പാതിയിൽ പൊലിയുന്ന ജീവനുകൾ

 പാതിയിൽ പൊലിയുന്ന ജീവനുകൾ


" അമ്മേ.... എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ട്..."

ഇരച്ചു വന്ന കാറ്റിനൊപ്പം വിഷ്ണുവിൻ്റെ ശബ്ദവും ലതയുടെ ചെവിയിൽ അലകൾ തീർത്തു. സന്തോഷം കണ്ണീർ തുള്ളികളായി കവിളിണയിൽ മുത്തമിട്ടതും അവൾ തയ്യൽ മെഷീനിനിൽ നിന്നും കാലുകൾ പിൻവലിച്ചു. വിഷ്ണുവിനെ കെട്ടിപ്പിടിച്ച് അവൻ്റെ മൂർധാവിൽ ചുണ്ടുകൾ ചേർത്ത് വച്ച് അവൾ മന്ത്രിച്ചു.

'ൻ്റെ പൊന്നുമോൻ നന്നായി വരും'

മകനിൽ മാത്രം പ്രതീക്ഷയർപ്പിച്ച് ജീവിക്കുന്ന ആ അമ്മയ്ക്ക് അവൻ്റെ പത്താം ക്ലാസ് പരീക്ഷാ ഫലം നൽകിയ ആഹ്ലാദം തെല്ലൊന്നുമല്ല.  തൊട്ടടുത്ത ദിവസം തന്നെ ചിട്ടി പിടിച്ച തുകയ്ക്ക് നല്ലൊരു സ്മാർട്ട് ഫോൺ വാങ്ങി അവനു സമ്മാനിക്കാനും ലത മറന്നില്ല. ആ വിജയം അവരൊരാഘോഷമാക്കി മാറ്റി. അല്ലെങ്കിലും വിഷ്ണുവിൻ്റെ ജീവിതത്തിൽ ഇതുവരെ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ലല്ലോ

അവൻ്റെ ജൻമദിനം പോലും....

അതേക്കുറിച്ച് ഓർത്തപ്പോൾ ലതയുടെ മനസൊന്നു പിടഞ്ഞു. അവൻ്റെ ഒന്നാം പിറന്നാൾ ദിനത്തിൻ്റെ തലേന്നായിരുന്നു തങ്ങളുടെ ജീവിതത്തിലെ വെളിച്ചം അസ്തമിച്ചത്. 

വിഷ്ണുവിന് പിറന്നാൾ ദിനത്തിൽ സമ്മാനിക്കാനുള്ള പാവക്കുട്ടിയെ വാങ്ങാനായിട്ടാണ്

കോൺക്രീറ്റ് പണി കഴിഞ്ഞ് തിരിച്ചെത്തിയ ശിവേട്ടൻ, വിയർപ്പും സിമൻ്റ് പൊടിയും നിറഞ്ഞ നീളൻ കൈയ്യുറകളും കുപ്പായവും സഞ്ചിയിലാക്കിയത് അവളെ ഏൽപ്പിച്ച് വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്തത്. 

എതിരെ വന്ന ലോറിയുടെ ചക്രങ്ങൾ സമ്മാനപ്പൊതിയെ രക്തത്തിൽ കുളിപ്പിച്ചപ്പോൾ ആ പ്രാണൻ റോഡിൽ പിടയുകയായിരുന്നു.

ഏറെക്കാലമെടുത്തു ലത ആ ഞെട്ടലിൽ നിന്നു മുക്തയാവാൻ. 

ഡോക്ടർമാരുടെയും ബന്ധുക്കളുടെയും ഉപദേശങ്ങൾ പതിയെ ലതയെ ജീവിതത്തിലെക്ക്  തിരിച്ചെത്തിച്ചു.

തയ്യൽ മെഷീൻ്റെ കട കട ശബ്ദത്തിൻ്റെ താളത്തിലാണ് പിന്നീട് വിഷ്ണു വളർന്നത്. ജീവിതവും തുന്നിച്ചേർക്കാൻ ലത പഠിച്ചു കഴിഞ്ഞിരിക്കുന്നു.

ഇനിയൊരു ലക്ഷ്യം മാത്രം ബാക്കി. മകനെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണം...

വലിയ ഉദ്യോഗസ്ഥനായി തൻ്റെ മുന്നിൽ വരുന്ന വിഷ്ണുവിനെക്കാണിച്ച് ശിവേട്ടൻ്റെ ആത്മാവിനോട് പറയണം.

" ഇതാ നമ്മുടെ മകൻ ഇത്രയും വളർന്നിരിക്കുന്നു."

രണ്ടു വർഷം കൂടിക്കഴിഞ്ഞാൽ അവനെ ഏതെങ്കിലും നല്ല കോളേജിൽ അയക്കണം. അതിന് ഒരു പാട് കാശ് വേണ്ടി വരും. ലത ഊണും ഉറക്കവുമില്ലാതെ തയ്യൽ മെഷീൻ കറക്കി.

ഭാഗം 2

രണ്ടു വർഷങ്ങൾ കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് കടന്നു പോയതെങ്കിലും വിഷ്ണുവിൻ്റെ അഡ്മിഷന് വേണ്ട തുക കണ്ടെത്താൻ ലതയ്ക്ക് സാധിച്ചു. പ്ലസ് ടു പരീക്ഷയിൽ മാർക്ക് കുറച്ച് കുറഞ്ഞ് പോയല്ലോ എന്ന ആവലാതി അവൾ മകൻ്റെ മുന്നിൽ പ്രകടിപ്പിച്ചതുമില്ല. 

ലോൺ പാസായിട്ടുണ്ടെന്ന വിവരമറിഞ്ഞാണ് ലത രാവിലെ തന്നെ ബാങ്കിലേക്ക് പുറപ്പെട്ടത്. തിരിച്ചെത്തിയപ്പോഴേക്കും ഉച്ചയായിരുന്നു. കത്തുന്ന വെയിൽ നിന്നും അകത്തു കയറിയ അവളുടെ കണ്ണുകൾ മുറിയിലെ കട്ടിലിൽ കിടക്കുകയായിരുന്ന വിഷ്ണുവിൽ പതിച്ചു.

"ആഹാ. നീ ഉച്ചയുറക്കോം തൊടങ്ങിയോ? "

ചിരിച്ചു കൊണ്ട് അവൻ്റെ അരികിലേക്ക് നീങ്ങിയതും തറയിലെ വഴുവഴുപ്പിൽ കാലു തെന്നിവീണതും  ഒരുമിച്ചായിരുന്നു.

അമ്പരപ്പോടെ തറയിലേക്ക് നോക്കിയ അവൾ ഞെട്ടി കൈകൾ പിൻവലിച്ചു . തറയിൽ പടർന്നൊഴുകിയ രക്തത്തിൻ്റെ ഗന്ധം മുറിയിലാകെ നിറഞ്ഞു.

"മോനേ...... വിഷ്ണൂ..."

അലറിക്കൊണ്ടവൾ എഴുന്നേറ്റ് അവൻ്റെ കൈകൾ പിടിച്ചുയർത്തി.

മുറിഞ്ഞ കൈ ഞരമ്പുകളിലൂടെ അവസാനത്തുള്ളി രക്തവും ഇറ്റി വീണു കഴിഞ്ഞിരിക്കുന്നു.

' തൻ്റെ പൊന്നുമോൻ, ആത്മഹത്യ ചെയ്തിരിക്കുന്നു! എന്തിന്? ? ? '

ഒരായിരം കടന്നൽക്കൂട്ടങ്ങൾ അവളുടെ ചെവികളിൽ ഒന്നിച്ചാർത്തു.

നിമിഷ നേരം കൊണ്ട് ആ വീടും ഇടവഴികളും ആളുകളെക്കൊണ്ട് നിറഞ്ഞു.

" ആ ചെക്കനിതെന്തിൻ്റെ കേടാ..."

പ്രായമായ സ്ത്രീകൾ താടിക്ക് കൈയും കുത്തി ലതയ്ക്ക് ചുറ്റുമിരുന്നു. അവളുടെ നിലവിളിയൊച്ച പതുക്കെപ്പതുക്കെ നേർത്തു വന്നു. പാതി മയക്കത്തിലും ആ ചുണ്ടുകൾ പിറുപിറുത്തു കൊണ്ടിരുന്നു.

"എന്തിനാ  ൻ്റെ മോൻ.... എന്തിനാ ..."

ദിനങ്ങൾ പലതു കഴിയവേ മരണ കാരണങ്ങൾ പലതായി പലനാവുകളിലൂടെ പുറത്തു വന്നു തുടങ്ങി. പലരും അവരവരുടെ ഭാവനയ്ക്കൊത്ത് കഥകൾ ചമച്ചു. 

വല്ലാത്തൊരാവേശത്താൽ ലത പിടഞ്ഞെണീറ്റു. ഭ്രാന്തമായ വേഗത്തിൽ വിഷ്ണുവിൻ്റെ മുറിയിൽ തിരയാൻ തുടങ്ങി. ആദ്യം കൈയിൽ തടഞ്ഞത് താൻ സമ്മാനിച്ച മൊബൈൽ ഫോൺ തന്നെയായിരുന്നു. തിരക്കുകൾക്കിടയിൽ പലപ്പോഴും താനവനെ ശ്രദ്ധിച്ചിരുന്നില്ലേ എന്നൊരു സംശയം അവളിലുണർന്നു. അവൻ വലിയ കുട്ടിയായി എന്ന തൻ്റെ ധാരണ അബദ്ധമായിരുന്നോ?

ഫോണിലെ നെറ്റ് വർക്കിലെ ചാറ്റുകളുടെ അത്ഭുത ലോകം ആ അമ്മയ്ക്കു മുന്നിൽ അട്ടഹാസമുതിർത്തു. ലത പതിയെ അവൻ്റെ സ്കൂൾ ബാഗ് തുറന്നു. ഒഴിഞ്ഞ റിഞ്ചുകളും പായ്ക്കറ്റുകളും!

"ഈശ്വരാ!''

അവൾ ഉച്ചത്തിൽ അലറി. 

"ഞാനാ... ഞാൻ തന്നെയാ എൻ്റെ കുഞ്ഞിനെ..... ഞാനവനെ ഒരിക്കലെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ..... "

ശബ്ദം കേട്ട് ഓടി വന്ന അയൽക്കാരികൾ അവളെ ബലമായി പിടിച്ചു വച്ചു. അവരുടെ കൈയിൽ നിന്നും ഭ്രാന്തമായി അലറിക്കൊണ്ടവൾ വീണ്ടും പറഞ്ഞു.

" ഞാൻ ശ്രദ്ധിക്കാത്തോണ്ടാ.....

അവനെ ഞാൻ അതിരറ്റു വിശ്വസിച്ചു പോയി.... 

മയക്കു മരുന്നിൻ്റെ ലോകം മരണത്തിലേക്കുള്ള വഴിയാണെന്ന് അവനറിയില്ലല്ലോ.... "

ചുറ്റും കൂടിയവർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 

"ലതേ. നീ ഒരു തെറ്റും ചെയ്തിട്ടില്ല.... "

"പിന്നെ ആര്? .....

അറിവുകേടിൻ്റെ കൈയിൽപ്പെട്ട്

അകാലത്തിൽ പൊലിയുന്ന ജീവനുകൾക്ക് ആരാ ഉത്തരവാദി?"

അവളുടെ കരച്ചിലിൽ കുഴഞ്ഞ ശബ്ദം ചുറ്റുമുള്ള ചെവികളിൽ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു.

       ******

അനിത മഗേഷ്


Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം