ഓണനിലാവ്

 #സ്നേഹമഞ്ഞ്

#കഥാമത്സരം

#ഓണനിലാവ്


ഓണനിലാവ്.

* * * * * * * * *


എവിടെനിന്നൊക്കെയോ ഒഴുകി  വന്ന പൊട്ടിച്ചിരികളും ബഹളവും ഉണ്ണിക്കുട്ടൻ്റെ കാതിൽ വന്നലച്ചു.

നാളെ തിരുവോണമായതിൻ്റെ  ആഹ്ലാദത്തിമിർപ്പിലാണ് നാടും നഗരവും.!

അയൽവക്കത്തെ കുട്ടികളിൽ പലരും പല വർണ്ണത്തിലുള്ള പൂക്കൾ നിറച്ച സഞ്ചിയുമായി അവരവരുടെ വീട്ടിലേക്ക് തുള്ളിച്ചാടി പോകുന്നത് കണ്ടപ്പോൾ, അവൻ്റെ മനസ്സും തുടിച്ചു. ആ വീടുകളുടെ മുറ്റത്തൊക്കെ നാളെ മനോഹരമായ പൂക്കളം വിരിയും. അതൊന്നു കാണാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും അമ്മ സമ്മതിക്കാറില്ല!

ഓണസദ്യ കൊതിച്ചാണ് താനങ്ങോട്ട് ചെന്നതെന്ന് കരുതുമത്രേ അവരൊക്കെ....!

ചുറ്റുപാടുമുള്ള വീടുകളിലൊക്കെ ചെറിയ ജോലികളൊക്കെ ചെയ്ത് കൊടുത്ത് പ്രതിഫലമായി കിട്ടുന്ന ഓണസദ്യ, തനിക്ക് വാരിത്തരാനായി ഉച്ചയ്ക്ക് അമ്മ വിയർത്തു കുളിച്ച് ഓടി വരാറുണ്ടായിരുന്നു.

പക്ഷേ... ഇന്ന് ... ആ ഭാഗ്യവും തനിക്ക് നഷ്ടമായിരിക്കുന്നു.

അടുപ്പിൽ വച്ച മൺ കലത്തിൽ കയിലിട്ടിളക്കി കണ്ടു പിടിച്ച രണ്ടു വറ്റിനോടൊപ്പം ഒരു പാത്രം വെള്ളവുമായി അവൻ അമ്മ കിടക്കുന്ന കട്ടിലിനരികിലെത്തി.

രണ്ടു മാസത്തോളമായി അമ്മ കിടപ്പിലായിട്ട്. 

ആശുപത്രിയിൽ പോയെങ്കിലും, എന്തൊക്കെയോ  ഓപ്പറേഷനോ മറ്റോ വേണമെന്ന്  ഡോക്ടർ പറഞ്ഞ് കേടയുടനെ തൻ്റെ കൈയും പിടിച്ച് മടങ്ങിയതാണമ്മ.

അധികം വൈകാതെ അസുഖം ആ ശരീരത്തെ കീഴടക്കുകയും ചെയ്തു. 


തിരുവോണ ദിനത്തിൽ, ആരോടും കൈ നീട്ടാതെ, ഒരുരുള ചോറ് തൻ്റെ അമ്മയ്ക്ക് കൊടുക്കണം.അന്നു രാത്രി മുഴുവൻ അതേ കുറിച്ചായിരുന്നു ആ പത്തു വയസ്സുകാരൻ്റെ ചിന്ത. പുലർച്ചെ എപ്പോഴോ ആണ് ഉറക്കം കണ്ണുകളെത്തേടിയെത്തിയത്.


ഉറക്കച്ചടവോടെ മുറ്റത്തേക്കിറങ്ങിയ അവനെ തൊടിയിലെ പൂക്കൾ മാടിവിളിച്ചതു പോലെ... അവനങ്ങോട്ട് ഓടിച്ചെന്നു. നൊടിയിടയിൽ പൂക്കൾ മുഴുവൻ പറിച്ച് സഞ്ചിയിലാക്കി. പൂക്കളം തീർക്കാൻ ആരും തേടി വരാതിരുന്ന നാട്ടുപൂക്കളും കാട്ടുപൂക്കളും ഊർജ്ജസ്വലതയോടെ അവൻ്റെ സഞ്ചികളിൽ നിറഞ്ഞു. ആവേശത്തോടെ അവൻ അമ്മയ്ക്കരികിലേക്കോടി.

" അമ്മേ, ഞാനീ പൂക്കൾ ചന്തയിൽ കൊണ്ടു പോയി വിറ്റിട്ടു വരട്ടെ?... അമ്മയ്ക്ക് മരുന്ന് വാങ്ങാനും നമുക്ക് അരി വാങ്ങാനുമുള്ള കാശ് കിട്ടുമല്ലോ..."

അമ്മയുടെ നിറഞ്ഞ കണ്ണുകളെ അനുവാദമാക്കിയെടുത്ത് നേരെ ചന്തയിലേക്ക്....


പുലർച്ചെ വരെ കച്ചവടം ചെയ്ത് തളർന്നുറങ്ങുന്ന പൂക്കച്ചവടക്കാരുടെ ഇടയിൽ അവനും സ്ഥാനം പിടിച്ചു.കൂട്ടത്തിലെ വൃദ്ധനായ കച്ചവടക്കാരൻ പരിചയമില്ലാത്ത ഭാവത്തിൽ അവനെ നോക്കി

"കുട്ടിയെ ഇന്നലെ കണ്ടില്ലല്ലോ..... "

ഒരൽപ്പം പേടിയോടെ അവൻ മറുപടി പറഞ്ഞു: "ഞാനിന്ന് ആദ്യായിട്ടാ..."

"ഇന്ന് ഓണമല്ലേ കുട്ടീ, എല്ലാവരും പൂക്കളം ഒരുക്കിയിട്ടുണ്ടാവും..."

ഉണ്ണിക്കുട്ടൻ നിരാശയോടെ വഴിയരികിലേക്ക് നോക്കിയിരുന്നു. വെയിൽ തലയ്ക്കു മുകളിൽ കത്തിക്കയറുന്നതിനിടയിൽ രണ്ട് പേർ വന്ന് കുറച്ച് പൂക്കൾ വാങ്ങിച്ചു. പ്രതീക്ഷയോടെ അവനാ നാണയത്തുട്ടുകൾ ട്രൗസറിൻ്റെ കീശയിൽ നിക്ഷേപിച്ചു. 

പായസ വിൽപ്പനക്കാരൻ വന്നതോടെ കച്ചവടക്കാർ എല്ലാവരും അയാൾക്കു ചുറ്റും കൂടി. ഉള്ളിലെ വിശപ്പ് പായസത്തിൻ്റെ മധുരഗന്ധത്തെ ഉളളിലേക്ക് വലിച്ചു കയറ്റിയപ്പോൾ ഉണ്ണിക്കുട്ടനും എഴുന്നേറ്റു. അതു വരെയുള്ള കൊച്ചു സമ്പാദ്യം കൊണ്ട് ഒരു കവർ പായസം വാങ്ങി. ഓണസമ്മാനമായി അമ്മയ്ക്ക് മധുരമുള്ള  പായസം നൽകാം. അവനാ പായസപ്പൊതി ഭദ്രമായി വച്ചു. വെയിലും വിശപ്പും ചേർന്ന് അവനെ അവശനാക്കിക്കൊണ്ടിരുന്നു. ഒരല്പം വെള്ളം കുടിക്കാനായിരുന്നു, പൈപ്പിനടുത്ത് ചെന്നത്. കൃത്യം ആ സമയത്ത് തന്നെ ഒരു തെരുവുനായ തൻ്റെ പായസപ്പൊതിക്കരികിലെത്തിയിരിക്കുന്നു. 

"അയ്യോ... എൻ്റെ പായസം.... "

ഉറക്കെ  കരഞ്ഞുകൊണ്ടാണ് അവൻ ഓടി വന്നത്. തൊട്ടടുത്തുണ്ടായിരുന്ന  വൃദ്ധൻ, നായയെ ഓടിച്ച് തൻ്റെ പായസപ്പൊതി കാത്തു വച്ചിരിക്കുന്നത് കണ്ട്, നന്ദിയോടെ അവൻ അയാളുടെ മുഖത്തേക്ക് നോക്കി.

മലയാളവും തെലുങ്കും കലർന്ന ഭാഷയിൽ അയാള വനെ ആശ്വസിപ്പിച്ചപ്പോൾ ഉണ്ണിക്കുട്ടൻ്റെ സങ്കടങ്ങൾ അയാൾക്ക് മുന്നിൽ അണ പൊട്ടി ഒഴുകി. 

തനിക്കും അമ്മയ്ക്കും വേണ്ടി പായസത്തെ കാത്തു വച്ച ആ വൃദ്ധനെ നമസ്കരിച്ച് പൂക്കൾക്ക് മുന്നിലിരുന്നപ്പോഴാണ് കുറേ ചെറുപ്പക്കാർ ബൈക്കുകളിൽ വന്നിറങ്ങിയത്. 

ക്ലബിലെ പൂക്കള മത്സരത്തിനായി പൂക്കൾ തേടി വന്നതാണവർ. തലേന്നാളത്തെ കച്ചവടത്തിൻ്റെ അവശിഷ്ടങ്ങളുമായി  ഇരിക്കുന്നവരെ നോക്കുക പോലും ചെയ്യാതെ, അവർ ഉണ്ണിക്കുട്ടൻ്റെ അടുത്തെത്തി. സന്തോഷത്തോടെ മുഴുവൻ പൂക്കളും സഞ്ചിയിൽ നിറച്ച് കൊടുത്ത അവൻ കാശിനായി കൈ നീട്ടി.

"എടാ ചെറുക്കാ, നീ കൊള്ളാമല്ലോ..., കുറേ കാട്ടു പൂക്കൾ കൊണ്ട് വന്ന് വച്ചിട്ട് നൂറു രൂപ തരണമെന്നോ? നടക്കില്ല. വേണമെങ്കിൽ പത്തു രൂപ തരാം."

"അയ്യോ ചേട്ടാ പത്ത് രൂപ കൊണ്ട് അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോലും തികയില്ല.. "

ഉണ്ണിക്കുട്ടൻ ഗദ്ഗദത്തോടെ പറയുന്നതിനിടയിൽ, പൊടി പറത്തിക്കൊണ്ട് മറ്റൊരു ബൈക്ക് കൂടി വന്നു നിന്നു. 

" നിങ്ങളിവിടെ നിൽക്കുകയാണോ?.. മത്സരം തുടങ്ങാറായി...വേഗം ..... ഇത് ഞാൻ സെറ്റില് ചെയ്തോളാം"

എല്ലാ ബൈക്കുകളും കണ്ണിൽ നിന്നു മറയുന്നത് വരെ അവൻ നോക്കി നിന്നു. തകർന്നടിഞ്ഞ തൻ്റെ സ്വപ്നങ്ങളുടെ മുന്നിൽ വിറങ്ങലിച്ചു നിന്നപ്പോൾ അമ്മയുടെ മുഖം മനസിൽ തെളിഞ്ഞു. അമ്മയിപ്പോൾ വിശന്ന് തളർന്ന് കിടക്കുകയാവും. പായസപ്പൊതി മാറോടടുക്കിപ്പിടിച്ച്, ആരോടും ഒന്നു മിണ്ടാതെ, ഉറയ്ക്കാത്ത  കാൽവെപ്പുകളുമായി തിരിച്ചു നടന്നു.


 ഓണനിലാവ് ചിത്രങ്ങൾ കോറിയിട്ട വഴിയിലൂടെ,അമ്മയോടൊപ്പം പായസം കഴിക്കുന്ന, മധുരതരമായ സ്വപ്നത്തിൻ്റെ ബലത്തിൽ മുന്നോട്ട് നടക്കവെയാണ് വീട്ടുമുറ്റത്തെ ആൾക്കൂട്ടം അവൻ്റെ ശ്രദ്ധയിൽ പെട്ടത്.

"ഈശ്വരാ... അമ്മ... അമ്മേ...." പായസപ്പൊതിയിൽ തെരുപ്പിടിച്ച് ആരേയും ശ്രദ്ധിക്കാതെ, ഭയചകിതനായി അകത്തേക്ക് ഓടിക്കയറിയ അവനെ നോക്കി അമ്മ പുഞ്ചിരിച്ചു.

"മോനേ.... ഉണ്ണീ... " ആ വിളി കേട്ടതും കരച്ചിലോടെ അവൻ അമ്മയെ കെട്ടിപ്പിടിച്ചു. കൈയിലുണ്ടായിരുന്ന  പായസം അമ്മയുടെ കൈകളിലേക്ക് വച്ചു കൊടുത്തു.


"നീയെവിടെയായിരുന്നു ഉണ്ണിക്കുട്ടാ ഇത്ര നേരം? "

നേരത്തെ തന്നോട് പൂക്കൾ വാങ്ങിച്ചിട്ട് കടന്നുകളഞ്ഞ ചേട്ടൻ തന്നെ!

അവൻ അന്ധാളിപ്പോടെ അയാളുടെ മുഖത്തേക്ക് നോക്കി.


"മോനേ, ഇവരൊക്കെ നിന്നെ അന്വേഷിച്ച് വന്നവരാ' "  അമ്മയുടെ വാക്കുകൾ കേട്ടപ്പോഴാണ് മുറ്റത്ത് കൂടി നിന്ന ആളുകളെപ്പറ്റി അവൻ ഓർത്തത്. അവൻ തിടുക്കത്തിൽ പുറത്തിറക്കി. അവിടെയപ്പോൾ, ഓണനിലാവിൽ കുളിച്ച മുറ്റത്തെ മേശമേൽ രണ്ടു തൂശനിലകളിലായി ഓണസദ്യ വിളമ്പുന്ന തിരക്കിലായിരുന്നു ചിലർ. 


" ഉണ്ണിക്കുട്ടാ, നിൻ്റെ കൈയിൽ നിന്നു വാങ്ങിയ നാടൻ പൂക്കൾ കൊണ്ട് തീർത്ത, ഞങ്ങളുടെ പൂക്കളത്തിനാണ് ഇത്തവണ ഒന്നാം സമ്മാനം. തിരക്കുകൾക്കിടയിൽ പൂവിൻ്റെ കാശ് തരാൻ വിട്ടു പോയി. 

നിന്നെ അന്വേഷിച്ച് വീണ്ടും ചന്തയിലെത്തിയപ്പോഴാണ് വൃദ്ധനായ പൂക്കച്ചവടക്കാരനിൽ നിന്നും നിൻ്റെ കാര്യങ്ങൾ ഞങ്ങളറിഞ്ഞത്.

മോൻ വേഗം വാ.. അമ്മയോടൊപ്പമിരുന്ന് ഓണസദ്യയുണ്ണണ്ടേ?.. "


അവൻ വിശ്വാസം വരാത്തതു പോലെ അയാളുടെ കണ്ണുകളിലേക്ക് നോക്കി.


"ഞങ്ങളുടെ ടീമിന് സമ്മാനമായിക്കിട്ടിയ മുഴുവൻ തുകയും അമ്മയുടെ ചികിത്സയ്ക്കായി നൽകുകയാണ്.- ഞങ്ങളുടെ വക ഉണ്ണിക്കുട്ടനുള്ള ഓണ സമ്മാനമാണിത്."


അവൻ്റെ മുഖം പൂർണ്ണേന്ദു പോലെ തിളങ്ങി. ആ നിലാമഴയിൽ അമ്മയും കുതിർന്നു .

അമ്മയ്ക്കൊപ്പമിരുന്ന് നിലാവിലേക്ക് നോക്കി  ഓണസദ്യയുണ്ണുമ്പോൾ അവൻ്റെ കണ്ണുകൾ നിറഞ്ഞിരിന്നു.


ശുഭം

അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം