കഥ:                                         ലംപ്സംഗ്രാന്റ്

   തലേന്നാളത്തെ മഴയുടെ വികൃതിയിൽ നനഞ്ഞൊട്ടിയ പാഠപുസ്തകങ്ങളെ അടുപ്പിന് മുകളിൽ കാട്ടി ജീവൻ വയ്പ്പിക്കുമ്പോഴേക്കും അശോകിന്റെ ബഹളം യശോദയുടെ കാതിൽ മുഴങ്ങി.
" അമ്മേ സമയം വൈകി. വേഗം "
"ദാ തീർന്നു. ഇപ്പോ കൊണ്ടുവരാം "
പിഞ്ഞിക്കീറിത്തുടങ്ങിയ ബാഗിൽ പുസ്തകങ്ങളടുക്കി മകന്റെ കൈയിൽ വച്ചു കൊടുത്തപ്പോഴാണവൻ വീണ്ടും ചോദിക്കുന്നത്
"അമ്മേ എനിക്കൊരു പുതിയ കുട?"
വേദനകൾക്ക് മുകളിൽ പുഞ്ചിരി പുതച്ച് യശോദ തല കുലുക്കി
" സ്കൂൾ തുറന്നതല്ലേ ഉള്ളൂ.. ഉടനെ നമ്മുടെ 'ഗ്രാൻറ് ' കിട്ടും. അത് കിട്ടിയാലുടനെ ബാഗും കുടയും വാങ്ങാം. എന്താ പോരേ?''
"ഉം"
പ്രതീക്ഷയോടെ നടന്നകലുന്ന മകനെ കണ്ണിമയ്ക്കാതെ നോക്കി നിന്നു പോയി യശോദ .
ഗ്രാൻറ് കിട്ടാൻ താമസമുണ്ടാകുമെന്നാണറിഞ്ഞത്. ഈ വർഷം സ്കൂളിൽ നിന്നല്ല, ബാങ്കിലേക്കാണ് പൈസ വരുന്നതെന്ന് കോശി മാഷ് കഴിഞ്ഞാഴ്ച പറഞ്ഞതാണ്. അതോർത്തപ്പോൾ അവരൊന്നു ഞെട്ടി. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കോശി മാഷിനോട് കടം വാങ്ങിയ 300 രൂപ! ഗ്രാന്റ് കിട്ടിയാലുടനെ കൊടുക്കാമെന്നാണ് പറഞ്ഞത്.
"ഈശ്വരാ "
ശങ്കരേട്ടൻ ബാക്കി വച്ചു പോയ വീടെന്ന സ്വപ്നത്തിന്റെ തേക്കാത്ത ചുവരുകൾ അവരെ നോക്കി പല്ലിളിച്ചു.
        തൊടിയിൽ നിന്നും പറിച്ചെടുത്ത പൂവ് ശങ്കരേട്ടന്റെ ഫോട്ടോയ്ക്ക് മുന്നിൽ വച്ച് തൊഴുത് യശോദ വേഗം ഒരുങ്ങി ഇറങ്ങി.മോന്റെ സ്കൂളിൽ പോണം. ക്ലാസ് ടീച്ചർ രാവിലെയും കൂടി വിളിച്ചു പറഞ്ഞതാണ്. ഗ്രാൻറുമായി ബന്ധപ്പെട്ട കാര്യമാണ്. ആധാർ കാർഡുമായി ചെല്ലണമത്രെ.
ഒരു പക്ഷേ ഇന്ന് ആ പണം കിട്ടുമോ! യശോദ നടത്തത്തിനു വേഗം കൂട്ടി. എങ്ങനെയെങ്കിലും മോനെ പഠിപ്പിച്ച് ഒരു നിലയിലെത്തിക്കണം. അതിനായി പരീക്ഷണ ക്കനലുകൾ ഒരു പാട് കടന്നു.
ശങ്കരേട്ടനുണ്ടായിരുന്നെങ്കിൽ.....
പ്രതീക്ഷയോടെ സ്കൂൾ മുറ്റത്തേക്ക്....
"നിങ്ങളുടെ കുട്ടിയുടെ പേരിൽ അക്ഷരത്തെറ്റുണ്ട്, ആധാർ കാർഡിൽ. അത് തിരുത്തിയാൽ മാത്രമേ ഗാന്റിന് അപേക്ഷ നൽകുവാൻ കഴിയുകയുള്ളൂ.. എത്രയും പെട്ടെന്ന് അക്ഷയയിൽ പോയി അത് ശരിയാക്കണം"
ക്ലാസ് ടീച്ചറുടെ വാക്കുകൾക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയി യശോദ. കിലോമീറ്ററുകൾക്കപ്പുറമാണ് അക്ഷയ ഓഫീസ്. രാവിലെ ഒന്നും കഴിക്കാത്തതിന്റെ ക്ഷീണത്തെ അവഗണിച്ച് അക്ഷയയിലെത്തിയപ്പോഴേക്കും ഉച്ചയായിത്തുടങ്ങി.
ഭാഗ്യം. ഇന്ന് തിരക്കൽപ്പം കുറവുണ്ടല്ലോ എന്നാശ്വസിച്ച് ക്യൂവിന്റെ പുറകിൽ തന്റെ ഊഴവും കാത്തു നിന്നു.
കംപ്യൂട്ടറിനു മുന്നിലിരുന്ന പെൺകുട്ടി രേഖകൾ പരിശോധിച്ചശേഷം തന്റെ കണ്ണടയ്ക്ക് മുകളിലേക്ക് കണ്ണുകളുയർത്തി യശോദയോട് ആയി ചോദിച്ചു
" പേര് തിരുത്താൻ എന്തെങ്കിലും രേഖകൾ കൊണ്ടുവന്നിട്ടുണ്ടോ " അഭിമാനപൂർവ്വം , കയ്യിലുണ്ടായിരുന്ന മകന്റെ ജനന സർട്ടിഫിക്കറ്റ് അവർക്ക് നേരെ നീട്ടി യശോദ.
"  ഇതൊന്നും പറ്റില്ല. സ്കൂൾ ടാഗ് വേണം"
ഒരു നിമിഷം  സ്തബ്ധയായി നിന്നുപോയി യശോദ.  സ്റ്റാമ്പ് പേപ്പറിൽ എഴുതിയ രേഖകൾ  മറ്റൊന്നും സൂക്ഷിക്കാൻ ഇല്ലെങ്കിലും മകന്റെ ജനന സർട്ടിഫിക്കറ്റായ ആ മുദ്രപത്രം അവർക്ക് എന്നും ഒരു ബലം ആയിരുന്നു ജനന സർട്ടിഫിക്കറ്റ് യശോദയുടെ കൈയ്യിലിരുന്ന് വിറച്ചു
" സ്കൂൾ ടാഗുണ്ടൊ?"
ആ ചോദ്യം  അവരെ അവരെ കുത്തിനോവിച്ചു.
കഴിഞ്ഞവർഷം അശോക് പറഞ്ഞതായിരുന്നു, കഴുത്തിലണിയാൻ സ്കൂളിൽനിന്ന് ടാഗ് കൊടുക്കുന്നുണ്ട് ഫോട്ടോ എടുക്കണം എന്നൊക്കെ. പക്ഷേ ഫോട്ടോ എടുക്കുന്ന ദിവസം അവൻ പനി പിടിച്ചു കിടപ്പായിരുന്നു പിന്നീട് താൻ മനപൂർവ്വം ആ കാര്യം ഓർമ്മിപ്പിച്ചില്ല. അതിനും വേണം 50 രൂപ എന്നാണ് അവൻ പറഞ്ഞത് അവൻ അത് ഓർമ്മ ഉണ്ടായിരുന്നിരിക്കണം തൻറെ ദയനീയസ്ഥിതി കണ്ടിട്ടാവാം പിന്നീട് അവനും ഒന്നും പറഞ്ഞില്ല
" ടാഗ് ഇല്ല വേറെ എന്തെങ്കിലും വഴി?"
അവർ വിക്കി വിക്കി ചോദിച്ചു.
"ങാ. എങ്കിൽ പിന്നെ പോലീസ് സൂപ്രണ്ടിന്റെ യോ തഹസിൽദാരുടെ യോ ഒപ്പ് വേണ്ടി വരും."
"അയ്യോ!. ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് പറ്റുന്ന വല്ല വഴിയുമുണ്ടോ മോളേ?"
"എനിക്കൊന്നും ചെയ്യാൻ കഴിയില്ല. നിങ്ങള് പോയി ഞാനീ പറഞ്ഞ രേഖകൾ കൊണ്ടു വാ. അപ്പൊ നോക്കാം... അടുത്ത ടോക്കൺ വരൂ .."
ആ പെൺ കുട്ടി അടുത്ത ആളെ വിളിച്ചു കഴിഞ്ഞു.ഇനി എന്തു ചെയ്യണമെന്നറിയാതെ അക്ഷയയുടെ വരാന്തയിലേക്ക് അവർ ഊർന്നിരുന്നു പോയി.
മൂന്നാലു വർഷം മുമ്പേ എൽ പി സ്കൂളിന്റെ വരാന്തയിൽ നീണ്ട ക്യൂവിൽ നിന്ന് ഉണ്ടാക്കിയെടുത്ത ഈ കാർഡ് ഇങ്ങനെയൊരു പണി പറ്റിക്കുമെന്നറിഞ്ഞില്ല. പേരിലെ അക്ഷരത്തെറ്റ് ആദ്യമേ കണ്ടിരുന്നു. പക്ഷേ
" ആധാർ കാർഡല്ലേ, അത് തെറ്റിയാലും കുഴപ്പമൊന്നുമില്ല. എപ്പോഴായാലും തിരുത്താമല്ലോ. അതിന് പ്രശ്നമൊന്നുമില്ലെന്നേ " എന്നു പറഞ്ഞ പല മുഖങ്ങളും അവരുടെ മുന്നിൽ മിന്നി മറിഞ്ഞു.
ബാങ്ക് അക്കൗണ്ട് എടുക്കാൻ ഓടി നടന്നപ്പോഴേ ചിന്തിച്ചതാണ്, ഈ ഗ്രാൻറ് വേണ്ടാന്ന് വച്ചാലോന്ന്. പക്ഷേ കോശി മാഷാണ് പറഞ്ഞത്
"അയ്യോ അങ്ങനെയൊന്നും ചിന്തിക്കരുത് നിങ്ങൾക്കവകാശപ്പെട്ട കാശാണിത്. അത് വേണ്ടെന്ന് പറയാനോ ! നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കണ്ടേ? അവന്റെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണ്ടേ?'.ബാങ്ക് അക്കൗണ്ട് എടുക്കാൻ ഞാൻ സഹായിക്കാം." .
അങ്ങനെയാണ് 300 രൂപ മാഷിന് കടക്കാരിയായത്. എന്നിട്ടും !
ആ പണം കൊണ്ട്  അക്കൗണ്ട് എടുത്തതിന് പകരം  ഒരു കുട വാങ്ങിയിരുന്നെങ്കിൽ അവന് നനയാതെ സ്കൂളിൽ പോകാമായിരുന്നു. നിസഹായതയും സങ്കടവും കൊണ്ട് ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി ഇതിനായി ഇറങ്ങിത്തിരിച്ചത് കാരണം ഇന്ന് പണിക്കും പോകാൻ പറ്റിയില്ലല്ലോ എന്നോർത്തപ്പോൾ അവർക്ക്  ആവലാതി ആയി വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയാണ് അന്നന്നത്തെ അന്നത്തിനു വക നൽകുന്നത്. ഗ്രാന്റ് കിട്ടുന്നത് വലിയൊരനുഗ്രഹമായിരുന്നു. അശോകിന്റെ പഠിത്തത്തിന്റെ കാര്യത്തിൽ മാത്രം വേവലാതിപ്പെടേണ്ടിയിരുന്നില്ല' .എന്നാലിപ്പോൾ
ഉന്നതരുടെ ഒപ്പു വാങ്ങണം, ആധാറിലെ പേര് തിരുത്തണം എന്നിട്ടു വേണം സ്കൂളിൽ അപേക്ഷ നൽകാൻ . എന്നാൽ മാത്രമേ ആ തുക അവന്റെ ബാങ്ക് അക്കൗണ്ടിൽ വരികയുള്ളൂ.ബാങ്കിൽ വരുന്നതും കാത്തിരുന്ന് അത് വാങ്ങിയിട്ടു വേണം.......
പുത്തൻ കുട ചൂടിപ്പോകാൻ അന്നു മഴ ബാക്കിയുണ്ടാവുമോ എന്തൊ?
കയ്യിലുണ്ടായിരുന്ന കടലാസുകൾ ഭദ്രമായി പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് തുണി സഞ്ചിയിൽ വച്ച് സാരിത്തുമ്പു കൊണ്ട് പൊതിഞ്ഞു പിടിച്ച് അവരാ മഴയിലേക്കിറങ്ങി.
     * * * * *
- അനിതാ മഗേഷ്

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം