നെ നടന്നു. അന്ന് സ്കൂള്‍ വിട്ടു വരുമ്പോള്‍ തന്റെ സ്കൂളിലെ കൂട്ടുകാരെ മുഴുവന്‍ അവന്‍ കൂടെക്കൂട്ടി. തന്റെ പുതിയ വീടിനെക്കുറിച്ച് വാചാലനായി.തറയൊരുങ്ങിയതു മുതല്‍ അതിന്റെ മുകളിലായി കളി. കുഞ്ഞനിയത്തിക്കും തനിക്കും ഒരോരോ മുറികള്‍ തെരെഞ്ഞെടുത്ത് അവരതില്‍ മണ്ണപ്പം ചുട്ടുകളിച്ചു. മനസ്സിനകത്ത് ആ തറയ്ക്കു മുകളില്‍ ചുവരുകളും വാതിലുകളുമൊക്കെ പൊങ്ങി. പക്ഷേ പെട്ടെന്നൊരു ദിവസം കരിങ്കല്‍ ക്വാറിയില്‍ തളര്‍ന്നു വീണ അച്ഛനെ താങ്ങിയെടുത്ത് വീട്ടിലെത്തിയ ആള്‍ക്കാര്‍ക്കൊപ്പം നിലവിളികള്‍ പൊങ്ങിയപ്പോഴാണ്, ഇനിയൊരിക്കലും തിരിച്ചു വരാനാവാത്ത വിധം അച്ഛന്‍ തങ്ങളെ വിട്ടു പോയെന്ന സത്യം അവനു മനസ്സിലായത്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇളയച്ഛന്മാരുടെയും വല്ല്യമ്മമാരുടെയും മുറുമുറുപ്പുകള്‍ ഉയര്‍ന്നതെന്തിനെന്നറിയാതെ അവന്റെ കുഞ്ഞു മനസ്സു വേപഥു പൂണ്ടു.
 മക്കളുടെ കൈയും പിടിച്ച് ആ അമ്മ ഇറങ്ങിയത് കുഞ്ഞു സ്വപ്നങ്ങളുടെ മേലെ കറുത്ത തിരശ്ശീലയിട്ടുകൊണ്ടായിരുന്നു.
“അമ്മേ നമ്മുടെ വീട്?..” കിഷോറിന്റെ നാവില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുംമുമ്പേ ഉയർന്നു തുടങ്ങിയ അമ്മയുടെ കരച്ചില്‍ പിന്നീട് ഉപദേശങ്ങളായി വളര്‍ന്നു.
“എന്റെ മോന്‍ പഠിച്ച് വലിയ നിലയിലെത്തണം. എന്നിട്ട് നമുക്കും ഒരു പുതിയ വീട് വെക്കണം. പിന്നെ എന്റെ മോന്‍ അമ്മയെയും കുഞ്ഞുമോളേയും ഈ വാടക വീട്ടില്‍ നിന്നും, നമ്മുടെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോണം " ആരുടെയും ആശ്രയമില്ലാതെ തങ്ങളെ പോറ്റി വളര്‍ത്തുന്ന അമ്മയുടെ വാക്കുകള്‍ അലന്റെ ഉള്ളില്‍ തറച്ചു. അച്ഛന്റെ ഓര്‍മ്മകള്‍ക്കൊപ്പം പൊടിഞ്ഞു പോയ പഴയ വീടിന്റെ തറയ്ക്കു പകരം പുതിയ സ്വപ്നങ്ങള്‍ അവന്റെ ഉള്ളില്‍ ചിറകു വിടര്‍ത്തി. തനിക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെട്ട സ്വത്തു തര്‍ക്കങ്ങള്‍ക്കൊന്നും പിറകേ പോകാതെ അഭിമാനിയായി വളരാന്‍ ആ അമ്മയുടെ കഷ്ടപ്പാടുകള്‍ അവനെ പഠിപ്പിച്ചിരുന്നു.  പഠനത്തില്‍ മിടുക്കനായത് കൊണ്ടുതന്നെ വളരെ വേഗത്തില്‍ ഒരു ജോലി സമ്പാദിക്കാന്‍ അവനു പറ്റി. അല്ല. അവന്റെ അമ്മയുടെ പ്രാര്‍ത്ഥനയുടെ ഫലമെന്നും പറയാം.
 സ്വന്തമായി വാങ്ങിയ ഭൂമിയില്‍ വീടു പണിക്കുള്ള ഏര്‍പ്പാടുകള്‍ തുടങ്ങിയാണ് പുതിയ ജോലി സ്ഥലത്തേക്ക് വന്നത്. രണ്ടു വര്‍ഷമായി. അമ്മയുടെയും കുഞ്ഞുമോളുടെയും മേല്‍ നോട്ടത്തില്‍  വീടു പണി പൂര്‍ത്തിയായിട്ടുണ്ട്. തന്റെ മൊബൈല്‍ ഫോണിലൂടെ വീടിന്റെ ചിത്രങ്ങള്‍ അവന്റെ മനസ്സില്‍ നിറങ്ങള്‍ ചാർത്തി. നാട്ടിലെത്തി, പുതിയ വീട്ടില്‍ താമസമാക്കിയാലുടന്‍ കുഞ്ഞുമോളുടെ കല്യാണം!ഒരു കാരണവരുടെ ഉത്തരവാദിത്തത്തോടെ ചില കണക്കു കൂട്ടലുകള്‍ കിഷോറിന്റെ മനസ്സിലുണ്ട്.
സമയം പോയ്ക്കൊണ്ടേയിരുന്നു. ബസിലെ മറ്റു യാത്രക്കാരെല്ലാവരും ഉറക്കത്തിലാണ്. അമ്മയുടെ വാക്കുകളിലൂടെ കേട്ടറിഞ്ഞ 'സ്വന്തം വീട് ' കാണാന്‍ പോകുന്നതിന്റെ സന്തോഷം അവനിലെ ഉറക്കത്തെക്കെടുത്തി.
 അവന്റെ സന്തോഷത്തിനൊപ്പം നൃത്തം വച്ചു കൊണ്ടിരുന്ന മഴത്തുള്ളികള്‍ക്ക് വലുപ്പം കൂടിക്കൂടി വന്നു. പെട്ടെന്ന് ബസ് ബ്രേക്കിട്ടു. യാത്രക്കാരെല്ലാം ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.
“റോഡില്‍ മണ്ണിടിഞ്ഞു വീണിട്ടുണ്ട് ഇനിയീ രാത്രി യാത്ര സാധ്യമല്ല.” ഡ്രൈവറുടെ അഭിപ്രായം കേട്ട കിഷോറിന് ആകെ വെപ്രാളമായി. കുഞ്ഞു നാളുമുതല്‍ കാത്തിരുന്ന വീടെന്ന സ്വപ്നം മുന്നില്‍ യാഥാര്‍ത്ഥ്യമാകാന്‍ നിമിഷങ്ങള്‍  ബാക്കി നില്‍ക്കെ...!
“ അമ്മ ഉറങ്ങിയിട്ടുണ്ടാവുമോ ? എന്നാലും സാരമില്ല വിളിച്ചു നോക്കാമെന്നു കരുതി ഫോണ്‍ കൈയിലെടുത്തപ്പോഴാണ് അത് ചാര്‍ജ്ജ് തീരാറായിക്കിടക്കുകയാണെന്ന് കിഷോർ ഓർത്തത്. അമ്മയുടെ നമ്പറിലേക്ക് ഡയല്‍ ചെയ്തെങ്കിലും അത് ഓഫാണ്. വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചെങ്കിലും അനക്കമില്ല.  “ ഛേ”  അവന്‍ അസ്വസ്ഥതയോടെ തല കുടഞ്ഞു.
“നാട്ടിലൊക്കെ നല്ല മഴയാ കറണ്ടില്ലെന്നാ അറിഞ്ഞത് ” പരിചയക്കാരനായ കണ്ടക്ടര്‍ അവനെ സമാധാനിപ്പിച്ചു. മുന്നിലുള്ള മണിക്കൂറുകളെ പ്രാകിക്കൊണ്ട് കിഷോര്‍ കണ്ണുകളടച്ചു കിടന്നു എപ്പൊഴോ ഉറങ്ങിപ്പോയി. എത്ര നേരമുറങ്ങിയെന്ന് അവനു തന്നെ നിശ്ചയമില്ല. കണ്ണു തുറന്നപ്പോഴേക്കും ബസ് നീങ്ങിത്തുടങ്ങിയിരുന്നു. സൂര്യന്‍ പൊന്‍പ്രഭ തൂകി വിരിഞ്ഞുകാണുമെന്നു കരുതിയാണവന്‍ പുറത്തേക്ക് നോക്കിയത്. പക്ഷേ മഴ മേഘങ്ങള്‍ സൂര്യനെ മറച്ചിരിക്കുകയാണ്.
“ഇനിയങ്ങോട്ട് ബസ് പോകില്ല. മുഴുവന്‍ വെള്ളം കേറിയിരിക്കുകയാ. ഇറങ്ങി നടന്നോ. ചിലപ്പോ വല്ല വള്ളവും കാണും” ഡ്രൈവറുടെ ആജ്ഞയ്ക്കൊപ്പം എല്ലാവരും ഇറങ്ങി. ഫോണ്‍ ഓഫായിക്കിടക്കുന്നത് കാരണം വാര്‍ത്തകളൊന്നുമറിയാതെ അമ്മ വിഷമിക്കുമല്ലോ എന്നാവലാതിപ്പെട്ട് പുറത്തേക്കിറങ്ങി മുന്നോട്ട് നടന്ന കിഷോര്‍ തരിച്ചു നിന്നു പോയി. ചുറ്റും കരകാണാതെ പരന്നു കിടക്കുന്ന പ്രളയജലം, എവിടെ നിന്നൊക്കെയോ നിലവിളികളുയരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കന്നുകാലികളുടേതുള്‍പ്പെടെ ജഡങ്ങള്‍  ഒഴുകി നടക്കുന്നു. അവന്റെ തലച്ചോറില്‍ ഒരു കൊള്ളിയാൻ മിന്നി. കയ്യിലുണ്ടായിരുന്ന ബാഗുകളും മറ്റും ഉപേക്ഷിച്ച് , സര്‍വ്വ ശക്തിയും തന്റെ കൈകളിലേക്ക് ആവാഹിച്ച് അവന്‍ ആഞ്ഞു തുഴഞ്ഞു. "എവിടെയായിരിക്കും തന്റെ അമ്മയും പെങ്ങളും ?” പുഴയായ്ത്തീര്‍ന്ന സ്ഥലം ഏതെന്ന് മനസ്സിലാവാതെ പൊട്ടിക്കരഞ്ഞു പോയി കിഷോര്‍. മനസ്സിന്റെ തളര്‍ച്ച കൈകളിലേക്കുമെത്തി കണ്ണുകളില്‍ ഇരുട്ട് കനം തൂങ്ങാന്‍ തുടങ്ങി. ഏതോ കൈകള്‍ തന്നെ വെള്ളത്തില്‍ നിന്നും വള്ളത്തിലേക്ക് കയറ്റിയത് പാതി മയക്കത്തില്‍ അവനറിഞ്ഞു.
 ആരോ തന്റെ തലയില്‍ പതിയെ തലോടുന്നതറിഞ്ഞാണ് അവന്‍ കണ്ണു തുറന്നത്. തന്നെ ആദ്യക്ഷരങ്ങള്‍ പഠിപ്പിച്ച വേണു മാഷ് ! കിഷോര്‍ ചാടിയെണീറ്റു. വള്ളം ഏതോ കര ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു.
“മാഷേ എനിക്കങ്ങോട്ടാ പോകേണ്ടത് . എന്റെ അമ്മയും കുഞ്ഞുമോളും..” അവന്‍ ഏതിര്‍ ദിശയിലേക്ക് കൈ ചൂണ്ടി. നിര്‍വ്വികാരത തളം കെട്ടിയ തന്റെ കണ്ണുകളെ ലക്ഷ്യമില്ലാതയച്ചു കൊണ്ടാണ് വേണു മാഷ് ഉത്തരം നല്‍കിയത്.
“എന്തിനാ കുട്ടി അങ്ങോട്ട് പോണത് ? അവിടെയൊന്നും ഇനിയൊന്നും ബാക്കിയില്ല. ഇന്നലെ രാത്രിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അവിടത്തെ വീടുകളും മനുഷ്യരും ഒന്നും...  ” മാഷ് മുഴുമിപ്പിക്കുന്നതിന് മുമ്പേ ഒരാര്‍ത്തനാദത്തോടെ കിഷോര്‍ മാഷിന്റെ മടിയിലേക്ക് വീണു. ബോധം തെളിഞ്ഞപ്പോഴേക്കും ഏതോ സ്കൂൾ വരാന്തയിലാണ്. ചുറ്റിനും ക്യാമറയും മൈക്കുകളുമായി ചാനലുകാരും പത്രക്കാരും! ഒരവതാരകന്‍ തന്റെ വടി പോലുള്ള മൈക്കിലൂടെ ക്യാമറയെ അഭിസംബോധന ചെയ്യുകയാണ്. 
“ ഇതാ നിങ്ങള്‍ ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്, ഇന്നലെ രാത്രി സ്വന്തം വീടു തേടി നാട്ടിലെത്തിയ കിഷോറിനെയാണ്. അല്പം മുന്‍പ് നിങ്ങള്‍കണ്ട ദൃശ്യങ്ങളിലെ അടര്‍ന്നു വീണ വീടിന്റെ സ്ലാബിനടിയില്‍പ്പെട്ടു പോയ ദേവകിയമ്മയുടെ മകനാണ് കിഷോര്‍ എന്നാണ് നാട്ടുകാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞ വിവരം.”
ചാനലുകാര്‍ വാര്‍ത്തകള്‍ തകര്‍ക്കുന്നതിനിടയില്‍ പ്രജ്ഞയറ്റതു പോലെ നില്‍ക്കുകയാണ് കിഷോ‍ർ. പൊലിഞ്ഞു വീണ തന്റെ സ്വപ്നങ്ങളുടെ കല്ലറയ്ക്കു മുകളില്‍ ഒരു പനിനീര്‍ പുഷ്പമായി കിഷോറും അന്ത്യോപചാരമറിയിച്ചു. അപ്പോള്‍ ദൂരെയെവിടെയോ ഒരു പൂവന്‍ കോഴി കൂവി.

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം