കനൽ വീഥികൾ

 കനൽ വീഥികൾ


"ഹലോ... ഹലോ... മൈക്ക് ടെസ്റ്റ്...."

പ്രോഗ്രാമിൻ്റെ ഉത്തരവാദിത്തിനിടയിലൂടെ ഉള്ള ഓട്ടത്തിനിടയിൽ അവസാന ഒരുക്കങ്ങളും പൂർത്തിയാക്കിയ ശ്രീധരൻ നെറ്റിയിലെ വിയർപ്പു കണങ്ങൾ തുടച്ചു.

പതിയെ കർട്ടനിടയിലൂടെ പുറത്തേക്ക് പാളി നോക്കി. മനസ് നിറഞ്ഞു. സദസ് കവിഞ്ഞൊഴുകി കാണികൾ. 

" ശ്രീധരാ എത്തിപ്പോയി... നിരഞ്ജന എത്തിപ്പോയ്... "

ഉത്സാഹത്തോടെ ഓടിയ സെക്രട്ടറിക്കൊപ്പം വിശിഷ്ടാഥിതിയെ സ്വീകരിക്കാനുള്ള തിരക്കിലായി ശ്രീധരൻ

പതിമൂന്ന് വയസ് മാത്രം പ്രായമുള്ള നിരഞ്ജന നിറ കൈയടികൾക്കിടയിലൂടെ വേദിയിലേക്ക്.

വരയും വർണ്ണവുമെന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ ജനങ്ങൾ നെഞ്ചേറ്റിയ അതുല്യപ്രതിഭ.


തടിച്ച സ്വർണ്ണ മോതിരങ്ങൾ അണിത്ത കൈകൾ നീട്ടി ചുളിവു വീഴാത്ത കുർത്ത ധരിച്ച കെ.ജി. ആർ. എന്ന രാഘവൻ മുതലാളി അവൾക്കുള്ള കസേര കാണിച്ചു കൊടുത്തു. കാണികളെ അഭിവാദ്യം ചെയ്ത് അവൾ തൻ്റെ ഇരിപ്പിടം സ്വീകരിച്ചു.

കാണികളും പ്രാസംഗികരും ആവേശത്തിലാണ്. 

" മലയാളക്കരുടെ തന്നെ അഭിമാനതാരമായ ചിത്രകാരി കുമാരി നിരഞ്ജനയെ ഞങ്ങയുടെ എളിയ ഉപഹാരം സ്വീകരിക്കാനായി ക്ഷണിക്കുന്നു. ഉപഹാരം നൽകുന്നത് നമ്മുടെയെല്ലാം പ്രിയങ്കരനായ കെ.ജി. ആർ. "

ആ പേരിനൊപ്പവും ഹർഷാരവം മുഴങ്ങി.

നിരഞ്ജന മൈക്ക് കൈയിലെടുത്തു.

"പ്രിയമുള്ളവരേ, ആദ്യം ഞാൻ നിങ്ങളോട് ഒരു കഥ പറഞ്ഞോട്ടെ..."

ആ സ്വരം കേൾക്കാൻ കാത്തിരുന്ന ആരാധക വൃന്ദം ഒന്നുകൂടി ഉഷാറായി.

വർഷങ്ങൾക്ക് മുൻപ് നടന്ന കഥയാണ്.  

അച്ഛൻ്റെ മരണത്തോടെ അമ്മ ഉപേക്ഷിച്ചു പോയ രണ്ടു ജീവിതങ്ങൾ...അംബികയും ദേവനും!

തൻ്റെ ചെറിയ ഉന്തുവണ്ടിയും വലിച്ച് ഓരോ വീടിൻ്റെയും പടിക്കൽ ചെന്ന് ചുളിഞ്ഞ വസ്ത്രങ്ങളിൽ ചൂടുള്ള ഇസ്തിരിപ്പെട്ടി വച്ചു സ്വന്തം ജീവിതത്തിൻ്റെ ചുളിവു നിവർത്താൻ ശ്രമിച്ച ദേവൻ. അംബികയാണെങ്കിൽ തുണികളിൽ എംബ്രോയിഡറി ചെയ്യും. അങ്ങനെ വലിയ പരാതികളില്ലാതിരുന്ന അവരുടെ ജീവിതത്തിൽ ഒരു നാൾ ഉഗ്ര വിഷം ചീറ്റിക്കൊണ്ട് ഒരു കരിനാഗം ഫണം വിടർത്തി. നാട്ടിലെ ഒരു വ്യവസായ പ്രമുഖൻ ദേവനെ അന്വേഷിച്ചാണ് അവരുടെ കൊച്ചു വീടിൻ്റെ മുറ്റത്തെത്തിയത്.

നിരഞ്ജന കഥ തുടരുന്നതിനിടയിൽ അസ്വസ്ഥയോടെ വാച്ചിൽ നോക്കിക്കൊണ്ടിരുന്ന കെ.ജി.ആർ. ശ്രീധരനെ തോണ്ടി.

"ഈ കുട്ടിക്കഥ കേട്ട് സമയം കളയണോ.എനിക്കൽപ്പം തിരക്കുണ്ടായിരുന്നു. ഉപഹാര സമർപ്പണം കഴിഞ്ഞാൽ എനിക്കങ്ങു പോകാമായിരുന്നു."

"അയ്യോ. ഇല്ല മുതലാളി, ഇപ്പോ തീരും., പിന്നെ ഈ ജനങ്ങൾ അത്രയും കാതോർത്തിരിക്കുന്നത് നിരഞ്ജനയുടെ ശബ്ദം കേൾക്കാനാണ്."

അയാൾ വീണ്ടും അവളുടെ കഥയ്ക്ക് കാതോർത്തു.

പതിനാറുകാരിയായ അംബിക മാത്രമേ അപ്പോൾ വീട്ടിലുണ്ടായിരുന്നുളളൂ.  കാമവെറി പൂണ്ട ആ ചെകുത്താൻ അംബികയെന്ന കുരുന്നു പൂവിനെ ചവിട്ടിയരച്ചു.

വൈകുന്നേരം വീട്ടിലെത്തിയ ദേവൻ്റെ ചങ്കുതകർന്നു പോയി. തൻ്റെ കുഞ്ഞു പെങ്ങളോട് ക്രൂരത കാട്ടിയവനോടുള്ള പക യോടെ കണക്കു തീർക്കാൻ പോയതാണ് ദേവൻ. തൊട്ടടുത്ത ദിവസം ആ ശരീരം ആളൊഴിഞ്ഞ പറമ്പിലെ മാവിൻ കൊമ്പിൽ തൂങ്ങിയാടി. ആ മരണത്തെ ആത്മഹത്യയാക്കി മാറ്റാൻ ആ മുതലാളിയുടെ നോട്ടു കെട്ടുകൾക്ക് സാധിച്ചു. പക്ഷേ അംബിക അലറിക്കരഞ്ഞു. തൻ്റെ ഏട്ടനെ കൊന്നതാണ് എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ അവളെ ഒരു ഭ്രാന്തിയാക്കി മാറ്റാനും അയാൾക്കു നിഷ്പ്രയാസം സാധിച്ചു. ഒന്നനങ്ങാൻ പോലുമാവാതെ അംബിക പിടഞ്ഞു. തൻ്റെ വാക്കുകൾ ഒരു മനോരോഗിയുടെ പുലമ്പലുകൾ മാത്രമായി കാണുന്ന സമൂഹത്തിനു മുന്നിൽ അവൾക്ക് നിശബ്ദയാകേണ്ടി വന്നു. ഭ്രാന്താശുപത്രിയുടെ ചുവരുകൾക്കുള്ളിൽ ആ ജീവിതം തളച്ചിടപ്പെട്ടു. തനിക്കു ചുറ്റും നിന്നട്ടഹസിക്കുന്നവർക്ക് നേരെ ചെറുവിരൽ പോലുമനക്കാനാവാതെ നിസ്സഹായായ അവളുടെ മനസിൽ പകയുടെ കനലുകൾ തിളങ്ങി. അനുഭവങ്ങളുടെ ചൂളയിൽ ആ കനലെരിഞ്ഞു. അതിനിടയിൽ അവളൊരു പെൺകുഞ്ഞിന് ജൻമം നൽകി. മാനസികനില തെറ്റിയ ഒരു പാടു ജന്മങ്ങൾക്കിടയിൽ ആ മകൾ വളർന്നു. അവളുടെ കനൽ വീഥിയിൽ ഒരു കൂട്ടായി ആ കുഞ്ഞും... ഡോക്ടർമാരും നേഴ്സുമാരും ആ കുഞ്ഞിനെ കൊഞ്ചിച്ചു വളർത്തി. അംബികയെ സമൂഹം മറന്നു തുടങ്ങിയതോടെ ഭ്രാന്തിൻ്റെ ചങ്ങലക്കണ്ണികൾ അവളുടെ കാലിൽ നിന്നും അറുത്തുമാറ്റപ്പെട്ടു. എങ്കിലും ആ ആശുപത്രിയിലെ തോട്ടക്കാരിയുടെ വേഷമണിഞ്ഞ് അവൾ അവിടെ ദിവസങ്ങൾ കഴിച്ചു കൂട്ടി. ഉള്ളിലെരിയുന്ന കനൽ തൻ്റെ മകളിലേക്ക് കൂടി അവൾ പകർന്നു. മനസ്സിൻ്റെ താളം തെറ്റിയിട്ടും, ക്യാൻവാസിൽ അണുവിട തെറ്റാതെ

മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്ന വൃദ്ധനായ ശ്യാംസുന്ദറിനൊപ്പം ആ കുഞ്ഞ്, വർണ്ണങ്ങളുടെ ലോകത്തെയറിഞ്ഞു. അവളുടെ ചിത്രങ്ങളിലത്രയും അമ്മയുടെ  ഉളളിലെ കനൽ തിളങ്ങി.

തങ്ങളുടെ വാക്കുകൾക്കും കേൾവിക്കാരുണ്ടാവുന്ന ഒരു ദിവസം വരുമെന്നവർ വിശ്വസിച്ചു. ...

പ്രിയമുള്ളവരേ ഞാൻ പറഞ്ഞ കഥയിലെ ആ മകൾ ഞാൻ തന്നെയാണ് "

സദസ്സ് നിശ്ചലമായിരുന്നു. തങ്ങൾക്കിടയിൽ അറിയാതെ കിടന്ന ആ കഥയിലെ, വില്ലൻ ആരാണെന്നറിയാൻ അവർ ആകാംക്ഷഭരിതരായി.

"പ്രിയമുള്ളവരേ അത് പറയുന്നതിന് മുമ്പ് നിങ്ങളോട് ഒരു ചോദ്യം..

ഞങ്ങളുടെ ജീവിതവീഥിയിൽ കനൽ പാകിയ നീചനായ ആ മനുഷ്യൻ എൻ്റെ നേരെ എന്തെങ്കിലും വച്ചു നീട്ടിയാൽ ഞാനതു സ്വീകരിക്കണോ?"

നാട്ടുകാർക്കിടയിൽ മുറുമുറുപ്പുയർന്നു.

" വേണ്ട മോളേ..... ഈ നാട് മുഴുവൻ നിങ്ങളോടൊപ്പമുണ്ട്.... അയാൾ ആരെന്നു പറഞ്ഞാൽ മാത്രം മതി"

നിരഞ്ജന ഒരു വിജയിയെപ്പോലെ ചിരിച്ചു.

ശ്രീധരൻ മൈക്ക് കയ്യിലെടുത്തു. 

"നിരഞ്ജനയുടെ അമ്മ- അംബികയെ കാണാൻ ഞക്കൾക്കാഗ്രഹമുണ്ട്.

അംബികയെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു. ഇനി ഉപഹാര സമർപ്പണത്തിനു ശേഷം ബാക്കി കാര്യങ്ങൾ പറയാം"

അംബിക തലയുയർത്തി തന്നെ വേദിയിലേക്ക് നടന്നു കയറി.

നിരഞ്ജനയുടെ ശബ്ദം വീണ്ടും ഉയർന്നു.

"നിങ്ങൾ നേരത്തെ പറഞ്ഞില്ലേ, ആ നീചനായ മനുഷ്യനിൽ നിന്നും ഒന്നും വാങ്ങരുതെന്ന് . അങ്ങനെയെങ്കിൽ ഞാൻ എങ്ങനെ മഹാനായ കെ.ജി. ആർൽ നിന്നും ഈ സമ്മാനം ഏറ്റുവാങ്ങും???

സദസ് ഒന്നാകെ ഇളകി മറിഞ്ഞു. കെ.ജി. ആറിനു സ്തുതി പാടിയ അനുചരന്മാർ പോലും പല്ലിറുമ്മി.  അംബിക ബാഗിനകത്ത് നിന്നും തിളങ്ങുന്ന കത്തി പുറത്തെടുത്തു. 

പൊടുന്നനെ കൊടുങ്കാറ്റുപോലെ ഒരു പ്രായം ചെന്ന സ്ത്രീ വേദിയിലേക്ക് ഓടിക്കയറി.

"' അരുതേ..... "

ആ സ്ത്രീ അംബികയുടെ പാദങ്ങളിൽ കെട്ടിപ്പിടിച്ചു കരയുന്നു.

കെ. ജി ആറിൻ്റെ ഭാര്യ!

" ഛേ! ആ വൃത്തികെട്ട മനുഷ്യനു വേണ്ടി മാപ്പപേക്ഷിക്കാൻ നിങ്ങൾക്കു നാണമില്ലേ? "

അപരിചിത ശബ്ദങ്ങൾ ചുറ്റുമുയർന്നു.

"ഇല്ല...... "

അവർ അംബികയുടെ കൈയിലെ കത്തി തട്ടിപ്പറിച്ച് ആക്രോശിച്ചു

 "ഈ പാതകം ചെയ്ത് ഇവൾ ജയിലിലേക്ക് പോയാൽ നിരഞ്ജന അനാഥയായിപ്പോവും. വീണ്ടും പുതിയ കെ.ജി. ആർ ഉണ്ടാകും.... തനിയാവർത്തനം ... വേണ്ട..... അതു ചെയ്യാനുള്ള കടമ എൻ്റേതാണ്...."

പറഞ്ഞു തീർന്നതിനൊപ്പം തിളങ്ങുന്ന കത്തി ഉയർന്നു പൊങ്ങി, വിയർത്ത് കുളിച്ച് ജീവഛവം പോലിരുന്ന കെ ജി ആർ ൻ്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി.

നിരഞ്ജനയും അംബികയും സ്തബ്ധരായി നോക്കി നിൽക്കേ, ഭർത്താവിൻ്റെ ഹൃദയരക്തം പുരണ്ട കത്തി ഉയർത്തിപ്പിടിച്ച് വിറയ്ക്കുന്ന ശബ്ദത്തിൽ അവർ പറഞ്ഞു. 

"ഞാനാണ്..... ഞാനാണ് തെറ്റുകാരി.... വർഷങ്ങൾക്കു മുമ്പ് ഞാൻ എൻ്റെ മക്കളെ ഉപേക്ഷിച്ച് ഇയാളോടൊപ്പം വന്നില്ലായിരുന്നെങ്കിൽ... എൻ്റെ മോൾക്കീ ഗതി വരില്ലായിരുന്നു... ഒന്നും ഞാനറിഞ്ഞിരുന്നില്ല..... ഒന്നും ....."

ബഹളങ്ങൾക്കിടയിൽ പോലീസുകാർ ആ സ്ത്രീയെ ജീപ്പിലേക്ക് കയറ്റിയിട്ടും,

അവർ പകർന്ന കനലിൽ ചവിട്ടി പൊള്ളിയ കാലുകളുമായി അംബിക നിശ്ചലം നിന്നുപോയി. 


ശുഭം 

അനിത മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

മാനസാന്തരം