നിറം മങ്ങിയ കാഴ്ചകൾ

 നിറം മങ്ങിയ കാഴ്ചകൾ


അന്ന് പതിവിലും നേരത്തെ അമല ഉണർന്നു.  തലേന്നു രാത്രി മുതൽ തോരാതെ പെയ്യുന്ന മഴയുടെ തണുപ്പിൽ ഒതുങ്ങിക്കൂടാതെ നേരെ അടുക്കളയിലേക്ക്....

കാർത്തിക്കിന് ഇഷ്ടമുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്നതിനിടയിൽ അവളുടെ ചുണ്ടുകൾ അറിയാതെ ഏതൊക്കെയോ മെലഡി ഗാനങ്ങൾ മൂളിക്കൊണ്ടിരുന്നു.

"അമ്മേ..... അച്ഛൻ എത്തിയോ "

 കണ്ണു തിരുമ്മി ഉറക്കച്ചടവകറ്റാൻ ശ്രമിച്ചുകൊണ്ടാണ് നന്ദുവിൻ്റെ ചോദ്യം.

" ങ്ഹാ ൻ്റെ നന്ദൂട്ടനിന്ന് നേരത്തെ എണീറ്റോ "

"അമ്മ ഇന്നലെ പറഞ്ഞതല്ലേ അച്ഛനിന്ന് വരുമെന്ന്?"

"ഉം അതെ അച്ഛനിപ്പോ അങ്ങ്... ദുബായീന്ന്, നന്ദൂട്ടനുള്ള  ചോക്ലേറ്റ്സും പാവക്കുട്ടിയുമൊക്കെയെടുത്ത് വിമാനത്തിൽ കേറീട്ടുണ്ടാവും. വൈകുന്നേരമാകുമ്പോഴേക്കും അച്ഛനിങ്ങെത്തും പോരേ....?"

"ഉം..... പക്ഷേ അമ്മ ഇനി അച്ഛനോട് വഴക്കിടല്ലേ..."

അവൻ്റെ മുഖത്ത് ഭയം നിഴലിച്ചു.

കുറ്റബോധം അമലയുടെ കണ്ണുകളിൽ നിറഞ്ഞു.

അവനെ വാരിയെടുത്ത് ആ കുഞ്ഞു കവിളിൽ അവൾ തെരുതെരെ ചുംബിച്ചു.

" ഇല്ലെടാ കുട്ടാ... ഇനിയൊരിക്കലും അച്ഛനുമമ്മയും വഴക്കിടില്ല..."

രണ്ടും പേരും രണ്ടു വഴി തിരഞ്ഞെടുത്ത് പിരിയാൻ തീരുമാനിച്ച ദിവസം തന്നെയാണ് കാർത്തിക് വിദേശത്തേക്ക് പറന്നത്.

കുറ്റം തൻ്റേതു തന്നെയായിരുന്നു. ഒരു വേള മോനെപ്പറ്റി പോലും താൻ ചിന്തിച്ചില്ല. അമലയുടെ ചിന്തകൾ നിറം കെട്ട ഇന്നലെകളിലേക്ക് ഒരോട്ട പ്രദക്ഷിണം നടത്തി. 

ഇൻ്റർ നെറ്റിൻ്റെ മാന്ത്രിക ലോകത്തിൽ കാൽ വഴുതി വീണ ദിനങ്ങൾ. തിളങ്ങുന്ന സ്ക്രീനിൽ നിറഞ്ഞ നിറമുള്ള കാഴ്ചകളിൽ മയങ്ങി ചുറ്റുമുള്ളതെല്ലാം നിറം മങ്ങിയതെന്നു തോന്നിയ കാലം.  സോഷ്യൽ മീഡിയയിൽ താരമായി തിളങ്ങി നിന്ന തന്നെ വിലക്കിയ കാർത്തിക്കിനെ മനസാ വെറുത്തു പോയി. തൻ്റെ സ്വാതന്ത്ര്യത്തിന് വിലങ്ങു തടിയാണ് കാർത്തിക്കെന്ന് അവൻ്റെ മുഖത്ത് നോക്കി അവളന്നലറി. പതുക്കെ അവർക്കിടയിലെ പ്രണയവും കരിഞ്ഞു തുടങ്ങി....

രണ്ടു കുടുംബങ്ങളെയും വെറുപ്പിച്ച് നടന്ന പ്രണയ വിവാഹമായിരുന്നിട്ടും രണ്ടു പേരും ഡൈവോഴ്‌സിന് തയാറായി പോരു കോഴികളെപ്പോലെ നിന്നു.

 വലിയ പൊട്ടിത്തെറികൾക്കൊടുവിൽ

കാർത്തിക് പോയതിൻ്റെ പിറ്റേന്നാണ് നന്ദു പനിച്ചു തളർന്ന് വീണത്.

അന്നത്തെ ആ ദിവസത്തെക്കുറിച്ചോർക്കുമ്പോൾ അവളുടെ ചങ്ക് പിടയും....

ആരോരും തുണയില്ലാതെ.... ഐ സി യു വിൻ്റെ വരാന്തയിൽ, നന്ദു മോനുണരുന്നതും കാത്ത്.... 

പിറ്റേന്നു രാവിലെ ഡോക്ടറുടെ ശകാര വർഷത്തിൽ നനഞ്ഞ

അമല, യാഥാർത്ഥ്യങ്ങളിലേക്കിറങ്ങിച്ചെന്നു. 

തങ്ങളുടെ വഴക്കുകൾക്കിടയിൽ പേടിച്ചരണ്ട ആ കുഞ്ഞു കണ്ണുകൾ കാണാൻ തനിക്ക് കഴിഞ്ഞിരുന്നില്ല എന്നു തിരിച്ചറിഞ്ഞ നിമിഷം!


ബോധം വീണ നന്ദു മോൻ ആദ്യമന്വേഷിച്ചത് അച്ഛനെയായിരുന്നു. 

"ഈ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള മരുന്ന് നിങ്ങളുടെ കൈയിലാണുള്ളത്"

എന്ന് പറഞ്ഞ് ഡോക്ടർ നടന്നകന്ന ഉടനെ അമല കാർത്തിക്കിൻ്റെ നമ്പറിലേക്ക് വിളിച്ചു.

" കാർത്തീ.... നമ്മുടെ മോൻ...."

മുഴുവൻ പറയാൻ, ആർത്തലച്ചു വന്ന കരച്ചിൽ സമ്മതിച്ചില്ല. കാതങ്ങൾക്കപ്പുറം ആ കണ്ണീർ പെയ്ത്തിൽ നനഞ്ഞ് കാർത്തിക്കും.

"ഞാൻ വരാം... നീ പേടിക്കണ്ട.. മോന് ഒന്നും വരില്ല.... "

കാർത്തിക്കിൻ്റെ ആശ്വാസവാക്കുകൾ അവളെ ചേർത്തണച്ചു. 

നന്ദുവിൻ്റെ മുഖത്ത് നിറചിരി പടർത്തിക്കൊണ്ട് വീണ്ടും വസന്തം വന്നു.

തുറന്നു വച്ച ലാപ്ടോപ്പിലൂടെ അവൻ അച്ഛനെ അറിഞ്ഞു.

പിന്നെ ദിവസങ്ങളെണ്ണി കാത്തിരിപ്പായി. 

കാർത്തികിൻ്റെ മടക്കയാത്രയ്ക്കു മുന്നിൽ, പടർന്നു പിടിച്ച മഹാമാരി  തടസ്സമായി. 

നാടും നഗരവും കൊറോണ വൈറസിനെ ഭയന്ന് വീടിനകത്തേക്ക്...

ഇപ്പോഴിതാ ആറു മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് കാർത്തിക് തിരിച്ചെത്താൻ പോകുന്നു. തങ്ങളുടെ കൊച്ചു വീട് വീണ്ടും പ്രകാശയമാവാൻ പോകുന്നു...


നന്ദുവിനെ അയൽ വീട്ടിൽ ഏൽപ്പിച്ചിട്ടാണ് അവൾ എയർപോട്ടിലേക്ക് പുറപ്പെട്ടത്. 

മഴ ശകതി പ്രാപിച്ചു കൊണ്ടിരുന്നു. റോഡിലെ വെള്ളത്തെ ഓരങ്ങളിലേക്ക് തെറിപ്പിച്ച് കൊണ്ട് കാർ മുന്നോട്ട് നീങ്ങി. സമയം വൈകിയ വേവലാതിയോടെ അവൾ ഇടയ്ക്കിടെ വാച്ചിലേക്ക് നോക്കിക്കൊണ്ടിരുന്നു.

എയർപോർട്ടിലേക്കുള്ള റോഡിൽ വലിയൊരാൾക്കൂട്ടം! ആംബുലൻസുകൾ അലമുറയിട്ട് കൊണ്ട് പരക്കം പായുന്നു. എവിടെ നിന്നൊക്കെയോ വേദനയുടെ ഞരക്കങ്ങൾ ഉയരുന്നു.

"എന്താ ... എന്താ പറ്റിയത്?"

തനിക്കു മുന്നിലൂടെ വെപ്രാളപ്പെട്ട് ഓടിയ പയ്യനോടായി അവൾ ചോദിച്ചു.

"മൊബൈൽ ഫോണല്ലേ ചേച്ചീ കയ്യിലിരിക്കുന്നത്?... എന്നിട്ടും ഒന്നും അറിഞ്ഞില്ലേ..... ഫ്ലൈറ്റ് റൺവേയിൽ നിന്നും തെന്നി .... രണ്ടായി പിളർന്നാ താഴെ എത്തിയത്. എത്ര പേര് മരിച്ചുവെന്നറിയില്ല ഏതായാലും ഒന്നൊറപ്പാ.. അപകടം പറ്റാത്തതായി ആരും ഉണ്ടാവില്ല "

അവൻ്റെ വാക്കുകൾ അവളുടെ തലച്ചോറിൽ കൊള്ളിയാൻ മിന്നിച്ചു. മുന്നോട്ട് നീങ്ങാനാവാതെ അവൾ തറഞ്ഞു നിന്നു പോയി.

തൻ്റെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും  നിറം കെടുത്തിയ അപകടത്തിൻ്റെ ആർത്ത നാദങ്ങൾ ചെവിക്കുള്ളിൽ പുളച്ചു. 

വീഴാതിരിക്കാനായി അവൾ കാറിൻ്റെ ഡോറിൽ മുറുകെപ്പിടിച്ചു.

"കൊച്ചേ നിനക്കതിനകത്തേക്ക് പോകാൻ പറ്റില്ല. ഞാൻ പോയി നോക്കിയിട്ടു വരാം കാർത്തിക്കൊച്ചിന് ഒരപകടവും പറ്റീട്ട്ണ്ടാവില്ല. നീയിവിടെയിരിക്ക്... "

അവളെ കാറിനകത്തേക്കിരുത്തി ഡ്രൈവർ ശങ്കരേട്ടൻ പുറത്തേക്കിറങ്ങിയതും കാറിനകത്തിരുന്ന അയാളുടെ  മൊബൈൽ ഫോൺ ശബ്ദിച്ചു.

വിറയ്ക്കുന്ന കൈകളോടെ അതെടുത്ത അമല, നിറം മങ്ങി നരച്ചൊട്ടിയ പാവയെപ്പോലെ സീറ്റിലേക്ക് വീണു.അവളുടെ മനസിൻ്റെ കാൻവാസിലെ ചിത്രങ്ങളാകെ മലവെള്ളപ്പാച്ചിൽ കുതിർന്ന് നിറം മങ്ങിയിരുന്നു.

മൊബൈൽ സ്ക്രീനിലപ്പോഴും മണ്ണിടിച്ചലിൽ പൊലിഞ്ഞ ജീവനുകളെക്കുറിച്ചും വീടുകളെക്കുറിച്ചുമുള്ള വാർത്ത തകർക്കുന്നുണ്ടായിരുന്നു. 


_ അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം