ഓർമ്മകളിലെ പൂരോത്സവം.
ഓരോ നാട്ടിലും ആഘോഷ രീതികൾ വ്യത്യസ്ത മാണല്ലോ . പൂരം എന്നു കേൾക്കുമ്പോൾ തന്നെ എന്റെ ഓർമ്മകൾ കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിൽ എത്തും. അവിടെയായിരുന്നു ഞാൻ ജനിച്ചതും വളർന്നതും. ഞങ്ങളുടെ നാട്ടിൽ, ഏകദേശം 12 വയസ്സിൽ താഴെ പ്രായമുള്ള പെൺ കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ മാത്രമായിരുന്നു പൂരം. അത് കൊണ്ട് തന്നെ അവിടെ പെൺകുഞ്ഞുങ്ങൾ ?ജനിക്കുമ്പോൾ ആരും നെറ്റി ചുളിച്ചിട്ടുണ്ടാവില്ല. പകരം തങ്ങളുടെ വീട്ടിലും പൂരം വന്നല്ലോ എന്ന് ആശ്വസിച്ചിട്ടുണ്ടാവും.

മീനമാസത്തിലെ കാർത്തിക നാൾ തൊട്ട് 9 ദിവസം നീണ്ടു നിൽക്കുന്ന ഒരു ഉത്സവമായിരുന്നു പൂരം! അതിരാവിലെ എഴുന്നേറ്റ് പൂക്കുട്ടയുമായി കാട്ടു ചെക്കികൾ ശേഖരിക്കാൻ അമ്മയുടെ കൂടെ കുറ്റിക്കാടുകൾക്കിടയിലൂടെ നടക്കുമ്പോൾ കാലിൽ തറച്ചിരുന്ന മുള്ളിനു പോലും ഓർമ്മകളുടെ മധുരം സമ്മാനിക്കാനാവുമെന്ന് അന്ന് കരുതിയിരുന്നില്ല. പൂക്കൾ ശേഖരിക്കുന്നതിനൊപ്പം, മിനുമിനുത്ത കൊട്ടപ്പഴങ്ങളും. ഓർക്കുമ്പോൾ കൊതിയാവും.. പൂരം കുളിയുടെ തലേന്നാൾ അതായത് മകം നാള് വരെ ശേഖരിച്ച ചെക്കി പൂക്കൾ വൃത്തിയായി മുറിച്ച് റെഡിയാക്കി വയ്ക്കുന്നു. നരയൻ പൂക്കൾ ചാക്കുകളിലാണ് വീട്ടിലെത്തിക്കുക . ചുറ്റുവട്ടത്തുള്ള പല വീടുകളിലും 'പൂരക്കുഞ്ഞുങ്ങൾ ' ഇല്ലാതിരുന്നതിനാൽ പൂക്കൾക്ക് യാതൊരു കുറവും വരാറില്ല. വൈകുന്നേരമാകുമ്പോഴേക്കും മുത്തപ്പൻ ( അച്ഛന്റെ ജ്യേഷ്ഠൻ ) കാമദേവന്റെ രൂപം നിർമ്മിക്കാൻ തുടങ്ങും . മുതിർന്ന ഒരാളുടെ വലിപ്പത്തിൽ പൂജാമുറിക്കുള്ളിൽ മലർന്നു കിടക്കുന്ന രൂപം. നരയൻ പൂക്കൾ കൊണ്ട് തീർത്ത മെത്ത പോലുള്ള രൂപത്തിലേക്ക് കടും ചുവപ്പു പൂശാൻ ചെക്കി പൂക്കൾ വിതറുന്നു. പിന്നെ, പുറകോട്ട് മടക്കിക്കുത്തി സ്വർണ്ണ നിറം മാത്രം തെളിഞ്ഞു കാണുന്ന ചെമ്പക പൂക്കൾ കൊണ്ട് ആടയാഭരണങ്ങൾ . ചെമ്പകമൊട്ട് കോർത്തെടുത്ത് മാലകളും എരിക്കിൻ പൂവിന്റെ പൂണൂലും തയാറാക്കി വീട്ടിലെ സ്ത്രി ജനങ്ങളും ബന്ധുക്കളും കാമനെ ഒരുക്കാൻ പുരുഷന്മാരെ സഹായിക്കുന്നു. തലയിലെ കിരീടവും പൂക്കളുടെ നിറച്ചാർത്തിൽ തിളങ്ങും . കണ്ണിന്റെ സ്ഥാനത്ത്ചെമ്പകപ്പൂവിതളിനകത്ത് വച്ച ആ കറുത്ത കുരു എന്താണെന്ന് അമ്മ പറഞ്ഞു തന്നിട്ടില്ലെങ്കിലും ,വായയുടെ ഭാഗത്തുള്ള  ചുവന്നമുളകു പോലെ യുള്ള പൂവ് മുരിക്കിൻ പൂവാണെന്നെനിക്കറിയാമായിരുന്നു. അമ്പലത്തിൽ കാണാറുള്ള ഒരു തെയ്യക്കോലം പൂജാ മുറിയിൽ കിടക്കുന്നത് പോലെ തോന്നിക്കും കാമദേവന്റെ രൂപം കണ്ടാൽ . സന്ധ്യക്ക് പതിവു പോലെ പൂക്കൾക്ക് വെള്ളം കൊടുത്ത് കുരവയിട്ടതിനു ശേഷം കുട്ടികളെല്ലാവരും അച്ഛമ്മയ്ക്ക് ചുറ്റും കൂടും. കാമദേവന്റെ പുഷ്പബാണമേറ്റ ശിവന്റെ കോപവും ആ 'കോപാഗ്നിയിൽ ദഹിച്ചു പോയ കാമദേവനും അച്ഛമ്മയുടെ കഥകളിൽ ഉണ്ടാവും. കാമദേവനെ പുനർജനിപ്പിക്കാൻ ' പൂരക്കുഞ്ഞുങ്ങൾ' വേണമല്ലോ എന്ന ചെറിയൊരഹങ്കാരത്തോടെ കൈയിലണിഞ്ഞിരിക്കുന്ന പുതിയ വളകൾ കിലുക്കി ഏട്ടന്മാരെ ചൊടിപ്പിക്കുമായിരുന്നു ഞാൻ.  പിറ്റേന്നു പുലർച്ചെ എഴുന്നേറ്റ് പൂരം കുളിക്കായി വരിവരിയായി എല്ലാവരും, ഭസ്മക്കുറിയണിഞ്ഞ വാതിൽപ്പടികളും കടന്ന് പുറത്തേക്ക്. ഓരോരുത്തരുടെയും കൈയിൽ അച്ഛമ്മ ഏൽപ്പിച്ച ഓരോ സാധനങ്ങളുമുണ്ടാവും കിണ്ടി, വിളക്ക്, തളിക, അരി, കോടി മുണ്ട് തുടങ്ങിയവ. കുളി കഴിഞ്ഞ് കോടിയുടുത്ത് ഒരു രാജകുമാരിയെപ്പോലെ കിണറ്റുകരയിലെ പൂവിടൽ. അച്ചമ്മ തന്ന ഒരു നുള്ള് അരി വെള്ളത്തിനൊപ്പം താഴെ വിരിച്ചിരിക്കുന്ന മെടഞ്ഞ ഓലയിലേക്ക് കൂടെ കൈക്കുടന്ന നിറയെ പൂക്കളും , ചിരട്ടയിൽ നിറച്ച നരയൻ പൂക്കൾക്കു മുകളിൽ തീക്കനലുകൾ വിതറി ഉണ്ടാക്കുന്ന ധൂമം തലയ്ക്ക് ചുറ്റും ഉഴിയുമ്പോൾ പരക്കുന്ന മാസ്മരിക സുഗന്ധത്തിൽ മതിമറക്കവേ ചുറ്റും കുരവ ഉയരുന്നു. പൂക്കുട്ടയുമെടുത്ത് തിരിച്ച് വീട്ടിനകത്തെ പൂജാ മുറിയിലേക്ക്. കാമദേവന്റെ അരികിലായി നിരത്തി വച്ച പൂപ്പലക മേൽ പൂക്കളർപ്പിച്ച്, കാമദേവന് കണ്ണ് തട്ടാതിരിക്കാനായി ഉണ്ടാക്കിയ പഴകിയ പൂക്കൾ കൊണ്ടുള്ള പഴങ്കാ മ നെയും വണങ്ങി ചെറിയ വൃത്താകൃതിൽ ഉള്ള ഗണപതി സങ്കല്ലത്തെയും തൊഴുത് പുറത്തിറങ്ങിയാൽ പിന്നെ പൂരക്കഞ്ഞി കാത്തിരിപ്പായി. ഉപ്പില്ലാത്ത കഞ്ഞി കാമന് നേദിച്ച ശേഷം എല്ലാവരും ഒരുമിച്ച് പൂരക്കുഞ്ഞി കുടിക്കുന്നു '. 'കാമദേവനെ കാണാനെത്തുന്ന അയൽക്കാരെ മുഴുവൻ അന്ന് പൂരക്കഞ്ഞിയും മത്തനെരിശ്ശേരിയും നൽകി സൽക്കരിക്കുന്നു. പൂജാമുറിക്കുള്ളിൽ അച്ചമ്മ വരക്കുന്ന രണ്ട് കളങ്ങൾക്കുള്ളിൽ കാൽ വച്ച് നിൽക്കുമ്പോൾ അച്ചമ്മ ഒന്നിൽ അരിയും മറ്റേതിൽ നെല്ലും നിറക്കുന്നു. പിന്നീട് കാൽ പുറത്തെടുക്കുമ്പോൾ അരിക്കും നെല്ലിനുമിടയിൽ കാണുന്ന കുഞ്ഞു പാദങ്ങളുടെ അടയാളങ്ങൾ കാണാൻ രസമാണെങ്കിലും, പൂരക്കുഞ്ഞ് വൈകുന്നേരം വരെ വീടിന് പുറത്തു പോകരുതെന്ന അച്ചമ്മയുടെ കൽപ്പന ഇത്തിരി കടുത്തു പോയോ. അതെന്താ അങ്ങനെ എന്ന എന്റെ ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയില്ല. സന്ധ്യയായാൽ പിന്നെ പൂരടയുടെ മധുരം' .രാത്രി, കാമദേവൻ നാളെ പോകുമല്ലൊ എന്ന വിഷമത്തിൽ ഉക്കിമില്ലാതെ..
പുലർച്ചെ എഴുന്നേറ്റ് എല്ലാവരും കൂടി കാമദേവന്റെ രൂപത്തെ കുഴച്ച് മറിച്ച് കുട്ടകളിൽ നിറയ്ക്കുന്നു. നേരെ പ്ലാവിൻ ചുവട്ടിലേക്ക് പൂക്കൾ മുഴുവൻ അവിടെ നിക്ഷേപിച്ച് അതിന്റെ കൂടെ അരിക്കിഴിയും മറ്റും വച്ച് കാമ നോട് യാത്ര പറയുന്നു. അടുത്ത കൊല്ലം നേരത്തെ കാലത്തെ വരണേ കാ മാ എന്നു പാടുന്ന അച്ഛമ്മയുടെ സ്വരം അപ്പോൾ ഇടറുന്നുണ്ടാവും.

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ

മാനസാന്തരം