വിഷാദ കന്യക

 #കഥക്കൂട്ട്

#തുടർവാരചെറുകഥരചനാമത്സരം

#വിഷാദകന്യക

ഒഴിഞ്ഞ പാൽപ്പാത്രം താളത്തിലാട്ടി പുല്ലിനോടും പൂക്കളോടും കിന്നാരം പറഞ്ഞ് പാറക്കല്ലുകളിലൂടെ ചാടിത്തുള്ളി രസിച്ച് നടന്ന പാറുക്കുട്ടി പെട്ടെന്ന് ഇടിവെട്ടേറ്റത് പോലെ നിന്നു പോയി. തൊട്ടു മുന്നിലായി 'ഇരുമ്പൻ'. അവളുടെ മുഖത്തെ ചിരി മാഞ്ഞു. വല്ലാത്തൊരു ഭയത്തോടെ അവൾ തല കുനിച്ച് ഒതുങ്ങി മാറിനിന്നു. എന്നിട്ടും അയാൾ പോകാൻ ഭാവമില്ല. പുകയിലക്കറ പുരണ്ട പല്ലുകൾ മുഴുവൻ കാണിച്ച് ഒരു വല്ലാത്ത ചിരിയോടെ അവളെത്തന്നെ നോക്കി നിൽക്കുകയാണയാൾ. 

"പേടീ ണ്ടാ നിന്ക്ക് ന്ന കാണുമ്പം ... "

ഇരുമ്പൻ ഉച്ചത്തിൽ ചിരിച്ചു. ദാവണി തുമ്പിൽ തെരുപ്പിടിച്ച് അവൾ തല കുലുക്കി.

ഇരുമ്പൻ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അയാളെ മറികടന്ന്  അവൾ ഓടി മറഞ്ഞിരുന്നു. 

വീട്ടുമുറ്റത്തെ തൂണിൽ ചാരി നിന്നു കിതയ്ക്കുന്ന പാറുവിനെക്കണ്ട് മുത്തശ്ശി വേവലാതിയോടെ പുറത്തിറങ്ങി.

"എന്താ പാറൂഞ്ഞി, നീ പേടിച്ച് നാ"

"ഉം.... ആ... ഇര്മ്പൻ... വൈക്ക് ണ്ടായിന്..... "

" അയിനാ പേടിച്ചേ.... നാള നിന്ന മംഗലം കൈക്കണ്ടോനാ ഓൻ .. "

മുത്തശ്ശി അമർത്തി മൂളി ദേഷ്യത്തോടെ അകത്തേക്ക് കയറി. 

ആണൊരുത്തൻ ഒരു പെണ്ണിനെ മോഹിച്ചാൽ അവന് കല്യാണം കഴിച്ച് കൊടുക്കണമെന്നതാണ് പാണീപുരത്തിൻ്റെ നിയമം. പക്ഷേ പാറൂട്ടിക്ക് അവിടത്തെ പല നിയമങ്ങളോടും ഇഷ്ടക്കേട് തന്നെയാണ്. അതിന് കാരണവുമുണ്ട്. പാണീ പുരത്തെ മറ്റൊരു കുട്ടിക്കും കിട്ടാത്തൊരു ഭാഗ്യം അവൾക്ക് കിട്ടി. അവൾ മൂന്നാല് വർഷം സ്കൂളിൽ പോയിട്ടുണ്ട്. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചവളാണ്.അമ്മയുടെ മരണത്തോടെ പഠിത്തവും നിന്നു. 

ഇരുമ്പനെ ഗ്രാമവാസികൾക്ക് ഭയമാണ്. അവൻ്റെ കാരിരുമ്പ് പോലുള്ള ദേഹവും ചുവന്ന കണ്ണുകളും ചെമ്പൻ തലമുടിയും.... അവൻ്റെ പേര് കേട്ടാലേ ഭയന്ന് വിറക്കുമായിരുന്നു പാറുക്കുട്ടി. ആ ഇരുമ്പനാണ് ഇപ്പോൾ പാറുവിനെ മോഹിച്ചത്. അതറിഞ്ഞ് ഏറ്റവുമധികം സന്തോഷിച്ചത് മുത്തശ്ശി തന്നെയായിരുന്നു. 

നാട്ടിലെ നിയമം അനുസരിക്കാതിരിക്കാൻ പറ്റില്ല....എന്തു ചെയ്യും? എങ്ങനെ രക്ഷപ്പെടും? ഇരുമ്പൻ്റെ മുന്നിൽ കഴുത്ത് നീട്ടുന്നതിലും ഭേദം മലമുകളിൽ നിന്ന് താഴോട്ട് ചാടുന്നത് തന്നെയാ. പക്ഷേ അതിനും മാത്രമുള്ള ധൈര്യമില്ല.അവളുടെ മനസ് നീറിപ്പുകഞ്ഞു.

അവൾ പതിയെ നാഗത്താൻ കാവിൻ്റെ പുറകിലെ ഊടുവഴിയിലൂടെ ശബ്ദം കേൾപ്പിക്കാതെ നടന്നു.  ഗ്രാമകന്യക്ഷേത്രത്തിനടുത്തുള്ള ഒറ്റമുറി വീടിൻ്റെ മുന്നിലെത്തി ശബ്ദം പരമാവധി താഴ്ത്തി വിളിച്ചു

" കന്നിമുത്തശ്ശീ... "

ആ ശബ്ദം പ്രതീക്ഷിച്ചെന്ന പോലെ വാതിലുകൾ തുറക്കപ്പെട്ടു.  സർവ്വാഭരണ വിഭൂഷിതയാവാതെ ഗ്രാമ കന്യ അവൾക്കു ദർശനം നൽകിയിരിക്കുന്നു. പ്രായമേറെയായെങ്കിലും വല്ലാത്തൊരു സൗന്ദര്യമാണ് ഗ്രാമ കന്യയ്ക്ക് .

"മോള് വാ... "

ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഒന്നുകൂടി നോക്കി അവൾ അകത്തേക്ക് കയറി.

ഗ്രാമ കന്യയുടെ വീട്ടിൽ മറ്റാർക്കും പ്രവേശനമില്ല. ഗ്രാമത്തിലെ ഉത്സവത്തിൻ്റെയന്ന് സർവ്വാഭരണ വിഭൂഷിതയായി വെള്ളി പോലെ തിളങ്ങുന്ന നീളൻ ചുരുൾമുടി വിടർത്തിയിട്ട് ഗ്രാമവാസികൾക്ക് അനുഗ്രഹം ചൊരിയാനാണ് അവർ പുറത്തിറങ്ങാറ്. പാണീ പുരത്തിൻ്റെ ആരാധനാ മൂർത്തി. സുന്ദരിയായ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയെ പുതിയ ഗ്രാമ കന്യയായി അവരോധിച്ച് അധികാരം കൈമാറാനുള്ള അവകാശം ഗ്രാമ കന്യയ്ക്കു മാത്രമാണ്. ഗ്രാമ കന്യയായി തെരെഞ്ഞെടുക്കപ്പെടുന്ന കുട്ടി അതീവ സുന്ദരിയായിരിക്കണം. നിത്യകന്യകയായി, ആൾ ദൈവമായി ഒറ്റയ്ക്ക് നാലു ചുവരുകൾക്കുള്ളിൽ ജീവിതം ജീവിച്ചു തീർക്കണം.!

പാറൂട്ടിയോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു അവർക്ക്. അത് കൊണ്ടായിരിക്കണം അവൾക്ക് അക്ഷരം പഠിക്കാനുള്ള അനുവാദം അരുൾ ചെയ്യപ്പെട്ടത്.

കുട്ടിക്കാലത്ത്  'കന്നിമുത്തശ്ശിയുടെ മുടിയിഴകളുടെ ഭംഗി നോക്കി അവൾ പറയുമായിരുന്നു

" എന്ക്കും കന്നി മുത്തശ്ശി നെ പ്പോലാവണം... "

മുഴുമിക്കാൻ അനുവദിക്കാതെ അവർ അവളുടെ വായ് പൊത്തും. ഗ്രാമ കന്യയുടെ ഏകാന്ത ജീവിതത്തിലേക്ക് എത്തി നോക്കിയ ഒരേ ഒരാൾ പാറുക്കുട്ടിയായിരുന്നു.

ഒരിക്കൽ അവൾ ചോദിച്ചു.

" കന്നി മുത്തശ്ശി ചിരിക്കുമ്പോം കരേണ് ണ്ടാ?"

നിഷ്കളങ്കമായ ആ ചോദ്യത്തിനു മുന്നിൽ അവർ കരഞ്ഞിരുന്നു. വിഷാദം കലർന്ന ചിരിയുമായി ജീവിക്കുന്ന ആ ദൈവം!


കന്നിമുത്തശ്ശിയുടെ ജീവചരിത്രം മുഴുവനറിയാവുന്ന ഒരേ ഒരാൾ പാറു തന്നെയായിരുന്നു.


സുന്ദരിയായ തേതി, ശങ്കരനുമായി പ്രണയത്തിലായിരുന്നു. ശങ്കരൻ തൻ്റെ മോഹം തേതിയുടെ വീട്ടിലറിയിക്കുന്നതിന് മുമ്പേ തന്നെ അവരുടെ കണ്ണുകൾ കഥ പറഞ്ഞു തുടങ്ങിയതായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് അടുത്ത ഗ്രാമകന്യയായി തേതി തിരഞ്ഞെടുക്കപ്പെട്ടത്. അച്ഛനമ്മമാർ പോലും ആനന്ദാശ്രുക്കളോടെ അവൾക്കു മുന്നിൽ സാഷ്ടാംഗ പ്രണാമം നടത്തി. എതിർത്തൊരക്ഷരം പോലും പറയാനാവാതെ ശങ്കരനും തേതിയും....

പിറ്റേന്ന് പുലർച്ചെ ശങ്കരൻ്റെ ശവശരീരം ആറ്റിൽ പൊങ്ങി.. ദേവീകോപമെന്ന് ഗ്രാമവാസികൾ അടക്കം പറഞ്ഞു. ഒന്നു പൊട്ടിക്കരയാൻ പോലുമാവാതെ ശില പോലെ തേതി എന്ന ഗ്രാമ കന്യയും. അവളുടെ കണ്ണീര് മുഴുവൻ ഊറിക്കൂടി ആ മുഖത്തിനാകെ ഒരു വിഷാദഛായ പകർന്നു. തൻ്റെ മോഹങ്ങളുടെയും  സ്വപ്നങ്ങളുടെയും ചാരത്തിനു മുകളിലിരുന്ന് ഗ്രാമകന്യ അനുഗ്രഹ വർഷം ചൊരിഞ്ഞു.  സ്വന്തം പേരും ഭാഷയും എല്ലാം അന്യമായി.പാറൂട്ടിക്ക് മാത്രം അവർ കന്നിമുത്തശ്ശിയായി. അടുത്ത ഒരാളെക്കൂടി ബലിയാടാക്കണമെന്ന ഓർമ്മ കന്നിമുത്തശ്ശിയെ വല്ലാതെ വേദനിപ്പിച്ചു.

"മോളേ പാറൂട്ടീ, നിനക്ക് ഇരുമ്പനെ ഇഷ്ടല്ലെങ്കി  നീ ആരും കാണാതെ പട്ടണത്തിലേക്ക് രക്ഷപ്പെട്ടോളൂ... നീ പേടിക്കണ്ട. ഞാൻ പറയണതെന്തും ല്ലാരും വിശ്വസിക്കും... നീ പോയ്ക്കോ... "

സ്കൂളിൽ പോയ വഴികളൊക്കെ അവൾക്ക് പരിചിതമാണ്. അതു വഴി പട്ടണത്തിലെത്തിയാൽ ...

പാറുക്കുട്ടിയുടെ മനസിൽ പ്രതീക്ഷ തെളിഞ്ഞു.


പാറുക്കുട്ടിയെ കാണാനില്ലെന്ന വാർത്തയാണ് പിറ്റേന്ന്  പാണീ പുരത്തെ ഉണർത്തിയത്. തോടുകളും കുളങ്ങളും മലയിടുക്കുകളും തപ്പി വലഞ്ഞ നാട്ടുകാർ ഗ്രാമ കന്യാ ദേവിയുടെ മുന്നിൽ അഭയം പ്രാപിച്ചു. 

ദേവിയുടെ അരുളപ്പാടിനായി അവർ കാതോർത്തു. 

'രണ്ടു ദിവസമായിട്ടും ദേവി ഒന്നും മൊഴിഞ്ഞില്ല.

തൊട്ടടുത്ത ദിവസം പുലരാറായപ്പോഴാണ് 'കന്നിമുത്തശ്ശീ' വിളി ആ വാതിൽപ്പാളികൾ കാതോർത്തത്.

"മോളേ നീ.... "

അഴിഞ്ഞുലഞ്ഞ മുടിയും ചുവന്നു കലങ്ങിയ കണ്ണുകളുമായി നിന്ന പാറുക്കുട്ടി കന്നിമുത്തശ്ശിയുടെ മാറിലേക്ക് വീണ് പൊട്ടിക്കരഞ്ഞു.

"ഏത് നാട്ടിലായാലും പെണ്ണ് പെണ്ണ് ന്യാ മത്തശ്ശീ.... എനിക്ക് പെണ്ണായി ജീവിക്കണ്ട.... "

തൻ്റെ ചുക്കിച്ചുളിഞ്ഞ കൈവിരലുകളാൽ കന്നിമുത്തശ്ശി അവളുടെ കണ്ണീരൊപ്പി.

"മോളേ.,... നിന്നെ രക്ഷിക്കാൻ എനക്ക് കഴിയും. ഈ ഊരിൻ്റെ അവസാവാക്ക് ഗ്രാമ കന്യയുടെ വാക്കാണ്. അവരെ വെളിച്ചത്തിലേക്ക് നടത്താൻ നിനക്കാവും.....

പറ്റ്വോ ൻ്റെ കുട്ടിക്ക്....?"


ശംഖുവിളികൾ ഉയർന്നു. ചെണ്ടമേളങ്ങൾ ഉച്ചത്തിലായി. പാണീ പുരം തൊഴുകൈകളുമായി നിന്നു. മണിയടി ശബ്ദങ്ങൾക്കൊപ്പം ശ്രീ കോവിൽ നട തുറക്കപ്പെട്ടു. ചെമ്പട്ടുടുത്ത് തിളങ്ങുന്ന ആഭരണങ്ങളണിഞ്ഞ് കറുത്ത് ചുരുണ്ട മുടി വിടർത്തിയിട്ട് കനലെരിയുന്ന കണ്ണുകളുമായി ഗ്രാമകന്യ പ്രത്യക്ഷയായിരിക്കുന്നു. അരുളപ്പാടുകൾക്കായി കാതോർത്ത് നിൽക്കുന്ന ജനക്കൂട്ടത്തിനു മുന്നിൽ പുതിയ ഗ്രാമകന്യ അവതരിച്ചിരിക്കുന്നു. ആ മുഖത്ത് പക്ഷേ വിഷാദത്തിൻ്റെ അലകൾ തീരെ ഇല്ലായിരുന്നു. എന്തിനോടൊക്കെയോ ഉള്ള പ്രതികാരാഗ്നി ആ മുഖത്ത് ജ്വലിച്ചിരുന്നു.

- അനിത മഗേഷ്


Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം