ഓണത്തലേന്ന്

 കഥ:ഓണത്തലേന്ന്

* * * * * * * * * * * * *


അസ്തമയ സൂര്യൻ്റെ കിരണങ്ങളേറ്റ് വാങ്ങിയാണ് ജിഷ്ണു ഉത്രാടപ്പാച്ചിലിലേക്കിറങ്ങിയത്. എത്രയൊക്കെ വാങ്ങിക്കൂട്ടിയിട്ടും മതിയാവുന്നില്ല. പൂക്കളുടെ മനം മയക്കുന്ന ഭംഗി അയാളെ മാടി വിളിച്ചു കൊണ്ടിരുന്നു. കാറിൻ്റെ ഡിക്കി ഏകദേശം നിറയാറായപ്പോൾ തിരിച്ചു പോകാൻ റെഡിയായി.കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കാൻ തുടങ്ങിയതും കാറിനു മുന്നിലേക്ക്  ഒരു വൃദ്ധൻ!

ഭയന്നു പോയ ജിഷ്ണു . വേഗം പുറത്തിറങ്ങി. ഭാഗ്യം അയാൾക്കൊന്നും പറ്റിയിട്ടില്ല. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു എന്നു മനസിലായതോടെ, മുഷിഞ്ഞു കീറിയ വസ്ത്രങ്ങൾ ധരിച്ച വൃദ്ധനെ കാറിലേക്ക് കയറ്റേണ്ടി വന്നു. തെളിഞ്ഞു കത്തിയ ദീപ നാളത്തിലേക്ക് വീശിയ കൊടുങ്കാറ്റു പോലെ അയാൾ ജിഷ്ണുവിൻ്റെ ഹൃദയത്തിൽ കരടായി നിന്നു. 


യാത്രയ്ക്കിടയിൽ അവൻ റോഡരികുകൾ നിരീക്ഷിച്ചു. വലിഞ്ഞു കേറിയ അതിഥിയെ ആളൊഴിഞ്ഞ എവിടെയെങ്കിലും ഇറക്കി വിടണമല്ലോ...

അവന് ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു.

അവശനായ വൃദ്ധൻ, തൻ്റെ ഉണ്ണിക്കുട്ടന് വേണ്ടി വാങ്ങിയ വെള്ളാരം കണ്ണുള്ള പാവക്കുട്ടിയെ കൊതിയോടെ നോക്കുന്നത് കണ്ട് അവന് വല്ലാതെ ദേഷ്യം വന്നെങ്കിലും  ആ കണ്ണുകൾ നിറയുന്നത് കണ്ട്

ജിഷ്ണുവിൻ്റെ മനസിലെ മഞ്ഞ് ഉരുകി.


"നിങ്ങളെന്തിനാ എൻ്റെ വണ്ടിക്കു കുറുകെ ചാടിയത്?"

അയാൾ ദീർഘമായി നിശ്വസിച്ചു. 

" ഞാൻ ചാടിയതല്ല കുഞ്ഞേ. നാളെ ഓണമല്ലേ, ഞാനെൻ്റെ കുഞ്ഞിനെ ഓർത്തു പോയി. "

'' കുഞ്ഞിനെന്താണു സംഭവിച്ചത്? "

" അവന് ഒന്നും സംഭവിച്ചിട്ടില്ല. ഈ ഭൂമിയിലെവിടെയോ അവൻ സന്തോഷത്തോടെ നാളത്തെ ഓണസദ്യയുണ്ണാൻ തയാറാവുന്നുണ്ടാവും. എന്നാലീ അച്ഛൻ... നാളെയും എച്ചിൽ കൂമ്പാരങ്ങൾ തിരയണം!

ഒരു പാട് കഷ്ടപ്പെടു ഞാനെൻ്റെ മോനെ വളർത്താൻ. 

ദാ.. കുഞ്ഞിപ്പോൾ വാങ്ങിയ കളിപ്പാട്ടങ്ങൾ പോലെ, ഏറ്റവും നല്ല കളിപ്പാട്ടങ്ങൾ ഞാനവനു വാങ്ങിക്കൊടുക്കാറുണ്ടായിരുന്നു ഓണസമ്മാനമായിട്ട്. പക്ഷേ,

നമ്മൾ ഒന്നു പ്രതീക്ഷിക്കും, കാലം മറ്റൊന്ന് നൽകും.

ഒന്നും വേണ്ട, മരിക്കണേനു മുമ്പ് ഒരുരുള ചോറ് അവൻ്റെ കൈ കൊണ്ട്.... എൻ്റെ ഈ കൈകൾ കൊണ്ട് എത്രയൂട്ടിയതാ ഞാനവനെ ....."

മകനാൽ തെരുവിലുപേക്ഷിക്കപ്പെട്ട  ആ വൃദ്ധൻ്റെ കരച്ചിൽ അവൻ്റെ ഹൃദയത്തിൽ തൊട്ടു. അവൻ്റെ മനസിലും തൻ്റെ കുട്ടിക്കാലം ഓടിയെത്തി.


"വിരോധമില്ലെങ്കിൽ ഇന്ന് എൻ്റെ വീട്ടിൽ കഴിഞ്ഞോളൂ, നാളെ നമുക്ക് ഒരുമിച്ച് ഓണസദ്യയും ഉണ്ണാം."

പ്രിയതമ എതിർക്കുമോ എന്നു പോലുമാലോചിക്കാതെ അവൻ പ്രതിവചിച്ചു.

അയാൾ ഒന്നും പറയാതെ തല താഴ്ത്തി നിന്നു. തൊട്ടടുത്ത ടെക്സ്റ്റയിൽസിൽ കയറി വീണ്ടും എന്തൊക്കെയോ  വാങ്ങിക്കൂട്ടിയ അവൻ കാറിനരികിലെത്തി ഒരു പൊതി അയാൾക്ക് നേരെ നീട്ടി. ആ വൃദ്ധൻ സന്തോഷത്തോടെ അതു വാങ്ങി.

" കുഞ്ഞേ എനിക്കൊരു പകാരം ചെയ്യാമോ? ഇവിടെ അടുത്തുള്ള അനാഥാലയത്തിൽ എന്നെ എത്തിക്കാമോ?"

ജിഷ്ണുവിൻ്റെ പരികങ്ങൾ വില്ലുപോലെ വളഞ്ഞു.

" ആ അനാഥാലയത്തിലെ അന്തേ വാസികൾക്ക് എല്ലാ ഓണത്തിനും ഭക്ഷണം എൻ്റെ മോൻ്റെ വകയാണെന്നാ അറിഞ്ഞത്. അങ്ങനെയെങ്കിലും എനിക്ക്.... "

ജിഷ്ണുവിൻ്റെ കണ്ണുകൾ നിറഞ്ഞു. ഒരു പിതാവിൻ്റെ സ്നേഹം നിറഞ്ഞ കണ്ണുകൾക്ക് മുന്നിൽ അയാൾ പതറി. 


ആ വൃദ്ധനെ സന്തോഷത്തോടെ യാത്രയാക്കിയ അവൻ നേരെ പോയത് സാന്ത്വനം വൃദ്ധസദനത്തിലേക്കായിരുന്നു. ആരെതിർത്താലും ഇനിയുള്ള ദിനങ്ങൾ തനിക്ക് വേണ്ടി ഒരു ജന്മം ഉഴിഞ്ഞു വച്ച അച്ഛനൊപ്പമായിരിക്കുമെന്നവൻ ഉറപ്പിച്ചിരുന്നു.


അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം