മൗനം സമ്മതം

 കഥ: മൗനംസമ്മതം

*  *  *  *  *  * *  *  *  *

വെയിൽപ്പാളികളെ കീറിമുറിച്ച് ഇരച്ച് വന്ന കാർ തൻ്റെ മുറ്റത്തെ പൊടി പടലങ്ങളെ ആകാശത്തിലേക്കയച്ചത് കണ്ടു കൊണ്ടാണ് ദേവൂട്ടി പുറത്തേക്ക് വന്നത്.

"ദേവൂട്ടീ, ഞങ്ങൾ പത്രക്കാരാണ്.ഒരു ഇൻ്റർ വ്യൂ വേണം"

ചീർത്തു പൊട്ടാറായ കൺ പോളകൾ അവൾ ആയാസത്തോടെ മുകളിലേക്കുയർത്തി.


"ഇര - യുടെ വായിൽ നിന്നും നമുക്ക് സത്യമറിയേണ്ടതുണ്ട്.. "

മൈക്കുമായി അയാൾ ദേവൂട്ടിയുടെ തൊട്ടു മുന്നിലെത്തി. ചാനൽ സ്റ്റിക്കർ പതിച്ച ക്യാമറ കണ്ണുകൾ ആ വീടിനെ ഒന്നാകെ വിഴുങ്ങാനുള്ള തത്രപ്പാടിലാണ്.

"ഇര.... ആരുടെ ?"

അവളുടെ പതിഞ്ഞ ശബ്ദത്തിൻ്റെ ഘനത്തിൽ ക്യാമറ ലൈറ്റുകൾ പൊടുന്നനെ ഓഫായി. 

ദേവൂട്ടി മുഖം തിരിച്ച് അകത്തേക്ക് നടന്നു.

" ഇനിയെങ്കിലും വെറുതേ വിട്ടുടെ, എൻ്റെ കുഞ്ഞിനെ?....

കരച്ചിലിൽ കുഴഞ്ഞ ചോദ്യവുമായി എത്തിയ ഭവാനിയമ്മയെ കണ്ടതും ക്യാമറമാൻ ഉഷാറായി.

"ഇനിയങ്ങോട്ട് മീഡിയക്കാരെക്കൊണ്ട് ഈ വീടു നിറയും... അവർക്കു മുന്നിൽ ദേവൂട്ടി ഉത്തരങ്ങൾ നൽകിയെ പറ്റൂ."

" കൊച്ചു കുട്ടിയല്ലേ ൻ്റെ മോള്? ഇത്തിരി ദയ... അതേ ഇനി വേണ്ടൂ. വീണ്ടും വീണ്ടും കുത്തി നോവിക്കല്ലേ അതിനെ. ഞാൻ നിങ്ങളുടെയൊക്കെ കാലു പിടിക്കാം... "

ഭവാനിയമ്മ കൈകൾ കൂപ്പി.

ഇതൊന്നും ശ്രദ്ധിക്കാതെ അവതാരകൻ വരണ്ടു കീറിയ മലയാളത്തിൽ തൻ്റെ ജോലി ആരംഭിച്ചു കഴിഞ്ഞു. 

" പീഡനത്തിനിരയായ ദേവിക എന്ന പെൺകുട്ടിയുടെ വീടിനു മുന്നിലാണ് ഞാനിപ്പോൾ നിൽക്കുന്നത്. അന്നെന്താണ് നടന്നതെന്ന് നമുക്ക് ദേവികയോട് തന്നെ ചോദിക്കാം."


"ഇതിലും ഭേദം ൻ്റെ കുഞ്ഞിൻ്റെ പ്രാണനെടുക്കുന്നതായിരുന്നു. വളർത്താൻ മാത്രേ ഈ അമ്മയ്ക്കറിയൂ.... അല്ലായിരുന്നെങ്കിൽ..."


ഒരു പൊട്ടിക്കരച്ചിലിനുള്ളിലേക്കവർ വഴുതി വീഴാൻ തുടങ്ങിയപ്പോഴേക്കും, വിലപിടിപ്പുള്ള മറ്റൊരു കാർ കൂടി മുറ്റത്തെത്തി.

കാറിൽ നിന്നിറങ്ങിയ കിരീടം വയ്ക്കാത്ത രാജാവിനു മുന്നിൽ, തിരയടങ്ങിയ കടൽ പോലെ മാധ്യമ വൃന്ദം നിശബ്ദരാവുന്നത് ദേവൂട്ടി ജനലിലൂടെ കണ്ടു.

ദേവൂട്ടിയുടെ നിർവികാരമായ മുഖത്ത് ഇരച്ചു കയറിയ ഭാവങ്ങൾ മുറിയിലെ മൂകതയിൽ ലയിച്ചു.

ചെന്നായയുടെ മനസ്സുള്ള ഒരു മകന് അച്ഛനാവേണ്ടി വന്ന ഹതഭാഗ്യനിൽ ദേവൂട്ടിയുടെ കണ്ണുകൾ തറച്ചു.


കൂട്ടുകാരികളോട് യാത്ര പറഞ്ഞ് വീട്ടിലേക്കുള്ള ഊടു വഴിയിലേക്ക് തെല്ലും പരിഭ്രമമില്ലാതെയാണവൾ ഓടിക്കയറിയത്. 

പരവതാനി വിരിച്ചതു പോലെ നിൽക്കുന്ന മഞ്ഞ കോസ്മസ് ചെടികളോട് കിന്നാരം പറഞ്ഞ് പതിയെ തുള്ളി തുള്ളി നടന്നു. നടത്തത്തിനൊപ്പം, ബാഗിനകത്തു നിന്നും പാത്രവും വാട്ടർബോട്ടിലും തീർക്കുന്ന താളത്തിലങ്ങനെ നീങ്ങിയപ്പോഴാണ് ആ ചെന്നായ കൃത്യം മുന്നിൽ ചാടി വീണത്. തൻ്റെ മുന്നിലെ ഇരയുടെ ശബ്ദത്തെപ്പോലും ബന്ധിച്ച്,  കുരുന്നു മാംസത്തിലേക്ക് നഖമുനകൾ ആഴ്ത്തുമ്പോൾ അതിൻ്റെ ഭീകരമായ കണ്ണുകൾ തിളങ്ങി.

മയക്കം വിട്ടുമാറിയപ്പോഴേക്കും കോസ്മസ് ചെടികളും ഇടവഴിയും മാഞ്ഞു പോയിരുന്നു.

നടുക്കുന്ന ഓർമ്മകൾ ദേവൂട്ടിയുടെ മനസ്സിനെ വരിഞ്ഞു മുറുക്കി.

ഡോക്ടർമാരുടെ സ്നേഹ സാന്ത്വന വാക്കുകളുടെ വക്കിൽ പിടിച്ച് മരണത്തിൻ്റെ പടിവാതിലിൽ നിന്നും ഒരു തിരിച്ചു നടത്തം.

തന്നെക്കാണാൻ തിക്കും തിരക്കും കൂട്ടിയ മുഖങ്ങളിലത്രയും ചെമ്പൻ രോമങ്ങൾ മുറ്റി വളർന്നു തുങ്ങുന്നതവൾ കണ്ടു. 

കറുത്ത തുണി കൊണ്ട് കണ്ണുകൾ മൂടിക്കെട്ടി തുലാസും പിടിച്ചു നിന്നവൾ പോലും നാണിക്കും വിധമുള്ള ചോദ്യങ്ങളുടെ കുന്തമുനകളെ നേരിട്ടപ്പോഴാണ് കറുത്ത കൊട്ടിൻ്റെ തണലിൽ അവൾ പൊളിപ്പിടഞ്ഞത്.


ഇപ്പോഴിതാ ഇവിടെയും....


പൊട്ടിപ്പൊളിഞ്ഞ വീടിൻ്റെ ഇരുട്ടു നിറഞ്ഞ അകത്തളങ്ങിൽ മാത്രം അമ്മയുടെ ദേവൂട്ടിയായി അവൾ തളർന്നുറങ്ങി.


മാധ്യമ പ്രവർത്തകരെ തിരിച്ചയച്ച് വരാന്തയിലേക്ക് കയറിയ യതീന്ദ്രൻ ചാരുകസേരയിലേക്കമർന്നു.


" ഭവാനീ, ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം. ഈ കേസുമായി മുന്നോട്ട് പോയാൽ എൻ്റെ മകനെ എനിക്ക് നഷ്ടമാകും. അതിന് ഞാനൊരുക്കമല്ല. നിങ്ങൾ ഈ കേസിൽ നിന്നു പിന്മാറണം"


പുഴുത്ത പട്ടിയെ കണ്ടപ്പോലെ ഭവാനിയമ്മ നിന്നു.


" ഞാൻ പറയുന്നത് കേൾക്ക് . ദേവൂട്ടി വിചാരിച്ചാൽ എൻ്റെ മോൻ്റെ ജീവിതം തിരിച്ചു കിട്ടും. വെറുതെ വേണ്ട ആവശ്യമുള്ള പണം ഞാൻ തരും."


"തല്ലിയെറക്കുന്നത് നാട്ടുകാര് കാണണ്ടെങ്കിൽ എറങ്ങിക്കോ എൻ്റെ മുറ്റത്തൂന്ന് "


ഭവാനിയമ്മ ഉഗ്രരൂപം പൂണ്ടതും മുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ടായി. 


"ഞാനിപ്പോൾ പോകാം. നീ ആലോചിക്ക്, ഇല്ലെങ്കിൽ എനിക്ക് വേറെ വഴി നോക്കേണ്ടി വരും. പറഞ്ഞേക്ക് മോളോട് "


ഒരു താക്കീത് ആ മുറ്റത്തേക്ക് കുടഞ്ഞിട്ട് അയാൾ പോയപ്പോഴാണ് ദേവൂട്ടി വീണ്ടും പുറത്തേക്ക് വന്നത്.


"അമ്മേ.... അവൻ ശിക്ഷിക്കപ്പെടില്ല!"


മൗനം തളം കെട്ടിയ മകളുടെ മുഖത്തു നിന്നും ഉയർന്ന വാക്കുകളെപ്പറ്റിയായിരുന്നില്ല ഭവാനിയമ്മയുടെ ചിന്ത. അവരുടെ ഹൃദയത്തിൽ ഒരു കുളിർ കാറ്റു വീശി.

ദേവൂട്ടി വീണ്ടും സംസാരിച്ചു. വളരെ പക്വതയോടെത്തന്നെ.


"ഇല്ലമ്മേ, അയാളുടെ പണത്തിൻ്റെ തൂക്കം എല്ലാം തകിടം മറിക്കും. മാധ്യമങ്ങൾ എന്നെ ഇഞ്ചിഞ്ചായി കടിച്ചു കീറും. പതിയെ എല്ലാവരും എല്ലാം മറക്കും. ആ ദുരന്തത്തിൻ്റെ സ്മാരകമായ ഞാൻ മാത്രം ക്രൂശിക്കപ്പെട്ടു കൊണ്ടേയിരിക്കും."


തൻ്റെ മകളുടെ വായിൽ നിന്നും അടർന്നു വീണ പക്വതയാർന്ന വാക്കുകളെ വാരിക്കൂട്ടാൻ ഭവാനിയമ്മ പാടുപെട്ടു.


"എനിക്കിനി തുടർന്നു പഠിക്കാൻ പറ്റ്വോ? മുഖമുയർത്തി നടക്കാൻ പറ്റ്വോ? ഇല്ല. മുന്നിലുള്ള ഒരേ ഒരു വഴി മരണം മാത്രമാണ്. "


"ഇല്ല. മോളെ, എൻ്റെ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല. 

പണം കൊണ്ട് കഴുകാൻ പറ്റാത്തതയായി ഒന്നുമില്ല എന്ന അവസ്ഥയാണിന്ന്. 

നിൻ്റെ പഠനം തുടരണം. സ്വന്തമായി ഒരു തൊഴിൽ നേടണം. അതിന് .... അതിന് പാപക്കറയുള്ള ആ പണം തന്നെ വേണം മോളേ.

സത്യമൊരിക്കലും പരാജയപ്പെടുകയില്ല. നാളെ എന്നൊരു ലോകം നമ്മുടെ മുന്നിലുണ്ടല്ലോ "


ഭവാനിയമ്മ കണ്ണുനീർ തുടച്ചു.

പിറ്റേന്ന് യതീന്ദ്രൻ്റെ മുന്നിൽ ചെന്ന്  നിന്നത് ദേവൂട്ടി തന്നെയായിരുന്നു.

" ഞാൻ പറഞ്ഞതൊക്കെ നിനക്കു മനസ്സിലായല്ലോ , നിനക്ക് ആവശ്യമുള്ള പണം എപ്പോൾ വേണമെങ്കിലും എന്നോട് ചോദിക്കാം."

അവൻ മൗനം വിഴുങ്ങി തല കുമ്പിട്ട് നിന്നു.


"ഈ മൗനം സമ്മതമായി എടുത്തോട്ടെ"


യതീന്ദ്രൻ്റെ ചോദ്യത്തിന് അവൾ പതിയെ തലകുലുക്കി. 

വിവർണമായിരുന്ന അവളുടെ മുഖം ശോണിമയാർന്നു. 

തറയിലേക്ക് താഴ്ത്തിയ കണ്ണുകളിൽ പകയുടെ കനൽ എരിഞ്ഞു.

മുഖത്ത് വിരിഞ്ഞ മൗനത്തിൽ ആയിരം കഥകൾ ഒളിച്ചിരുന്നു.


ശുഭം

അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം