വയനാട്ടിലേക്ക് ഒരു യാത്ര

പുലർച്ചെ 5 മണിക്ക് യാത്ര പുറപ്പെടണമെന്നോർത്ത് കിടന്നതിനാലാവാം ഇടക്കിടെ ഉണർന്നു കൊണ്ടിരുന്നു. കവിണിശേരി വലിയ വളപ്പ് ബ്രദേർസ് സംഘടിപ്പിച്ച വയനാട് യാത്രയ്ക്ക് തയാറായി പ്രായഭേദമന്യേ കുടുംബങ്ങളൊന്നായി എത്തിത്തുടങ്ങി. എന്റെ ആദ്യത്തെ ദീർഘദൂര ബസ് യാത്രയായതിനാൽ മനസ്സ് വളരെ ആശങ്കാകുലമായിരുന്നു. എന്നാൽ യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ യാത്ര ശുഭകരമായി. സമയം ആറു മണിയോടടുത്തപ്പോഴേക്കും ആ വലിയ ബസ് ഞങ്ങളെയും വഹിച്ച് യാത്ര തുടങ്ങി. ബസിനുളളിൽ പാട്ടും ഡാൻസും കളി ചിരികളുമായി ആഹ്ലാദകരമായ അന്തരീക്ഷത്തിലൂടെ യാത്ര തുടരവേ പുറത്തെ ദൃശ്യഭംഗി കണ്ണഞ്ചിപ്പിച്ചു. മാനം തൊടുന്ന മലനിരകളിൽ നിന്നും ഉയർന്നു പൊങ്ങുന്ന മഞ്ഞു കണങ്ങൾ, റോഡരികിലെ മരങ്ങളിൽ കലപില കൂട്ടുന്ന കുരങ്ങന്മാർ. ആ കാനന ഭംഗി അതുപോലെ പകർത്താനാവാതെ എന്റെ മൊബൈൽ ക്യാമറ തോറ്റു പിന്മാറി. ബസ് റോഡരികിൽ നിർത്തി ബസിന്റെ ഡിക്കിയിൽ നിന്നും പുറത്തെടുത്ത പ്രഭാതഭക്ഷണം എല്ലാവരും ചേർന്ന് കഴിച്ചു. എല്ലാവരും ഉറങ്ങുന്ന സമയത്ത് ഉറക്കമിളച്ചിരുന്ന് ആ ഭക്ഷണമുണ്ടാക്കിയ സംഘാടകരോട് മനസാ നന്ദി പറഞ്ഞ് വീണ്ടും ബസിനകത്തേക്ക്..
പുസ്തകത്താളുകളിൽ മാത്രം പരിചയപ്പെട്ട പൂക്കോട് തടാകം ചുറ്റി നടന്നു കണ്ടു. നേരെ, താമരശേരി ചുരമെന്ന വയനാട് ചുരം തേടി.. വഴിവക്കിൽ ,ചരിത്രത്തെക്കാൾ ശക്തിയുള്ള മിത്തായി മാറിയ ചങ്ങലമരം കണ്ടു. ബ്രിട്ടീഷുകാർ ചതിച്ചു കൊന്ന കരിന്തണ്ടൻ മൂപ്പനെ ബന്ധിച്ച ചങ്ങല മരത്തെ ഷൈജു മാഷ് എല്ലാവർക്കും പരിചയപ്പെടുത്തി. ചുരത്തിന്റെ ദൃശ്യഭംഗി നുകർന്ന് ബാണാസുര അണക്കെട്ടു തേടി യാത്ര തുടങ്ങിയപ്പോഴേക്കും ഉച്ചവെയിലിന് ആക്കം കൂടി. ചിത്രം വരച്ചത് പോലെ, ഡാമിനെ ബസിലിരുന്ന് കണ്ടു. ഇനി ഉച്ചഭക്ഷണം കഴിഞ്ഞാവാം അങ്ങോട്ടുള്ള യാത്ര. വിജനമായ സ്ഥലത്ത് ബസ് നിർത്തി, മഞ്ഞപ്പൂക്കൾ നിറഞ്ഞ ആ മൈതാനത്ത് ഞങ്ങൾ ഭക്ഷണം കഴിക്കാനിരുന്നത് കണ്ട് മേഘങ്ങൾ വന്ന് സൂര്യനെ മറച്ചു. ആ തണലിൽ എല്ലാവരും സംതൃപ്തിയോടെ ഭക്ഷണം കഴിച്ചെഴുന്നേറ്റു. ദൂരെയുള്ള മലകളുടെ കണ്ണീർ ചാലുകൾ സൂര്യപ്രകാശത്തിൽ തിളങ്ങുന്നതും നോക്കി നിന്നപ്പോഴാണ് പ്രളയം ആ മലയിൽ തീർത്ത വ്രണങ്ങൾ ശ്രദ്ധയിൽ പെട്ടത്. ഒരു ദീർഘ നിശ്വാസമുതിർത്ത് വീണ്ടും ബസിലേക്ക്. ബാണാസുര അണക്കെട്ടിന്റെ കയറ്റം കഴിഞ്ഞ് മുകളിൽ സമയം പോയതറിഞ്ഞില്ല. പത്രത്താളുകളിലും ടി വി യിലും ഇത്തിരിക്കുഞ്ഞനായി കണ്ട ഡാമിന് ഇത്രയേറെ വലിപ്പമുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം! തിരികെ പോരാൻ തുടങ്ങിയപ്പോഴാണ് പ്രവേശകവാടത്തിൽ വച്ച , വലുപ്പത്തിൽ എഷ്യയിലെ തന്നെ രണ്ടാമത്തെ അണക്കെട്ടണതെന്ന് എഴുതിയ ബോഡ് ശ്രദ്ധയിൽ പെട്ടത്. നേരത്തെ നോർത്തിന്ത്യൻ സ്ത്രീകളുടെ സൗന്ദര്യത്തിൽ മയങ്ങിയ കണ്ണ് ആ ബോഡ് കണ്ടില്ലായിരുന്നു. തിരികെയുള്ള യാത്രയിലാണ് വനത്തിനുള്ളിലെ മാൻ കൂട്ടങ്ങളെയും കാട്ടുപോത്തിനെയുമൊക്കെ അരണ്ട വെളിച്ചത്തിൽ കണ്ടത്. കരിങ്കല്ലുകൾ പാകിയ തിരുനെല്ലി ക്ഷേത്ര ദർശനവും കഴിഞ്ഞ് അത്താഴവും കഴിച്ച് എല്ലാവരും ബസിനുള്ളിൽ ഉറക്കത്തോട് മല്ലിട്ടു കൊണ്ടിരുന്നു. തിരികെ വീട്ടിലേക്ക്...

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം