മടങ്ങിവരവ്

 #കഥാരചനമത്സരം

#മടങ്ങിവരവ്


പേര്: അനിത മഗേഷ്

ഫോൺ: 9961242160


മടങ്ങി വരവ്


    'കണ്ണുകൾ, പ്രതീക്ഷയോടെ ഫോണിലെ പച്ചവെളിച്ചം തേടിയലഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് രസം കൊല്ലിയായി കോൾ വന്നത്. ഒട്ടൊരു നീരസത്തോടെയാണ് കൂട്ടുകാരൻ്റെ ശബ്ദം കാതോർത്തതും. 

അവൻ്റെ ഭീതിതമായ ശബ്ദം കേട്ടതോടെ ഞാൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് പോയി. 

തൊട്ടടുത്ത ഗ്രാമത്തിലാണ് ഉരുൾ പൊട്ടലുണ്ടായിരിക്കുന്നത്.

വെറുതെയിരുന്നു കൂട. തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യണം....

അമ്മയോട് വിവരം പറഞ്ഞ് തീർന്നപ്പോഴേക്കും ബൈക്ക് സ്റ്റാർട്ടായിക്കഴിഞ്ഞിരുന്നു. ഇല്ലെങ്കിൽ പിന്നെ പതിനെട്ടു തികഞ്ഞ തന്നെ, വെറും കുട്ടിയായി കാണുന്ന അമ്മ എന്തെങ്കിലും തടസ്സം പറയുമൊ എന്നൊരാശങ്കയും ഉണ്ടായിരുന്നു.


കൂട്ടുകാരെ മുഴുവൻ സംഘടിപ്പിച്ച് സംഭവ സ്ഥലത്തെത്തുമ്പോഴേക്കും രക്ഷാപ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു. ടോർച്ചിൻ്റെ നേർത്ത വെട്ടത്തിൽ, ജീവനും മരണത്തിനുമിടയിൽ ഊയലാടുന്ന ജീവനുകളെ കൈകളിൽ കോരിയെടുത്ത് മലയടിവാരത്തേക്കോടി. 

പൊട്ടിക്കരച്ചിലുകളാൽ മുഖരിതമായ രാത്രിയുടെ മുഖം പതുക്കെ പകലിനു വഴിമാറി. 

എന്താണ് സംഭവിച്ചതെന്നറിയാനെന്നവണ്ണം സൂര്യ രശ്മികൾ ഓലക്കീറുകൾക്കിടയിലൂടെ എത്തി നോക്കിയപ്പോഴാണ് ഉരുൾപൊട്ടൽ കശക്കിയെറിഞ്ഞ ഗ്രാമത്തിൻ്റെ ശവശരീരം മുന്നിൽ നിവർന്നു കിടക്കുന്നത് ശരിക്കു കണ്ടത്!

വീടുകളും മരങ്ങളും ജീവനുകളുമെല്ലാം ചെളിമണ്ണിൽ കുഴഞ്ഞ്...


ഒരു വിധം എല്ലാവരെയും രക്ഷിച്ചു കയറ്റിയ ശേഷമാണ് രക്ഷാപ്രവർത്തകർ മടങ്ങിയത്. 

ചൂടുമായാത്ത മൃതദേഹങ്ങൾ ചുമലിലേറ്റിയ ക്ഷീണത്തിൽ, മറിഞ്ഞു വീണ ഒരു വാതിൽപ്പാളിക്കടുത്ത് ചെളിയിലേക്ക് ഞാൻ ഊർന്നിരുന്നു. ശരീരത്തിൽ പലയിടത്തും ചോര പൊടിയുന്നുണ്ട്. വിശപ്പും ക്ഷീണവും അതിനോട് മത്സരിച്ചു കൊണ്ടിരുന്നു.

 

ഞങ്ങളുടെ പത്തംഗ സംഘവും മടങ്ങാൻ തയാറായപ്പോഴാണ് ചെളിയിൽ കുത്തി നിന്ന വാതിൽപ്പാളിക്കടിയിൽ നിന്ന് ഒരനക്കം!

എൻ്റെ പേടിച്ചരണ്ട ശബ്ദം കേട്ടയുടനെ കൂടുകാരും ഓടി വന്നു. 

വാതിൽപ്പാളിയുടെ അടിയിൽ കാൽമുട്ട് വരെ ചെളിയിൽ പൊതിഞ്ഞ  ഒരു പെൺകുട്ടി.

എന്തൊരാശ്ചര്യം?

അവൾക്ക് മറ്റ് ആപത്തൊന്നും പറ്റിയിട്ടില്ല. എന്നിട്ടും എന്തിനവൾ മിണ്ടാതെ ഒളിച്ചിരുന്നതെന്ന ചോദ്യം എൻ്റെ മനസ്സിൽ രൂപപ്പെടുന്നുണ്ടെന്ന് അറിഞ്ഞിട്ടാവണം അവൾ പേടിയോടെ മുഖം കുനിച്ചു.

ചെളിയിൽ നിന്നും കയറ്റാനായി, സ്വതന്ത്രമായി നിന്ന അവളുടെ കൈകളിൽ തൊട്ടതും അവൾ പൊട്ടിത്തെറിച്ചതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം ഞാൻ പകച്ചു നിൽക്കവേ അവൾ അലറി

" വേണ്ട... എന്നെയാരും രക്ഷിക്കണ്ട.... എനിക്കിനി ജീവിതത്തിലേക്ക് മടങ്ങിവരണ്ട.... "

ശബ്ദത്തിനൊപ്പം കത്തി നിന്ന കണ്ണുകളിലെ അഗ്നിനാളങ്ങളെ കെടുത്തിക്കൊണ്ട് കണ്ണീർ പുറത്തു ചാടിയപ്പോൾ അവളുടെ തൊണ്ടയിടറി.

"എന്നെ കാലത്തിനു മുന്നിലിട്ടു കൊടുക്കരുതേ...."

ആ യാചനയ്ക്കു മുന്നിൽ ഒന്നും മനസിലാവാതെ ഞങ്ങൾ പത്തു പേരും മുഖാമുഖം നോക്കി.

അവളെ മരണമുഖത്ത് ഉപേക്ഷിക്കാൻ മനസ്സനുവദിക്കുന്നില്ല.

ഒരു രാത്രി മുഴുവൻ സ്വന്തം ജീവൻ പോലും വകവെക്കാതെ ഒരു പാട് ജീവനുകളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ നിമിത്തമായ ഞങ്ങൾ എങ്ങനെ പതിനാറു വയസു മാത്രം പ്രായം തോന്നിക്കുന്ന കുട്ടിയെ ഉപേക്ഷിച്ചിട്ടു പോകും?

അവളുടെ ഭ്രാന്തമായ സ്വഭാവത്തിനു മുന്നിൽ ഞങ്ങൾ പതറി നിന്നപ്പോഴാണ് ഗദ്ഗദത്തോടൊപ്പം അവളിൽ നിന്നും വാക്കുകളും ഉതിർന്നു വീണത്.

ഒരേയൊരു ആശ്രയമായ അമ്മ, ഉരുൾ പൊട്ടലിൽ പൊലിഞ്ഞ ജീവനുകളിലൊന്നായിരുന്നു എന്ന് അവളെപ്പോലെ ഞങ്ങൾക്കും മനസിലായി.

എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾ അടങ്ങിയില്ല.


" ഞാൻ വീണ്ടും നിറം കെട്ട ഈ ലോകത്തേക്ക് മടങ്ങി വന്നാൽ, എൻ്റെ മാനം സംരക്ഷിക്കാൻ നിങ്ങളെക്കൊണ്ടാവുമോ?"


എൻ്റെ മുഖത്തിനു നേരെ ചൂണ്ടിയ അവളുടെ വിരലുകൾക്ക് മുന്നിൽ ഒരു നിമിഷം ഞാൻ ഒരു കടുകുമണിയോളം ചെറുതായതായി തോന്നി.

അവളുടെ ചിന്തകളും ശരിയാണ്. അച്ഛനില്ലാതായപ്പോൾ നിറഞ്ഞ അരക്ഷിതത്വത്തിനു നേരെ വാളേന്തി നിന്ന അമ്മയും പോയാൽ??..

ഏതൊരു പെണ്ണിനും ഇരുൾ വീണ നടവഴികളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്യാൻ വയ്യാത്ത ഇന്നിൻ്റെ വികൃതമുഖത്തിനു മുന്നിൽ ഇരുളടഞ്ഞ ജീവിത വഴികൾ അവൾ എങ്ങനെ താണ്ടും?

ഒരാണായി പിറന്നതിൽ അന്നാദ്യമായി എനിക്കവജ്ഞ തോന്നി.

ചുറ്റുമുള്ള പെൺ കുട്ടികളെ സംരക്ഷിക്കേണ്ടത്  ആരാണ്? 

അവൾ തൊടുത്തുവിട്ട ചോദ്യശരങ്ങളേറ്റ് ഒരു പോലെ മുറിവേറ്റ ഞങ്ങൾ മുഖാമുഖം നോക്കി.

പ്രകൃതിയുടെ സംഹാര താണ്ഡവത്തെ വരെ ഒരു പരിധി വരെ തോൽപ്പിക്കാൻ പറ്റിയ നമ്മുടെ  കരങ്ങൾക്ക് അതിനുള്ള ശക്തിയില്ലേ?... ഉണ്ട്. ... ഞങ്ങളാണ് ഏറ്റവും യോഗ്യർ!

'ഇര' എന്ന രണ്ടക്ഷരം മായ്ച്ചു കളയാനുള്ള ഒരുറച്ച തീരുമാനം മനസിൽ രൂപപ്പെട്ടതോടെ എൻ്റെ കൈകൾ കൂട്ടുകാരനു നേരെ നീണ്ടു. അത് ഒരു ചങ്ങലയായി മാറിയപ്പോഴേക്കും തളർന്നു പോയ അവൾ എൻ്റെ മറുകൈയിലേക്ക് വീണു. ആ മുഖമപ്പോൾ ഒരു മടങ്ങിവരവ് കൊതിച്ച പോലെ തിളങ്ങി നിന്നു.


ശുഭം.

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം